ADVERTISEMENT

ശാസ്ത്ര നോവലുകളെ ഇന്നും ചിലരെങ്കിലും ഭാവന മാത്രമായാണു കാണുന്നത്. എന്നാൽ സങ്കൽപങ്ങൾക്കപ്പുറം സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ചാണു പല നോവലുകളും പറയുന്നതെന്നാണ് യാഥാർഥ്യം. ശാസ്ത്ര-സാങ്കേതിക രംഗത്തുണ്ടാകുന്ന പുരോഗതിയും മാറ്റങ്ങളും പഠിച്ചും മനസ്സിലാക്കിയും ഭാവന കൂടിചേർത്തും നോവലുകൾ എഴുതുന്നവരുണ്ട്. അവരുടെ കൂട്ടത്തിലാണ് ഇംഗ്ലിഷ് എഴുത്തുകാരി മലോറി ബ്ലാക്ക്മാനും. മലോറിയുടെ പിഗ് ഹാർട് ബോയ് എന്ന നോവൽ തന്നെ മികച്ച തെളിവ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം 1997 ലാണ് പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിക്കുന്നതിനെക്കുറിച്ച് അവർ എഴുതിയത്. നോവൽ അന്നുമിന്നും ഹിറ്റാണ്. എന്നാൽ കാൽ നൂറ്റാണ്ടിനു മുൻപ് പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിക്കുക എന്ന ആശയത്തെ ഭ്രാന്തമായ ഭാവന എന്നാണു വിശേഷിപ്പിച്ചിരുന്നത്. ഒരിക്കലും നടക്കാനിടയില്ലാത്ത സ്വപ്നമെന്നും. എന്നാൽ,  ഇപ്പോഴിതാ സങ്കൽപം യാഥാർഥ്യമായിരിക്കുന്നു. അതോടെ പിഗ് ഹാർട് ബോയ് എന്ന നോവലിന് ആവശ്യക്കാർ കൂടിയിരിക്കുന്നു. ശാസ്ത്ര പ്രതിഭകൾ പോലും നോവൽ തേടിപ്പിടിച്ചു വായിക്കുകയാണ്. മലോറിയെത്തേടിയും ഒട്ടേറെപ്പേർ എത്തുന്നു. എന്നാൽ താൻ പ്രവചനം നടത്തുകയായിരുന്നില്ല എന്നാണ് എഴുത്തുകാരിയുടെ നിലപാട്. 

 

അമേരിക്കയിൽ ബാൾട്ടിമോറിലെ മേരിലാൻഡ് സർവകലാശാലാ മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ ഡേവിഡ് ബെന്നറ്റ് (60) എന്ന രോഗിയിലാണ് കഴിഞ്ഞ ദിവസം ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹദയം വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞയുടൻ തന്നെ അന്യജീവിയുടെ ഹൃദയത്തെ മനുഷ്യ ശരീരം നിരാകരിക്കുമോ എന്നായിരുന്നു പേടി. എന്നാൽ അങ്ങനെ സംഭവിക്കാതെവന്നതോടെ ശുഭസൂചനയായി. കടുത്ത ഹൃദ്രോഗം മൂലം മരണത്തിന്റെ വക്കിലെത്തിയ ആളാണു ബെന്നറ്റ്. മനുഷ്യ ദാതാവിൽ നിന്നുള്ള ഹൃദയമോ ഹാർട്ട് പമ്പോ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ ശരീരത്തിനു കഴിയില്ലായിരുന്നു. മൃഗങ്ങളിൽ നിന്നു ഹൃദയം സ്വീകരിക്കാൻ നേരത്തെയും ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, തുന്നിച്ചേർക്കുന്ന അവയവത്തെ മനുഷ്യശരീരം നിരാകരിക്കുന്ന ‘സീനോട്രാൻസ്പ്ലാന്റ് റിജക്‌ഷൻ’ മൂലം ഇവ പരാജയപ്പെടുകയായിരുന്നു. നിരാകരണത്തിനു കാരണമായ 3 ജീനുകളെ പന്നിയുടെ കോശങ്ങളിൽനിന്ന് എഡിറ്റിങ് വഴി നീക്കിയും അവയവത്തെ ശരീരവുമായി ഇണക്കുന്ന 6 ജീനുകളെ ഉൾപ്പെടുത്തിയുമായിരുന്നു പുതിയ പരീക്ഷണം.

 

13 വയസ്സുള്ള കുട്ടി കാമറൂൺ ജോഷ്വ കെൽസി എന്ന കുട്ടി ഹൃദ്രോഗത്താൽ കഷ്ടപ്പെടുന്നതിനെക്കുറിച്ചാണ് മലോറി എഴുതിയത്. യോജിച്ച ഹൃദയം മനുഷ്യരിൽ നിന്നു കിട്ടാത്ത സാഹചര്യത്തെക്കുറിച്ചും. രണ്ടു തവണ പരീക്ഷണം നടത്തി പരാജയപ്പെട്ടതോടെ കുട്ടിയുടെ അച്ഛൻ രഹസ്യമായി ഡോക്ടറെ സമീപിക്കുകയാണ്. പന്നിയുടെ ഹൃദയം മകനിൽ വച്ചുപിടിപ്പിക്കാൻ അപേക്ഷിച്ചുകൊണ്ട്. കുട്ടി നിർദേശം അംഗീകരിക്കുന്നു. പിന്തുണയുമായി അച്ഛനുണ്ട്. എന്നാൽ മകനു പന്നിയുടെ ഹൃദയം വയ്ക്കുന്നതിനെ അമ്മ എതിർക്കുന്നു. ശാസ്ത്രലോകത്തിലും  സമൂഹത്തിലും എതിർപ്പുകളുണ്ട്. എന്നാൽ, മറ്റൊരു മാർഗം ആരും നിർദേശിക്കുന്നുമില്ല. കാമറൂണിന് ഇനിയും ജീവിക്കണം. 14-ാം ജൻദിനത്തിന് ആശംസകൾ നേരുന്നവരുടെ മധ്യത്തിൽ നിന്ന് കേക്ക് മുറിക്കുന്നത് അവൻ സ്വപ്നം കാണുന്നു. ജീവിതത്തെ ആസക്തിയോടെ സ്‌നേഹിക്കുന്നു. എന്നാൽ ഹൃദയത്തിന്റെ സ്പന്ദനങ്ങൾ കുറയുകയാണ്. കുറച്ചുനാൾ കൂടി മാത്രമാണ് ഡോക്ടർമാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. മനുഷ്യ ഹൃദയം കിട്ടാനുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് അതുവരെ കേട്ടുകേൾവിയില്ലാത്ത പരീക്ഷണം നടത്തുന്നതായും അതോടെ കാമറൂണിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാകുന്നതായും എഴുതി മലോറി ലോകത്തെ വിസ്മയിപ്പിച്ചത്. 

 

ഞാൻ ഒരു ശാസ്ത്രജ്ഞയല്ല. അവയവമാറ്റത്തിൽ വിദഗ്ധയല്ല. ഡോക്ടർ പോയിട്ട് നഴ്‌സ് പോലുമല്ല- മലോറി പറയുന്നു. ശാസ്ത്ര മാസികകൾ വായിക്കാൻ ഇഷ്ടപ്പെടുന്ന സാധാരണക്കാരി മാത്രമാണ്. എന്നാൽ നോവൽ എഴുതാൻ മാസങ്ങളോളം ഗവേഷണം നടത്തും. എല്ലാ സാധ്യതകളും തേടിയശേഷമായിരിക്കും എഴുത്ത്. അതുകൊണ്ടായിരിക്കാം. ഒരിക്കൽ ഞാൻ നോവലിൽ പ്രവചിച്ചത് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്- മലോറി പറയുന്നു. 

 

1990 കളുടെ തുടക്കത്തിൽ ഒരു ഡോക്ടറുടെ ലേഖനം വായിച്ചിരുന്നു. ഹൃദയം നൽകാൻ മനുഷ്യരെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മൃഗങ്ങളിലേക്കു തിരിയേണ്ടിവരും എന്ന് ആ ലേഖനത്തിലാണ് മലോറി ആദ്യം വായിക്കുന്നത്. കൃത്രിമമായി നിർമിക്കുന്ന ഹൃദയങ്ങൾക്കു പകരം മറ്റു ജീവികളുടെ ഹൃദയങ്ങൾ സ്വീകരിച്ചാലുള്ള ഗുണങ്ങളും ദോഷങ്ങളും വിശദമായി ചർച്ച ചെയ്യുന്നുണ്ടായിരുന്നു. മൃഗങ്ങളുടെ ഹൃദയം മനുഷ്യർ സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് ലേഖനത്തിൽ ഡോക്ടർ സ്ഥാപിക്കാൻ ശ്രമിച്ചത്. ഇതിൽ നിന്നാണ് മലോറിക്ക് ആശയം ലഭിക്കുന്നത്. ഒടുവിൽ 25 വർഷത്തിനു ശേഷം ഈ മാസം ഏഴാം തീയതി യാഥാർഥ്യമായ സ്വപ്‌നം. 

 

മനുഷ്യനു വേണ്ടി പന്നികളെ കൊല്ലാമോ എന്ന ചോദ്യവും ഈ സാഹചര്യത്തിൽ ഉയരുന്നുണ്ട്. ഇപ്പോൾത്തന്നെ ഓരോ വർഷവും ബ്രിട്ടനിൽ മാത്രം 10 ദശലക്ഷം പന്നികളെയാണ് ഇറച്ചിക്കുവേണ്ടി മാത്രം കൊന്നൊടുക്കുന്നത്. അങ്ങനെയാണെങ്കിൽ ഹൃദയം എടുക്കാൻ വേണ്ടി മാത്രം പന്നികളെ നല്ല ഭക്ഷണം കൊടുക്കും നന്നായി പരിപാലിച്ചും വളർത്തിക്കൂടേ എന്നു ചോദിക്കുന്നവരുമുണ്ട്. മനുഷ്യർക്കു കൂടുതൽ കാലം ജീവിക്കാൻ വേണ്ടി പന്നികളെ ബലിമൃഗങ്ങളാക്കാമോ എന്ന ചോദ്യമാണ് മലോറിയെ ആകർഷിച്ചത്. അത്തരമൊരു സാഹചര്യത്തിന്റെ ഗുണദോഷങ്ങളാണ് കാമറൂണിന്റെ കഥിയിലൂടെ പറയാൻ ശ്രമിച്ചതും. 

 

ശാസ്ത്രമാസികയിലെ ഡോക്ടറുടെ ലേഖനം വായിച്ച മലോറി ഉടൻ അടുത്തുള്ള പുസ്തകക്കടയിലേക്കു പോയി. അവയവ മാറ്റത്തെക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വാങ്ങിച്ചു. അടുത്ത ഏതാനും മാസങ്ങൾ ഗവേഷണത്തിനുവേണ്ടി മാത്രം നീക്കുവച്ചു. അതിനുശേഷമാണ് കാമറൂൺ എന്ന കഥാപാത്രം ജനിക്കുന്നതും ഹൃദയം പണിമുടക്കുമ്പോഴും കൂടുതൽ നാൾ ഭൂമിയിൽ ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നതും. 

 

നോവൽ പുറത്തുവന്നകാലത്തുതന്നെ പ്രമേയം കുട്ടികൾക്ക് സ്വീകാര്യമാകുമോ എന്ന ചർച്ചയും ഉയർന്നിരുന്നു. രസിപ്പിക്കുന്ന കഥകൾ മാത്രമാണു കുട്ടികൾ വായിക്കേണ്ടത് എന്ന അഭിപ്രായത്തെ മലോറി എതിർക്കുന്നു. ചിന്തിപ്പിക്കുന്ന കൃതികളും കുട്ടികൾ വായിക്കണം. അവരുടെ ഭാവന ഉണരുന്നതിനൊപ്പം ചിന്താശേഷിയും കൂടണം. മനുഷ്യന് അവയവങ്ങൾ ദാനം ചെയ്യാൻവേണ്ടി മാത്രം പന്നികളെ വളർത്താമോ എന്ന വിഷയം മാത്രമല്ല താൻ നോവലിൽ ഉന്നയിച്ചതെന്നും അവർ പറയുന്നു. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ എന്തു തീരുമാനം എടുക്കും എന്ന ചോദ്യം ഉയർത്തുകയായിരുന്നു. പന്നിയുടെ ഹൃദയം സ്വീകരിക്കാൻ കാമറൂൺ തയാറായിരുന്നു. അതേസമയം എതിർപ്പും ഉയർന്നിരുന്നു. ആ സാഹചര്യത്തിന്റെ പ്രശ്നങ്ങളും സങ്കീർണതകളും ചർച്ചയ്ക്കു സമർപ്പിക്കുകയായിരുന്നു താനെന്ന് മലോറി പറയുന്നു. അന്നു ചർച്ച ചെയ്യാൻ വിസമ്മതിച്ചവർക്ക് ഇന്ന് പ്രശ്നത്തെ നേരിടേണ്ടിവന്നിരിക്കുന്നു എന്നു പറയുമ്പോൾ എഴുത്തുകാരി എന്ന നിലയിൽ അഭിമാനമുണ്ടെന്ന് മലോറി ബ്ലാക്ക്മാൻ പറയുന്നു. 

 

Content Summary: Pig-Heart Boy Book by Malorie Blackman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT