പരോളിലിറങ്ങി ഐഐടി മദ്രാസ് വരെ!

HIGHLIGHTS
  • ആദ്യ നോവൽ ‘മൂന്നാമിടം’ പുറത്തിറങ്ങി എട്ടു വർഷത്തിനു ശേഷമാണു രണ്ടാം നോവൽ പ്രസിദ്ധീകരിക്കുന്നത്.
  • ‘ഐഐടി മദ്രാസ്’ എന്ന നോവൽ മാർച്ച് ആദ്യവാരം മനോരമ ബുക്സ് പുറത്തിറക്കും.
kv-manikandan
കെ.വി. മണികണ്ഠൻ
SHARE

മൂന്നാമിടത്തിന്റെ, ഭഗവതിയുടെ ജടയുടെ, ബ്ലൂ ഈസ് ദ് വാമെസ്റ്റ് കളറിന്റെ, നീലിമ ദത്തയുടെ, ഇരട്ട റോമികളുടെ പ്രിയ കഥാകാരൻ വീണ്ടും വരുന്നു. ‘ഐഐടി മദ്രാസ്’ എന്ന പുതിയ നോവലിനെ കുറിച്ച് എഴുത്തുകാരൻ കെ.വി. മണികണ്ഠൻ മനസ്സ് തുറക്കുന്നു.

1997-98 കാലഘട്ടത്തിൽ അബുദാബിയിൽ വച്ചാണ് ഇന്റർനെറ്റ് എന്ന പുത്തൻസങ്കേതം കാണുന്നതും പ്രണയമാകുന്നതും. അന്ന് ഗൂഗിൾ പോലും ജനിച്ചിട്ടില്ല. കേരളാഡോട്ട്കോം എന്നൊരു വെബ്സൈറ്റുണ്ടായിരുന്നു. അന്നൊക്കെ എല്ലാ വെബ്സൈറ്റിനും ഗെസ്റ്റ് ബുക്ക് എന്നൊരു ഏർപ്പാടുണ്ട്. സന്ദർശകർ അവിടെ രണ്ടുവരി എഴുതിയിടും. കേരളാഡോട്ട്കോമിൽ മലയാളം ഗെസ്റ്റ് ബുക്ക് ഉണ്ട്. അതിൽ മലയാളത്തിൽ എഴുതാം. എഴുതുന്നത് വിൻഡോസിലെ കാരക്റ്റർ മാപ്പിൽ പോയി ഓരോ അക്ഷരമായി മൗസ് ക്ലിക്കിൽ മലയാളത്തെ പെറുക്കിപെറുക്കി എടുത്താണ്. ആ ഗെസ്റ്റ്ബുക്ക് നമ്മുടെ സ്ഥിരം സങ്കേതമായി. അതിന് ഞങ്ങൾ ‘ആൽത്തറ’ എന്നു പേരിട്ടു. അപ്പോഴാണ് മാധുരി എന്ന ടൈപ്പിങ് സോഫ്റ്റ് വെയർ കിട്ടുന്നത്. ചെറിയൊരു exe file. ക്ലിക്കിയാൽ ഒരു വിൻഡോയിൽ മംഗ്ലിഷിൽ ടൈപ്പ് ചെയ്താൽ‌ മറുവിൻഡോയിൽ അതിന്റെ മലയാളം വരുന്നു! കേരളൈറ്റ് എന്ന ഫോണ്ടും മനോരമ ഫോണ്ടും ആണ് അതിൽ വരിക എന്നാണ് ഓർമ. മലയാളം എന്നും മണികണ്ഠൻ എന്നും മംഗ്ലിഷിൽ സ്വയം ടൈപ്പ് ചെയ്ത് അപ്പുറത്ത് മ്മടെ സ്വന്തം മലയാളത്തിൽ പൊന്തിവരുന്നത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം മാൻ മാർക്ക് കുട എന്ന് പെറുക്കിപ്പെറുക്കി വായിച്ച വി.ടി. ഭട്ടതിരിപ്പാടിനുണ്ടായതിനു സമമായിരുന്നു!

ആ ആൽത്തറയിൽ ഞങ്ങൾ തമാശക്കുറിപ്പുകൾ എഴുതാൻ തുടങ്ങി. ‘വിശാലമനസ്കൻ’ എന്ന പേരിൽ‌ സജീവ് എടത്താടനും അയാൾക്ക് ബദൽ എന്ന നിലയിൽ ‘സങ്കുചിതമനസ്കൻ’ എന്ന പേരിൽ ഞാനും ‘ഇടിവാൾ’ എന്ന പേരിൽ വിനോദും എഴുതിത്തുടങ്ങി. യുഎസ്‌, ജപ്പാൻ, കൊറിയ, ആഫ്രിക്കൻ ഭൂഖണ്ഡം തുടങ്ങി ലോകത്ത് പലയിടത്തുമുള്ളവർ ഒരു സ്ഥലത്ത് ശരീരമില്ലാതെ! പിൽക്കാലത്ത് ലോകം മാറ്റിമറിച്ച സോഷ്യൽ മീഡിയയുടെ ആദ്യത്തെ ബീറ്റാവേർഷനുകളിലൊന്നായിരുന്നു അതെന്ന് ഞങ്ങളാരും വിചാരിച്ചതേയില്ല. എഴുതുന്നതിന് അപ്പഴപ്പോൾ പ്രതികരണം ലഭിക്കുക എന്നതൊരു വലിയ അനുഭൂതിയായിരുന്നു.

തമാശക്കുറിപ്പുകൾ അങ്ങനെ നിർലോഭം എഴുതിവിടുന്ന ആ വേളയിലാണ് എംടിയുടെ കാഥികന്റെ കല, കാഥികന്റെ പണിപ്പുര എന്നീ രണ്ടു പുസ്തകങ്ങൾ വായിക്കുന്നത്. അബുദാബി കേരള സോഷ്യൽ സെന്റർ ലൈബ്രറിക്ക് നന്ദി! എങ്ങനെ എഴുതണം എന്നതിനേക്കാൾ എങ്ങനെ എഴുതരുത് എന്നെന്നെ പഠിപ്പിച്ചു എം.ടി! ശരിക്കും ട്രിഗർ! 

അതിനെ തുടർന്നാണ് എഴുത്തിൽ ഗൗരവമായി പ്രവേശിക്കുന്നത്. ആദ്യ ചെറുകഥ ‘പരോൾ’. 1999ൽ അലൈൻ ഇന്ത്യൻ അസോസിയേഷൻ ക്യാംപിൽ മുട്ടുവിറച്ച് നിന്ന് വായിച്ച ആ കഥ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് പരിചയപ്പെട്ട കൂട്ടുകാരുടെ കൂട്ടായ്മയിൽ മലയാളത്തിലെ ആദ്യത്തെ ലിറ്ററേച്ചർ വെബ് മാസിക മൂന്നാമിടം.കോമിന്റെ ഡിസൈനിങ് ചുമതല ഏറ്റെടുക്കേണ്ടി വന്നു. കൂട്ടത്തിൽ മലയാളം ടൈപ്പിങ് നന്നായും വെബ് ഡിസൈനിങ് മുറിവൈദ്യനായും അറിയാം എന്നതായിരുന്നു എന്റെ യോഗ്യത (1999-2003). അതിന്റെ പിറകിൽ ഒരു അതിധൈഷണിക സംഘം തന്നെ ആയിരുന്നു. സർജു ചാത്തന്നൂർ, രാം മോഹൻ പാലിയത്ത്, കരുണാകരൻ തുടങ്ങിയവർ എഡിറ്റർമാർ. അതുവരെ എനിക്കുണ്ടായിരുന്ന ചിന്തകളെല്ലാം കീഴ്മേൽ മറിഞ്ഞു. എഴുതുക എന്നത് ഒരു ലളിതപ്രവർത്തനമല്ല എന്ന ജ്ഞാനോദയം! ഫലം ഏകദേശം പത്തു വർഷത്തോളം എഴുതാതിരിക്കൽ. (ആ ഘട്ടത്തിൽ മൂന്നുനാലുകഥകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.) എഴുതാതിരിക്കലും ഒരു പ്രവർത്തനമാണെന്ന തിരിച്ചറിവ്! മൂന്നാമിടം ടീമിനൊപ്പമുള്ള ആ പത്തുപന്ത്രണ്ടു വർഷങ്ങൾ തന്നെയാണ് എന്റെ ഏകമൂലധനം. 

bhagavatiyude-jada

പിന്നീട് ഒരു കഠിനകാലത്തിൽ നിലംപരിശായെന്നോണം പ്രവാസജീവിതത്തിൽനിന്ന് നാട്ടിലേക്ക് വലിച്ചെറിയപ്പെട്ടു. സമകാലികമലയാളം വാരിക 2013ൽ നടത്തിയ എം.പി.നാരായണപിള്ള സ്മാരക പുരസ്കാരത്തിലേക്ക് ഒരു കഥയെഴുതി അയച്ചു: ‘ജലകന്യക’. ആ മത്സരത്തിൽ മികച്ച കഥകളുടെ കൂട്ടത്തിൽ അത് വരികയും വാരികയിൽ അക്കഥ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് 2014ൽ ഡിസി കിഴക്കേമുറി ജന്മശതാബ്ദി പുരസ്കാരത്തിന് നോവൽ മത്സരം. ഈ രണ്ട് മത്സരങ്ങൾക്കും 40 വയസ്സാണ് പരിധി. 2014 ഡിസംബർ 27 വരെ മുപ്പത്തൊമ്പതുകാരനാണെന്ന സാക്ഷ്യപത്രത്തോടെ മത്സരിച്ചു. ആ അവാർഡ് കിട്ടി. ആത്മവിശ്വാസവും! പിന്നീട് രണ്ട് കഥാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചു. ‘ബ്ലൂ ഈസ് ദ് വാമെസ്റ്റ് കളർ’, ‘ഭഗവതിയുടെ ജട’.

എഴുത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നുന്നത് വർഷക്കണക്ക് പരിശോധിച്ചാൽ സൃഷ്ടികളുടെ എണ്ണം കുറവാണ് എന്നു തന്നെയാണ്. പക്ഷേ, അതിൽ അഭിമാനിക്കുന്നവനാണ് ഞാൻ. ഇതു വായിക്കുന്നവർ സ്വയം പുകഴ്ത്തൽ എന്ന് കരുതരുത് എന്ന അപേക്ഷയോടെ പറയട്ടെ: എന്റെ ആദ്യ ഡ്രാഫ്റ്റിനും പ്രസിദ്ധീകൃത വർക്കിനുമിടയിൽ ഏറെ നാളുകൾ ഉ‌ണ്ട്. അന്തിമസൃഷ്ടി മോശമോ നല്ലതോ എന്നുള്ളത് വായനക്കുന്നവരുടെ മാത്രം തീരുമാനമാണ്. പക്ഷേ, അതിലെ ഓരോ വാക്കിലും വാചകത്തിലും ഞാനേറെ സമയം ചെലവഴിച്ചിട്ടുണ്ട് എന്നു പറയുന്നത് എന്റെ അഭിമാനമോ അഹങ്കാരമോ ആണ്. ആ എഡിറ്റിങ്ങിനു ചെലവഴിച്ച സമയത്തു ലഭിക്കുന്ന അനുഭൂതിയാണ് എഴുത്തെന്ന പ്രക്രിയയിൽനിന്ന് ഞാൻ ഏറ്റവും രുചിയോടെ ഊറ്റിയെടുക്കുന്ന സത്ത്.

മൂന്നാമിടങ്ങൾ എന്ന ആദ്യ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ട് എട്ട് വർഷങ്ങളാകുന്നു. ഇപ്പോൾ മാർച്ച് ആദ്യം ഐഐടി മദ്രാസ് എന്ന രണ്ടാം നോവൽ വരുന്നു. ഇക്കാലത്ത് ഇതൊരു വലിയ ഇടവേളതന്നെ. പക്ഷേ, ഞാൻ അഞ്ചുവർഷത്തോളമായി ഇതിനുള്ളിലായിരുന്നു എന്നതിനാൽ എനിക്കങ്ങനെ ഒരു തോന്നലില്ലെന്നും പറയേണ്ടിയിരിക്കുന്നു. രണ്ടാമത്തെ സൃഷ്ടിയാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ ശത്രു എന്ന് കേട്ടിട്ടുണ്ട്. ആദ്യ സൃഷ്ടിയുടെ വിജയം ഒരു അബദ്ധമായിരുന്നോ എന്ന് വിലയിരുത്തലുണ്ടാകും. ഉറപ്പ്. ആ മുനമ്പിൽ നിന്ന് പറയാനാഗ്രഹിക്കുന്നു. I'm Confident.  

monnamidangal

ഒരു പ്രധാനപ്പെട്ട കാര്യം കൂടി പറയേണ്ടിയിരിക്കുന്നു. ഈ നോവൽ ഒരു ക്രൈംത്രില്ലർ എന്ന് വിശേഷിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. അങ്ങനെ ആഗ്രഹിക്കാതിരിക്കാൻ റൈറ്റർ എന്ന നിലയിൽ അവകാശമുണ്ടെന്നാണ് എന്റെ വിചാരം. എന്നാൽ ഈ നോവലിന്റെ 'ഉടൽ' കുറ്റന്വേഷണം ആണെന്നും പറയേണ്ടിയിരിക്കുന്നു. ഇങ്ങനെ ഒരു ആശയക്കുഴപ്പം അല്ലെങ്കിൽ ‘ഇതുതാനല്ലയോ അത്’ എന്നൊരു സന്ദേഹം മനഃപൂർവം വരുത്തിയതല്ല. ഈ വർക്കിനെ ഒരു ഗണത്തിൽ (genre) ഇടാൻ എഴുതിയ ആളെന്ന നിലയിൽ ഞാനാഗ്രഹിക്കുന്നില്ല എന്നേ അതിനർഥമുള്ളൂ. എഴുതുന്ന സമയം പ്രത്യേകിച്ച് ഒന്ന് സ്വരുക്കൂട്ടി തീരുമാനിച്ചുറപ്പിച്ച് അക്ഷരങ്ങളിലേക്ക് പകർത്തുക എന്നൊരു രീതിയല്ല എന്റെ എന്നുള്ളതുകൊണ്ട്, വരുന്നത് വരുന്ന പോൽ വരട്ടെ എന്ന ചിന്ത ഉള്ളതുകൊണ്ട് കൂടിയാണിത്. 

ഐഐടി മദ്രാസ് എന്ന മഹാസ്ഥാപനത്തിൽ വളരെ ചുരുക്കം നാളുകൾ തൊഴിൽസംബന്ധമായി ഉണ്ടാകേണ്ടി വന്നിട്ടുണ്ട്. അതൊരു മഹാപ്രസ്ഥാനമാണ്. ഒരു ആവാസവ്യവസ്ഥ തന്നെ അതിനുണ്ട്. ഉള്ളിൽ പോയി കാണാത്തവർ പറഞ്ഞാൽ വിശ്വസിക്കില്ലെന്നുറപ്പ്. അതൊരു വനമാണ്. നഗരത്തിനുള്ളിൽ അതിവിസ്തൃതിയിൽ ഒളിഞ്ഞിരിക്കുന്നൊരു കാട്. ഇതുവരെ ഐഐടി മദ്രാസ് ഭൂമികയാക്കിക്കൊണ്ട് ഒരു ഫിക്‌ഷൻ വന്നിട്ടുണ്ടോ എന്നറിയില്ല. ഞാൻ വായിച്ചിട്ടില്ല. 

kv-manikandan-writer

ഈ നോവലിന്റെ കണ്ടന്റിനെപ്പറ്റി തൽക്കാലം പറയുന്നില്ല. പക്ഷേ, ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, ഈ മഹത്തായ സ്ഥാപനത്തെ അത്യധികം ബഹുമാനത്തോടെ സ്നേഹിക്കുന്ന ഒരുവനാണ് ഞാൻ. ഐഐടിക്കുള്ളിൽ നിറയെ കഥകളുണ്ട്. ഒരുപക്ഷേ, അവിടെ പഠിക്കാൻ വരുന്ന കുട്ടികൾ ശാസ്ത്രത്തെയും സാങ്കേതികതയെയും തലയിലാവാഹിച്ച് നടക്കുന്നവരായതുകൊണ്ടായിരിക്കും അവിടെനിന്നു പുറത്തു വരുന്നവർ സാഹിത്യം രചിക്കാത്തത്. ഒരുപക്ഷേ, ഉണ്ടാകും. ഞാൻ അറിയാത്തതാകാം. മലയാളികളായ സഹൃദയത്വമുള്ള ഐഐടി അലുമ്നികൾ പരിചിതവൃന്ദത്തിലുണ്ട്. അതിലൊരു കൂട്ടുകാരി 2015ൽ ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് ഈ നോവലിന്റെ പിറവി. 

പിന്നെ, ഓരോ പുസ്തകത്തിനും അതിന്റേതായ ഒരു വഴിയുണ്ട്. അതിലൂടെ ‘ഐഐടി മദ്രാസ്’ എന്ന ഈ നോവലും സ്വയം സഞ്ചരിക്കട്ടെ!

Content Summary: Writer KV Manikandan on his new novel ‘IIT Madras’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
;