ADVERTISEMENT

ലാൽജി ജോർജ് സിനിമാ സംവിധായകനാണ്. കഥയെഴുതുമ്പോഴും ഈ സിനിമാമനസ്സ് അദ്ദേഹത്തോടൊപ്പമുണ്ടാകും. പക്ഷേ, അദ്ദേഹത്തിന്റെ സിനിമാ മനസ്സിൽ ദൃശ്യങ്ങളുടെ അക്ഷരരൂപം മാത്രമല്ല, വിചാരങ്ങളുടെ താത്വികരൂപങ്ങളും ഇടം പിടിക്കാറുണ്ട്. തലയോട്ടി, രണ്ട് കുഞ്ഞുങ്ങൾ, പിന്നെ മൂന്നു നക്ഷത്രങ്ങളും എന്ന പുസ്തകനാമം തന്നെ കാഴ്ചയുടെ അനുഭവം പകരുന്നതാണ്. 19 കഥകളുടെ ഈ സമാഹാരത്തിലെ ആദ്യകഥയായ പിരിയൻകോവണിയെക്കുറിച്ച് കഥാകൃത്ത് തന്നെ പറയുന്നതു ശ്രദ്ധിക്കാം.

 

ലാൽജി ജോർജ്:  

 

എലിസബത്ത് കുബ്ലർ റോസ് എന്ന സ്വിസ്-അമേരിക്കൻ മനശ്ശാസ്ത്രജ്ഞയുടെ ഡെത്ത് ആൻഡ് ഡൈയിങ് എന്ന പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ മനസ്സിൽ വന്നു വീണ ഒരു നക്ഷത്രമാണ് പിരിയൻ കോവണി എന്ന കഥ എഴുതാനുണ്ടായ പശ്ചാത്തലം. തീജ്വാലയായ് ഒരു നക്ഷത്രം ഭൂമിയിലേക്കു പതിച്ചു. അതിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് കഥയുടെ പിറവി. പിരിയൻ കോവണി എന്ന കഥയിൽ അലക്‌സാണ്ടർ ലെ അടിമ, കേരളത്തിലെ തീരപ്രദേശത്തു വസിക്കുന്ന കഥാപാത്രം ആണ്. മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയെയും, മായികതയെയും കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് കഥയിൽ നിഴലിക്കുന്നു. മരണത്തെക്കുറിച്ചുള്ള അനേകം പഠനങ്ങൾ നടത്തിയിട്ടുള്ള എലിസബത്ത് റോസിനെപ്പോലെ ഞാൻ സൃഷ്ടിച്ചെടുത്ത ഒരു കഥാപാത്രത്തിന്റെ  അന്ത്യം കഥയായി  രൂപപ്പെടുത്തി.

 

‘‘Watching a peaceful death of a human being reminds us of a falling star one of a million lights into vast sky that flares up for a brief moment’’ എന്ന വാചകം എടുത്തെഴുതിക്കൊണ്ടാണ് കഥ തുടങ്ങുന്നത്. ടാഗോറിന്റെ ഒരു വാചകം കൂടി എഴുതിക്കൊണ്ടിരിക്കുമ്പോൾ ഓർമയിൽ വന്നു. ‘‘And the stars seemed like the burning tears of that ignorant darkness.’’

 

അങ്ങനെ എന്റെ കഥയിലെ കഥാപാത്രം അലക്‌സാണ്ടർ ലെ അടിമ - പ്രശസ്തനും പ്രഗത്ഭനും ആയിരുന്ന ജനിതക ശാസ്ത്രജ്ഞൻ- ജീവിതം അവസാനിക്കുന്നുവെന്ന ബോധ്യപ്പെടലിൽ തന്റെ പിതൃ ഭവനത്തിലേക്ക് വരുന്നിടത്താണ് കഥ. ജീവിതത്തിന്റെ മായിക ഭാവങ്ങളിൽ സമയത്തിന് എത്ര മാത്രം പ്രാധാന്യം ഉണ്ടെന്നു കാണിക്കാൻ ചാണക്യ സൂക്തവും കഥയിലേക്ക് ഞാൻ കടമെടുത്തു.

 

സമയം എല്ലാത്തിനെയും നിയന്ത്രിക്കുന്നു 

kadhayude-vazhi-lalji-eorge

സമയം എല്ലാത്തിനെയും സംഹരിക്കുന്നു 

നാമുറങ്ങുമ്പോൾ സമയം ഉണർന്നിരിക്കുന്നു 

നാമറിയാതെ സമയം നമ്മെ പിടി കൂടുന്നു 

നാമറിയാതെ സമയം നിയന്ത്രണ വിധേയമല്ലാതാകുന്നു.

 

lalji-george-writer
ലാൽജി ജോർജ്

കഥയുടെ പശ്ചാത്തലം ഇതൊക്കെ തന്നെ. ബാക്കി, മനസ്സിൽ ഭാവനയുടെ മൂശയിലിട്ടു പഴുപ്പിക്കുക. എനിക്ക് കഥ ഇങ്ങനെയാണ്. ഒരു ദർശനമോ, വാക്കോ, അനുഭവമോ കഥയായി മാറാം. പക്ഷേ അത് തികച്ചും വ്യത്യസ്തമാകണം. ആഖ്യാനത്തിലും ഭാഷയിലും പ്രയോഗങ്ങളിലും എല്ലാം. അത് നിർബന്ധമാണ്.

 

സ്വന്തം കഥയെക്കുറിച്ചു ലാൽജി നടത്തുന്ന ഈ പ്രസ്താവന ആത്മാന്വേഷണത്തിന്റെ തെളിവെളിച്ചം വീണുകിടക്കുന്നതാണെന്ന് കഥ വായിക്കുമ്പോൾ നമുക്കു മനസ്സിലാകും.

 

അലക്‌സാണ്ടർ ലെ അടിമ എന്നു പേരുള്ള നാൽപത്തഞ്ചുകാരനായ ജനറ്റിക് എൻജിനീയറുടെ അവസാന ദിവസത്തെ കഥയാണ് പിരിയൻ കോവണി. 

ജനറ്റിക് എൻജിനീയറിങ് പഠിച്ച അലക്‌സാണ്ടർ അറിവുകൊണ്ടും കണ്ടെത്തലുകൾ കൊണ്ടും ലോകപ്രശസ്തനായി. പക്ഷേ, മാരകമായ ക്രോണിക് മൈലോയ്ഡ് ലുക്കേമിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ, പ്രശസ്തനായ ഓങ്കോളജിസ്റ്റ് ഡോ. അലോഷ്യസിന്റെ മുന്നിൽ എത്തിപ്പെടുകയാണ്. രോഗം ഗുരുതരമാണെന്നും ആശുപത്രിയിലെ സുഖസൗകര്യങ്ങൾ ഏറെയുള്ളൊരു കോട്ടേജിൽ താമസിച്ച് ചികിൽസ നടത്താനും അദ്ദേഹം ഉപദേശിക്കുന്നു. പക്ഷേ, അലക്‌സാണ്ടറിന് കാര്യങ്ങൾ വ്യക്തമായി കഴിഞ്ഞിരുന്നു. പിതാവ് തവേദിയോസ് അടിമയുടെ കല്ലറ, പള്ളി, പിതാവ് പണി കഴിപ്പിച്ച ഭവനം ഈ മൂന്നു സ്ഥലങ്ങളിൽ കൂടി പോകാനുള്ള സമയമേ തനിക്ക് മിച്ചമുള്ളൂ എന്നദ്ദേഹം തിരിച്ചറിയുന്നു. 

പിതാവിന്റെ കല്ലറയിൽ പോയി പ്രാർഥിച്ച ശേഷം പള്ളിയിൽ കയറി പുരോഹിതനു മുന്നിൽ കുമ്പസാരിക്കുന്നു.

 

കുമ്പസാരക്കൂട്ടിൽ അലക്‌സാണ്ടർ തന്റെ പിഴകളെല്ലാം ഏറ്റുപറയുന്നു. ജനറ്റിക് എൻജിനീയറിങ്ങിലെ വിജയത്തിന് അന്യായമായ മാർഗങ്ങളിലൂടെയാണ് സഞ്ചരിച്ചത്. കറുത്ത പണത്തിന്റെ അമിതാവേശം. ബയോ ഹാക്കിങ്ങിൽ വിദഗ്ധനായിരുന്നു അയാൾ. അറിവു മുഴുവൻ ദുഷ്പ്രവൃത്തിക്കായാണ് ഉപയോഗിച്ചത്. സമൂഹത്തിനും ദൈവത്തിനും നിരക്കാത്ത പ്രവൃത്തികൾ. കുമിഞ്ഞു കൂടിയ പണം കൊണ്ട് സുഖലോലുപതയുടെ ദന്തഗോപുരത്തിൽ വസിച്ചു. അയാൾ പാപമോചനത്തിനായി മാറത്തടിച്ച് നിലവിളിച്ചു. 

പക്ഷേ, അരുതാത്തവ ചെയ്ത ആൾ അവസാനം, ഏറ്റുപറഞ്ഞ് കരഞ്ഞതു കൊണ്ട് എന്തു പ്രയോജനം. അയാൾ കാരണം തകർന്നത് എത്രയോ പേരുടെ ജീവിതമായിരിക്കാം. 

 

തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് ജീവിതത്തിലെ ഏതെങ്കിലുമൊക്കെ അവസരത്തിൽ മാനസാന്തരമുണ്ടാകും. പക്ഷേ, അപ്പോഴേക്കും ഏറെ വൈകിപ്പോയിരിക്കും. അതാണ് പിരിയൻകോവണിയിലൂടെ കഥാകൃത്ത് പറയാൻ ശ്രമിക്കുന്നത്. ഓരോ വായനക്കാരന്റെയും മനസ്സു പൊള്ളിക്കുന്നു പിരിയൻ കോവണി എന്നാണ് അവതാരികയിൽ ഡോ. ഐശ്വര്യ മാധവൻ പറഞ്ഞിരിക്കുന്നത്. എല്ലാത്തിനെയും നിയന്ത്രിക്കാനും സംഹരിക്കാനും സമയത്തിനു കഴിയുന്നു. നാമറിയാതെ തന്നെ സമയം നമ്മെ നിയന്ത്രണ വിധേയമാക്കുന്നു. മരണത്തിലേക്കുള്ള യാത്ര, ജീവിതത്തിന്റെ അർഥമില്ലായ്മ ഇവയൊക്കെ ബോധ്യപ്പെട്ടാൽ അഭിലഷണീയമായതിനെ പുൽകാൻ മനസ്സ് വെമ്പുന്നു. ഡോ. ഐശ്യര്യയുടെ നിരീക്ഷണം കഥയെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലാണ്. 

 

Content Summary: Kadhayude vazhi, column by Ravivarma Thampuran on writer Lalji George

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com