ADVERTISEMENT

തെരുവുകളിലൂടെ രക്തം ഒഴുകുമ്പോൾ റോസാപ്പൂക്കളെ സ്വപ്‌നം കാണുന്നതെങ്ങനെ എന്നു ചോദിച്ചത് ചിലിയൻ കവി പാബ്ലോ നെരൂദയാണ്. നിലവിളികൾ ഉയരുമ്പോൾ നിലാവിനെക്കുറിച്ചെങ്ങനെ കവിതയെഴുതും. നിരപരാധികളെ അടിച്ചമർത്തുമ്പോൾ പ്രണയ ചുംബനങ്ങളെക്കുറിച്ചെങ്ങനെ വാചാലനാകും. നെരൂദയുടെ ചോദ്യങ്ങളുടെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല, അഫ്ഗാനിലെ എഴുത്തുകാരികൾക്കെങ്കിലും. കയ്യിൽ പേനയുണ്ടെങ്കിലും അവരുടെ മനസ്സിൽ സ്വപ്‌നങ്ങളില്ല. കാഴ്ചകളുടെ സമൃദ്ധിയുണ്ടെങ്കിലും മനസ്സിനെ സ്പർശിക്കുന്നില്ല. മഞ്ഞണിഞ്ഞ മലനിരകൾ മാടിവിളിക്കുന്നില്ല. അനന്തമായ ആകാശത്തിലെ നക്ഷത്രങ്ങൾ കണ്ണിൽപ്പെടുന്നില്ല. സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും നിലാവ് പരക്കുന്നതും ഒന്നും അവർ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. ഓരോ ദിവസവും അല്ല ഓരോ നിമിഷവും അവർക്കു നീട്ടിക്കിട്ടുന്ന ജീവിതം മാത്രം. അടുത്ത പ്രഭാതത്തിൽ സൂര്യോദയം കാണുമെന്ന് ഉറപ്പില്ലാത്ത രാത്രികളിൽ അശാന്തരായി ഉറങ്ങുന്നു. ഇനി ഒരു രാത്രി കൂടി ലഭിക്കുമോ എന്ന അസ്വസ്ഥതയുമായി പകലുകൾ തള്ളിനീക്കുന്നു. എന്നിട്ടും എഴുതണമെന്നു നിർബന്ധിക്കപ്പെടുമ്പോൾ അവർ യഥാർഥ ജീവിതം തന്നെയഴുതുന്നു. അവയിൽ ഭാവനയില്ലെന്ന് കുറ്റം പറഞ്ഞോളൂ. സ്വപ്‌നങ്ങളും ആഹ്ലാദനിമിഷങ്ങളുമില്ലെന്നു ചൂണ്ടിക്കട്ടുകയുമാവാം. യഥാർഥ ജീവിതമല്ലാതെ മറ്റൊന്നും എഴുതാനില്ലെന്ന സത്യവാങ്മൂലം അവർ വീണ്ടും വീണ്ടും സമർപ്പിക്കുന്നു.

 

കാബൂളിലെ സയീദ് ഉൽ ഷഹദ സ്‌കൂൾ ബോംബ് സ്‌ഫോടനനത്തിൽ തകർന്നിട്ടു നാളുകളായി. പഠനം നടക്കരുതെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് സ്‌കൂൾ തകർത്തത്. അധ്യാപകരും വിദ്യാർഥികളും അവിടെ അക്ഷരമാല ചൊല്ലരുതെന്ന് ഉറപ്പിക്കാനും. എന്നാൽ, നെക്ബത്ത് എന്ന പെൺകുട്ടി ദിവസവും സ്‌കൂളിൽ പോകുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ എവിടയെങ്കിലും ഇരുന്ന് ഒരുവരിയെങ്കിലും വായിക്കും. പ്രിയപ്പെട്ട അധ്യാപകരിൽ ആരെങ്കിലും അവിടെ വീണ്ടും വരുമെന്ന പ്രതീക്ഷ ആ കുട്ടിക്കുണ്ട്. സഹപാഠികളിൽ ആരെയെങ്കിലും വീണ്ടും കാണാമെന്നും. നെക്ബത്ത് സാങ്കൽപിക കഥാപാത്രമല്ല. ആ പെൺകുട്ടിയുടെ ജീവിതം ഒറ്റപ്പെട്ടതുമല്ല. എന്നാൽ നെക്ബത്തിന്റെ ജീവിതം കഥയായാണ് സൈനബ് അക് ലാഖി എഴുതിയത്. ബ്ലോസം എന്ന കഥയിൽ. എന്റെ പേന പറക്കാൻ വെമ്പുന്ന പക്ഷിയുടെ ചിറകാണെന്ന (My pen is the wing of a bird) പുസ്തകത്തിൽ സൈനബിന്റെ കഥ വായിക്കാം. ഒപ്പം ബോംബ് സ്‌ഫോടനങ്ങളിൽ തകർന്ന ചിറകുമായി ജീവിക്കുന്ന അഫ്ഗാനിലെ മറ്റനേകം കുട്ടികളുടെയും സ്ത്രീകളുടെയും കഥകളും. അഫ്ഗാനിലെ സ്ത്രീകളുടെ കഥകൾ മാത്രമാണു പുസ്തകത്തിൽ. താലിബാൻ നിയന്ത്രണത്തിൽ സ്വതന്ത്ര ജീവിതം നഷ്ടമായ എഴുത്തുകാരുടെ വിലാപങ്ങൾ നിറഞ്ഞ പുസ്തകം.

my-pen-is-a-wing-of-a-bird

 

2019 ലാണ് ലൂസി ഹന്ന എന്ന എഡിറ്റർ അഫ്ഗാനിലെ സ്ത്രീകളുടെ കഥകൾ മാത്രം ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കണം എന്നാഗ്രഹിക്കുന്നത്. അന്ന് താലിബാൻ രാജ്യത്തിന്റെ ഭരണം പിടിച്ചിട്ടില്ല. എന്നാൽപ്പോലും അത് സാഹസികമായ ദൗത്യം തന്നെയായിരുന്നു. അതിനു മുമ്പ് അങ്ങനെയൊരു പുസ്തകം ഇറങ്ങിയിട്ടില്ല. അഫ്ഗാനിലെ എഴുത്തുകാരായ സ്ത്രീകൾ എഡിറ്റർ എന്ന പദവിയെക്കുറിച്ചു കേട്ടിട്ടുപോലുമില്ല. എഡിറ്റർക്ക് കഥ എങ്ങനെ അയയ്ക്കണം എന്നും അവർക്ക് അറിയില്ല. കഥകൾ ക്ഷണിച്ചുകൊണ്ട് ലൂസി കത്തയച്ചു. ഒരു എഴുത്തുകാരി കഥ എഴുതിയ പേജുകളുടെ ചിത്രങ്ങൾ വാട്‌സാപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. അവരൊന്നും മുമ്പ് കഥകൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്തവരാണ്. അതിനുള്ള അവസരം ലഭിക്കാത്തവരും. സമൂഹ മാധ്യമങ്ങൾ മാത്രമാണ് അവരുടെ ഏക ആശ്രയം. കഥകൾ പുസ്തകമായി പ്രസിദ്ധീകരിക്കുന്നു എന്നതുതന്നെ അദ്ഭുതമായിരുന്നു.

 

അഫ്ഗാനിൽ പ്രസാധകരുണ്ട്. എന്നാൽ കഥകൾ പുസ്തകമായി പ്രസീദ്ധീകരണമെങ്കിൽ ആദ്യം തന്നെ പണം കൊടുക്കണം. ഇതാദ്യമായാണ് ഒരു വിദേശ പ്രസാധക പണം ആവശ്യപ്പെടാതെ കഥ മാത്രം ആവശ്യപ്പെടുന്നത്. വിദേശ പ്രസാധകർ പൊതുവെ ആവശ്യപ്പെടാറുള്ളത് യുദ്ധത്തെക്കുറിച്ചുള്ള അനുഭവങ്ങൾ എഴുതാനാണ്. അവർ കഥകൾ ചോദിക്കാറില്ല. അഫ്ഗാനിലെ സ്ത്രീകൾക്ക് കഥ എഴുതാൻ കഴിയുമെന്ന് അവർ അംഗീകരിച്ചിട്ടുമില്ല. എന്നാലും ലൂസിയുടെ അഭ്യർഥനയ്ക്ക് ഫലമുണ്ടായി. ആവേശകരമായ പ്രതികരണങ്ങളുണ്ടായി. എന്നാൽ കോവിഡ് പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു. പിന്നാലെ താലിബാൻ കാബൂൾ പിടിച്ചടക്കി. അതോടെ പുസ്തകം വിദൂരസ്വപ്‌നമായി മാറിയെന്നു പറയുന്നു ബിബിസി മുൻ ജീവനക്കാരിയായ ലൂസി ഹന്ന. എന്നാൽ ശ്രമം ഉപേക്ഷിക്കാൻ അവർ തയാറായില്ല. എഡിറ്റർ ജോലി ചെയ്തത് ശ്രീലങ്കയിൽ ഇരുന്നാണ്. പരിഭാഷക ഇംഗ്ലണ്ടിലും. അവരാരും നേരിൽ കണ്ടിട്ടേയില്ല. ഓൺലൈൻ ആശയവിനിമയം മാത്രം. പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നവരിൽ 10 പേർ നിലവിൽ അഫ്ഗാനിൽ ഇല്ല. അവർ താലിബാൻ ഭരണത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഒളിച്ചോടി. 8 പേർ ബോംബ് സ്‌ഫോടനങ്ങൾക്കും അടിച്ചമർത്തലുകൾക്കും മൂകസാക്ഷികളായി രാജ്യത്തു തന്നെ തുടരുന്നു.

 

അൺടോൾഡ് നരേറ്റീവ്‌സ് എന്ന പേരിൽ ഹന്ന സ്ഥാപിച്ച സംഘടനയാണ് പുസ്തക പ്രസാധനത്തിനു മുൻകയ്യെടുത്തത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ രചനകൾ വെളിച്ചത്തുകൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യം. റൈറ്റ് അഫ്​ഗാ നിസ്ഥാൻ എന്നൊരു ഉപസംഘടനയും ഹന്നയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. എഴുതുകയും എന്നാൽ പ്രസിദ്ധീകരിക്കാൻ മാർഗമില്ലാതെ വലയുകയും ചെയ്യുന്ന എഴുത്തുകാരികൾക്ക് അവസരം സൃഷ്ടിക്കുകയാണ് ‘എഴുതൂ അഫ്ഗാനിസ്ഥാൻ’ സംഘടനയുടെ ലക്ഷ്യം. 300 പേരാണ് ഹന്നയുടെ അഭ്യർഥനയ്ക്കു മറുപടിയായി കഥകൾ അയച്ചത്. രാജ്യത്തിന്റെ വിദൂരഭാഗങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും. 300 പേരിൽ നിന്ന് 18 മികച്ച കഥകൾ തിരഞ്ഞെടുക്കുകയായിരുന്നു. നിരന്തരമായ സംഘർഷങ്ങൾക്കു നടുവിലാണ് അഫ്ഗാനികൾ ജീവിക്കുന്നത്. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും നിലവിളികൾ അവരുടെ കാതുകളെ തുളച്ചുകൊണ്ടിരിക്കുന്നു. പൊതുസ്ഥാപനങ്ങൾ ഒന്നൊന്നായി തകർക്കപ്പെടുന്നു. സ്ത്രീകളും പുരുഷൻമാരും കുട്ടികളുമെല്ലാം കൂടിയുള്ള ഒത്തുചേരലുകൾക്ക് അവസരമില്ല. യാഥാസ്ഥിതിക നിയമങ്ങൾ എല്ലാവരും അനുസരിച്ചേ പറ്റൂ. ലോകം മുഴുവൻ പ്രകാശത്തിലൂടെ നടക്കുമ്പോൾ അഫ്ഗാനികൾ ഇരുട്ടിൽ തപ്പിത്തടയുന്നു. സ്വാതന്ത്ര്യവും സമാധാനവും ഇപ്പോൾ അവർക്ക് ലക്ഷ്യങ്ങൾ പോലുമല്ല. രക്ഷപ്പെടാൻ കഴിഞ്ഞവർ ഭാഗ്യം ചെയ്തവർ. അവശേഷിച്ചവർ വിധിയുമായി മല്ലിടുകയാണ്. അതിനിടെയാണ് കഥയെഴുത്തും.

 

രാജ്യത്തിന്റെ ഏറ്റവും ഇരുണ്ട കാലത്തിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. രക്ഷയുടെ വാതിൽ എന്നു തുറക്കുമെന്ന് ഒരു രൂപവുമില്ല. ഈ ഇരുട്ടിൽ കഥ വെളിച്ചമാണ്. എഴുതിക്കൊണ്ടിരുന്നപ്പോൾ ചുറ്റുമുള്ള എല്ലാ അസ്വസ്ഥതകളും ഞാൻ മറന്നു- അക് ലാഖി പറയുന്നു.

 

മേരി ബംയാനി എന്ന എഴുത്തുകാരിയുടെ കഥയുടെ പേര് ശീതകാലത്തിലെ കാക്ക എന്നാണ്. കുടുംബത്തിലെ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരു അമ്മയുടെ പോരാട്ടമാണ് പ്രമേയം. എഴുത്ത് എന്ന വെളിച്ചം അഫ്ഗാനിൽ കെടാതിരിക്കാൻ ലോകത്തിന്റെ സഹായം വേണമെന്ന് മേരി അപേക്ഷിക്കുന്നു. ഈ വെളിച്ചം കൂടി കെട്ടുപോയാൽ അവശേഷിക്കുന്നത് കൂരിരുട്ടാണ്. ഒറ്റച്ചിറകിന്റെ താളത്തിൽ പറക്കാൻ ശ്രമിക്കുന്ന പക്ഷികളെപ്പോലാണു ഞങ്ങൾ. ഒരു ചിറകേ ഉള്ളുവെങ്കിൽപ്പോലും പറക്കാനുള്ള ശ്രമം ഉപേക്ഷിക്കാൻ ഞങ്ങൾ തയാറല്ല. എവിടെയെങ്കിലും ഇരുന്ന് ആരെങ്കിലുമൊക്കെ ഞങ്ങളുടെ കഥ വായിക്കുമെന്ന പ്രതീക്ഷയോടെയാണ് എഴുതുന്നത്. അതിന് ഇപ്പോൾ ഫലമുണ്ടായിരിക്കുന്നു.

 

വെട്ടിയ കുറ്റിമേൽ ചാഞ്ഞിരുന്ന് ആർദ്രമായ് ഒറ്റച്ചിറകിന്റെ താളമോടെ ഒരു പാട്ടു പിന്നെയും പാടിനോക്കുന്ന പക്ഷിയുടെ കദനം സുഗതകുമാരിയുടെ കവിതയിലുണ്ട്. ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത് താരുകളുണ്ട് താരങ്ങളുണ്ട് എന്നാണ് പക്ഷി ആശ്വസിക്കുന്നത്. അപ്പാട്ടിലാഹ്ലാദത്തേനുണ്ട്, കനിവെഴും സ്വപ്‌നങ്ങളുണ്ട്, കണ്ണീരുമുണ്ട്. എന്റെ പേന പക്ഷിയുടെ അവശേഷിക്കുന്ന ചിറകാണ് എന്ന കഥാസമാഹാരവും ക്രൂരമായ ഇരുട്ടിലെ മിന്നാമിനുങ്ങിന്റെ വെളിച്ചമാണ്. ആ വെളിച്ചെങ്കിലും കെടാതിരിക്കട്ടെ. 

 

Content Summary: My Pen Is the Wing of a Bird: New Fiction by Afghan Women

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com