ADVERTISEMENT

കുമാരനാശാന്റെ ജീവചരിത്രമെഴുതിയ പ്രഫ. എം. കെ. സാനു ആ കൃതിക്ക് പേരിട്ടത്  മൃത്യുഞ്ജയം കാവ്യജീവിതം എന്നാണ്. മൃതിയെ ജയിക്കാനാവണേ എന്നായിരുന്നു കുമാരനാശാന്റെ കുഞ്ഞുന്നാൾ മുതലുള്ള പ്രാർഥന. ശ്രീനാരായണഗുരുവിന്റെ ശിഷ്യനാകാൻ തീരുമാനിച്ച് അദ്ദേഹത്തെ തേടി ചെന്നപ്പോൾ ചിന്നസ്വാമീ എന്നു വിളിച്ചുകൊണ്ട് ഗുരു ആദ്യം കൊടുത്ത പരീക്ഷ ഒരു സമസ്യാപൂരണമാണ്.

 

കോലത്തുകര കുടികൊണ്ടരുളും 

ബാലപ്പിറ ചൂടിയ വാരിധിയേ...

 

അധികമാലോചിക്കേണ്ടി വന്നില്ല, കുമാരനാശാന് അതു പൂരിപ്പിക്കാൻ.

 

കാലൻ കനിവറ്റു കുറിച്ചുവിടു-

kadhayude-02

ന്നോലപ്പടിയെന്നെയയ്ക്കരുതേ

 

മരണം തന്റെയൊപ്പമുണ്ടെന്നും തന്നെ പിന്തുടരുന്നുണ്ടെന്നും ഭയപ്പെടുന്ന ഒരു മനസ്സിൽ നിന്നേ ഇത്തരമൊരു പൂരണം ഉടനടി ഉണ്ടാവൂ. പല തവണ ഒളിച്ചുകളിച്ച ശേഷം പല്ലനയാറ്റിൽ വച്ച് ആശാന്റെ കഴുത്തിൽ കയ്യിട്ട് കൂടെക്കൊണ്ടുപോകുമ്പോൾ മരണം ചിരിച്ചിട്ടുണ്ടാകും. ആശാനും. മരണം ചിരിച്ചത് പലതവണ പരാജയപ്പെട്ട തന്റെ ശ്രമം വിജയിച്ചതിനാലാകാം. കഠിനംകുളം കായലിൽ, കായിക്കര കടലിൽ, പിന്നെ മറ്റനേകം പുഴകളിൽ തളരാതെ നീന്തിയിട്ടുള്ള, ഏറെ നേരം മുങ്ങിക്കിടന്ന് കൂട്ടുകാരെ പരിഭ്രമിപ്പിച്ചിട്ടുള്ള, വെള്ളത്തിൽ കളിയെ ഏറെ ഇഷ്ടപ്പെട്ടിട്ടുള്ള ആശാനെ അവസാനം വെള്ളം തന്നെ കൊണ്ടുപോയി, പുഴവെള്ളം. 

 

ഈ അനിവാര്യമായ അന്ത്യത്തെക്കുറിച്ചുള്ള തന്റെ ഭയം വളരെ ചെറുപ്പത്തിലേ ഗുരുദേവനോടു പറഞ്ഞ്, രക്ഷയ്ക്കായി അപേക്ഷിച്ചിരുന്ന കുമാരനാശാൻ ചിരിച്ചത്, സമസ്യ പൂരിപ്പിക്കുമ്പോഴത്തെ കുമാരനാശാനല്ല ഇപ്പോൾ താൻ എന്ന തിരിച്ചറിവു കൊണ്ടാണ്. പല്ലനയിലെ ആറ്റുവെള്ളത്തിന്റെ കൈയിൽ പിടിച്ച് കുമാരനാശാൻ നടന്നുപോകുമ്പോൾ മരണം ലജ്ജിച്ചിട്ടുണ്ടാവണം, കാരണം ഈ കണ്ട കാലം കൊണ്ട് ആശാൻ മരണത്തെ ജയിച്ചവനായി. മൃത്യുഞ്ജയൻ. ഭൗതികശരീരം മുങ്ങിയൊടുങ്ങിയെങ്കിലും ആ കീർത്തിയും യശസ്സുകൊണ്ടു മെനഞ്ഞെടുത്ത  കാവ്യശരീരവും കാലന്റെ ഓലക്കീറിനെ ജയിക്കാൻ പ്രാപ്തമായിരുന്നു. ഗുരുവാണ് ആ അത്ഭുതം സാധിച്ചുകൊടുത്തത്. തന്റെ ചിന്നസ്വാമിയുടെ അപേക്ഷ ഗുരുവിന് തള്ളാനാവുമായിരുന്നില്ല. 

 

കുമാരനാശാനും കാലനും തമ്മിലുള്ള ഒളിച്ചുകളികളും ആശാന്റെ വിസ്മയയാത്രകളുമൊക്കെ വിവരിക്കുന്ന ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര എന്ന കഥ വായിച്ചതിന്റെ സുഖത്തിലാണ് ഇത്രയുമെഴുതിയത്. വി.ഷിനിലാലിന്റെ കഥയിൽ പല സ്ഥലങ്ങളിൽ വച്ച്, പല കാലങ്ങളിൽ ആശാൻ മരണത്തെ നേരിട്ടു കാണുന്നതും വഴുതി മാറുന്നതും ഒടുവിൽ പിടിയിലാവുന്നതും വിവരിക്കുന്നുണ്ട്. കഥയിൽ ഗുരുവുണ്ട്, ആശാനുണ്ട്, ആശാന്റെ ഭാര്യ ഭാനുമതിയുണ്ട്, അമ്മാവൻ പാറയുണ്ട്, ഉടനീളം ആശാനെ പിന്തുടരുന്ന കാലനുമുണ്ട്. 

 

ആശാനെക്കുറിച്ച് ഒട്ടേറെപ്പേർ എഴുതിയിട്ടുണ്ട്. കവിതയും കഥയും നോവലും ചരിത്രവും എന്നുവേണ്ട, ഏതെല്ലാം രൂപത്തിൽ എഴുതാമോ അപ്രകാരത്തിലൊക്കെ ആശാൻ എഴുതപ്പെട്ടിട്ടുണ്ട്. പുതുതായി എഴുതുന്ന ഓരോ എഴുത്തുകാരനും ആശാൻ ഒരു വെല്ലുവിളി തന്നെയാണ്. ആ വൻമലകയറിയിറങ്ങുക എന്ന സാഹസം അനായാസേന നിർവഹിച്ചിരിക്കുകയാണ് ഷിനിലാൽ ഈ കഥയിലൂടെ.

 

കഥയെഴുതാനുണ്ടായ പശ്ചാത്തലത്തെക്കുറിച്ച് ഷിനിലാൽ-

 

kadhayude-01

പ്രിയപ്പെട്ട എഴുത്തുകാരൻ സുഭാഷ് ചന്ദ്രനുമായുള്ള ചാറ്റിൽ കുമാരനാശാൻ കടന്നു വന്നു. തമിഴ് ഗായികമാരായ അക്കരൈ സിസ്റ്റേഴ്‌സിന്റെ ഒരു പാട്ട് അദ്ദേഹം എനിക്ക് ഷെയർ ചെയ്തു തന്നു. ആശാന്റെ ‘പൂക്കുന്നിതാ മുല്ല’ അഴകുള്ള വ്യത്യസ്തമായ ശബ്ദത്തിൽ അവർ പാടിയിരിക്കുന്നു. എന്റെ വീടിന് തൊട്ടടുത്ത് കുമാരനാശാന് പുരയിടവും വീടും ഉണ്ടായിരുന്നു. മുലൂർ എസ്. പത്മനാഭപ്പണിക്കരുടെ കവിരാമായണത്തിൽ ഹനുമാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കവിയുണ്ട്. പെരുനെല്ലി കൃഷ്ണൻ വൈദ്യർ. ഡോ. പൽപ്പുവിന്റെ ഭാര്യാസഹോദരനായിരുന്നു അദ്ദേഹം. വൈദ്യർ, അമ്മാവൻ പാറയുടെ പരിസരത്ത് പെരുനെല്ലി വിള എന്ന സ്ഥലവാസി ആയിരുന്നു.  വൈദ്യരുമായുള്ള സൗഹൃദം മൂലമാണ് കുമാരനാശാൻ ഈ പ്രദേശത്ത് വരുന്നത്. പിന്നീട്, നെടുമങ്ങാട് തഹസിൽദാർ 100 രൂപ വിലക്ക് പത്തേക്കറിന് മുകളിൽ പുരയിടം കുമാരനാശാന് പതിച്ചു നൽകി. ഇതെല്ലാം ചെറിയ പ്രായത്തിലേ കേട്ടറിവുകളായി ഉണ്ട്. അമ്മാവൻ പാറ കാണുമ്പോഴൊക്കെ മലപ്പൊക്കത്തിൽ ആശാനും തെളിഞ്ഞു. പുരയിടത്തിൽ രണ്ട് മുറിയുള്ള വീട് വച്ചു ആശാൻ. സ്ഥിരമല്ലെങ്കിലും അദ്ദേഹം ആ വീട്ടിലും വസിച്ചു. ഒരുപാട് പിന്നിലൊന്നുമല്ലാതെ ധാരാളം കാട്ടുമൃഗങ്ങൾ വിളയാടിയ കാടാണിത്. പുലിച്ചാണികളും (പുലിമട) കടുവാക്കുഴികളും ഉള്ള പ്രദേശം. ആശാന്റെ വനാനുഭങ്ങൾ ഈ പ്രദേശത്തിന്റെ കൂടെ സംഭാവനയാണ്. അവിടെ ഇപ്പോൾ എസ്.യു.റ്റി മെഡിക്കൽ കോളേജാണ്. ഞാൻ ചാറ്റ് മധ്യേ സൂചിപ്പിച്ചു. 

‘അതൊരു കഥയാക്കൂ.’ അദ്ദേഹം പറഞ്ഞു.

‘ലേഖനമാക്കാം.’ ഞാൻ.

‘അതാർക്കും പറ്റുമല്ലോ.’

‘നോക്കാം.’

 

ചാറ്റ് അവിടെ അവസാനിച്ചു. എന്നോട് ആവശ്യപ്പെടുന്നത് ഈ തലമുറയിലെ പ്രതിഭാധനനായ എഴുത്തുകാരനാണ്. എഴുതേണ്ടത് കുമാരനാശാനെ കുറിച്ചാണ്. ആശാനെ കുറിച്ചെഴുതുമ്പോൾ മറ്റൊരു മഹാപർവ്വതം കൂടി ഉയർന്നു വരും: ശ്രീ നാരായണഗുരു. അലസമായി പറഞ്ഞു ‘നോക്കാം’ എന്ന മറുപടി, ഉള്ളിൽത്തന്നെ കിടന്നു. എന്നെങ്കിലും എഴുതണം. എന്നെക്കുറിച്ചുള്ള വിശ്വാസം കൊണ്ട് തന്നെയാവണമല്ലോ, എന്നോടദ്ദേഹം എഴുതാൻ പറഞ്ഞത്.

 

ഇതിനിടയിൽ കായിക്കരയിലും തോന്നക്കലും വർക്കല ശിവഗിരിയിലും കോലത്തുകര ക്ഷേത്രത്തിലും പോയി. അരുവിപ്പുറത്ത് പലവട്ടം പോയിട്ടുണ്ട്. ആശാന്റെ അമ്മാവൻപാറയുടെ ചുവട്ടിലൂടെയാണ് സിറ്റിയിലേക്കുള്ള നിത്യയാത്രയും. ഇടറോഡ് വഴി ബൈക്കോ കാറോ ഒടിച്ചു പോകുമ്പോൾ കാരണവഭാവമുള്ള അമ്മാവൻ പാറ തലയുയർത്തി നിൽക്കുന്നത് നോക്കും. അതിനെ നമസ്‌കരിക്കും. ആ പാറ മുകളിൽ ഇരുന്ന് ആശാൻ കൂരിരുട്ടിന്റെ പ്രഭാവം ദർശിച്ചിട്ടുണ്ടാവണം. എന്നാൽ മനസ്സിൽ കഥ മാത്രം തെളിഞ്ഞില്ല.

 

തോന്നക്കൽ സ്മാരകത്തിൽ ആശാന്റെ കൈപ്പട കണ്ട സമയം നെഞ്ചൊന്ന് പാളി. ഉദയാസ്തമയ കാവ്യ പൂജ നടക്കുകയായിരുന്നു അപ്പോൾ . കുടിലിന്റെ മുറ്റത്ത് ഇരുന്നപ്പോൾ കണ്ണ് നിറഞ്ഞു. നിമിഷത്തിന്റെ നൂറിലൊരംശത്തിൽ ഞാൻ കുമാരനാശാനെ കണ്ടു. പിന്നെയും ആശാൻ ആശാന്റെ വഴിക്കും ഞാൻ എന്റെ വഴിക്കും പോയി.

 

ഇടക്കൊക്കെ ആശാൻ മനസ്സിലേക്ക് കടന്നു വരും. ഉള്ള് കാളും. ലോക് ഡൗൺ കാലത്ത് ഏറെയും അടഞ്ഞുകിടന്ന യുണൈറ്റഡ് ലൈബ്രറിയിൽ ഒറ്റക്കിരുന്ന് ആശാൻ സമ്പൂർണ്ണ കൃതി വായിച്ചു. പതിയെ പതിയെ ആശാൻ അകത്തു കയറി. അപൂർണ്ണമായിരുന്നല്ലോ, പല്ലനയാറ്റിൽ അവസാനിച്ച ആ ജീവിതം. എഴുതിത്തീരാത്ത ബുദ്ധചരിതത്തിന്റെ വിവർത്തനവും ആ രാത്രി അദ്ദേഹത്തിന്റെ പെട്ടിയിൽ ഉണ്ടായിരുന്നു. അപൂർണ്ണമായ ആ ജീവിതത്തെ അടയാളപ്പെടുത്താൻ ആശാന്റെ  അപൂർണ്ണമായ ഒരു കവിത തന്നെ തലക്കെട്ടായി കിട്ടി. ‘‘ഗരിസപ്പ അരുവി അഥവാ ഒരു വനയാത്ര.’’അതിൽ വനയാത്ര വെട്ടി ജലയാത്ര എന്ന് മാറ്റിയപ്പോൾ, ജലത്തോടിണങ്ങിയൊടുങ്ങിയ ആശാന്റെ ജീവിതം തെളിഞ്ഞു വന്നു.

2021 ഒക്ടോബറോടുകൂടി ആശാൻ പൂർണ്ണമായും എന്നെ കീഴടക്കി. മഹത്തുക്കൾ എഴുതിയ ജീവചരിത്രങ്ങളായും നിരൂപണങ്ങളായും അസംഖ്യം ഗായകർ ചൊല്ലിയവതരിപ്പിച്ച കവിതകളായും കഥാപ്രസംഗങ്ങളായും ആശാൻ നിറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സമസ്യ സദാ മൂളി നടന്നു. എന്റെ ചൊല്ലൽ കേട്ട് മകൾ സൂര്യകാന്തിയും അത് കാണാപ്പാഠമാക്കി. ഡിസംബറായപ്പോഴേക്കും ആശാൻ സദാ കാഴ്ചയിൽ നിറഞ്ഞു. ഇടക്കെപ്പോഴോ ആശാനെ വ്യക്തമായി കണ്ടു. 

 

പൂമരത്തിൽ നിന്നു വാക്കുകൾ പൊഴിച്ചെടുക്കുന്ന കുമാരനാശാൻ. ആ കാഴ്ച കഥയുടെ അവസാന വരിയായി മാറി.

എന്താണ് / ആരെക്കുറിച്ചാണ് എഴുതുന്നതെന്ന ബോധ്യം ഭയം തന്നെ ജനിപ്പിച്ചു. ഒടുവിൽ ഡിസംബർ - 29 വന്നു. എനിക്ക് കുളിക്കാൻ പോലും തോന്നിയില്ല. എന്തൊക്കെയോ ഉള്ളിൽ തിളച്ച് തൂവുകയാണ്. അതങ്ങനെ തന്നെ നിന്നു. എഴുതാനുള്ള ധൈര്യം മാത്രം വന്നില്ല. 

മൂന്ന് മണിയോടെ ടാബ് തുറന്നു. ‘തടുക്ക് വിരിച്ച പീഠത്തിൽ ശ്രീനാരായണ ഗുരു ഇരുന്നു.’ എന്ന് ആദ്യ വരി എഴുതി. രണ്ട് മണിക്കൂറിനുള്ളിൽ അവസാന വരിയും എഴുതി. ‘മൃത്യുഞ്ജയൻ വാക്കുകൾ പൊഴിച്ചെടുക്കുന്നത് ഞങ്ങൾ വ്യക്തമായി കണ്ടു.’

എഴുതിക്കഴിഞ്ഞപ്പോൾ അപാരമായ ആനന്ദമുണ്ടായി. കണ്ണു നിറഞ്ഞൊഴുകി. എഴുത്തിലോ ജീവിതത്തിലോ ഇത്രയും തീവ്രമായ ഒരവസ്ഥയിലൂടെ കടന്നു പോയിട്ടില്ലല്ലോ, എന്നോർത്തു. 

 

മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കഥാകൃത്ത് സലിൻ മാങ്കുഴി ചേട്ടന്റെ ഫോൺകോൾ. ഒരു മുഖവുരയുമില്ലാതെ അദ്ദേഹം കുമാരനാശാനെ കുറിച്ച് സംസാരിക്കുകയാണ്. അത്ഭുതങ്ങളുടെയും യാദൃച്ഛികതയുടെയും അദൃശ്യ കണ്ണികൾ മനുഷ്യരെ ഇങ്ങനെ ചേർത്ത് പിടിച്ചിരിക്കുന്നുവല്ലോ. 

വലിയ തിരുത്തൊന്നും നടത്താതെ കഥ മാതൃഭൂമിക്കയച്ചു. യാദൃച്ഛികതകൾ അവസാനിക്കുന്നേയില്ല. 

ഞാൻ കഥ എഴുതിയതിന് ശേഷം ആശാന്റെ ആ മണ്ണ് / അമ്മാവൻപാറ സ്വകാര്യ ആശുപത്രിക്കാർ കൈയേറ്റം ചെയ്തു. തുടർന്ന് ജനങ്ങൾ പ്രതിഷേധ കൂട്ടായ്മ ഉണ്ടാക്കി. പ്രാദേശിക വാർത്തകളിൽ ആശാനും അമ്മാവൻ പാറയും നിറഞ്ഞു. അങ്ങനെ പ്രതിഷേധവും സമരവും തുടരുന്നതിനിടയിലാണ് ആഴ്ചപ്പതിപ്പിൽ ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര എന്ന പേരിൽ കഥ അച്ചടിച്ചു വരുന്നത്. തുടർന്ന് കഥ വായിച്ച് ആകൃഷ്ടരായ ശ്രീ ശങ്കര സംസ്‌കൃത സർവകലാശാല കൊല്ലം പന്മന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ ഡോ.കെ.ബി. ശെൽവമണിയുടെ നേതൃത്വത്തിൽ ആശാന്റെ അമ്മാമ്പാറ സന്ദർശിക്കാൻ വന്നു. അതിന് ശേഷം പ്രദേശത്തെ സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും പാറമുകളിൽ ഒത്തുചേർന്ന് കഥ വായിക്കുകയും ആശാൻ കവിതകൾ ആലപിക്കുകയും ചെയ്തു. ഗരിസപ്പ വായിച്ച് അതിരാവിലെ എന്നെ വിളിച്ച കവി കുരീപ്പുഴ ശ്രീകുമാർ കൂടിയിരിപ്പ് ഉദ്ഘാടനം ചെയ്തു. എസ്.എസ്. ബിു, ഡോ. ബാലചന്ദ്രൻ, ജി എസ്.ജയചന്ദ്രൻ, സാനു മോഹൻ, അനിൽ വേങ്കോട് തുടങ്ങി നിരവധി സാംസ്‌കാരിക പ്രവർത്തകർ അമ്മാമ്പാറ സംരക്ഷണ സമിതിയോട് ചേർന്നു. കഥ ഒരു കൂട്ടായ്മയായി മാറുന്നത് ആനന്ദത്തോടെ ഞാൻ നോക്കിയിരുന്നു.

 

ഈ കുറിപ്പ് എഴുതി തീരുമ്പോഴേക്കും കഥ ഒരുപാട് ദൂരം താണ്ടിയതായി തോന്നുന്നു. റവന്യൂ മന്ത്രിക്ക് നാട്ടുകാർ സമർപ്പിച്ച പരാതിയിൽ ഈ കഥയും ഒരു ഡോക്യുമെന്റായി ചേർത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ അമ്മാമ്പാറ അളന്ന് തിട്ടപ്പെടുത്താൻ അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ എല്ലാം ചേർന്നൊരു നിയോഗത്തിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിന്റെ ആനന്ദമുണ്ട്.

പ്രിയമുള്ളവരേ, ഈ കഥ എത്രത്തോളം ആശാനോട് ചേർന്നിട്ടുണ്ട് എന്നറിയില്ല. ഇതിൽ പലവിധത്തിൽ പ്രേരണ തന്ന പ്രതിഭകളോട് എത്രത്തോളം നീതി പുലർത്താൻ കഴിഞ്ഞു എന്നും അറിയില്ല. ഒന്നു മാത്രം ഉറപ്പ് തരാം: ഈ കഥയിൽ കൃത്രിമമായി ഒന്നുമില്ല. ഇത് തനിയെ ഉണ്ടായ കഥയാണ്. ഞാൻ ഉണ്ടാക്കിയതല്ല. ഇതിലെ വാക്കുകൾ ഏറെയും ആശാന്റേതാണ്. എന്റെയല്ല.

 

Content Summary: Kadhayude Vazhi Column by Ravivarma Thampuran on writer V. Shinilal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com