ADVERTISEMENT

ആവർത്തനം ഏതു കലാകാരന്റെയും സ്വകാര്യ ഭീതിയാണ്. ആശങ്കയാണ്. പറ‍‍ഞ്ഞു തീരാത്ത പരാതിയും കടുത്ത വിമർശനവുമാണ്. ആവർത്തിക്കപ്പെടാതിരിക്കാനുള്ള വെമ്പലാണ് പുതിയ ഭൂമിക തേടിപ്പോകാൻ പ്രേരിപ്പിക്കുന്നതും അന്വേഷണത്തെ സജീവമാക്കുന്നതും. എന്നാൽ, ഒറ്റ നോവൽ കൊണ്ടുതന്നെ മികച്ച എഴുത്തുകാരൻ എന്ന അംഗീകാരവും പുരസ്കാരവും ലഭിച്ച ഡഗ്ലസ് സ്റ്റുവർട്ട് ആദ്യത്തെ നോവലിന്റെ പശ്ചാത്തലവും വിഷയവും നിലനിർത്തിയാണ് രണ്ടാം നോവലും പൂർത്തിയാക്കിയത്. എന്നാൽ, ആവർത്തനം എന്ന ദോഷം പറയാനാവില്ലെന്നു മാത്രമല്ല, പുതുമ സൃഷ്ടിക്കുന്നതിലും വ്യത്യസ്ത അനുഭൂതി പകരുന്നതിലും വിജയിച്ചിട്ടുമുണ്ട്. ബുക്കർ പുരസ്കാരം ലഭിച്ച ഷഗ്ഗി ബെയ്ൻ എന്ന ദുരന്ത തീവ്രമായ നോവലാണ് ഡഗ്ലസിനെ സാഹിത്യലോകത്ത് അനശ്വരനാക്കിയത്. കടുത്ത മദ്യപയായ അമ്മയ്ക്കൊപ്പം മരിച്ചു ജീവിക്കുന്ന കൗമാരക്കാരന്റെ ഒറ്റപ്പെടൽ. ലഹരിയുടെ ഇടനേരങ്ങളിലെ സ്നേഹസാന്നിധ്യം. പുറത്തുവരാത്ത കരച്ചിൽ വിങ്ങലാകുമ്പോൾ ഷഗ്ഗി ബെയ്ൻ വേദനയേക്കാളും അഗാധമായ വികാരവും ആശ്രയമറ്റ ആത്മവേദനയുമാണ്. തീരാത്ത നോവും തിരിമുറിയാത്ത കണ്ണുനീരും. ലോകം ഉൻമാദത്തോടെ വായിച്ച നോവലിന്റെ ആവേശം അടങ്ങും മുൻപാണ് രണ്ടാമത്തെ നോവൽ യങ് മങ്ഗോ വരുന്നത്.

 

പുതിയ നോവലിൽ 15 വയസ്സുകാരനാണു നായകൻ. അമ്മ മദ്യത്തിന് അടിമയാണ്. പശ്ചാത്തലം സമാനമെന്നു തോന്നുമെങ്കിലും ആദ്യ നോവലിലൂടെ ലഭിച്ച മികച്ച എഴുത്തുകാരൻ എന്ന പദവി  ഉറപ്പിക്കുന്നതാണ് രണ്ടാമത്തെ നോവൽ. 

 

douglas-stuart-books

അമ്മയുടെ നിഴലിൽ ജീവിക്കുന്ന മൂന്നു മക്കൾ. ഒരേ മതത്തിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മുതലെടുത്ത് കൗമാരക്കാരുടെ സംഘത്തെ നയിക്കുന്ന മൂത്ത സഹോദരൻ. അധ്യാപകനുമായുള്ള വിഫല പ്രണയം ജീവിതം തകർത്ത സഹോദരി. ദാരിദ്ര്യവും തകർച്ചയും കഷ്ടപ്പാടും വിടാതെ പിന്തുടരുമ്പോഴും ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമായി ജീവിക്കുന്ന ഇളയ കുട്ടി മങ്ഗോ ഹാമിൽട്ടൺ. ‍ഡഗ്ലസ് സ്റ്റുവർട്ട് പിന്തുടരുന്നത് ഈ കുട്ടിയെയാണ്. അവനു ലഭിക്കുന്ന കൂട്ടുകാരെയും. 

 

ഷഗ്ഗി ബെയ്നിൽ നിറഞ്ഞുനിൽക്കുന്നത് അമ്മ ആഗ്നസാണ്. മദ്യ ലഹരിയിൽ അവർ തകിടം മറിക്കുന്ന ജീവിതവും. മങ്ഗോയിലും മദ്യപയായ അമ്മയുണ്ട്. എന്നാൽ, അവരുടെ അസാന്നിധ്യം കൊണ്ടാണു നോവൽ ശ്രദ്ധേയമാകുന്നത്. വല്ലപ്പോഴും വീട്ടിലേക്കു വരുമ്പോൾ അമ്മയ്ക്ക് പറയാനുള്ളതു പുതിയ കാമുകൻമാരുടെ വിശേഷങ്ങൾ. അവരും മദ്യത്തിന് അടിമകൾ തന്നെ. അവരിൽ രണ്ടുപേർ മങ്ഗോയുടെ കൂട്ടുകാരാകുന്നു. കാട്ടിലും മേട്ടിലും അവർ യാത്രയാകുന്നു. ഇടയ്ക്ക് ജയിലിലേക്കും. ശ്വാസമടക്കിപ്പിടിച്ചേ ആ യാത്ര വായിക്കാനാവൂ. ദുരന്ത തീവ്രതയാണ് ഷഗ്ഗി ബെയ്ൻ എങ്കിൽ മങ്ഗോയും ഒട്ടും പിന്നിലല്ല. എന്നാൽ രണ്ടും നോവലും സമാനവുമല്ല.

 

വ്യത്യസ്തമായ പ്രണയത്തിന്റെ തിളക്കം കൂടിയുണ്ട് പുതിയ നോവലിൽ. ആണുങ്ങൾക്കും തീഷ്ണമായി പ്രണയിക്കാമെന്ന് മങ്ഗോ തെളിയിക്കുന്നു. പ്രാവുകളെ വളർത്തുന്നതിൽ സജീവമായ ആൺകുട്ടിയുമായി മങ്ഗോ അടുക്കുന്നു. ഇരുട്ടുവീണ മുറിയിൽ അവരുടെ ശരീരങ്ങൾ സംസാരിക്കുമ്പോൾ മതവിഭാഗങ്ങൾ അനുശാസിക്കുന്ന വേലിക്കെട്ടുകൾ കൂടിയാണു തകരുന്നത്. പരസ്പരം കടിച്ചുകീറാൻ കാത്തുനിൽക്കുന്ന ഇരുവിഭാഗങ്ങളിലെ രണ്ടുപേർ പ്രണയത്തിൽ ഒരുമിക്കുന്ന ആനന്ദക്കാഴ്ച. 

 

എല്ലാ കണക്കുകൂട്ടലും തെറ്റിച്ചായിരുന്നു ഷഗ്ഗി ബെയ്നിന്റെ പ്രസിദ്ധീകരണം. 10 വർഷം കൊണ്ടാണു പൂർത്തിയാക്കിയത്. ഒടുവിൽ നോവൽ പുറത്തുവന്നപ്പോൾ ലോകമെങ്ങും ലോക്ഡൗൺ. ആദ്യത്തെ പുസ്തകം അവസാനത്തെ പുസ്തകമായി മാറുമോ എന്നായിരുന്നു പേടി. വീടിനു പുറത്തിറങ്ങാത്തവർ എങ്ങനെ നോവൽ വായിക്കാൻ. എന്നാൽ അഭൂതപൂർവമായ വിജയമാണുണ്ടായത്. ബുക്കർ സമ്മാനം കൂടി ലഭിച്ചതോടെ ആത്മവിശ്വാസമായി. എഴുതാൻ. ഫാഷൻ കരിയറായി സ്വീകരിച്ച വ്യക്തിയുടെ ജീവിതത്തിലെ അവിശ്വസനീയ വഴിത്തിരിവ്. 

30 പ്രസാധകർ തിരിച്ചയച്ച നോവലാണ് ഷഗ്ഗി ബെയ്ൻ. അതേ നോവൽ 2020–21 കാലത്ത് ലോക പ്രശസ്തമായ 20 പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. 

 

ഇംഗ്ലിഷിൽ മാത്രം ഇതുവരെ വിറ്റുപോയത് 1.3 ദശലക്ഷം കോപ്പികൾ. 16 വയസ്സു വരെ പാഠപുസ്തകമല്ലാതെ ഒന്നും വായിച്ചിട്ടില്ലാത്ത ഒരാളുടെ ആദ്യ നോവൽ കരസ്ഥമാക്കിയ നേട്ടങ്ങൾക്കു സമാനതകളില്ല. ഇപ്പോൾ 45 വയസ്സുണ്ട് ഡഗ്ലസിന്. 20–ാം  വയസ്സു മുതൽ സുഹൃത്തായ യുവാവിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്. സ്ത്രീകളോടുള്ള തണുത്ത സമീപനത്തിന്റെ പേരിൽ കുട്ടിക്കാലം മുഴുവൻ പരിഹാസം സഹിക്കേണ്ടിവന്നിട്ടുണ്ട്.  എന്നാൽ യൗവ്വനാരംഭത്തിൽ വ്യക്തിത്വം ധീരമായി പ്രഖ്യാപിച്ചു. ആഗ്രഹിക്കുന്നപോലെ ജീവിക്കാനും. ഫാഷൻ ഡിസൈനർ ആയിട്ടായിരുന്നു ജീവിതയാത്ര. എന്നാലിപ്പോൾ അക്ഷരലോകത്തെ സജീവസാന്നിധ്യം. ലോകത്തെ എണ്ണപ്പെട്ട എഴുത്തുകാരൻ. 

 

ആദ്യ നോവലിനു ശേഷം അതേ പശ്ചാത്തലത്തിൽ വീണ്ടുമൊരു നോവൽ എന്നതിന് ഡഗ്ലസിന് മറുപടിയുണ്ട്. ആ വാക്കുകളിൽ തെളിയുന്നത് എഴുത്തുകാരന്റെ ജീവിതം തന്നെ. അമ്മ അവശേഷിപ്പിച്ച രക്തവും കണ്ണീരും ചൊരിയുന്ന മായാത്ത മുറിവുകളും. 

 

എത്ര ആവർത്തിച്ചാലും ഓർമകളിൽ നിന്നു മോചനമില്ലാത്തതുകൊണ്ടുകൂടിയാണ് ഡഗ്ലസ് സ്വന്തം ജീവിതം വീണ്ടും നോവലാക്കുന്നത്. സഹോദരി 15 വയസ്സ് മൂത്തതായിരുന്നു. സഹോദരൻ 13 വയസ്സിനും. അമ്മയ്ക്കൊപ്പം കുട്ടിയായ ഡഗ്ലസ് മാത്രം. മദ്യലഹരിയിൽ അവശയായ അമ്മയുടെ വസ്ത്രം മാറ്റാൻ സഹായിച്ചിട്ടുണ്ട്. മുടി വേർപെടുത്തിക്കൊടുത്തിട്ടുണ്ട്. കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമായിരുന്നു. കിടക്കയിൽ കിടത്തി പുതപ്പിച്ചാട്ടാണ് എത്രയോ രാത്രികളിൽ ഉറങ്ങാൻ പോയത്. ഓർമകൾക്ക് എന്തു തിളക്കം എന്നല്ല, അവ എത്ര ക്രൂരമാണെന്നാണ് പറയേണ്ടത്. അയൽക്കാരും സുഹൃത്തുക്കളും നിരന്തരമായി പരിഹസിക്കുമായിരുന്നു അമ്മയെ. ആക്ഷേപങ്ങളിൽ നിന്നു രക്ഷിച്ചതും സ്നേഹവും പരിചരണവും ഉറപ്പാക്കിയതും കൊച്ചുകുട്ടിയായ മകൻ തന്നെ.   

അമ്മ–മകൻ ബന്ധത്തിന്റെ നേർ വിപരീത ജീവിതമായിരുന്നു കുട്ടിക്കാലം. തുടർച്ചയായി സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പഠിച്ച് ഒരു നിലയിലെത്താൻ കഴിയുമെന്ന വിശ്വാസം ഒരിക്കൽപ്പോലും തോന്നിയിട്ടുമില്ല. 

 

ഡഗ്ലസിന് 4 വയസ്സ് മാത്രമുള്ളപ്പോൾ അച്ഛൻ വീട് വിട്ടിറങ്ങി. അതിനുശേഷം രണ്ടു തവണ മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. എന്നാൽ, അമ്മ അദ്ദേഹത്തെ പ്രണയിച്ചുകൊണ്ടിരുന്നു. ഒരിക്കൽ തിരിച്ചുവരുമെന്ന പ്രതീക്ഷ കെടാതെ കാത്തു. എല്ലാ അർഥത്തിലും അച്ഛനാണ് അമ്മയെ കൊന്നതെന്ന് പറയാൻ ഡഗ്ലസിന് മടിയില്ല. ഭർത്താവ് പോയതോടെയാണ് മദ്യപാനം കൂടിയതും. നീണ്ട 12 വർഷം അമ്മ മദ്യത്തിനൊപ്പം ജീവിച്ചപ്പോൾ ഡഗ്ലസ് സാക്ഷിയായി. കടുത്ത മദ്യപാനത്തെത്തുടർന്നുള്ള രോഗങ്ങളുമായി അമ്മ മരിക്കുന്നതുവരെ. 

 

എന്നാൽ അമ്മയുടെ സന്തോഷം നിറഞ്ഞ ദിനങ്ങളും ഓർമയിലുണ്ട്. വീട് നിറയെ സുഹൃത്തുക്കളും കുട്ടികളും നിറഞ്ഞുനിന്ന ആഹ്ലാദത്തിന്റെ ദിനങ്ങൾ. പൊട്ടിച്ചിരി. അന്ന് അമ്മയ്ക്ക് ഏറെ ആരാധകരുമുണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് അവരുടെ തകർച്ച പിന്നീട് തീവ്രമായ വേദനയായതും മറ്റുള്ളവർ ആഘോഷിച്ചതും. കയ്യിൽ പണമുണ്ടെങ്കിൽ വോഡ്കയായിരുന്നു അവരുടെ പ്രിയപ്പെട്ട മദ്യം. ആവശ്യത്തിനു പണമില്ലെങ്കിൽ കിട്ടുന്നതെന്തും കുടിക്കാൻ മടിയും ഇല്ലായിരുന്നു. 

 

അതീവ സുന്ദരിയായിരുന്നു അമ്മ എന്ന ഡഗ്ലസ് ഓർമിക്കുന്നു. ആദ്യ നോവലിലെ ആഗ്നസ് ബെയ്ൻ പോലെതന്നെ. മക്കൾ സംസ്കാരമുള്ളവരായി വളരണമെന്ന് അവർ ആഗ്രഹിച്ചു. പുസ്തകങ്ങൾ വാങ്ങിച്ചുകൂട്ടി. വായിക്കാൻ ആരും ഇല്ലായിരുന്നു, ആർക്കും നേരം ഇല്ലായിരുന്നു എന്നു പറയുമ്പോൾ ഡഗ്ലസിന്റെ മുഖത്ത് ചിരി. കയ്യിൽ രണ്ടു നോവലുകളും. ലോകം ഏറ്റെടുത്ത പുസ്തകങ്ങൾ. പുസ്തക വായന അസ്തമിച്ചോ എന്നു സംശയിച്ച കാലത്ത് വായനയെ സജീവമാക്കിയ രണ്ട് ഉജ്വല പുസ്തകങ്ങൾ. അവയുടെ തിളക്കത്തിൽ ഡഗ്ലസിനും തിളക്കം കൂടുകയാണ്. തീവ്രാക്ഷരങ്ങളുടെ അഗ്നി പകർന്ന പ്രതിഭയുടെ തിളക്കം. 

 

Content Summary: Young Mungo, book From the Booker-prizewinning author Douglas Stuart

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com