ADVERTISEMENT

എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവലിൽ പ്രധാന സാന്നിധ്യങ്ങളിൽ ഒരാൾ പൊന്നറ ശ്രീധർ ആണ്. നോവൽ മുന്നോട്ടുവയ്ക്കുന്ന പ്രതി ചരിത്രത്തോട് സമരസപ്പെടുന്നതാണ് അദ്ദേഹം നയിച്ച രാഷ്ട്രീയ ജീവിതം. നെടുമങ്ങാട്ടെ മുതിർന്ന തലമുറ ഇപ്പോഴും വീരപരിവേഷം ചാർത്തി ആദരിക്കുന്ന നേതാവാണദ്ദേഹം. ഏറെക്കുറെ ഒരു മിത്തിന്റെ രൂപത്തിൽ അദ്ദേഹം അവരുടെ ഓർമകളിൽ ജീവിക്കുന്നുണ്ട്. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ നിർണായക ഇടപെടലുകൾ നടത്തുകയും ഐക്യകേരള പിറവിയോടെ രൂപം കൊണ്ട പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ മുഖ്യധാരാ ചരിത്രത്തിൽ നിന്നു മാറ്റിനിർത്തപ്പെടുകയും ചെയ്ത പൊന്നറയെ പോലുള്ള നേതാക്കളും കടക്കൽ വെടിവയ്പ്പ് പോലുള്ള ഉഗ്ര പ്രക്ഷോഭങ്ങളും കൂടിയാണ് ആഗസ്റ്റ് 17 വെളിച്ചപ്പെടുത്തുന്നത്. നോവലിലെ പൊന്നറ ശ്രീധറുടെ യഥാർഥ ജീവിതം പരാമർശിക്കുന്ന ചെറുകുറിപ്പാണിത്.

Aug17

 

തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും സംഘർഷഭരിതമായിരുന്ന കാലഘട്ടത്തിൽ അതിനെ മുന്നിൽ നിന്നു നയിച്ചവരിൽ പ്രധാനിയായിരുന്നു പൊന്നറ ശ്രീധർ. ദീർഘകാലം അദ്ദേഹത്തിന്റെ കർമമണ്ഡലം നെടുമങ്ങാട് ആയിരുന്നു. നെടുമങ്ങാട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. നെടുമങ്ങാട് നിന്നുള്ള ആദ്യത്തെ സാമാജികനായി തിരുക്കൊച്ചി നിയമസഭയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

 

1898 സെപ്റ്റംബർ 22ന് തിരുവിതാംകൂറിൽ പാർവത്യകാരനായിരുന്ന പൊന്നറ കുടുംബത്തിൽ ഗോവിന്ദപ്പിള്ളയുടെ മകനായി കാട്ടാക്കടയിൽ ജനിച്ചു. കമലാക്ഷിയമ്മ ആയിരുന്നു മാതാവ്. തൈക്കാടിനടുത്തുള്ള കുടിപ്പള്ളിക്കുടത്തിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിച്ച് മെട്രിക്കുലേഷൻ പാസായി. തുടർന്ന് തിരുനെൽവേലി ഹിന്ദു കോളജിൽ ഉപരിപഠനത്തിന് ചേർത്തുവെങ്കിലും ജന്മനാ നിഷേധപ്രകൃതിയായ ശ്രീധർ അവിടെ വച്ച് ഗാന്ധിജിയുടെ പ്രസംഗം കേൾക്കുകയും പഠനം മതിയാക്കി ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു. രാജ്യമാകെ സ്വാതന്ത്ര്യസമരത്തിന്റെ ആവേശം പടർന്നു പിടിച്ച ആ കാലത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ ആഹ്വാനപ്രകാരം വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുകയാണ്. അതിന്റെ മുൻനിരയിൽ തന്നെ ശ്രീധർ അണിചേർന്നു. ആദ്യമായി നിയമ ലംഘനം നടത്തിയതിന് മധുരയിൽ വച്ച് അറസ്റ്റിലായി. ജീവിതാന്ത്യം വരെ തുടർന്ന സമര പോരാട്ടങ്ങളുടെയും ജയിൽവാസങ്ങളുടെയും തുടക്കം അവിടെ നിന്നായിരുന്നു.

 

പഠനം ഉപേക്ഷിച്ച് നാട്ടിൽ മടങ്ങിയെത്തിയ ശ്രീധർ തുടർന്ന് തിരുവനന്തപുരം ലോ കോളജിൽ പ്ലീഡർഷിപ്പ് പരീക്ഷയ്ക്ക് ചേർന്നു. അക്കാലത്താണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ശാഖ രൂപം കൊള്ളുന്നത്. തുടക്കകാലം മുതൽ ശ്രീധർ അതിൽ അംഗമായി. കോൺഗ്രസ്സിനുള്ളിലെ ഇടതുപക്ഷമായിരുന്നു അദ്ദേഹം. അക്കാലത്തു തന്നെ അകാലികൾ നടത്തിവന്ന സത്യാഗ്രഹത്തിന് പിന്തുണയുമായി ചെറുപ്പക്കാരുടെ  ഒരു സംഘവുമായി പൊന്നറ ഉത്തരേന്ത്യയിലേക്ക് പോയി. ഡൽഹിയിൽ വച്ച് അറസ്റ്റിലാവുകയും ചെറിയ കാലത്തേക്ക് ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ആ യാത്രയിൽത്തന്നെ കോൺഗ്രസ്സ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. കോൺഗ്രസ്സിന്റെ പ്രാഥമികാംഗമായി തുടങ്ങിയ പൊന്നറ പ്രതിനിധിയും ഒടുവിൽ എ.ഐ.സി.സി. അംഗവുമായി. 1924ലെ ബെൽഗാം കോൺഗ്രസ്സ് സമ്മേളനത്തിൽ പൊന്നറ ശ്രീധർ പങ്കെടുക്കുകയുണ്ടായി. 

 

ദേശീയ പ്രസ്ഥാനത്തിന്റെയും കേരള നവോത്ഥാനത്തിന്റെയും ഭാഗമായി നടന്ന ഒട്ടുമിക്ക സമരങ്ങളിലും ജനമുന്നേറ്റങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി കേളപ്പജി നേതൃത്വം നൽകിയ പയ്യന്നൂർ സത്യഗ്രഹത്തിലേക്ക് തിരുവിതാംകൂറിൽ നിന്ന് ഒരു സംഘം ചെറുപ്പക്കാരെ നയിച്ചുകൊണ്ട് അദ്ദേഹം എത്തിച്ചേരുകയുണ്ടായി. അവിടെ നിന്നു ബോംബെയിൽ എത്തുകയും ദരാസാനയിലെ സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയും ചെയ്തു. അതിക്രൂരമായ മർദ്ദനത്തിന് വിധേയനാക്കിയ ശേഷം പൊലീസുകാർ അദ്ദേഹത്തെ വഴിയിൽ ഉപേക്ഷിച്ചു. ബോംബെയിലെ ആശുപത്രിയിൽ മരണത്തെ മുഖാമുഖം കണ്ടു തിരിച്ചു വന്നു. 

 

വൈക്കം ക്ഷേത്രത്തിലെ നടവഴി അവർണ ജാതിക്കാർക്ക് വേണ്ടി തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമരം നടക്കുന്നതറിഞ്ഞ് അതിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്നു യുവാക്കളുമായി പുറപ്പെട്ട പൊന്നറയെ കോട്ടയം ഭാഗത്ത് വച്ച് പോലീസ് തടഞ്ഞു. അവിടെ നിന്ന് അതിസാഹസികമായി അദ്ദേഹം വൈക്കത്തെത്തുകയും സത്യഗ്രഹത്തിൽ പങ്കെടുക്കുകയും ചെയ്തു. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം വിദേശ വസ്ത്ര ബഹിഷ്കരണ സമരത്തിന് തിരുവിതാംകൂറിൽ നേതൃത്വം നൽകുകയും ചാലയിലെ വിദേശ വസ്ത്രശാലകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ജയിൽശിക്ഷ അനുഭവിക്കുകയുമുണ്ടായി.

 

v-shinilal
വി. ഷിനിലാൽ

ഭഗത് സിങ്ങിന്റെ നൗജവാൻ സഭയുടെ പ്രവർത്തനങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് 1930ൽ ട്രാവൻകൂർ യൂത്ത് ലീഗ് എന്ന സംഘടന സ്ഥാപിക്കുന്നതിൽ മുൻപന്തിയിൽ നിന്നു. എൻ. ശ്രീകണ്ഠൻ നായർ, എൻ.പി. കുരുക്കൾ തുടങ്ങിയവരായിരുന്നു മറ്റു നേതാക്കൾ. 1938ൽ യൂത്ത് ലീഗിന്റെ വാർഷികാഘോഷം നടത്താൻ തീരുമാനിച്ചതും അതിന്റെ ഉദ്ഘാടനത്തിനായി സോഷ്യലിസ്റ്റ് പാർട്ടിയുടെ ദേശീയ നേതാവായ കമലാ ദേവി ചതോപാദ്ധ്യായയെ കൊണ്ടുവന്നതും അനുബന്ധമായി ഉണ്ടായ അറസ്റ്റുകളും അക്കാലത്തെ പ്രക്ഷുബ്ധമായ തിരുവിതാംകൂർ ചരിത്രത്തിന്റെ ഭാഗമാണ്. 1934ൽ നിയമലംഘന പ്രസ്ഥാനം പിൻവലിക്കപ്പെട്ടതോടുകൂടി രൂപീകൃതമായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി തിരുവിതാംകൂറിൽ ആരംഭിക്കുന്നതിന് നേതൃത്വം നൽകി. 1938ൽ കല്ലറ പാങ്ങോട് സമര സ്ഥലം സന്ദർശിച്ച അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു പൊന്നറ.

 

പ്ലീഡർഷിപ്പ് പരീക്ഷ പാസായ ശേഷം 1928 മുതൽ അഭിഭാഷകനായി നെടുമങ്ങാട് കോടതിയിൽ എത്തിച്ചേർന്ന അദ്ദേഹം നെടുമങ്ങാടിന്റെ രാഷ്ട്രീയ, സാമൂഹിക രംഗത്ത് നിർണായകമായ ഇടപെടലുകൾ നടത്തി.. ജൻമനാ പ്രക്ഷോഭകാരിയായ പൊന്നറ നെടുമങ്ങാട്ടെ സർവ്വജന സമൂഹങ്ങളിലും സ്വാധീനമുള്ള ആളായി. ധനികനെയും ദരിദ്രനെയും ഒരുപോലെ പരിഗണിച്ചിരുന്നുവെങ്കിലും നിസ്വനായ ഒരാളുടെ കാര്യമാണെങ്കിൽ അത് സാധിക്കുന്നതു വരെ അദ്ദേഹത്തിന്റെ സഹായം ഉണ്ടാകും എന്നുറപ്പിക്കാം. നെടുമങ്ങാടിന്റെ അഭിമാനമായി ഇന്ന് കാണുന്ന പല സ്ഥാപനങ്ങളും ആരംഭിച്ചത് പൊന്നറ ശ്രീധറിന്റെ ശ്രമഫലമായാണ്. നെടുമങ്ങാട് കോടതി മന്ദിരം, അരുവിക്കര ഹൈസ്കൂൾ, പൂവച്ചൽ ആയുർവേദ ആശുപത്രി, വെള്ളനാട് മിത്രാനികേതൻ തുടങ്ങി ആ പട്ടിക നീളുന്നു. 

 

പശ്ചിമഘട്ട മേഘലയിലെ ആദിവാസി വിഭാഗമായ കാണിക്കാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. കോട്ടൂർ നിന്നും തമിഴ്നാട്ടിലെ അംബാസമുദ്രം വരെ മുമ്പുണ്ടായിരുന്നതും മറവപ്പടയുടെ ആക്രമണം ഭയന്ന് പിന്നീട് അടച്ചതുമായ ചീരവാടാത്തടം എന്ന് പേരുള്ള കാട്ടുപാതയിലൂടെ കാണിക്കാരുടെ സഹായത്തോടെ സഞ്ചരിച്ച് സർവേ നടത്താനും അത് നിയമസഭയിൽ അവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. നിയമസഭാ സാമാജികനായിരുന്ന കാലത്ത് ആദിവാസികളെ നിയമസഭാ സമ്മേളനം നടക്കുന്നത് കാണിക്കാൻ കൊണ്ടു പോയതും തിരുവനന്തപുരം നഗരസഭാ മേയർ ആയിരിക്കെ അവരെ മേയറുടെ ഔദ്യോഗിക കാറിൽ കയറ്റി യാത്ര ചെയ്തതും പഴയ തലമുറയുടെ ഓർമകളിലുണ്ട്. നെടുമങ്ങാട്ടേക്ക് വൈദ്യുതി വിതരണം നീട്ടുന്നതിന് തുടക്കമിട്ടു. 

 

നെടുമങ്ങാട്ടെ യുവാക്കളെ ആദ്യമായി രാഷ്ട്രീയമായി സംഘടിപ്പിച്ചത് പൊന്നറയാണ്. ഉത്തരവാദ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നെടുമങ്ങാട്ടെ ഇംഗ്ലിഷ് മിഡിൽ സ്കൂളിൽ പൊന്നറയുടെ സ്വാധീനത്തിൽ വിദ്യാർഥി കോൺഗ്രസ് രൂപീകൃതമായി. വിദ്യാർഥികൾ സ്കൂൾ ബഹിഷ്കരണവും പദയാത്രയും നടത്തി ദിവാനെതിരെ സമരം ചെയ്തു. വി.കെ. നാരായണൻ, വെള്ളനാട് വിശ്വനാഥൻ, കെ. സോമശേഖരൻ നായർ, കരുപ്പൂര് ശ്രീകുമാരൻ നായർ, എസ്. കുമരേശ പിള്ള, ടി. ജോർജ്, ആർ. കേശവൻ നായർ, മാർത്താണ്ഡൻ മുതലാളിയുടെ മകൻ എം. സദാശിവൻ എന്നിവരായിരുന്നു വിദ്യാർഥി നേതാക്കൾ. വി.കെ. നാരായണൻ ഭാവിയിൽ ഡോ. വിജയാലയം ജയകുമാർ എന്ന പേരിൽ സാഹിത്യ രംഗത്ത് പ്രശസ്തനായി. കെ. സോമശേഖരൻ എംഎൽഎ ആയി. കരുപ്പൂര് ശ്രീകുമാരൻ നായർ പി.എസ്.പിയുടെ പ്രധാന നേതാവായി. പൊന്നറയുടെ സഹായത്തോടെ ശാന്തിനികേതനിൽ പഠനം നടത്തിയ വെള്ളനാട് വിശ്വനാഥൻ പിന്നീട് ദേശാന്തര പ്രശസ്തി നേടിയ മിത്രാനികേതൻ സ്ഥാപിച്ചു. 

 

1948ൽ ജയപ്രകാശ് നാരായണന്റെ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ നെടുമങ്ങട്ടെ കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ട് പൊന്നറയുടെ നേതൃത്വത്തിൽ ഐഎസ്പി ഘടകം രൂപീകരിച്ചു. ജയപ്രകാശ് നാരായണൻ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയും ഭൂദാനപ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. വിനോബഭാവെ ഭൂദാന സന്ദേശവുമായി ദേശവ്യാപകമായി സഞ്ചരിക്കുന്നതിനിടയിൽ 1952ൽ നെടുമങ്ങാട് താലൂക്കിൽ എത്തിച്ചേർന്നപ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പൊന്നറ നേതൃത്വം നൽകി. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ പൊന്നറയോളം തലപ്പൊക്കമുള്ള നേതാക്കൾ കുറവാണ്. ഇരുപത്തിയഞ്ചോളം ജയിലുകളിലും ലോക്കപ്പുകളിലുമായി കഠിനമായ പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പത്തു വർഷക്കാലം അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്‌. 

 

പോരാട്ടം ജീവിതചര്യയാക്കിയ പൊന്നറ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ 1959ൽ നടന്ന വിമോചനസമരത്തിലും പങ്കെടുത്തു. തൽഫലമായി വെങ്ങാനൂർ, പിരപ്പൻകോട് എന്നിവിടങ്ങളിൽ വച്ച് കമ്യൂണിസ്റ്റുകാർ അദ്ദേഹത്തെ ആക്രമിക്കുകയുമുണ്ടായി. രാഷ്ട്രീയജീവിതത്തിൽ ഉടനീളം അടുപ്പം സൂക്ഷിച്ചിരുന്നുവെങ്കിലും അന്ത്യഘട്ടത്തിൽ പട്ടം താണുപിള്ളയുമായി പൊന്നറക്ക് വ്യക്തിപരമായി അകൽച്ചയുണ്ടായി. മരണാസന്നനായി ആശുപത്രിയിൽ കഴിഞ്ഞകാലത്ത് പട്ടം തിരിഞ്ഞു നോക്കിയില്ല എന്ന സങ്കടത്തോടെ 1966 ഫെബ്രുവരി 27ന് അന്തരിച്ചു. നവകേരളം രൂപപ്പെട്ടുവന്ന കലുഷിതമായ രാഷ്ട്രീയസാഹചര്യത്തിൽ നെടുമങ്ങാട് പോലെയുള്ള മലയോര മേഖലയെ ദേശീയ പ്രസ്ഥാനങ്ങളുടെ അലയൊലികളോട് ചേർത്തു നിർത്തിയത് മതേതരനായ ആ നിരീശ്വരവാദിയായിരുന്നു. താലൂക്കിലെ വിദ്യാർത്ഥികൾ മുതൽ കർഷകരും ആദിവാസികളും ആ നേതൃത്വത്തിൽ മുന്നോട്ട് സഞ്ചരിച്ചു. സദാ കോട്ട് ധരിച്ചും ആ കോട്ടിന്റെ പോക്കറ്റുകളിൽ വെറ്റില മുറുക്കാൻ കരുതിയും വെറ്റില ഇടിക്കാനുള്ള ഇടികല്ലും കൂടെക്കൊണ്ട് നടന്ന ആ അതികായൻ നെടുമങ്ങാടിന്റെ ചരിത്രത്തിൽ അണ്ണൻ എന്നും ശ്രീധർജി എന്നും പല വിളിപ്പേരുകൾ കൊണ്ട് അലിഞ്ഞു ചേർന്നിരിക്കുന്നു.

 

തിരുവനന്തപുരം നഗരസഭ തമ്പാനൂരിൽ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാന്റിനും മധ്യേ തങ്ങളുടെ മേയറുടെ സ്മാരകം പണിതിട്ടുണ്ട്. നെടുമങ്ങാട് ടൗണിൽ ചന്തമുക്കിൽ സ്മാരക പാർക്ക് സ്ഥാപിച്ചിട്ടുണ്ട്. സി. അച്യുതമേനോൻ ഉൾപ്പെടെയുള്ള ഒരു നിര രാഷ്ട്രീയ നേതൃത്വത്തെ സ്വാധീനിച്ച പൊന്നറ ശ്രീധറിനെക്കുറിച്ച് മഹാനായ എകെജി ഇങ്ങനെയെഴുതുന്നു:

 

‘‘പൊന്നറയുടെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയോളം പഴക്കമുള്ളതും അതിനൊപ്പം വളർന്നു വന്നതാണെന്നും അറിയാത്തവരാരും ഇവിടെ ഉണ്ടാവുകയില്ല.’’ (10-5-1966).

 

Content Summary: Ponnara Sreedhar's role in Travancore political history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com