അക്രമങ്ങളും കലാപങ്ങളും യുദ്ധങ്ങളും വരെ ഇല്ലാതാക്കാം, ഹ്യൂമൻ ലൈബ്രറി എന്ന വായനാവിപ്ലവം

HIGHLIGHTS
  • പുസ്തകങ്ങൾക്കു പകരം മനുഷ്യർ മുന്നിൽ വന്നിരുന്നു സ്വന്തം കഥ പറയുന്ന ഹ്യൂമൻ ലൈബ്രറികൾ
  • ‘ഞാൻ, ഞങ്ങൾ’ എന്ന കളത്തിൽനിന്നു പുറത്തുവരാൻ ഈ ‘മനുഷ്യവായന’ നമ്മെ സഹായിക്കും.
human-library
റോണി അബെർഗേൽ
SHARE

‘ഇവളുമാരെ സൂക്ഷിക്കണം. ഡാൻസ് ചെയ്യുന്ന മട്ടിലുള്ള നടപ്പ് കണ്ടില്ലേ. അതൊരു ക്ലൂ ആണ്. അതു കണ്ടാലുടൻ നമ്മുടെ ഇപ്പുറത്തു നിൽക്കുന്നവൻ ബാഗ് തട്ടിപ്പറിച്ച് അവൾക്ക് ഇട്ടുകൊടുക്കും. അവൾ ശൂ......ന്ന് ഒറ്റയോട്ടം കൊടുക്കും. പിന്നെ ആണുങ്ങളെ വലവീശാനുള്ള സകല ട്രിക്കും ഇവളുമാരുടെ കയ്യിലുണ്ട്.’ 

ടൂറിസ്റ്റുകൾ ഇങ്ങനെ അടക്കം പറയുന്നതു കേട്ടു കേട്ടു നൊന്ത് ഞാനൊരു പുസ്തകമാകാൻ തീരുമാനിച്ചു. 

പിരുപിരുങ്ങനെ പിന്നിയിട്ട മുടിയാട്ടി ആഫ്രിക്കക്കാരി എൻകോസി ഇതു പറഞ്ഞപ്പോൾ ഓർത്തത് അവൾ പുസ്തകം എഴുതാൻ പോകുന്നുവെന്നാണ്. ‘അല്ല, എഴുതുന്ന പുസ്തകത്തോടു ചോദ്യമോ സംശയമോ ചോദിക്കാൻ പറ്റുമോ, അവയ്ക്കു മറുപടി പറയാൻ പറ്റുമോ? ഞാൻ ഹ്യൂമൻ ലൈബ്രറിയിലെ ബുക് വൊളന്റിയറാണ്. ഞാൻ തന്നെ പുസ്തകമാകുകയാണ് അവിടെ. ജീവനുള്ള പുസ്തകം. മനുഷ്യപ്പുസ്തകം. സംസാരിക്കുന്ന പുസ്തകം.’

ജീവനും ജീവിതവും ഉള്ള പുസ്തകമനുഷ്യരെക്കുറിച്ച്, അവരെ വായിക്കുന്നത് എങ്ങനെയെന്നും എന്തിനെന്നും ആദ്യം കേട്ടത് അന്നാണ്; 4 വർഷം മുൻപ് ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയിൽ. 

പുസ്തകത്തിനു പകരം ‘വായിക്കാൻ’ ഒരു മനുഷ്യനെ കിട്ടിയാലോ? കയ്യിൽ പുസ്തകം ഇരിക്കും പോലെ ആ മനുഷ്യൻ മുന്നിലിരുന്ന് ജീവിതകഥ പറയും. നമുക്ക് ചോദ്യം ചെയ്യാം, സംശയം ചോദിക്കാം, ആശങ്കയും ആശയവും പങ്കുവയ്ക്കാം. എന്തിന് തർക്കിക്കുക പോലും ചെയ്യാം. ആഹാ, എത്ര സുന്ദരമായ സങ്കൽപം. എങ്കിൽ കേട്ടോളൂ, ഇതു കിനാവോ നടക്കാക്കാര്യമോ അല്ല. ഹ്യൂമൻ ലൈബ്രറി അതായത് മനുഷ്യഗ്രന്ഥപ്പുര യാഥാർഥ്യമാണ്. മനുഷ്യർ പുസ്തകമായി വായനക്കാരോടു സംസാരിക്കുന്ന ജീവൻ തുടിക്കുന്ന പുസ്തകപ്പുര!  ഡെന്മാർക്കിലെ കോപൻഹേഗനിലാണ് മനുഷ്യപ്പുസ്തകങ്ങൾ അണിനിരക്കുന്ന ഹ്യൂമൻ ലൈബ്രറിയുടെ തുടക്കം. 

പുറംചട്ടകണ്ട് മാർക്കിടല്ലേ

‘അക്രമങ്ങൾ നിർത്തൂ’ (stop violence) എന്ന സന്നദ്ധസംഘടനകളുടെ സാരഥികളായിരുന്ന റോണി അബെർഗേൽ, സഹോദരൻ ഡാനി, അസ്മ മൗന, ക്രിസ്റ്റഫർ എറിക്സൺ എന്നിവർ ചേർന്ന് 22 വർഷം മുൻപാണു ഡെന്മാർക്കിൽ ഹ്യൂമൻ ലൈബ്രറി ഓർഗനൈസേഷൻ ആരംഭിച്ചത്. 

പുസ്തകങ്ങൾക്കു പകരം മനുഷ്യർ അവരുടെ ജീവിതം പറഞ്ഞാൽ എന്താണു നേട്ടം എന്നു ചോദിച്ചവരോട് അവർ പറഞ്ഞ ഉത്തരം ഇതാണ്, ‘‘വ്യത്യസ്ത സാഹചര്യങ്ങളും നിലപാടുകളും ഉള്ള ജനങ്ങൾ പരസ്പരം മനസ്സിലാക്കുക. അതിലൂടെ  മുൻവിധികളും തെറ്റിദ്ധാരണകളും അകൽച്ചയും വെറുപ്പും ഇല്ലാതാക്കുക. ഈ ഭൂമി എല്ലാവരുടേതുമാണെന്ന തിരിച്ചറിവിൽ സഹിഷ്ണുതയോടെ ജീവിക്കുക.’’ 

the-human-library
കോപൻഹേഗനിലെ ഹ്യൂമൻലൈബ്രറി റീഡിങ് ഗാർഡൻ

Don't judge a book by its cover - എന്ന പ്രശസ്തമായ ചൊല്ല് കേട്ടിട്ടില്ലേ? പുറംചട്ട കണ്ടു മാത്രം പുസ്തകത്തെ അളക്കരുത് എന്നർഥം. അതാണു മനുഷ്യഗ്രന്ഥശാലയുടെ മുദ്രാവാക്യം. വെറും കാഴ്ചയെയോ കേട്ടുകേൾവിയെയോ വിശ്വസിക്കാതെ, ജീവിതങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കിയ ശേഷം മാത്രം വിലയിരുത്തുക എന്ന ഓർമപ്പെടുത്തലാണിത്.

ഞങ്ങൾ മാത്രമല്ല, നിങ്ങളും പിന്നെ നമ്മളും

ഞാനും ഞങ്ങളും മാത്രമാണു ശരി, എന്റെ വിശ്വാസം മാത്രമാണു നല്ലത്, മറ്റുള്ളതെല്ലാം തെറ്റും അബദ്ധവുമാണ്, മാറ്റങ്ങൾ ഈ രീതിയിലേ പാടുള്ളൂ, ചിലരെ തുടച്ചുനീക്കിയേ പറ്റൂ – എന്നിങ്ങനെ എല്ലാവരും ‘ഞാൻ, ഞങ്ങൾ’ എന്ന പെട്ടിക്കുള്ളിലാണെന്ന് റോണി അബെർഗേൽ പറയുന്നു. 

ആ പെട്ടിക്കു പുറത്തുള്ളതെല്ലാം വെറുക്കപ്പെടേണ്ടതാണെന്നാണു ചിന്ത. ഇതു മാറണമെങ്കിൽ നാം ആദ്യം പെട്ടിവിട്ടിറങ്ങണം. ചുറ്റുമുള്ളവരെ മുൻവിധികളൊന്നും ഇല്ലാതെ കാണണം, പരിചയപ്പെടണം, സംസാരിക്കണം. അവരുടെ കാഴ്ചപ്പാടും ചിന്തയും മനസ്സിലാക്കണം. സംശയങ്ങളും ആശയങ്ങളും ആശങ്കകളുമെല്ലാം പങ്കുവയ്ക്കണം. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം. അങ്ങനെ പരസ്പരം തിരുത്താനും മാറാനും മാറ്റാനുമെല്ലാം കഴിയുന്ന സംവാദങ്ങളാണ് മനുഷ്യരെ വായിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു. 

പതിയെ ആണെങ്കിലും 85 രാജ്യങ്ങളിൽ ഹ്യൂമൻ ലൈബ്രറി എത്തിക്കഴിഞ്ഞു. കോവിഡ് കൊണ്ടുപോയ 2 വർഷത്തിനു മുൻപു വരെ ലോകത്തിന്റെ പലയിടങ്ങളിൽ നൂറുകണക്കിനു മനുഷ്യപ്പുസ്തകങ്ങളാണു ജീവിതം പറഞ്ഞത്. അവരെ കേട്ടതോ ആയിരങ്ങളും. 2006ൽ ഓസ്ട്രേലിയയിലാണ് ആദ്യത്തെ ‘സ്ഥിരം മനുഷ്യപ്പുസ്തകശാല’ തുടങ്ങിയത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ‘മനുഷ്യവായന’ യ്ക്കായി പരിപാടികൾ സംഘടിപ്പിക്കുകയാണു പതിവ്. 

ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ വായനക്കാരായി റജിസ്റ്റർ ചെയ്യുകയാണ് ആദ്യപടി. പല സാഹചര്യങ്ങളിൽ നിന്നുള്ള മനുഷ്യരിൽ നിന്ന് നമുക്കു കേൾക്കാനും അറിയാനും താൽപര്യമുള്ളവരെ തിരഞ്ഞെടുക്കുകയാണ് അടുത്തത്. തുടർന്ന് 30 മിനിറ്റ് അവർ സംസാരിക്കും. പിന്നാലെ രണ്ടു കൂട്ടർക്കും പരസ്പരം ചോദിക്കാനും പറയാനുമുള്ളത് ആകാം. 

അങ്ങനെ ഇരുകൂട്ടർക്കും മറ്റെയാളുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ പറ്റുന്നതിലൂടെ ലോകത്ത് കൂടുതൽ സഹിഷ്ണുത പുലരുമെന്നാണു ഹ്യൂമൻ ലൈബ്രറിയുടെ പ്രതീക്ഷ. അക്രമങ്ങളും കലാപങ്ങളും യുദ്ധങ്ങളും വരെ ഇല്ലാതാക്കാൻ ഈ വായനവിപ്ലവത്തിനു കഴിയുമെന്ന് അവർ പ്രത്യാശിക്കുന്നു. 

പുസ്തകങ്ങളിൽ ആരെല്ലാം?

ജീവിതവും നിലപാടുകളും തുറന്നുപറയാനും വിമർശനങ്ങളെ കേൾക്കാനും തയാറുള്ള ആർക്കും ഹ്യൂമൻ ലൈബ്രറി ഓർഗനൈസേഷന്റെ വൊളന്റിയർ ആകാം. ജീവിതവും നിലപാടുകളും തുറന്നുപറയാനും വിമർശനങ്ങൾ കേൾക്കാനും തയാറുള്ള ആർക്കും ഹ്യൂമൻ ലൈബ്രറി ഓർഗനൈസേഷന്റെ വൊളന്റിയർ ആകാം. യുദ്ധവും കലാപവും വീടില്ലാതാക്കിയവർ, അഭയാർഥികൾ, കൂട്ടപീഡനത്തെ അതിജീവിച്ചവർ, കൗമാരത്തിലേ അമ്മയായവർ, ഓട്ടിസം ബാധിച്ചവർ, മദ്യത്തിന് അടിമപ്പെട്ടവർ, ജോലി കിട്ടാത്തവർ, തലച്ചോറിനു ക്ഷതമേറ്റവർ, ഭിന്നശേഷിയുള്ളവർ, മതംമാറിയവർ, പട്ടാളക്കാർ, മാനസികപ്രശ്നമുള്ളവർ, എച്ച്ഐവി പോസിറ്റീവ് ആയവർ, സ്വവർഗ സ്നേഹികൾ, ട്രാൻസ്ജെൻഡറുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വൊളന്റിയർമാരാണു പുസ്തകവിഭാഗത്തിൽ ഉള്ളത്. humanlibrary.org എന്ന വെബ്സൈറ്റിന്റെ തുടക്കത്തിൽ തന്നെ പറയുന്നത് ഇതാണ് – We publish people as open books– ഞങ്ങൾ മനുഷ്യരെ തുറന്ന പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നു. 

human-library-india
അൻദലീബ് ഖുറേഷി

ഇന്ത്യയിൽ എത്തിച്ച അൻദലീബ് ഖുറേഷി

കെമിക്കൽ എൻജിനീയറിങ് പഠിച്ച് ഫാർമസ്യൂട്ടിക്കൽ മേഖലയിൽ വർഷങ്ങളോളം ജോലി ചെയ്തതാണ് അൻദലീബ് ഖുറേഷി. ഒരേ ജോലിയുടെ മരവിപ്പു മാറ്റാൻ ചെയ്ത ലോകയാത്രയിലൂടെ ഹ്യൂമൻ ലൈബ്രറിയെ പരിചയപ്പെട്ട അവർ 20 സന്നദ്ധ പ്രവർത്തകരെ ഒപ്പം കൂട്ടി. അങ്ങനെ 2017ൽ മുംബൈയിലും തുറന്നു, സംസാരിക്കുന്ന പുസ്തകപ്പുര. ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ഇൻഡോർ എന്നിവിടങ്ങളിലും ഹ്യൂമൻ ലൈബ്രറി പരിപാടികൾ നടക്കാറുണ്ടെങ്കിലും മുംബൈയിലാണു കൂടുതൽ സജീവം. 

ഭയത്തോടെയും വെറുപ്പോടെയും ആശങ്കയോടെയും മാറ്റി നിർത്തുന്ന പലരുടെയും ജീവിതം അറിയുമ്പോൾ നാം അവരെ ചേർത്തു നിർത്തിയേക്കാം. അതുതന്നെയാണു ഹ്യൂമൻ ലൈബ്രറിയുടെ ലക്ഷ്യമെന്നും അൻദലീബിന്റെ വാക്കുകൾ. 

ആനപ്പുറത്താണോ വീട്ടിലേക്കു പോകുന്നതെന്നു ന്യൂയോർക്കിൽ പഠിക്കുന്ന കാലത്ത് സഹപാഠി ചോദിച്ചതും ഇന്ത്യക്കാരിയായ മാനേജരെ അനുസരിക്കേണ്ട കാര്യം വെള്ളക്കാർക്കില്ലെന്നു സഹപ്രവർത്തകർ കുത്തുവാക്കു പറഞ്ഞതും ‘അറിവില്ലായ്മ’ ആണെന്ന് അൻദലീബ് പറയുന്നു. ഇത്തരം അബദ്ധവിചാരങ്ങളെ മാറ്റാനാണു ഹ്യൂമൻ ലൈബ്രറിയുടെ ശ്രമം. വ്യത്യസ്തതകളാണ് ഇന്ത്യയുടെയും ലോകത്തിന്റെയും ശക്തിയും ഭംഗിയും. ഓരോ മനുഷ്യപ്പുസ്തകവും അത് ഓർമിപ്പിക്കും. 

അറിവില്ലായ്മ+ മുൻവിധി + തെറ്റിദ്ധാരണ = ഭയം, വെറുപ്പ് എന്നൊരു സൂത്രവാക്യം കൂടി കെമിസ്ട്രിക്കാരിയായ അൻദലീബ് പറയും. അറിയാൻ തയാറായാൽ പൊട്ടാവുന്നതേയുള്ളൂ ഏതു വെറുപ്പിന്റെ മതിലും എന്നു കൂട്ടിച്ചേർക്കുകയും ചെയ്യും. അതെ, നമുക്കിടയിലെ മതിലുകൾ വീഴ്ത്താനും അവിടെ സ്നേഹപ്പാലങ്ങൾ പണിയാനും മനുഷ്യപ്പുസ്തക വായനയ്ക്ക് കഴിഞ്ഞെങ്കിൽ... 

Content Summary: The Human Library: Where You Can Read A Human Instead Of A Book

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA
;