ADVERTISEMENT

പ്രണയമഴ നനഞ്ഞു നിൽക്കുന്നവരാണു രോഷിന്റെ കഥാപാത്രങ്ങളേറെയും. അവർക്ക് ആ മഴയിൽനിന്നു കയറിപ്പോരാൻ താൽപര്യമേതുമില്ല. മനസ്സിൽ പ്രണയമാവേശിച്ച അവർ വായനക്കാരുടെയുള്ളിലേക്കും ആ പ്രണയവൈറസുകൾ കടത്തിവിടുന്നു. കൊടുംവേനലിൽ വറ്റിവരണ്ടൊരു നദി ആദ്യമഴത്തുള്ളിത്തലോടലിൽ പുളകിതയാകുംപോലെ വായനക്കാർ ആ വാക്കുകളുടെ ആദ്യദംശനത്തിൽത്തന്നെ ഉന്മത്തരായി മാറുന്നു. ഗൃഹാതുരതയുടെ നനുത്ത ഓർമകളുണർത്തുന്നവയുമാണു രോഷിന്റെ കഥകൾ. ഖത്തറിൽ പ്രവാസിയായ രോഷിന്റെ മനസ്സിൽ സ്വന്തം നാടായ പുന്നയൂർക്കുളത്തിന്റെ ഒരു നീർമാതളഗന്ധം എന്നും നിറഞ്ഞുനിൽപ്പുണ്ട്. തോടും വയലും ഇടവഴികളും ചെമ്മൺപാതകളും ഇരുൾവീണ സന്ധ്യകളും ചങ്ങാതിമാരുമെല്ലാം നിറഞ്ഞ നാട്ടിൻപുറം കഥാകൃത്തിന്റെ ഉള്ളിലിരുന്ന് ഓർമകളുടെ കൊടുങ്കാറ്റഴിച്ചുവിടുമ്പോഴാണു പല കഥകളും പിറക്കുന്നത്. ‘ഋതുഭേദങ്ങൾ’ എന്ന, രോഷിൻ രമേഷിന്റെ കഥാസമാഹാരത്തിൽ 16 കഥകളാണുള്ളത്. 

 

∙പ്രണയവും വിരഹവും ആഴത്തിൽ പതിഞ്ഞവരാണല്ലോ രോഷിന്റെ കഥാപാത്രങ്ങൾ. മഞ്ചാടിക്കുരുവിനെയും മാണിക്യക്കല്ലാക്കുന്ന പ്രണയമെന്ന് ‘മീര’ എന്ന കഥയിൽ എഴുതി. ‍ഋതുഭേദങ്ങൾ എന്ന പുസ്തകത്തിലെ മിക്കവാറും കഥകളും പ്രണയച്ഛായ കലർന്നവയാണ്. എഴുത്തിൽ പ്രണയത്തെ ഇതുപോലെ കുടിയിരുത്തിയത് എന്തുകൊണ്ടാണ്?

 

നമുക്കറിയുന്ന, നമ്മൾ കടന്നുപോയിട്ടുള്ള ഭാവങ്ങൾ അല്ലേ ഹൃദയത്തോടു കൂടുതൽ ചേർന്നുനിൽക്കുന്നത്. അതെഴുതാൻ ഒന്നുകൂടി എളുപ്പമാണെന്നു തോന്നി. പിന്നെ അറിയുന്ന പലരുടെയും പ്രണയത്തിന്റെ ഓർമകൾ വളരെ സുന്ദരമായി തോന്നിയിട്ടുണ്ട്. എഴുതാൻ പ്രേരിപ്പിച്ചിട്ടുണ്ട്. പ്രണയം ഒരു ഇന്റർനാഷനൽ സബ്ജക്ട് കൂടിയാണല്ലോ. എഴുത്തിലും സിനിമയിലും പാട്ടുകളിലും അങ്ങനെ ദേശദേശാന്തരങ്ങളില്ലാതെ, ഭാഷങ്ങളുടെ അതിരുകളില്ലാതെ പ്രണയം ഭൂമിയിൽ എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു.

roshin-ramesh-puthuvakku

 

∙ മനസ്സിനെ ആർദ്രമാക്കുന്ന ഗൃഹാതുരത്വമാണ് രോഷിന്റെ കഥകളുടെ മറ്റൊരു പ്രത്യേകത. ‘അത്താണിപ്പാലം കഴിഞ്ഞ് ബൈക്ക് മുന്നോട്ടുപോയെങ്കിലും മനസ്സ് ആ പാലത്തിന്റെ കൈവരിയിൽ പിടിച്ച് എന്തോ ചിന്തിച്ചു നിന്നു’ എന്ന് ലക്ഷ്മി വല്യമ്മ എന്ന കഥയിലെഴുതിയപോലെ രോഷിന്റെ കഥകൾ വായിച്ചു മുന്നോട്ടുപോകുമ്പോഴും മനസ്സ് പലപ്പോഴും മുൻപു വായിച്ചൊരു കഥയിലെ ഗൃഹാതുര സ്മരണയിൽ കുരുങ്ങിക്കിടക്കുകയാകും. പ്രവാസി ജീവിതത്തിന്റെ പ്രത്യേകതകളാണോ നാടിനെക്കുറിച്ചുള്ള വൈകാരിക ഓർമകൾ കഥകളിൽ ആവർത്തിച്ചുവരുന്നതിനു കാരണം?

 

നാട് ഓരോ മനുഷ്യന്റെയും പ്രിയപ്പെട്ട ഗൃഹാതുരത്വമാണെന്നാണു ഞാൻ കരുതുന്നത്. വീട്ടിലേക്കുള്ള മടക്കങ്ങൾ നമ്മളിഷ്ടപ്പെടുന്നു. എവിടെയൊക്കെ പോയാലും നാട്ടുനന്മകളുടെ ഒരു മഴക്കാലം നമുക്കുള്ളിൽ പെയ്തുകൊണ്ടിരിക്കും.

 

∙എഴുത്തിലെ ഒരു തുടക്കക്കാരൻ എന്ന നിലയിൽ ‘ഋതുഭേദങ്ങൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ച അനുഭവം വിശദമാക്കാമോ?

puthuvakku-roshin-ramesh

 

ഒരു തുടക്കക്കാരൻ എന്ന നിലയിൽ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നു തന്നെ പറയാം. പല പബ്ലിഷേഴ്സുമായും സംസാരിച്ചെങ്കിലും പുതിയ ആളുകളോടുള്ള സമീപനം വളരെ വിഷമകരമായി തോന്നി. പുസ്തകം ഇറക്കാൻ മുഴുവൻ പൈസ നമ്മൾ കൊടുത്ത് പേ പബ്ലിഷിങ് രീതിയാണു പുതിയ ആളുകൾക്കുള്ള ഏക മാർഗം. ഇതു കുറച്ച് അറിയപ്പെടുന്ന പബ്ലിഷേഴ്സിന്റെ കാര്യമാണ്. പക്ഷേ, പുസ്തകം വിൽപന നടന്നാലും ചെറിയൊരു ശതമാനം പൈസ മാത്രമാണ് നമുക്ക് കിട്ടുക, അതും ചിലപ്പോൾ കിട്ടിയില്ലെന്നു വരാം. അവരുടെ ഭാഗത്തു നിന്നുള്ള പിന്തുണ കുറവാണ് എന്നാണ് തോന്നിയത്. ഇതല്ലാതെ ചെറിയ രീതിയിൽ നമ്മൾ പൈസ കൊടുത്ത് കുറച്ച് കോപ്പികൾ അടിക്കാൻ അത്ര ബുദ്ധിമുട്ടില്ല. ഒടുവിൽ സ്വന്തമായി ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. കവർ ഡിസൈനിങ് തൊട്ട് ഡിടിപിയും പേജ് സെറ്റിങ്ങും എല്ലാം സ്വന്തം നിലയിൽ ചെയ്യിപ്പിച്ചു. യൂണികോഡ് എന്ന പ്രസാധകർ വഴി അഞ്ഞൂറ് കോപ്പികൾ അച്ചടിക്കാനും വളരെ നല്ല രീതിയിൽ പ്രകാശനം നടത്താനും സാധിച്ചു. നമുക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ സ്വന്തമായി പുസ്‌തകം പുറത്തിറക്കുകയാണു നല്ലത്. സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിൽ ഇന്ന് പുസ്തകം വായനക്കാരിലേക്കെത്തിക്കാനും മാർഗമുണ്ട്. 

 

∙പ്രവാസജീവിതം എഴുത്തിനെയും വായനയെയും എങ്ങനെ സ്വാധീനിക്കുന്നു? 

roshin-ramesh

 

അകലെയിരിക്കുമ്പോൾ ഓർമകൾക്ക് തീവ്രത കൂടും എന്ന് എനിക്ക് തോന്നാറുണ്ട്. ഏകാന്തത ജീവിതത്തിന്റെ കഴിഞ്ഞകാലങ്ങളിലേക്കുള്ള ഒരു നൂൽപാലം പോലെയാണ്. നമ്മുടെ ഓർമകൾ, അല്ലെങ്കിൽ കഥകൾ വായിക്കുന്നവർക്ക് ചെറുതായെങ്കിലും അവ ഹൃദയത്തിൽ സ്പർശിച്ചുവെന്നറിയുമ്പോഴാണു വീണ്ടും എഴുതാൻ തോന്നുന്നത്.

 

∙മീര, പാർവതി, ഹിമ, ശ്രീജ, ഇന്ദു, വീണ, സേതുലക്ഷ്മി, നിമ്മി, പ്രേമ – രോഷിന്റെ പെണ്ണുങ്ങളെല്ലാവരും തന്നെ ജീവിതത്തിൽ വളരെ ശക്തരായ, വ്യക്തിത്വം ഉള്ളവരാണ്. അതിലോലമായ പ്രണയഭാവം ഉള്ളിൽ സൂക്ഷിക്കുമ്പോൾത്തന്നെ സ്വയം നിർണയവകാശം കാത്തുസൂക്ഷിക്കുന്നവരുമാണ്. ഇവരെയെല്ലാം കണ്ടെടുത്തത് എങ്ങനെയാണ്?

 

roshin-ramesh-writer

ഇവരിലെല്ലാം യാഥാർഥ്യവും ഭാവനയും ഉണ്ട്. പ്രണയാർദ്രമായ മനസ്സിനൊപ്പം വ്യക്തിത്വവുമുള്ള സ്ത്രീകൾ എല്ലാക്കാലത്തും നമുക്കു ചുറ്റും ഉണ്ട്. അവരുടെ കഥകളെ നമ്മൾ കാണാതെ പോകുന്നതാണ്. ഈ പറഞ്ഞ കഥാപാത്രങ്ങളെല്ലാം നമുക്ക് ചുറ്റിലുമുള്ളവർ തന്നെ.

 

∙മലയാള ചെറുകഥയിലും നോവലിലും രോഷിന് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രങ്ങൾ ആരൊക്കെയാണ്? എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?

 

എഴുതാൻ ഒരുപാടു വാക്കുകൾ തന്ന പുസ്തകം ‘ഖസാക്കിന്റെ ഇതിഹാസം’ ആണ്. അതിലെ രവിയെയും പത്മയെയും ഒരുപാട് ഇഷ്ടമാണ്. ഇഷ്ടം എന്തുകൊണ്ടെന്നു ചോദിച്ചാൽ അതിരാണിപ്പാടവും അവിടുത്തെ മനുഷ്യരുമൊക്ക എന്നിലെ എഴുത്തുകാരന് പ്രചോദനമായിട്ടുണ്ട്. ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ ഒരുപാടെണ്ണം വേറെയുമുണ്ട്.

 

∙രോഷിൻ എഴുതിത്തുടങ്ങിയത് എങ്ങനെയായിരുന്നു? ആരൊക്കെയായിരുന്നു പ്രചോദനം?

 

എട്ടാം ക്ലാസ്സിലാണ് ആദ്യമായി എഴുതിത്തുടങ്ങിയത്. മലയാളം ക്ലാസ്സുകളിലെ കഥകൾ കേട്ട് വായിക്കാനും എഴുതാനും ഉള്ള കൗതുകം കൂടിയിട്ടുണ്ട്. ഞാൻ പഠിച്ച വന്നേരി സ്കൂളിലെ അധ്യാപകർ വലിയ പ്രോത്സാഹനം തന്നിരുന്നു. കൂടാതെ അച്ഛൻ നന്നായി വായിക്കുമായിരുന്നു. അച്ഛൻ വായിച്ചിരുന്ന പുസ്തകങ്ങളും വാക്കുകളുടെ വലിയ പ്രപഞ്ചം എനിക്കു മുന്നിൽ തുറന്നു.

 

∙പുതിയകാലത്ത് സമൂഹമാധ്യമങ്ങൾ എഴുത്തിന് എത്രമാത്രം പ്രയോജനപ്രദമാണ്? രോഷിന്റെ കഥകളൊക്കെ ആദ്യം വെളിച്ചംകണ്ടത് എഫ്ബിയിൽ ആയിരുന്നല്ലോ. എന്നാൽ, പിന്നീട് ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്ന തോന്നലുണ്ടായത് എന്തുകൊണ്ടാണ്?

 

വളരെ വലിയ രീതിയിൽ സഹായകമാണ്. എഴുത്ത് എന്നല്ല, നമ്മുടെ എന്തു കഴിവുകൾക്കും വലിയ സാധ്യത ഇന്നു സോഷ്യൽമീഡിയ വഴി ഉണ്ട്. ഫെയ്സ്ബുക്കിലെ എഴുത്തും അതിനു കിട്ടിയിരുന്ന പ്രോത്സാഹനവും ആണു പുസ്തകം എന്ന സ്വപ്നത്തിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത്.

 

∙അവധിക്കാലമാണല്ലോ. കുട്ടികൾ ഇപ്പോൾ ഉറപ്പായും വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങളെപ്പറ്റി പറയാമോ? എന്താണവയുടെ പ്രത്യേകതകൾ?

 

ഐതിഹ്യമാല, നാലുകെട്ട്, ബാല്യകാലസഖി, ഒരു ദേശത്തിന്റെ കഥ, ഖസാക്കിന്റെ ഇതിഹാസം.

ഉറപ്പായും വായിക്കേണ്ടവ എന്ന് പറയുന്നില്ല. പക്ഷേ, ഈ പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമുള്ളവർക്കും എഴുതാൻ ഇഷ്ടമുള്ളവർക്കും ഉപകാരപ്പെട്ടേക്കാം.

 

1994 ജനുവരി 1ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്താണു രോഷിന്റെ ജനനം. പെരുമ്പടപ്പ് വന്നേരി സ്കൂളിൽനിന്നു ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. പുന്നയൂർക്കുളം പ്രതിഭ കോളജിൽനിന്ന് ഉപരിപഠനം. ഇപ്പോൾ ഖത്തറിൽ സെയിൽസ് ജീവനക്കാരനാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ മാഗസിനിലാണ് ആദ്യത്തെ കവിത അച്ചടിച്ചു വന്നത്. പിന്നീടു ഹൈസ്കൂളിലും കോളജിലും പഠിക്കുമ്പോൾ കവിതാരചനയിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. ഓൺലൈനിൽ കവിതകളും കഥകളും എഴുതുന്നു. ഷോർട്ഫിലിമുകൾക്കും ആൽബങ്ങൾക്കും ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. അച്ഛൻ: രമേശൻ, അമ്മ: ജയ, സഹോദരി: രേഷ്ണ.

 

Content Summary: Puthuvakku, Talk with writer Roshin Ramesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com