ADVERTISEMENT

ഇന്ന് ലോക പുസ്തകദിനം. മലയാളത്തിലെ പ്രമുഖ എഴുത്തുകാർ ഒന്നോർത്തുനോക്കുകയാണ്, ഓരോ പ്രായത്തിലും തങ്ങളെ സ്വാധീനിച്ച പുസ്തകം ഏതാണെന്ന്

 

വാർധക്യം

പകർച്ചവ്യാധിക്കാലത്ത് പ്ലേഗ് വായിക്കുമ്പോൾ: എം.ടി.വാസുദേവൻനായർ

 

ഈ പ്രായത്തിൽ തന്നെ സ്വാധീനിച്ച ഒരേയൊരു പുസ്തകം ഏതെന്നു കൃത്യമായി പറയാനാവില്ലെങ്കിലും ഇപ്പോൾ വായിക്കുന്ന പുസ്തകം ആൽബേർ കമ്യുവിന്റെ പ്ലേഗ് ആണെന്ന് എം.ടി.വാസുദേവൻ നായർ. വളരെപ്പണ്ടും വായിച്ച പുസ്തകമാണത്. കോവിഡ്കാലത്ത് ഒരാൾ എംടിക്കു പ്ലേഗിന്റെ പുതിയൊരു കോപ്പി സമ്മാനിച്ചു. അതാണ് ഇപ്പോഴത്തെ വായനയ്ക്കു പ്രേരണയായത്. പകർച്ചവ്യാധികളുടെ കാലത്ത് , അതു പ്രമേയമായ പുസ്തകങ്ങളെക്കുറിച്ചാലോചിക്കുമ്പോൾ ഏറ്റവും കൂടുതൽ പേരിലേക്ക് ‘പടർന്നുപിടിച്ച’ പുസ്തകവും പ്ലേഗ് ആയിരിക്കാം. അതിലെ ജോസഫ് ഗ്രാൻഡ് എന്ന കഥാപാത്രമാണ് എംടിയുടെ മനസ്സിലേക്ക് എത്തുന്നത്. വളരെ മെലിഞ്ഞൊരു മനുഷ്യനാണ് ഗ്രാൻഡ്. വളരെ ചെറിയ ശമ്പളം പറ്റുന്ന സർക്കാരുദ്യോഗസ്ഥൻ. ഓഫിസിൽ വരുന്നവരുടെ പേരെഴുതിവയ്ക്കുന്നതും മറ്റുമാണ് അയാളുടെ ജോലി. എഴുത്തുകാരനാവണമെന്നാണ് അയാളുടെ ആഗ്രഹം. എഴുതിയവ പലതും തൃപ്തി കിട്ടാതെ അയാൾ കീറിക്കളയുന്നു. അയാൾ എഴുതിവച്ചതൊന്നും ആരും കാണുകയോ അച്ചടിക്കുകയോ ചെയ്യുന്നില്ലെന്നതാണു തന്നെ സ്പർശിച്ചതെന്ന് എംടി. 

C. Radhakrishnan

 

ബാല്യം

കഥ പറയാൻ പഠിപ്പിച്ച ‘പാവങ്ങൾ’: സി. രാധാകൃഷ്ണൻ

 

പൊന്നാനി എവിഎച്ച്എസിൽ അന്നത്തെ ഫോർത്ത് ഫോമിൽ പഠിക്കുമ്പോഴാണു സി.രാധാകൃഷ്ണൻ വിക്ടർ യൂഗോയുടെ, നാലപ്പാട്ട് നാരായണമേനോൻ പരിഭാഷപ്പെടുത്തിയ ‘പാവങ്ങൾ’ വായിച്ചത്. രാധാകൃഷ്ണന്റെ മലയാളം അധ്യാപകനായ പത്മനാഭപ്പണിക്കർക്കായിരുന്നു സ്കൂൾ ലൈബ്രറിയുടെ ചുമതലയും. തന്റെ വിദ്യാർഥിക്കു മലയാളത്തിലുള്ള താൽപര്യം അറിഞ്ഞ് പത്മനാഭപ്പണിക്കർ മാഷ് ‘പാവങ്ങൾ’ വായിക്കണമെന്നു പറഞ്ഞ് രാധാകൃഷ്ണനു നൽകുകയായിരുന്നു. 

വെറുതേ വായിച്ചാൽ പോരാ, പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം എഴുതിത്തരണമെന്നും പറഞ്ഞു. ഏതാണ്ട് രണ്ടു കിലോഗ്രാം തൂക്കം വരുന്ന പുസ്തകം കുട്ടിയായ താൻ ചുമന്നു വീട്ടിൽ കൊണ്ടുവരികയായിരുന്നു. അഞ്ചോ ആറോ രാത്രികളിൽ വെളുപ്പിനെ മൂന്നു മണിവരെയെങ്കിലും തുടർച്ചയായി ഉറക്കമൊഴിഞ്ഞു രാധാകൃഷ്ണൻ അതു വായിച്ചുതീർത്തു. 

satchithanandan

 

അന്നു വീട്ടിൽ വൈദ്യുതിയില്ല. മണ്ണെണ്ണ കിട്ടാനും ക്ഷാമം. പകൽ വായിച്ചാൽ മകൻ ഉറക്കമിളയ്ക്കാതിരിക്കും. മണ്ണെണ്ണ തീരുകയുമില്ല എന്നതിനാൽ  പകൽ വായിച്ചാൽപ്പോരേയെന്ന് അമ്മ ചോദിച്ചിരുന്നു. രാധാകൃഷ്ണൻ ആ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം അധ്യാപകന് എഴുതിക്കൊടുത്തു. സ്കൂൾ മാസികയിൽ അത് അച്ചടിച്ചുവന്നു. അതാണു രാധാകൃഷ്ണൻ ആദ്യം എഴുതിയ ലേഖനം. 

പാവങ്ങളുടെ വായനയോടെ രണ്ടു കാര്യങ്ങളാണു പഠിച്ചത്: എങ്ങനെയാണു നല്ല മലയാളം എഴുതേണ്ടത്, ഒരു കഥ എങ്ങനെ പറയണം എന്നിവയാണത്. 

 

prebha-varma

 

കൗമാരം

അന്നേ ആഴത്തിലുറച്ച ബൈബിൾ: സച്ചിദാനന്ദൻ 

 

anand

പ്രീഡിഗ്രിക്കാലത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പഠിക്കുമ്പോൾ സച്ചിദാനന്ദനെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ചതു സാഹിത്യഗ്രന്ഥം ആയിരുന്നില്ല;  സാഹിത്യഗ്രന്ഥങ്ങൾ ധാരാളമായി സച്ചിദാനന്ദൻ അക്കാലത്തു വായിക്കുമായിരുന്നെങ്കിലും. ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന രീതിയിൽ തന്നെ അന്നേ സ്വാധീനിച്ച പുസ്തകം ബൈബിൾ ആയിരുന്നെന്നു സച്ചിദാനന്ദൻ. 

 

കോളജ് ലൈബ്രറിയിൽ നിന്നാണു മലയാളത്തിലുള്ള ബൈബിൾ ആദ്യം വായിക്കുന്നത്. പിന്നീട് ആധികാരികമായ, ഇംഗ്ലിഷിലുള്ള ബൈബിൾ വിവർത്തനം സ്വന്തമാക്കുകയും ചെയ്തു. ബൈബിളിന്റെ സ്വാധീനം അങ്ങനെ തന്റെ കവിതകളിലും ഉണ്ടായി എന്നു സച്ചിദാനന്ദൻ. ക്രിസ്തുവിന്റെ ജീവിതവും കലാപവും പിന്നെ അസമത്വവും അനീതിയുമില്ലാത്ത ലോകത്തിനു വേണ്ടിയുള്ള ക്രിസ്തുവിന്റെ സ്വപ്നവും.  ഒപ്പം ബൈബിളിലെ മൂല്യങ്ങൾ, കഥകൾ ഇതൊക്കെ ബൈബിളിനെ സച്ചിദാനന്ദന്റെ വായനയോട് എന്നും ചേർത്തുനിർത്തുന്നു.

 

sethu

യൗവനം

സുഹ്റയെ കാത്തിരുന്ന സന്ധ്യകൾ : പ്രഭാവർമ 

 

ചെറുപ്പത്തിൽ ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദായി സങ്കൽപിക്കുന്നതു മനസ്സിനൊരു സുഖമായിരുന്നെന്നു പ്രഭാവർമ. കൗമാരത്തിൽ അനുരാഗത്തിന്റെ മധുരം ആദ്യമായി അനുഭവിപ്പിച്ചുതന്ന കൃതിയെന്ന് ഓർക്കാനാണു പ്രഭാവർമയ്ക്ക് ഇഷ്ടം. ഏതോ സുഹ്റയെ കാത്തിരുന്ന സന്ധ്യകൾ എന്ന് അതേക്കുറിച്ചു പറഞ്ഞാലും തെറ്റില്ലെന്നു പ്രഭാവർമ. 

 

ഒരിക്കലും അളന്നുതീർക്കാനാവാത്ത അനുരാഗത്തിന്റെ സുഗന്ധം പരത്തുന്ന ചന്ദനനാഴിയായി ആ പുസ്തകം ജീവിതത്തിന്റെ പല ഘട്ടത്തിൽ പ്രഭാവർമയ്ക്കു കൂട്ടുപോന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ പ്രണയാനുഭൂതിയുടെ പരാഗരേണുക്കൾ പകർന്നുകൊണ്ട്, മറ്റൊരു ഘട്ടത്തിൽ വിരഹത്തിന്റെ വിഷാദസ്മൃതികൾ ഉണർത്തിക്കൊണ്ട്. ഇനിയുമൊരു ഘട്ടത്തിൽ ദാർശനികമായ എന്തൊക്കെയോ അജ്ഞേയ തലങ്ങളിലേക്ക് ആനയിച്ചുകൊണ്ട്.

 

മധ്യവയസ്സ്

ചരിത്രം കണ്ടെത്തി പുസ്തകങ്ങളിൽ: ആനന്ദ്

 

നോവലും കഥയുമാണ് ആനന്ദിന്റെ ലോകമെങ്കിലും അദ്ദേഹത്തിന്റെ ലൈബ്രറിയിൽ ഫിക്‌ഷന്റെ ‘ആൾക്കൂട്ടം’ ഇല്ല. ചരിത്രം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണു കൂടുതലായും വായിക്കാറെന്ന് ആനന്ദ്. മധ്യവയസ്സിൽ തന്നെ സ്വാധീനിച്ച പുസ്തകം 1901ൽ ലണ്ടനിലെ റൂട്‌ലെജ് ആൻഡ് കീഗൻപോൾ കമ്പനി പ്രസിദ്ധീകരിച്ച രമേശ് ദത്തിന്റെ വിശ്രുതഗ്രന്ഥം ‘ദി ഇക്കണോമിക് ഹിസ്റ്ററി ഒഫ് ഇന്ത്യ’ ആണെന്ന് ആനന്ദ്.  ഈ ഗ്രന്ഥത്തിന്റെ ഒന്നാം വാല്യം രണ്ടാം അധ്യായത്തിൽ മിർ കാസിം ബംഗാൾ നവാബായിരുന്ന കാലത്ത് ഈസ്റ്റ് ഇന്ത്യാക്കമ്പനിയിലെ വെള്ളക്കാരായ ജോലിക്കാർ ബംഗാളിലെ ആഭ്യന്തരവ്യാപാരം  പിടിച്ചെടുത്ത വിവരം എഴുതിയിട്ടുണ്ട്. കൊളോണിയൽ ഭരണകാലത്തെ ഇന്ത്യൻ സമ്പദ്ഘടനയെ ആധാരമാക്കി ഇന്ത്യാചരിത്രത്തെ വിലയിരുത്താനുള്ള ശ്രമമാണ് പുസ്തകത്തിലുള്ളത്. 

വെള്ളക്കാർ നാടൻ വണിക്കുകളുടെ സഹായത്തോടെ ഓരോ സ്ഥലത്തും ചെന്ന് ഉൽപാദകന് ഒരിക്കലും സമ്മതിക്കാൻ കഴിയാത്ത തരത്തിൽ ഉൽപന്നവില കുറച്ചതിനെക്കുറിച്ചും പറയുന്നു.  ചൂഷണത്തിൽനിന്നു രക്ഷ നേടാൻ നെയ്ത്തുകാർ കയ്യിലെ തള്ളവിരൽ മുറിച്ചുകളഞ്ഞ് നെയ്ത്തുജോലിയോടു വിടപറഞ്ഞ വിവരം ആ പുസ്തകത്തിലൂടെയാണ് ആനന്ദ് അറിഞ്ഞത്.

 

സപ്തതി

പോരാട്ടം വെളിവായ രണ്ടാം വായന: സേതു

 

സ്പാനിഷ് എഴുത്തുകാരൻ സെർവാന്റസിന്റെ ‘ഡോൺ ക്വിഹോത്തെ’ ആദ്യമായി വായിക്കുമ്പോൾ സേതുവിനു പ്രായം 19. പക്ഷേ, അന്ന് സംഗ്രഹിച്ച രൂപമാണു വായിച്ചത്. കാറ്റാടിയന്ത്രങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്ന, എല്ലാവരെയും വെട്ടിവീഴ്ത്തുന്ന ആ കഥാപാത്രത്തെ പരിചയപ്പെട്ടപ്പോൾ ഇയാൾക്കെന്താ ഭ്രാന്താണോ എന്നാണ് ആ പ്രായത്തിൽ സേതുവിനു തോന്നിയത്. 

 

എഴുപതാം വയസ്സിൽ ഏതാണ്ട് ആയിരം പേജ് വരുന്ന ആ ഗ്രന്ഥം അങ്ങനെ തന്നെ വായിച്ചപ്പോൾ സേതു ഞെട്ടിപ്പോയി.  ഏകാധിപത്യത്തിനും അനീതിക്കും എതിരായി ഒറ്റയാ‍ൾ പോരാട്ടം നടത്തുന്നതിന്റെ പ്രതിനിധിയാണ് ആ കഥാപാത്രമെന്ന് അപ്പോഴാണു മനസ്സിലായത്. നോവൽ  പുറത്തിറങ്ങിയതിന്റെ നാനൂറാം വാർഷികം ലോകമെങ്ങും ആഘോഷിക്കുന്ന വേളയിലായിരുന്നു സേതു ആ കൃതി മുഴുവനായും വായിച്ചത്. പിന്നീട് സ്പെയിനിൽ ഹേ ലിറ്റററി ഫെസ്റ്റിവലിനു പോയപ്പോഴാണ് ഷെയ്ക്സ്പിയറിനു തുല്യമായ സ്ഥാനമാണ് ആ രാജ്യത്തു സെർവാന്റസിന് ഉള്ളത് സേതു അറിഞ്ഞത്.

 

ജീവിക്കുന്നിടത്തോളം പ്രേമിക്കുക, പ്രേമിക്കുന്നിടത്തോളം ജീവിക്കുക എന്നു പറയാറുണ്ട്. അതിനെ ജീവിക്കുന്നിടത്തോളം വായിക്കുക, വായിക്കുന്നിടത്തോളം ജീവിക്കുക എന്നു മാറ്റി വായിക്കുന്നവരുണ്ട്. വായിക്കാനൊരു പുസ്തകമുണ്ടെങ്കിൽ കിനാവു കാണാൻ കൂടുതലൊന്നും വേണ്ട. കവി ഡി.വിനയചന്ദ്രൻ എഴുതിയതു പോലെ അവധിയെടുത്തു സ്വപ്നം കാണാൻ, നിങ്ങളറിയാത്ത വഴിപോക്കന് ഒരു കപ്പ് കാപ്പി കൊടുക്കാൻ, ഇളവെയിലു കൊള്ളുന്ന പൂച്ചയെ നോക്കി വെറുതെയിരിക്കാൻ, നിങ്ങൾ നട്ടു നനച്ചു വളർത്തിയ ചെടിയിൽ ആദ്യത്തെ പൂ വിരിയുന്നതു കാണാൻ അയൽക്കാരിയെയും ക്ഷണിക്കാൻ പുസ്തകങ്ങൾ നിങ്ങളെ സഹായിച്ചെന്നുവരും.

 

Content Summary: World Book day - Malayalam writers on the books that influenced them

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com