ദിവസങ്ങൾ കൊണ്ട് യുക്രെയ്ൻ കീഴടക്കാം എന്നു കരുതിയ റഷ്യ വിജയത്തിനു വേണ്ടി എല്ലാ ആയുധവും പ്രയോഗിച്ചിട്ടും പൂർണ വിജയം അവകാശപ്പെടാനാവാതെ യുദ്ധം നീളുമ്പോൾ ശ്രദ്ധേയമാകുന്നത് മാതൃരാജ്യത്തിനു വേണ്ടി ഒരു ജനത നടത്തുന്ന ചെറുത്തുനിൽപ്പാണ്. ജീവൻ പോയാലും കീഴടങ്ങില്ല എന്ന ആത്മവിശ്വാസം. അവസാന നിമിഷം വരെയും തോൽവി സമ്മതിക്കില്ല എന്ന ഉറപ്പ്. ആത്യന്തിക വിജയം തങ്ങൾക്കു തന്നെയായിരിക്കും എന്ന ശുഭാപ്തി വിശ്വാസം. വൻ സൈനിക ശക്തിക്ക് എതിരെയാണു പോരാടുന്നതെന്നും പരാജയം സുനിശ്ചിതമാണെന്നും യുക്രെയ്ൻകാർക്ക് അറിയാത്തതല്ല. എന്നാൽ ചെറുത്തു നിൽക്കാം എന്നവർ തീരുമാനിച്ചു. അതു വിജയകരമായി നടപ്പാക്കി. അതാണിപ്പോൾ റഷ്യൻ സൈനികരെപ്പോലും അദ്ഭുതപ്പെടുത്തുന്നത്. ലോകത്തിനു തന്നെ വിസ്മയമാകുന്നത്. യുദ്ധ തന്ത്രജ്ഞൻമാർ യുക്രെയ്നിലേക്കു നോക്കുകയാണ്. പിടിച്ചുനിൽക്കുന്നതിന്റെ രഹസ്യം അറിയാൻ. എന്നാൽ, മാകരായുധങ്ങളോ, അത്യന്താധുനിക സാങ്കേതിക വിദ്യയോ രാസായുധങ്ങളോ അണ്വായുധങ്ങളോ ഉപയോഗിച്ചല്ല യുക്രെയ്ൻ പോരാട്ടം എന്നതാണ് കൗതുകകരം.
ഭാഷയാണ് യുക്രെയ്ൻകാരുടെ ഏറ്റവും ശക്തമായ ആയുധം. റഷ്യൻ സൈനികരെ റഷ്യൻ ഭാഷയിൽ അവർ അധിക്ഷേപിക്കുന്നു. അതിനു മറുപടി പറയാൻ റഷ്യക്കാർക്കു കഴിയുന്നില്ല. കയ്യിൽ ആയുധങ്ങളുണ്ടെങ്കിലും അവ ഉപയോഗിക്കാനാവാതെ മാനസികമായി തളരുകയാണ് റഷ്യക്കാർ. ഞങ്ങളെ നിങ്ങൾക്കു തോൽപിക്കാനാവില്ല എന്നു മാത്രമല്ല യുക്രെയ്ൻകാർ പറയുന്നത്. കടുത്ത വാക്കുകൾ ഉപയോഗിച്ച് പോരാടുകയാണ്. യുദ്ധത്തിൽ ഇത് കുറച്ചൊന്നുമല്ല അവരെ സഹായിച്ചത്. സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപത്തിന്റെ വിഡിയോകൾ പ്രചരിക്കുന്നുമുണ്ട്. അവ കൈമാറി എത്തുന്നതോടെ ആവേശം വർധിക്കുകയാണ്. പൊരുതാതെ കീഴടങ്ങില്ല എന്നവർ ഒരുമിച്ച് ഉറപ്പിച്ചു പറയുന്നു. വാക്കുകൾ റഷ്യക്കാർക്കു മേൽ മുന കൂർപ്പിച്ച് ഉപയോഗിക്കുന്നു.
റോഡിനു നടുവിൽ റഷ്യക്കാർ സ്ഥാപിച്ച കുഴിബോംബ് എടുത്തുമാറ്റുന്ന ഒരു പുരുഷന്റെ ദൃശ്യം അടുത്തകാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. സിഗരറ്റ് വായിൽത്തന്നെയുണ്ട്. മുഖത്തേക്കു നോക്കിയാൽത്തന്നെ അയാളെ വെടിവച്ച് ഇടാൻ ഏതു സൈനികനും മടിക്കും. ദൃഡനിശ്ചയമാണ് അയാളുടെ കരുത്ത്. അപകടകരം എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അയാൾ അതു ചെയ്യുന്നത്. എന്നാൽ രാജ്യത്തിനു വേണ്ടി, സ്വന്തം സഹോദരങ്ങൾക്കു വേണ്ടി എന്ന വിശ്വാസം പ്രവൃത്തിയെ ധീരമാക്കുന്നു. സാഹസികമാക്കുന്നു.
യുദ്ധ ടാങ്ക് ഓടിക്കുന്ന ഡ്രൈവറെ ശപിക്കുന്ന സ്ത്രീയുടെ വിഡിയോയും വൈറലായിക്കഴിഞ്ഞു. റഷ്യൻ യുദ്ധക്കപ്പൽ ഞാൻ അവഗണിക്കുന്നു എന്ന് അർഥം വരുന്ന അസഭ്യപദം ചേർത്ത വാചകവും ആവേശത്തോടെയാണ് യുക്രെയ്ൻകാർ ഏറ്റെടുത്തതും പ്രചരിപ്പിക്കുന്നതും. ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഒരു രാജ്യത്തിന്റെ സംഘടിതമായ പോരാട്ടത്തിലെ ആവേശ ചിത്രങ്ങളാണ്. ആയുധം കൊണ്ടുമാത്രമല്ല ഭാഷ കൊണ്ടും വാക്കു കൊണ്ടും പരാജയപ്പെടാതെ പിടിച്ചുനിൽക്കാമെന്നു പറയുന്ന ഏറ്റവും പുതിയ യുദ്ധതന്ത്രം.
എല്ലാക്കാലത്തും യുദ്ധത്തിന്റെ ഭാഗമാണ് ശാപവാക്കുകൾ. അസഭ്യങ്ങളും. നിസ്സഹായരാവുമ്പോൾ പലർക്കും അവ ആയുധങ്ങൾ തന്നെയാണ്. അതിലെന്താണ് പ്രത്യേകത എന്നു തോന്നാം. യുക്രെയ്ന്റെ പല ഭാഗത്തുമുള്ളവർ ഒഴുക്കോടെ റഷ്യൻ സംസാരിക്കുന്നതിലും പുതുമയില്ല,. എന്നാൽ റഷ്യൻ ഭാഷ സംസാരിക്കുന്നു എന്നതുകൊണ്ടു മാത്രം റഷ്യയെ പിന്താങ്ങുന്നു എന്ന് അർഥമില്ല. അവിടെയാണ് പുട്ടിനും കൂട്ടർക്കും പിഴച്ചത്. വാക്കുകൾക്ക് ഇത്ര മാരകശേഷിയുണ്ടെന്ന് ഒരുപക്ഷേ അവർ കരുതിക്കാണില്ല. റഷ്യൻ സൈനികരെ പിന്നോട്ടടിക്കുന്നതിൽ വാക്കുകൾ ചെറിയ പങ്കൊന്നുമല്ല വഹിക്കുന്നത്. രൂക്ഷമായി, തീവ്രമായി, ഒട്ടും പതറാതെ ആയുധം പോലും ഇല്ലാതെ സാധാരണക്കാർ പൊരുതുമ്പോൾ റഷ്യൻ സൈനികർ നിസ്സഹായരാകുകയാണ്. ആയുധങ്ങളെക്കുറിച്ച് അവർ മറന്നേ പോകുന്നു. അവ ഉപയോഗിക്കുന്നതും.

അസഭ്യപദങ്ങൾ കൊണ്ടു സമ്പന്നമാണു റഷ്യൻ ഭാഷ. ലോകത്തുതന്നെ ഏറ്റവും കൂടൂതൽ അസഭ്യപദങ്ങൾ ഉപയോഗിക്കുന്നതും റഷ്യക്കാർ തന്നെ. അസഭ്യം പറയുമ്പോൾ പലരും അഭിമാനിക്കാറുപോലുമുണ്ട്. അശ്ലീല രചനകളാണ് അസഭ്യപദങ്ങളെ ജനകീയമാക്കിയത്. പിന്നീട് ഓൺലൈൻ ഗെയിമുകൾ ജനപ്രിയമായതോടെ റഷ്യയിലെ അസഭ്യ പദങ്ങൾക്ക് രാജ്യാന്തര ശ്രദ്ധയും കിട്ടി. സമൂഹ മാധ്യമങ്ങളിലെ ആശയ വിനിമയത്തിലും അശ്ലീല വാക്കുകൾ പ്രധാന പങ്കു വഹിക്കുന്നു.
റഷ്യൻ യുദ്ധക്കപ്പലുകളെക്കുറിച്ചും ടാങ്കുകളെക്കുറിച്ചും ബന്ധിപ്പിച്ചാണ് മിക്ക അസഭ്യപദങ്ങളും പ്രചരിക്കുന്നത്. അവ ഇപ്പോൾ ദേശീയ മുദ്രവാക്യം തന്നെ ആയിട്ടുമുണ്ട്. കുട്ടികളെന്നോ മുതിർന്നവരെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ആ മുദ്രാവാക്യങ്ങൾ ഏറ്റെടുക്കുന്നു. പ്രചരിപ്പിക്കുന്നു. ടി ഷർട്ടുകളിലും ഇത്തരം മുദ്രാവാക്യങ്ങൾ ഇപ്പോൾ പതിവാണ്. പരസ്യബോർഡുകളിലും ഹോർഡിങ്ങുകളിലും അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങൾ വ്യാപകമായിരിക്കുന്നു. വിജയം മാത്രം ലക്ഷ്യമിട്ടെത്തുന്ന റഷ്യൻ സൈന്യം നോക്കുന്നിടത്തെല്ലാമുണ്ട് ചങ്കിൽ കൊള്ളുന്ന വാക്കുകൾ. ഒരിക്കലും മറക്കാത്ത ശാപങ്ങൾ. മനസ്സിനെ അസ്വസ്ഥമാക്കുന്ന, പേടിപ്പിക്കുന്ന വാക്കുകൾ. അടുത്തിടെ യുക്രെയ്നിൽ പ്രചരിച്ച ഒരു സ്റ്റാംപിലുള്ള ചിത്രവും ശ്രദ്ധേയമാണ്. മടങ്ങിപ്പോകുന്ന റഷ്യൻ യുദ്ധക്കപ്പലിനെ നോക്കി വായിൽ വിരൽ തിരുകി നിൽകുന്ന യുക്രെയ്ൻകാരൻ. ഇല്ലാത്ത പണം കൊടുത്തും പലരും വാങ്ങി സ്റ്റാംപ്.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നതുപോലും അസഭ്യപദമാണ്. പുട്ടിനുമായി ബന്ധപ്പെട്ട്. 2019 ൽ ഒരു ടെലിവിഷൻ ഷോയ്ക്കിടെ അദ്ദേഹം ഒരു വാക്ക് ആവർത്തിച്ചു പറഞ്ഞു. അതുവരെ സ്വകാര്യ സംഭാഷണത്തിൽ മാത്രം നിറഞ്ഞുനിന്ന വാക്ക് അന്നുമുതലാണ് പരസ്യമായതും ആർക്കും പറയാവുന്ന പ്രയോഗമായി മാറിയതും. അതോടെ സെലൻസ്കി രാജ്യത്തെ അറിയപ്പെടുന്ന നേതാക്കൻമാരിൽ ഒരാളായി മാറി. പുട്ടിൻ ഒരു മരത്തലയൻ എന്ന് അർഥം പറയാമെങ്കിലും അത് പുരുഷൻമാരുടെ ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട വാക്ക് കൂടിയാണ്. അന്നേ പുട്ടിൻ വിരോധം ഉയർച്ചയിലേക്കുള്ള പടിയാക്കിയ സെലൻസ്കി ഇന്ന് രാജ്യത്തെ മുന്നിൽ നിന്ന് ധീരമായി നയിക്കുന്നു. ഏറ്റവും കൂടുതൽ അറിയപ്പെട്ട ലോക നേതാക്കളിൽ ഒരാളായും മാറിയിരിക്കുന്നു.
യുദ്ധം തുടങ്ങിയ ശേഷം സെലൻസ്കി പറഞ്ഞ ഓരോ വാക്കും വാചകവും ശ്രദ്ധേയമായിരുന്നു. ഔദ്യോഗിക വാക്കുകളും പ്രയോഗങ്ങളും തീർത്തും ഒഴിവാക്കി നാട്ടുഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. പുട്ടിനോട് നേർക്കുനേർ നിന്നു സംസാരിക്കുന്ന രീതി.

ഞാൻ സാധാരണക്കാരനാണ്. എനിക്കൊപ്പം ഇരുന്നു സംസാരിക്കൂ. ഞാൻ നിങ്ങളെ കടിച്ചുതിന്നില്ല: സെലൻസ്കിയുടെ വാക്കുകൾ ആവേശത്തോടെയാണ് യുക്രെയ്ൻകാർ ഏറ്റെടുത്തത്. സെലൻസ്കിയുടെ വേഷവും എടുത്തുപറയേണ്ടതാണ്. യുദ്ധം തുടങ്ങിയ ശേഷം ഒരിക്കൽപ്പോലും പ്രസിഡന്റിന്റെ സ്ഥിരം വേഷവിധാനത്തിൽ അദ്ദേഹത്തെ പുറത്തുകണ്ടിട്ടേയില്ല. സാധാരണ ടി ഷർട്ട് ധരിച്ച് വീട്ടിൽ നിൽക്കുന്ന വേഷത്തിൽ അദ്ദേഹം ക്യാമറകൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഒളിച്ചോടിയെന്ന വാർത്തകൾ പലവട്ടം തെളിവ് സഹിതം നിഷേധിച്ചു. അവസാന ശ്വാസം വരെയും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് വ്യക്തമാക്കി. സെലൻസ്കിയുടെ പാത പിന്തുടർന്ന് യുക്രെയ്ൻ സംഘത്തിലെ മറ്റുള്ളവരും റഷ്യയുമായി ചർച്ചയ്ക്കു പോയത് ഔദ്യോഗിക വേഷവിധാനങ്ങൾ ഉപേക്ഷിച്ചാണ്. എപ്പോഴും എവിടെയും ഒരു കുറവും ഇല്ലാത്ത വേഷത്തിൽ എത്തുന്ന പുട്ടിന്റെ രീതിയിൽ നിന്ന് തീർത്തും വ്യത്യസ്തമാണിത്. പ്രശസ്ത താരങ്ങൾ ഉൾപ്പെടെയുള്ളവർ പോലും പേരും പ്രശസ്തിയും പദവിയുമൊക്കെ ഉപേക്ഷിച്ച് ആയുധമെടുത്ത് പോരാടാൻ കാരണവും പ്രതിസന്ധിയിലും ഒത്തൊരുമ പാലിക്കുന്ന പ്രത്യേകത തന്നെ.
യുക്രെയ്നൊപ്പം റഷ്യയിലും യുദ്ധത്തിനിടെ ഭാഷാവിപ്ലവം നടക്കുന്നുണ്ട്. ടെലിവിഷനിൽ വാർത്ത വായിക്കുന്നതിനിടെ യുദ്ധത്തിനെതിരെ നിലപാടെടുത്ത അവതാരക അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ യുദ്ധം അരുത് എന്നെഴുതിയ ടി ഷർട്ട് ധരിച്ചവർപോലും അറസ്റ്റിലാകാൻ തുടങ്ങി. അടുത്തിടെ പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞിറങ്ങിയ സ്ത്രീ ഉയർത്തിക്കാട്ടിയ പ്ലക്കാർഡിൽ ബൈബിളിൽ നിന്നുള്ള വാക്കുകളാണ് ഉണ്ടായിരുന്നത്. ആരെയും കൊല്ലരുത് എന്നായിരുന്നു ആ വാക്കുകൾ. അവരും രാജ്യദ്രോഹത്തിന് അറസ്റ്റിലായി. യുദ്ധത്തിനെതിരെ നിലപാടെടുത്ത് ഒന്നുമെഴുതാത്ത ടി ഷർട്ട് ധരിച്ച യുവാക്കളെയും കാത്തിരുന്നത് ജയിൽ തന്നെ.
യുദ്ധത്തിന്റെ ഫലം എന്തുതന്നെയായിരുന്നാലും യുക്രെയ്ൻ ചെറുത്തുനിൽപ് വീരചരിതമായിക്കഴിഞ്ഞു. കീഴടങ്ങാത്ത അഭിമാനത്തിന്റെയും ദൃഡനിശ്ചയത്തിന്റെയും പ്രതീകമായി യുക്രെയ്ൻ മാറിയിട്ടുണ്ടെങ്കിൽ ഭാഷ വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. എല്ലാം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ലോകത്തും എഴുത്തും എഴുതപ്പെട്ട വാക്കും എത്രമാത്രം ശക്തമാണെന്നു യുദ്ധം തെളിയിച്ചിരിക്കുന്നു. ആയുധങ്ങൾ മാത്രം ശേഖരിക്കാൻ ഓടിനടന്നിട്ടു കാര്യമില്ല. അണ്വായുധവും രാസായുധവും കൊണ്ടു മാത്രം ആർക്കും യുദ്ധം ജയിക്കാനാവില്ലെന്ന് വന്നിരിക്കുന്നു. വാക്കുകളെയും പടച്ചട്ട അണിയിക്കേണ്ടിരിക്കുന്നു. വാക്കിലും വിഷം പുരട്ടേണ്ടിയിരിക്കുന്നു. വാളിനേക്കാൾ മൂർച്ചയുള്ള വാക്ക് ഇനിയുള്ള കാലം യുദ്ധത്തിലേക്കു നയിക്കുക മാത്രമല്ല, യുദ്ധം വിജയിപ്പിക്കുകയും ചെയ്തേക്കാം.
Content Summary: Ukraine's secret weapon to scare Russians