ADVERTISEMENT

ആറ് അധ്യാപകർ. ആറു വീതം ആൺകുട്ടികളും പെൺകുട്ടികളും. ജർമനിയിൽ നിന്ന് ബ്രിട്ടനിലേക്ക് അന്ന എസിംഗർ എന്ന അധ്യാപികയുടെ നേതൃത്വത്തിൽ വിനോദയാത്ര പോകുന്നു എന്നാണ് അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, അത് വിജ്ഞാന യാത്രയായിരുന്നു. മികച്ച വിദ്യാഭ്യാസം തേടിയുള്ള യാത്ര. അറിവു തേടിയുള്ള യാത്ര. ഒപ്പം ഏകാധിപത്യത്തിൽ നിന്നുള്ള പലായനവും അടിമത്വത്തിൽ നിന്നുള്ള രക്ഷപ്പെടലും. സ്വേഛാധിപത്യം അനശ്വരമായി നിലനിൽക്കില്ലെന്നും ഇന്നല്ലെങ്കിൽ നാളെ തകരുമെന്നും അവർക്ക് അറിയാമായിരുന്നു. ആ സുന്ദര ദിനത്തിൽ തിരിച്ചുവരാനാവുമെന്നും അവർ കണക്കുകൂട്ടി. വിപ്ലവകാരികളാകാൻ കൂടിയായിരുന്നു സ്വന്തം രാജ്യത്തുനിന്ന് അവർ മാറിനിന്നത്. ഹിറ്റ്ലറിന്റെ ഭരണകാലത്ത് ജർമനിയിൽ‌ സ്വതന്ത്ര ചിന്തയും ആശയ പ്രകാശനവും സാധ്യമാകില്ല എന്ന തിരിച്ചറിവിൽ. 

 

1926 ലാണ് അന്ന എസിംഗർ ജർമനിയിൽ പുരോഗമന കാഴ്ചപ്പാടോടു കൂടി ബോർഡിങ് സ്കൂൾ തുടങ്ങുന്നത്. മറ്റു സ്കൂളുകളിൽ നിന്നു വ്യത്യസ്തമായി സ്വതന്ത്രമായി ചോദ്യം ചോദിക്കാനും ചോദ്യം ചെയ്യാനും ഉത്തരം അന്വേഷിക്കാനും അധ്യാപകർക്കും വിദ്യാർഥികൾക്കും സ്വാതന്ത്ര്യം അനുവദിക്കുന്ന സ്കൂൾ. ഇടുങ്ങിയ ക്ലാസ്സ്മുറിയിൽ നിന്ന് പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്ന പഠന സമ്പ്രദായം. ആശയങ്ങളും ആദർശങ്ങളും ചർച്ച ചെയ്തും മനുഷ്യത്വത്തിന്റെ നൻമയിലേക്കു യാത്ര ചെയ്യാൻ അധ്യാപകരെയും വിദ്യാർഥികളെയും പ്രചോദിപ്പിക്കുകയും ചെയ്ത നവോൻമേഷം നിറഞ്ഞ സ്കൂൾ. എന്നാൽ 1933 ൽ ഹിറ്റ്ലർ അധികാരത്തിൽ എത്തിയതോടെ സ്വതന്ത്ര ചിന്തയ്ക്കു താഴു വീണു. ഭരണാധികാരിയുടെ ആജ്ഞാനുവർത്തികളാകാൻ എല്ലാവരും വിധിക്കപ്പെട്ടു. അത്തരമൊരു സാഹചര്യത്തിൽ താൻ ഉദ്ദേശിക്കുന്ന പഠന സമ്പ്രദായം സാധ്യമാകില്ല എന്നു മനസ്സിലായതോടെയാണ് അന്ന തന്റെ വിദ്യാർഥികളെയും അധ്യാപകരെയും ജർമനിയിലേക്കു മാറ്റാൻ രഹസ്യമായി തീരുമാനിച്ചതും ആർക്കും ഒരു സംശയത്തിനും ഇട കൊടുക്കാതെ നടപ്പാക്കിയതും. 

 

12 വിദ്യാർഥികളാണ് അന്നയ്ക്കൊപ്പം പോയത്. അവർ ഇംഗ്ലണ്ടിൽ എത്തി സ്കൂളിനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയതോടെ 65 പേർ കൂടി എത്തി. പല ഗ്രൂപ്പുകളായി തിരിഞ്ഞ്. വിനോദയാത്രയ്ക്കെന്ന പേരിൽ. ഹിറ്റ്ലർ അധികാരത്തിലേറി 7 വർഷത്തിനുശേഷം നടന്ന നിശ്ശബ്ദ വിപ്ലവം. ചരിത്രം രേഖപ്പെടുത്താൻ മറന്നുപോയ രക്തരഹിത സമരത്തെ ഭാവിക്കു വേണ്ടി ഇപ്പോൾ രേഖപ്പെടുത്തുന്നത് ദിബോറ കാഡ്ബറി എന്ന വിദ്യാഭ്യാസ പ്രവർത്തകയാണ്. ദ് സ്കൂൾ ദാറ്റ് എസ്കേപ്ഡ് നാസീസ് എന്ന പുസ്തകത്തിലൂടെ. 

 

ബൺസ് കോർട്ട് എന്നായിരുന്നു അന്ന എസിംഗറുടെ നേതൃത്വത്തിൽ ബ്രിട്ടനിൽ തുടങ്ങിയ സ്കൂളിന്റെ പേര്. ജർമൻ വിദ്യാർഥികൾക്കു വേണ്ടിയായിരുന്നു പ്രധാനമായും വിദ്യാലയം നടത്തിയത്. പഠിപ്പിക്കുന്നത് ജർമനിയിൽ നിന്നുള്ള അധ്യാപകരും. ഇംഗ്ലിഷ് സംസാരിക്കരുതെന്ന് നിബന്ധന വച്ചിരുന്നെങ്കിലും പലരുടെയും ജർമൻ സംസാരത്തിൽ ഇംഗ്ലീഷ് സ്വാധീനം പ്രകടമായിരുന്നു. നാസികളിൽ നിന്ന് ഒളിച്ചോടിയാണ് എത്തിയത് എന്ന കാര്യം പരസ്യമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാണ് ഓരോ ദിവസവും കടന്നുപോയത്. ആദ്യം കെന്റിലായിരുന്നു സ്കൂൾ നടത്തിയിരുന്നത്. പിന്നീട് ഷ്രോപ്ഷയർ എന്ന ഗ്രാമീണ മേഖലയിലേക്കു മാറി. രണ്ടാം ലോക യുദ്ധകാലത്ത് ഉടനീളം രഹസ്യമായി പ്രവർത്തിച്ചു. 

 

അധ്യാപകർക്കു പുറമെ, സ്കൂൾ ജീവനക്കാരും മികച്ച വിദ്യാഭ്യാസം നേടിയവരായിരുന്നു എന്നതായിരുന്നു സ്കൂളിന്റെ മറ്റൊരു പ്രത്യേകത. നാസി പീഡനം പേടിച്ച് ജർമനിയിൽ നിന്ന് അതിർത്തി കടന്നവരായിരുന്നു പലരും. ഗണിത ശാസ്ത്ര അധ്യാപകൻ രാജ്യത്തെ പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു. പാചകത്തിനു ചുമതലയുള്ളയാൾ ഏതു ക്ലാസ്സിലും അധ്യാപകനാകാൻ യോഗ്യതയുള്ള വ്യക്തിയും. 

 

ആദ്യം എത്തിയവർക്കു പിന്നാലെ പിന്നീടും വിദ്യാർഥികൾ ജർമനിയിൽ നിന്ന് എത്തി. അവരിൽ നാസികളുടെ കുപ്രശസ്തമായ കോൺസൻട്രേഷൻ ക്യാംപിൽ പീഡനം സഹിച്ചവരും ഉണ്ടായിരുന്നു. കൂട്ടത്തിൽ ഒരു കുട്ടി തുടർച്ചയായി വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. നാസി ക്യാംപിൽ പുല്ല് തിന്നു ജീവിച്ച ഓർമയാണ് വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് കുട്ടിയെ തടഞ്ഞത്. ജീവൻ നിലനിർത്താൻ പുല്ല് മാത്രം കഴിച്ചു ജീവിക്കേണ്ടിവന്നിരുന്നു കുട്ടികൾക്ക്. രക്ഷപ്പെട്ട് ബ്രിട്ടനിൽ എത്തിയിട്ടും വേദനിപ്പിക്കുന്ന ഓർമകളിൽ നിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഓർമകളായിരുന്നില്ലല്ലോ, കരളിൽ കത്തി കുത്തിയിറക്കുന്നതുപോലുള്ള അനുഭവങ്ങളായിരുന്നല്ലോ പലർക്കും നേരിടേണ്ടിവന്നത്. അവ, ജീവിതകാലം മുഴുവൻ പിന്തുടർന്നു കൊണ്ടിരുന്നു. 

 

ഒട്ടേറെ വെല്ലുവിളികൾ അതിജീവിച്ചാണ് എസിംഗർ സ്കൂൾ നടത്തിയത്. പോളിയോ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ഉറക്കം കെടുത്തിയിരുന്നു. വൈദ്യുതി സ്ഥിരമായി മുടങ്ങി. തണുപ്പിൽ നിന്ന് രക്ഷപ്പെടാനാവാതെ വിറച്ചിരുന്നു അധ്യാപകരും വിദ്യാർഥികളും. ഇടയ്ക്ക് മഞ്ഞുകാറ്റ് കഠിനമായപ്പോൾ ദിവസങ്ങളോളം ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. മൂന്നു ദിവസത്തെ മാത്രം നോട്ടിസിൽ ഒരിക്കൽ സ്ഥലം മാറേണ്ടിയും വന്നു. ക്ലാസ്സ് മുറിയിൽ‌ പഠിപ്പിക്കുന്നതു മാത്രമല്ല പ്രായോഗിക പരിശീലനവും വേണമെന്ന പക്ഷക്കാരിയായിരുന്നു എസിംഗർ. പാർട് ടൈം ജോലി ചെയ്യാൻ കുട്ടികൾ ഒരുക്കമായിരുന്നു. എന്നാൽ, ജർമൻ വിദ്യാർഥികൾക്ക് ജോലി നൽകാൻ പല വീട്ടുടമകളും വിസമ്മതിച്ചു. ജോലി ചെയ്തുപോലും ജീവിക്കാനാവില്ല എന്ന അവസ്ഥ. എന്നാലും 1948 ൽ സ്കൂൾ ഗേറ്റിനു താഴ് വീണപ്പോൾ അഭിമാനമായിരുന്നു എസിംഗറിന്. 900 പൂർവ വിദ്യാർഥികളിൽ മിക്കവരും നല്ല നിലയിലെത്തി. അവരിൽ പ്രശസ്തരായ കലാകാരൻമാർ പോലും ഉണ്ടായിരുന്നു. പിന്നീട് നൊബേൽ സമ്മാനം നേടിയവരും. ഒരു തലമുറയ്ക്കു വെളിച്ചം കാണിക്കാൻ കൊളുത്തിയ വിളക്ക് പ്രകാശം പരത്തി എന്നറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന് അതിരില്ലായിരുന്നു.

 

കുട്ടികളെ നിയന്ത്രിക്കാനും നിലയ്ക്കുനിർത്താനും അവരുടെ വികാരവിക്ഷോഭങ്ങൾ അടക്കാനും സവിശേഷ രീതികളാണ് അധ്യാപകർ കൈക്കൊണ്ടിരുന്നത്. ഒരിക്കൽ ഒരു കുട്ടി ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ ബഹളമുണ്ടാക്കി. അധ്യാപകൻ സ്നേഹത്തോടെ കുട്ടിയെ കെട്ടിപ്പുണർന്നു. എന്നാൽ കുട്ടി തന്നെ മാറോടണച്ച അധ്യാപകന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി. ഒരിക്കലല്ല പലവട്ടം. ഇനിയും തുപ്പിക്കോളൂ. നിന്റെ ഉള്ളിലുള്ള വിദ്വേഷമെല്ലാം പുറത്തുവരട്ടെ എന്നായിരുന്നു അധ്യാപകന്റെ മറുപടി. ഒടുവിൽ, കുട്ടി ദേഷ്യം മാറി അധ്യാപകന്റെ കാൽക്കൽ വീണപ്പോൾ ക്ലാസ്സിൽ മുഴുവൻ പേരുടെയും കണ്ണു നിറഞ്ഞു. 

 

ഒറ്റയാൾപ്പോരാട്ടമായി തുടങ്ങി, ഹിറ്റ്ലറിനും ഏകാധിപത്യത്തിനും നാസികൾക്കും എതിരെ പിടിച്ചുനിന്ന്, അറിവിന്റെ വിളക്ക് കൊളുത്തിയ എസിംഗറിന് ഇന്ന് ജർമനിയിൽ മാലാഖയുടെ സ്ഥാനമാണുള്ളത്. ദൈവദൂതിയുടെയും. എസിംഗറെപ്പോലെ ചിലർ ഇല്ലായിരുന്നെങ്കിൽ... ചിന്തിക്കാനേ ആവുന്നില്ല. അവർ‌ കൊളുത്തിയ അറിവിന്റെ ദീപങ്ങൾ ഏറ്റുവാങ്ങാൻ ഉയർന്നുവരുന്ന ചെറു കൈകളിൽ ലോകത്തിന്റെ ഭാവി ഭദ്രം. 

 

Content Summary: The School That Escaped the Nazis book written by Deborah Cadbury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com