നെഹ്റുവിന്റെ ഗോത്രവധു എഴുത്തുജീവിതം മാറ്റിമറിച്ചു: സാറാ ജോസഫ്

writer-sarah-joseph
സാറാ ജോസഫ്
SHARE

നെഹ്റുവിന് മാല ചാർത്തിയതു വഴി ഗോത്രത്തിൽ നിന്ന് തിരസ്ക‍ൃതയാക്കപ്പെട്ട ബുധിനി എന്ന സ്ത്രീയെ തേടിയുള്ള യാത്ര എഴുത്തുകാരി സാറാ ജോസഫ് പങ്കുവയ്ക്കുകയാണ് ഇവിടെ. വികസനത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ചരിത്രം കൂടി പറഞ്ഞുകൊണ്ടുള്ള ‘ബുധിനി’ എന്ന നോവൽ ഷി ദ് പീപ്പിൾ പ്രഥമ പുരസ്കാരം നേടിയ പശ്ചാത്തലത്തിലാണ് നോവലിനു വേണ്ടി നടത്തിയ ആ യാത്രയുടെ കഥ എഴുത്തുകാരി ഓർത്തെടുക്കുന്നത്. 

ജവാഹർലാൽ നെഹ്റുവിനെ മാല ചാർത്തിയ ‘വധു’ തന്റെ എഴുത്തുജീവിതം തന്നെ മാറ്റിമറിച്ചതായി സാറാ ജോസഫ്. ആ ‘വധു’ നേരത്തേ ജീവിച്ചിരുന്ന മണ്ണ് കാണണം എന്ന ആഗ്രഹവുമായി ജാർഖണ്ഡിലേക്കു പോയ തനിക്ക് ആ ‘വധു’ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് പുതിയ അറിവായിരുന്നുവെന്നും അത് തന്റെ എഴുത്തുജീവിതത്തെ തന്നെ മറ്റിമറിച്ചുവെന്നും സാറാ ജോസഫ് പറയുന്നു. 1959ൽ ദാമോദർ നദിയിൽ നിർമിച്ച പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനത്തിന് എത്തിയ അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിനെ മാലയിട്ടു സ്വീകരിക്കാൻ സാന്താൾ ഗോത്രവിഭാഗത്തിൽ പെട്ട ബുധിനി എന്ന പെൺകുട്ടിയെ ആണ് ദാമോദർവാലി കോർപറേഷൻ നിയോഗിച്ചത്. സാന്താൾ പരമ്പരാഗത വേഷത്തിൽ എത്തിയ ബുധിനി നെഹ്റുവിന് മാലയിട്ടു. ഉടൻ സാന്താളുകൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് എഴുന്നേറ്റു പോയി. ഗോത്രത്തിലേതല്ലാത്ത ഒരു പുരുഷന് ആ ഗോത്രത്തിൽ പെട്ട പെൺകുട്ടി മാല ചാർത്തിയത് അവർക്ക് ഉൾക്കൊള്ളാനായില്ല. സാന്താൾ നിയമം അനുസരിച്ച് അവൾ അതോടെ നെഹ്റുവിന്റെ ‘വധു’വായി മാറിയിരുന്നു. ബിത്‌ലാഹ് എന്ന ചടങ്ങിലൂടെ അവളെ ഗോത്രത്തിൽ നിന്ന് പുറത്താക്കി. പിന്നെ ബുധിനിക്ക് എന്തു സംഭവിച്ചു? അതു നേരിട്ടറിയുന്നതിനായി ബുധിനിയുടെ നാട്ടിലേക്ക് പോവുകയായിരുന്നു നോവലിസ്റ്റ്. ബുധിനിയോടൊപ്പം ജീവിച്ചിരുന്നവരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ബുധിനി ജീവിച്ചിരിക്കുന്നു എന്ന അറിവ് വലിയ ആവേശമായി എന്നു പറയുന്നു എഴുത്തുകാരി. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളിലൂടെ ഇന്ത്യയിലെ വികസന ദുരിതങ്ങളുടെ ചരിത്രം തന്നെ പറഞ്ഞിരിക്കുകയാണ് സാറാ ജോസഫ് ‘ബുധിനി’ എന്ന നോവലിലൂടെ. 

sarah-joseph-writer

തനിക്കു ചിരപരിചിതമായ പരിസരങ്ങളിൽ നിന്നാണ് മറ്റു നോവലുകൾ എഴുതിയതെങ്കിൽ ‘ബുധിനി’ തീർത്തും അപരിചിതമായ ഒരു പരിസരത്തിന്റെ കഥയാണ്. നോവൽ എഴുതാൻ വലിയ പഠനങ്ങളൊന്നും വേണ്ട, വെറും ഭാവന മതി എന്ന വാദത്തോട് യോജിപ്പില്ല. അതുകാണ്ടു തന്നെ ‘ബുധിനി’ നോവൽ ആക്കാൻ തീരുമാനിച്ചപ്പോൾ ബുധിനിയുടെ നാട്ടിലേക്കു പോകാൻ തീരുമാനിച്ചു. ആ യാത്ര ജീവിതം മാറ്റി മറിച്ചു. ഒരു ചെറുകഥയിൽ ഒതുക്കാനാവില്ല ബുധിനിയുടെ കഥ എന്നതുകൊണ്ടാണ് നോവൽ ആക്കാൻ തന്നെ തീരുമാനിച്ചതെന്ന് സാറാ ജോസഫ് പറയുന്നു. 

വികസനം നടപ്പാക്കുമ്പോൾ പുറത്താക്കപ്പെടുന്നവരുടെ ചരിത്രമാണ് ‘ബുധിനി’ പറയുന്നത്. ഗോത്രങ്ങൾ നമ്മൾ നിർദേശിക്കുന്നതിന് അനുസരിച്ച് പരിഷ്കരിക്കപ്പെടണമെന്ന് പറയാൻ നമുക്കെന്ത് അവകാശമെന്നും സാറാ ജോസഫ് ചോദിക്കുന്നു. നമ്മുടെ ആചാരങ്ങൾ മാത്രമാണ് ശരിയെന്നത് നമ്മുടെ മാത്രം ചിന്തയാണ്. ആ മനോഭാവത്തിൽ നിന്നാണ് നമ്മൾ ഗോത്രങ്ങളെ പരിഷ്കരിക്കാൻ ശ്രമിക്കുന്നത്. ജനാധിപത്യ രാഷ്ട്രത്തിൽ ജീവിക്കുന്ന നമുക്ക് നമ്മുടെ അവകാശങ്ങളെപ്പറ്റി ശരിയായ ബോധ്യമില്ലെന്നും എന്നാൽ, നമ്മളെ ഭരിക്കുന്ന ഭരണാധികാരികൾക്ക് അവരുടെ അവകാശങ്ങളെ പറ്റി നല്ല ബോധ്യമുണ്ടെന്നുമാണ് സാറാ ജോസഫ് പറയുന്നത്. 

‘ബുധിനി’യുടെ ഇംഗ്ലിഷ് പരിഭാഷയ്ക്കാണ് അവാർഡ്. ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയത് മകൾ സംഗീത ശ്രീനിവാസൻ ആണ് എന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലിഷിൽ രചനകൾ നടത്തിയിട്ടുള്ള മകളുടെ സർഗ്ഗശേഷിക്കൊപ്പം കഠിനാധ്വാനവും പരിഭാഷ മെച്ചപ്പെടുന്നതിനു കാരണമായിട്ടുണ്ട് എന്നാണ് എഴുത്തുകാരിയുടെ നിരീക്ഷണം. ബുധിനിയെ കാണുന്നതിന് ഉൾപ്പെടെയുള്ള യാത്രകൾക്ക്  മകളും സാറയ്ക്കൊപ്പം ഉണ്ടായിരുന്നു. പരിഭാഷ പലയിടത്തും മലയാളത്തെക്കാൾ മികച്ചതായി എന്നും നോവലിസ്റ്റ് അഭിമാനത്തോടെ പറയുന്നു. 

സാംസ്കാരിക പ്രവർത്തക ബിനു ജി. തമ്പിയുമായുള്ള സംഭാഷണത്തിന്റെ വിഡിയോ... 

Content Summary: Talk with writer Sarah Joseph

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
;