പ്രണയവും കാമവും തിരിച്ചറിയാത്ത ഉൻമാദം; ലഹരിയിൽ ഹോമിച്ച എഴുത്തുജീവിതം

miranda-seymour-book
Photo Credit : Miranda Seymour / facebook
SHARE

ഞാനും ഇവിടെ ജീവിച്ചിരുന്നു എന്നു ജീൻ റൈസ് പറയുന്നത് അവകാശവാദമല്ല. പ്രഖ്യാപനമോ വസ്തുതയുടെ ആവർത്തനമോ അല്ല. എനിക്കും ഇവിടെ ജീവിക്കാൻ കഴിഞ്ഞു എന്ന സൗമ്യമായ സത്യത്തിന്റെ ഓർമപ്പെടുത്തൽ മാത്രം. വേട്ടയാടപ്പെട്ട ജീവിതം ആ കഥയാണു പറയുന്നത്. അവകാശവും അർഹതയും പരാമർശിക്കുക പോലും ചെയ്യാതെ, ആസക്തികൾ  വേട്ടയാടിയ സത്യകഥനം. ജീവിത കഥ പറയാൻ ജീൻ റൈസ് ഇന്നു നമ്മോടൊപ്പമില്ല. ജീവിതത്തിന്റെ അവസാനകാലത്ത് ഒരു സുഹൃത്തിനു പറഞ്ഞുകൊടുത്ത് എഴുതിച്ച ആത്മകഥ പൂർത്തിയാക്കാതെ മരണാനന്തരമാണു പ്രസിദ്ധീകരിച്ചത്. ദയവായി, ചിരിക്കൂ എന്നാണ് ആ പുസ്തകത്തിന് അവർ പേരിട്ടത്. ചിരിക്കാൻ മറന്നുപോയ ജീവിതാനുഭവങ്ങൾ ഓർമിക്കാനാണ് ശ്രമിച്ചത്. ഓർമിപ്പിക്കാനും. പകുതിയിൽ നിർത്തിയ ആ കഥയാണ് ഇപ്പോൾ മിറൻഡ സൈമൂർ എഴുതുന്നത്. എഴുത്തിലും ജീവിതത്തിലും വിവാദങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിച്ച എഴുത്തുകാരിയുടെ ജീവിതത്തിന്റെ തുറന്നെഴുത്ത്. ആര് വേട്ടയാടിയെന്നും എങ്ങനെയൊക്കെ വേട്ടയാടപ്പെട്ടു എന്നുമുള്ള വിചാരണ. ‘ I used to live here once, The haunted life of Jean Rhys’ എന്ന പുസ്തകത്തിലൂടെ. 

1907 ലാണ് ജീൻ റൈസിന്റെ യാത്ര തുടങ്ങുന്നത്. 16–ാം വയസ്സിൽ. കരീബിയൻ ദ്വീപായ ഡൊമിനിക്കയിൽ നിന്ന് ബ്രിട്ടനിലേക്ക്. പഠന സൗകര്യമില്ലാത്ത നാട്ടിൽ നിന്ന്, പഠിക്കാനും അറിയാനും ഉയരാനും ജീവിതം അടയാളപ്പെടുത്താനും. എല്ലാ ഗ്വെൻഡെലിൻ റീസ് വില്യംസ് എന്നായിരുന്നു അന്ന് പേര്. ബ്രിട്ടനിൽ സതാംപ്ടണിൽ ഇറങ്ങും വരെ സ്വപ്നങ്ങളായിരുന്നു റീസിന്റെ മനസ്സിൽ. നിറയെ വെളിച്ചവും പ്രതീക്ഷയും. എന്നാൽ, ഇരുട്ടിലേക്കാണു കാലു കുത്തുന്നതെന്ന് അവർ വൈകാതെ തിരിച്ചറിഞ്ഞു. അന്നുമുതൽ ഇരുട്ടിന്റെ ലോകത്ത് ജീവിതം കൊണ്ട് പ്രകാശം നിറയ്ക്കാനാണ് അവർ ശ്രമിച്ചത്. ചിലപ്പോൾ മാത്രം വിജയിക്കുകയും പലപ്പോഴും പരാജയപ്പെടുകയും ചെയ്ത ജീവിതവും എഴുത്തും. 

സഹപാഠികൾ ഉച്ചാരണ വൈകല്യത്തിന്റെ പേരിലാണ് റീസിനെ തുടക്കത്തിൽ പരിഹസിച്ചത്. ഇംഗ്ലിഷ് ശരിയായി പറയാൻ അറിയാത്ത അപരിഷ്കൃതയായി. അതു പലപ്പോഴും ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും കെടുത്തുന്ന രീതിയിലായിരുന്നു. എന്നിട്ടും പിടിച്ചുനിന്നത് ഒരിക്കൽ മാതൃരാജ്യത്തേക്ക് അഭിമാനത്തോടെ മടങ്ങാം എന്ന മോഹം കൊണ്ടു മാത്രം. 15–ാം വയസ്സു വരെ ജീവിച്ച ഡൊമിനിക്ക പിന്നീട് അവരുടെ ജീവിതത്തിൽ ഒരുതരത്തിലും ചേർത്തുവയ്ക്കപ്പെട്ടില്ല. അറിയപ്പെട്ടത് ബ്രിട്ടിഷ് എഴുത്തുകാരിയായി. ജീവിച്ചതും. ആ മണ്ണിൽ തന്നെ, 88–ാം വയസ്സിൽ ഉറങ്ങുന്നതും. എന്നാൽ, അതിനിടെ നടത്തിയ പോരാട്ടങ്ങൾ അവരെ എന്നത്തെയും വിവാദ എഴുത്തുകാരിയായി വാഴിച്ചു. 

ബ്രിട്ടനിലെ ആദ്യകാലത്ത് എല്ലാ ശനിയാഴ്ചയും റീസ് സന്ദർശിക്കുമായിരുന്ന ഒരു അമ്മായിയുണ്ട്. ഭർത്താവിനെ ഉപേക്ഷിക്കാൻ ദിവസം എണ്ണി കാത്തിരുന്നു അവർ.  കാമുകനൊപ്പം പോകാൻ. ഓരോ തവണയും കണ്ണാടിയിൽ നോക്കുമ്പോൾ പിന്നിൽ പതുങ്ങിനിൽക്കുന്ന പിശാചിനെ കണ്ട് അവർ നിലവിളിക്കുമായിരുന്നു. അമ്മായിയിൽ നിന്ന് ജീവിതം പഠിക്കാൻ ജീൻ റൈസ് ശ്രമിച്ചിരുന്നോ എന്നു വ്യക്തമല്ല. എന്നാൽ,  പണത്തിനോടും പുരുഷൻമാരോടും മദ്യത്തോടുമുള്ള ആർത്തിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മൂന്നു തവണ വിവാഹം കഴിച്ചും പല പുരുഷൻമാരോടൊത്ത് അന്തിയുറങ്ങിയും ജെയ്നയർ എന്ന നോവലിന്റെ തുടർച്ച എഴുതാൻ ധൈര്യം കാണിച്ചും റീസ് വെല്ലുവിളിച്ചത് പരമ്പരാഗത സങ്കൽപങ്ങളെ. എങ്ങനെ ജീവിക്കണം എന്നു നിർവചിച്ച സദാചാര നിയമങ്ങളെ ചവറ്റുകുട്ടയിലെറിഞ്ഞ ദീർഘകാലം. 

ഒരിക്കൽ ഞാൻ ഇവിടെ ജീവിച്ചിരുന്നു എന്നത് റീസിന്റെ തന്നെ ഒരു കഥയുടെ തലക്കെട്ടാണ്. ആ തലക്കെട്ടിൽ നിന്നാണ് മിറൻഡ ജീവിത സത്യം കണ്ടെത്തുന്നതും. വോയേജ് ഇൻ ദ് ഡാർക്, ഗുഡ്മോണിങ്, മിഡ്നൈറ്റ് തുടങ്ങിയ പുസ്തകങ്ങളും ഒട്ടേറെ ചെറുകഥകളും ലേഖനങ്ങളും റീസിന്റേതായിട്ടുണ്ട്. എന്നാൽ വൈഡ് സർഗാസോ സീ ആണ് അവരെ ഇംഗ്ലിഷ് സാഹിത്യത്തിലെ എണ്ണപ്പെട്ട വ്യക്തിയാക്കിയത്. ജെയിനയറിന്റെ തുടർച്ച.

12–ാം വയസ്സുവരെ റീസിന് ദിവസേനയെന്നോണം അമ്മയിൽ നിന്ന് ചാട്ടയടി കിട്ടുമായിരുന്നു. വീട്ടിലും നാട്ടിലും റൈസ് സുരക്ഷിതത്വം അറിഞ്ഞിട്ടുമില്ല. പരിഹാസവും അപമാനവും സ്ഥിരമായി നേരിട്ടു. ജീവിതം മുഴുവൻ പിന്തുടർന്നിരുന്നു ഈ വേദനകൾ എന്നവർ പറയാതെ പറഞ്ഞിട്ടുണ്ട്. ഓരോ ബന്ധത്തിൽ നിന്നും രക്ഷ തേടി മറ്റൊരു ബന്ധത്തിൽ അഭയം കണ്ടെത്തുമ്പോൾ‌ കുട്ടിക്കാലത്തെ വേദനിയിൽ നിന്നുകൂടി രക്ഷപ്പെടാൻ വന്യമായി ശ്രമിച്ചതു കൂടിയാകാം. 

സ്കൂളിൽ ഒന്നു രണ്ടു തവണ നടിയാകാൻ റൈസ് ശ്രമിച്ചിട്ടുണ്ട്. അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ പരാജയപ്പെട്ടു. ബ്രിട്ടനിൽ എത്തിയ ശേഷവും അഭിനയത്തിൽ കരിയർ എന്നത് സ്വപ്നമായിരുന്നു. എന്നാൽ തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ അഭിനയം ഉപേക്ഷിക്കാൻ നിർബന്ധിതയായി. പിന്നീട് അവർ ഒരു സംരക്ഷകനെ തേടി. വ്യവസായിയും സമ്പന്നനുമായ ലാൻസിലോട് ഗ്രേ ഹഗ് സ്മിത്തിനു കീഴിൽ ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമം. ഒരിക്കൽ റൈസിന്റെ ഗർഭഛിദ്രത്തിനു വേണ്ടിയുള്ള പണം മുടക്കിയതും അദ്ദേഹം തന്നെയാണ്. എന്നാൽ ആ ബന്ധം ഉലച്ചിലോടെ നിലനിന്നു; ഒരിക്കലും വിവാഹത്തിൽ എത്താതെ. റൈസിനെ വിവാഹം കഴിക്കാൻ സ്മിത് ഒരിക്കലും തയാറായില്ല. എന്നാൽ പിന്നീട് അവരുടെ ജീവിതപങ്കാളികളായവരിൽ നിന്ന് ലഭിച്ചതിനേക്കാൾ സംരക്ഷണം, വിവാഹം എന്ന കരാറില്ലാതെ തന്നെ ലഭിക്കുകയും ചെയ്തു. 

ബെൽജിയത്തിൽ നിന്നുള്ള ജീൻ ലാങ് ലറ്റ് ആയിരുന്നു ആദ്യഭർത്താവ്. വിവാഹബന്ധം മറച്ചുവച്ചാണ് അയാൾ റൈസിനെ വിവാഹം കഴിക്കുന്നത്. രണ്ടാം ഭർത്താവ് വെസ് ലി ടിൽഡൻ സ്മിത്ത് വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കകം മരിച്ചു. മൂന്നാം ഭർത്താവ് മാക്സ് ഹാമർ തട്ടിപ്പിന്റെ പേരിൽ ജയിലിലുമായി. ആദ്യ വിവാഹത്തിൽ റൈസിനു രണ്ടു മക്കൾ ജനിച്ചു. ആദ്യത്തെ കുട്ടി മകനായിരുന്നു. കുട്ടിയെ ശ്രദ്ധിക്കാതെ മദ്യപിക്കാൻ പോയ റൈസ് തിരിച്ചെത്തിയപ്പോൾ മകൻ മരിച്ചുകിടക്കുന്നതാണു കണ്ടത്. രണ്ടാമത്തെ മകളെ ആരും നോക്കാനില്ലാതെ വന്നതോടെ റൈസിന്റെ മാതാപിതാക്കൾ അനാഥാലയത്തിലേക്ക് അയച്ചു. അവിടെച്ചെന്നും റൈസ് പലതവണ ബഹളമുണ്ടാക്കിയിട്ടുണ്ട്. മകളുടെ സംരക്ഷകരെ മർദിച്ചിട്ടുമുണ്ട്. 

ഫോർഡ് എന്ന വ്യക്തിയുമായി പ്രേമബന്ധത്തിലായിരിക്കെയാണ് റൈസ് എഴുത്തിൽ സജീവമാകുന്നത്. എഴുത്തുകാരിയായി അംഗീകരിപ്പെടുന്നതും. 1928 ൽ പ്രസിദ്ധീകരിച്ച ക്വാർട്ടെറ്റ് ആയിരുന്നു ആദ്യനോവൽ. എന്നാൽ, ഗുഡ് മോണിങ്, മിഡ്നൈറ്റ് എന്നീ നോവലുകൾ പരാജയമായതോടെ അവർ നിശ്ശബ്ദയായി. അടുത്ത 30 വർഷം അവർ ഒരുവാക്കു പോലും എഴുതിയില്ല. എന്നാൽ ചില കടുത്ത ആരാധകരുടെ സമ്മർദത്തിനു മുന്നിൽ മനസ്സലിഞ്ഞാണ് വീണ്ടും എഴുതിത്തുടങ്ങിയതും എഴുത്തിൽ വിജയിച്ചതും. 30 വർഷക്കാലം അരാജക ജീവിതത്തിലാണ് അർഥം കണ്ടെത്തിയത്. പാരിസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലഹരിയിൽ അലഞ്ഞുനടന്നും പ്രണയിച്ചും കാമിച്ചും ഉൻമാദിനിയായി പാഴാക്കിയ വർഷങ്ങൾ. 

ജീൻ റൈസിന്റെ വേട്ടയാടപ്പെട്ട ജീവിതപുസ്തകത്തിന് ജീവചരിത്രത്തേക്കാൾ ത്രില്ലർ നോവലിനോടാണ് അടുപ്പം. മനസ്സു കൊണ്ട് ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തെ പിന്തുടരുന്നതുപോലെ റൈസിനെയും വായനക്കാർ അനുഗമിക്കും. സഹതപിച്ചും അനുതപിച്ചും. സ്നേഹിച്ചും സന്ദേഹിച്ചും. 

Content Summary: I Used to Live Here Once: The Haunted Life of Jean Rhys Book by Miranda Seymour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA
;