ADVERTISEMENT

വിവാഹത്തോടെ പെൺകുട്ടികൾക്ക് വീടില്ലാതെയാവുകയാണോ? എഴുത്തുകാരി ഫൗസിയ കളപ്പാട്ട് എഴുതുന്നു

 

പെൺകുട്ടികൾക്കൊരു ദിനമെന്നൊക്കെ ഇപ്പോൾ കേട്ടാൽ പ്രത്യേകിച്ചൊന്നും തോന്നാറില്ല..

സ്വന്തമായി ഒരിടം പോലുമില്ലാത്ത പെൺകുട്ടിക്ക് എന്ത് ദിനം?

ദിനങ്ങളിൽ മാത്രം ഒതുങ്ങുന്ന പെണ്ണിടങ്ങൾ....

സത്യത്തിൽ വിവാഹം കഴിയും വരെ മാത്രമേ ഒരുവൾക്ക് എന്റെ വീടെന്ന് പറയാൻ ഒരിടം ഉണ്ടാകൂ.... വിവാഹത്തോടെ മിക്കവാറും അത് തകരും... ഭർത്താവിന്റെ അടുത്ത് പോലും കാലക്രമേണ ‘എന്റെ’ എന്നത് ഇല്ലാതെ വീട്ടിൽ പോയി വരാമെന്ന് മാത്രം പറയും... അച്ഛൻ, അമ്മ എന്നീ ബന്ധങ്ങളിലുള്ള അടുപ്പമാവും അവളെ പഴയ ഇടത്തിലേയ്ക്ക് വരുത്തുന്നത്..

 

രണ്ട് ദിവസത്തിലധികം നിന്നാൽ, മോളേ അവനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നി ഇവിടെ നിന്നാൽ അവന്റെ കാര്യമെങ്ങനാ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരും...

 

താൻ വളർന്ന വീട്, ഓടി നടന്ന മുറ്റം, നട്ടപിച്ചകം, മുറിയിലെ ജനാല, പാട്ട് കേട്ടിരുന്ന റെക്കോർഡർ, ഇതെല്ലാം അവളെ നോക്കി കണ്ണ് നിറയ്ക്കും...

നീ എപ്പോഴെത്തി? എന്നാ മടക്കം എന്നുള്ള ചോദ്യം സഹോദരങ്ങളിൽ നിന്നുമുയരും.. ഇവർക്കെല്ലാം അന്യയായി പോയോ താൻ എന്നോർത്തവൾക്കുള്ളം പുകയും... അടുപ്പിനരികിൽ പാതകം തുടക്കാൻ ഉപയോഗിക്കുന്ന തുണിയിലവൾ തന്റെ ഉടുപ്പിന്റെ നിറം കാണും.. ഏറെയിഷ്ടമായിരുന്നല്ലോ അതെന്നോർത്ത് നെടുവീർപ്പിടും...

 

കവിതയും കഥയുമെഴുതി നിറച്ച മേശയിൽ അടുക്കി വെച്ച പത്രം കാണാം.. എഴുതി നിറച്ച നോട്ട് ബുക്ക് ഏതോ കപ്പലണ്ടി കച്ചവടക്കാരന് ഉപകാരപ്പെട്ടു കാണും എന്നോർത്തവൾ നെടുവീർപ്പിടും...

 

പാട്ടിനും നൃത്തത്തിനും മിടുക്കിയായ പെൺകുട്ടിയുടെ ഫോട്ടോ തിരഞ്ഞാൽ കാണില്ല. ഒന്നെങ്കിലും കിട്ടിയാലോ അതവളാണെന്നറിയാത്ത വിധം മങ്ങി പോയിട്ടുണ്ടാകും.. അന്നത്തെ നൃത്തം ചെയ്ത പെൺകുട്ടിയും സ്റ്റേജും, അവളെ എടുത്തുയർത്തിയ അച്ഛനും കണ്ണിൽ തെളിയും...

നടന്നു നീങ്ങിയ ഇടവഴികളിലെവിടെയോ ഒരു തേങ്ങൽ കുരുങ്ങും, പൊട്ടിച്ചിരികൾ ഉയരും...

 

നീണ്ട മുടികോതി നിന്നുകൊണ്ട് കൂട്ടുകാരിയോട് പങ്ക് വെച്ച സ്വപ്നങ്ങൾ അവിടെ തന്നെ ചീഞ്ഞഴുകി കിടക്കുന്നത് കാണും .. ചെടികൾക്ക് വെള്ളമൊഴിച്ച് നിന്നപ്പോൾ കണ്ട പൂമ്പാറ്റകളുടെ ചിറകിന്റെ നിറമോർക്കാൻ ശ്രമിക്കും...

എനിക്കൊരുപാട് പറയാനുണ്ടെന്നവൾ അമ്മയോട് പറയാതെ പറയും... പെണ്ണായാൽ എല്ലാം സഹിക്കണമെന്ന വാചകം തലമുറകളായി പറഞ്ഞേ തീരൂ എന്ന വാശിയോടെ അവളെ കേൾക്കാതെ തന്നെയവർ അത് പറയും.. നിനക്ക് സുഖമാണല്ലോയല്ലേ എന്നച്ഛൻ ചോദിച്ചെന്നു വരുത്തും... സുഖം എന്നവൾ യാന്ത്രികമായി പറയും... സ്വന്തമല്ലാത്ത വീട്ടിൽ നിന്ന് അത്ര പോലും സ്വന്തമല്ലാത്ത വീട്ടിലേക്കവൾ തിരിച്ചെത്തും...

സ്വന്തമായി വീടുള്ള പെണ്ണ് ഭാഗ്യവതിയാണ്, സങ്കടം പറയാൻ ഒരിടം ,... ആരും ഇറങ്ങി പോ എന്ന് പറയാത്ത ഒരിടം...

 

Content Summary: Writer Fausiya Kalappat on girls losing their home after wedding

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com