സ്നേഹത്തിൽ വളർന്നു ചെറുതാകുന്ന അമ്മ : ബുക്കറും കടന്നു ഗീതാഞ്ജലി

geethanjali
SHARE

 സ്വയം പറയുന്ന കഥ. അങ്ങനെയും കഥകളുണ്ട്. അവ പൂർണമാകണമെന്നില്ല. പലപ്പോഴും അപൂർണമായിരിക്കും. എന്നാലും ആ കഥകൾക്ക് പലതും പറയാനുണ്ട്. ബുക്കർ സമ്മാനത്തിൽ ഇത്തവണ ഇന്ത്യയെ അടയാളപ്പെടുത്തിയ Tomb of sand (മൺ കുടീരം ) സ്വയം പറയുന്നകഥയാണ്. 700-ൽ അധികം പേജുകളുള്ള നോവൽ ഗീതാഞ്ജലി ശ്രീ തുടങ്ങുന്നത് തന്നെ തനിയെ പറയുന്ന കഥ എന്ന വിശേഷണത്തോടെയാണ്. അധ്യായങ്ങൾ ഒന്നൊന്നായി പിന്നിടുമ്പോൾ എഴുത്തുകാരിയുടെ അവകാശവാദം ശരിയാണെന്നു ബോധ്യപ്പെടും. ആദിയോ അന്തമോ ഇല്ലാത്ത കഥയാണ് നോവൽ പറയുന്നത്. ഒരു പക്ഷെ മുൻപ് ഒരു നോവലിലും പരീക്ഷിച്ചിട്ടില്ലാത്ത പ്രതിപാദന ശൈലി. വ്യക്തമായി ഒരു കഥ പറയുന്നു എന്ന് പോലും തോന്നില്ല. ചിന്നിച്ചിതറിയ ചിന്തകൾ. ക്ഷമയോടെ വായിക്കുന്നവർക്ക് മാത്രം വഴങ്ങിത്തരുന്ന തെന്നിത്തെറിച്ച ചിന്തകൾ. എന്നാൽ തീരെ ചെറിയ അധ്യായങ്ങൾ ആയി തിരിച്ച നോവലിലൂടെ കടന്നുപോകുമ്പോൾ അനിവാര്യമായ ചില വഴിതിരിവുകളിലേക്ക് എത്തുന്നു. അവയ്ക്കു കേവലം വ്യക്തി ജീവിതവുമായി മാത്രമല്ല ബന്ധം. രാജ്യവുമായി. ചരിത്രവുമായി. ഇനിയും ഉണങ്ങാത്ത മുറിവായ വിഭജനവുമായി. എന്നാൽ അതിനെല്ലാം ഉപരിയായി, നോവലിന്റെ കേന്ദ്രത്തിലുള്ളത് സ്ത്രീകളാണ്. തുടക്കത്തിൽ തന്നെ ഗീതാഞ്ജലി  വ്യക്തമാക്കുന്നുണ്ട്.
ഈ കഥയിൽ ഒരു സ്ത്രീയുണ്ട്. അതിർത്തിയും.  എന്നാണവർ എഴുതുന്നത്. സ്ത്രീയും അതിർത്തിയുമുണ്ടെങ്കിൽ ഒരു കഥയായി. അല്ലെങ്കിൽ തന്നെ ആരൊക്കെയോ നിശ്ചയിച്ച അതിർത്തികൾ കടക്കാൻ കൊതിക്കാത്ത ഏത് സ്ത്രീയാണുള്ളത്.  തൊട്ടടുത്ത വാചകത്തിൽ കുറച്ചുകൂടി വ്യക്തമായി പ്രമേയത്തെക്കുറിച്ച് അവർ വ്യക്തമാക്കുന്നു. സ്ത്രീകൾ തന്നെ കഥകളാണ്. അതിർത്തികൾ ഇല്ലാതെ തന്നെ. പൂമ്പാറ്റ ചിറകടിച്ചുപറക്കുംപോലെ ഓരോ നിമിഷവും അവർ ചിറക് വിടർത്തുമ്പോൾ കഥകൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. പറക്കുന്നു. ചിറകൊതുക്കുന്നു. അസ്തമയ സൂര്യൻ ആ കഥകളൊന്നാന്നായി അടുക്കിവയ്ക്കുന്നു. നാളേക്കു വേണ്ടി. ഭാവിക്കു വേണ്ടി. അവ റാന്തൽ വിളക്കുകൾ പോലെ മേഘശകലങ്ങളിൽ തൂങ്ങിയാടുന്നത് ശ്രദ്ധിച്ചാൽ മാത്രം കാണാം. കാണാൻ ആഗ്രഹിക്കുന്നവരുടെ മാത്രം കണ്ണിൽപ്പെടുന്ന കാഴ്ചകൾ. മൺകുടീരം എന്ന കഥയിൽ ഇങ്ങനെ ഒട്ടേറെ റാന്തൽ വിളക്കുകളുണ്ട്. മങ്ങിയതെങ്കിലും അവ്യക്തമെങ്കിലും അവയുടെ വെളിച്ചമാണ് ഈ കഥയുടെ ജീവൻ. ഇത്തരമൊരു കഥ വായിക്കാൻ താൽപര്യമുള്ളവർ മാത്രം ഇനി തുടർന്നുവായിച്ചാൽ മതി എന്നു ഗീതാഞ്ജലി മുന്നറിയിപ്പു നൽകുന്നതുപോലെ തോന്നും ആദ്യത്തെ ഖണ്ഡികയിൽത്തന്നെ. അതേ, ഈ കഥ നേർവഴിയിലല്ല നീങ്ങുന്നത്. ഇടത്തേക്കും വലത്തേക്കും നീങ്ങുന്നു. വളഞ്ഞും തിരിഞ്ഞും പോകുന്നു. എന്തും ഏതും നിശ്ശബ്ദമായും ബഹളത്തോടെയും ഈ കഥയിലേക്കു കടന്നുവരുന്നു. തിരിച്ചുപോകുന്നു.  കഥ തീരുന്നില്ല. അവസാന പുറത്തിൽ, അവസാന വാക്യത്തിലും പൂർണ വിരാമമിട്ട് കഥ നിർത്തുകയല്ല ഗീതാഞ്ജലി. അർധവിരാമം മാത്രമിട്ട്, കഥ തുടരാൻ ആവശ്യപ്പെടുകയാണ്. ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവർക്കു മാത്രമുള്ളതാണ് ഓർമകൾ കൊണ്ടും എൺപതാം വയസ്സിലും മങ്ങാത്ത പ്രതീക്ഷകൾ കൊണ്ടും നിർമിച്ച മൺകുടീരം.
ഈ കഥയിൽ രണ്ടു സ്ത്രീകളുണ്ട്. രണ്ടു സ്ത്രീകൾ മാത്രമേയുള്ളോ എന്നു ചോദിച്ചാൽ അല്ല. പല പുരുഷൻമാരും സ്ത്രീകളുമുണ്ട്. അവർ വരികയും പോകുകയും ചെയ്യുന്നു. ചിലരൊക്കെ ഇവിടെത്തന്നെയുണ്ടാകും. ഈ യാത്രയുടെ അവസാനം വരെയും. എന്നാൽ അവർ അത്ര പ്രധാനപ്പെട്ടവരാണെന്നൊന്നും ചിന്തിക്കേണ്ട. പ്രാധാന്യമില്ലെങ്കിലും അവർ പരിസരത്തൊക്കെയുണ്ടാകും. എന്തായാലും ഒന്നുമാത്രമോർക്കുക. പ്രധാനമായും ഈ കഥ രണ്ടു സ്ത്രീകളെക്കുറിച്ചാണ്. ഒരാൾ ചെറുതായിക്കൊണ്ടിരിക്കുന്നു. അടുത്തയാൾ വലുതായിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള രണ്ടു സ്ത്രീകൾ.
ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ രണ്ടു സ്ത്രീകളും ഒരു മരണവുമാണ് കഥയുടെ ജീവൻ എന്നു പറയാം.
ഇതു മനസ്സിലാക്കിയാൽ കാര്യങ്ങളെല്ലാം വ്യക്തമായി. ഇനി നമുക്ക് സമാധാനത്തോടെ, ശാന്തമായി സ്ത്രീകളുടെ ജീവിതത്തിലേക്കു കടക്കാം. മരണത്തിലേക്കും.
രണ്ടു സ്ത്രീകൾ അമ്മയും മകളുമാണ്. ഒരാളുടെ യാത്ര മുകളിലേക്ക്. അപര താഴേക്കും. ഒരാൾ ചിരിക്കുന്നു. എന്നിട്ടു പറയുന്നു, ഞാനിതാ ചെറുതായിക്കൊണ്ടിരിക്കുന്നു. മറ്റേയാൾ അസന്തുഷ്ടയാണ്. വിഷാദത്തിന്റെ തടവുകാരിയാണ്. വലുതാകുന്നു എന്ന് അറിയുന്നുണ്ടെങ്കിലും അവർ ഒന്നും പറയുന്നില്ല. അമ്മ ഇപ്പോൾ സാരി ഉടുക്കുന്നതുതന്നെ നിർത്തിയിരിക്കുന്നു. സാരി ധരിച്ചാൽ എത്ര കഷ്ടപ്പെട്ടാണ് ആ തുണിയുടെ മുക്കാൽഭാഗവും അവർ അരയിൽ തിരുകിവയ്‌ക്കുന്നത്. സാരിയുടെ ഒരു കോണു മതി അവരെ മൂടാൻ. ദിവസം പ്രതി ചെറുതായിക്കൊണ്ടിരിക്കുകയല്ലേ അവർ. ചെറുതാകുന്നതോടെ വ്യക്തികൾ പൂച്ചകളെപ്പോലെ ആകുന്നു. അതോടെ അവർക്കു വാതിലുകൾ വേണ്ട എന്നാകുന്നു. ചെറിയ വിടവുകളിലൂടെപ്പോലും അവർക്കു കടന്നുപോകാം. ആരെയും ഉണർത്താതെ. അറിയിക്കാതെ. തൂവൽ കൊഴിയുന്ന ശബ്ദം പോലും ഇല്ലാതെ. ഒരു മഞ്ഞുകട്ട അലിയുന്നപോലെ. അത്ര ശാന്തമായും നിശ്ശബ്ദമായും. അതേ, അതിർത്തികളിലൂടെപ്പോലും ആരുടെയും കണ്ണിൽപ്പെടാതെ അവർക്കു കടന്നുപോകാം.
ചെറുപ്പക്കാരിയായ മകൾ ആരോഗ്യവും സമ്പത്തുമുണ്ടെങ്കിലും താൻ വീട്ടിൽ തടവുകാരിയായി മാറ്റപ്പെട്ടു എന്നു തിരിച്ചറിഞ്ഞ് ആ വേദനയിൽ ദുഖിക്കുന്നു. എന്നാൽ, 80 വയസ്സ് കഴിഞ്ഞ, വയോധികയായ, വിധവയായ അമ്മ തനിക്ക് ഏത് അതിർത്തിയും ആരുമറിയാതെ കടന്നുപോമല്ലോ എന്ന് ആശ്വസിക്കുന്നു. ചലന സ്വാതന്ത്ര്യത്തിൽ അമ്മ മകളേക്കാൾ എത്രയോ മുന്നിലാണ്. അമ്മ നിഷ്‌കളങ്കയാണ്. ഒന്നും തെറ്റായി അവർക്കു തോന്നുന്നതേയില്ല. പാപമായും. അവർക്കു കുറ്റസമ്മതം നടത്താൻ യാതൊന്നും അവശേഷിക്കുന്നില്ല.മേഘങ്ങളില്ലാത്ത ആകാശം പോലെ ആ മനസ്സ് വ്യക്തമാണ്. എന്നാൽ, മകൾ കുറ്റത്തിനും കുറ്റബോധത്തിനുമിടെ ചാഞ്ചാടുന്നു. പാപവും പുണ്യവും അവരെ വേട്ടയാടുന്നു. പാപത്തിന്റെ ശമ്പളത്തെക്കുറിച്ച് അറിഞ്ഞിട്ടും പാപം ചെയ്തുകൂട്ടുന്നു. എത്രയൊക്കെ പ്രയോജനങ്ങളാണ് ചെറുതാകുമ്പോൾ, വൃദ്ധയാകുമ്പോൾ, ജീവിതത്തെ പൂർണതയിലും സമഗ്രതയിലും തിരിച്ചറിയുമ്പോൾ. ഇതു മനസ്സിലാക്കാത്തവർ അമ്മയെ കുറ്റപ്പെടുത്താം. ചീത്തയാണെന്നു വിധിക്കാം. അമ്മ മറ്റുള്ളവരെക്കൂടി മനപൂർവം തെറ്റിധരിപ്പിക്കുകയാണ് എന്നു പറഞ്ഞേക്കും. അവർക്കു മനസ്സിലാകില്ല ഗീതാഞ്ജലി പറയുന്ന കഥ. അത്തരക്കാർക്ക് ഈ കഥയിലേക്കു പ്രവേശനമേ ഇല്ലെന്നും പറയാം.
വീട്ടിലുണ്ടാക്കുന്ന പ്രധാനപ്പെട്ട കറികളൊക്കെ പുരുഷൻമാർക്ക് യഥേഷ്ടം ലഭിക്കുന്നു.ബാക്കിയാകുന്നതും അവശേഷിക്കുന്നതും മാത്രം സ്ത്രീകൾക്ക്. ഇത് മുഖത്തുനോക്കി പറയാൻ ആ വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അതും തെറ്റാണെന്നു പറഞ്ഞേക്കാം. അങ്ങനെയാണെങ്കിൽ, ആ തെറ്റുകൾ സ്വന്തമായുള്ള വ്യക്തിയാണ് അമ്മ. അങ്ങനെ ആയിരുന്നു. അതൊക്കെ പണ്ട്.
ഭർത്താവ് മരിച്ചിട്ട് കുറച്ചുനാളായി. ആ മരണം മുതൽ, അവർ കിടക്കയിൽത്തന്നെയാണ്. മുറിയിൽത്തന്നെയാണ്. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ അവരെ വിളിക്കുന്നു. മുറിയുടെ ജനാലയും വാതിലും തുറന്നിടുന്നു. അമ്മ അനങ്ങുന്നില്ല. ഒരു വാക്കും പറയുന്നില്ല. ഭക്ഷണവും വേണ്ട. ശബ്ദത്തിനു നേരെ ചെവി കൊട്ടിയടച്ച്, വെളിച്ചത്തിനെതിരെ കണ്ണ് ഇറുക്കെയടച്ച്, ജീവിതത്തിന്റെ ആഘോഷത്തിനു നേരെ മനസ്സിന്റെ വാതിലുമടച്ച് അമ്മ മുറിയിയിൽ കണ്ണടച്ചുകിടക്കുമ്പോൾ പുറത്ത് സജീവമാകുന്ന വ്യക്തികളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. കൂട്ടുകുടുംബം ജീവിക്കുന്ന ഒരു വീട്ടിലെ ഓരോ സംഭവങ്ങൾക്കും ദൃക്‌സാക്ഷിയാകുന്ന വ്യക്തിയെപ്പോലെ സൂക്ഷ്മമായ ചലനങ്ങൾപോലും പിടിച്ചെടുത്ത് എഴുത്തുകാരി വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നു. ക്രമേണ, അമ്മ കണ്ണു തുറക്കുന്നതോടെ, അവ്യക്തമായെങ്കിലും സംസാരിക്കാൻ തുടങ്ങുന്നതോടെ ചരിത്രത്തിലേക്കുള്ള വാതിൽ തുറക്കുന്നു. അത് തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്കാണു നയിക്കുന്നത്. നിർണായകമായ പ്രതിസന്ധികളിലേക്കും. വിഭജനത്തിന്റെ മുറിവ് ഒരിക്കൽക്കൂടി തുറക്കപ്പെടുന്നതിലൂടെ, ഇതുവരെ പരിചയിച്ച ചരിത്ര നോവലുകളിൽ നിന്നു വ്യത്യസ്തമായി മനസ്സിന്റെ ഇരുൾക്കോണുകളിലൂടെ മറ്റൊരു ചോര പുരണ്ട കഥ അനാവൃതമാകുന്നു. അതാണ് ഗീതാഞ്ജലി ശ്രീയുടെ നോവൽ.
ഉറുദു കവി ഫിറാഖ് ഗോരഖ്പുരിയുടെ കവിതയിൽ നിന്നുള്ള രണ്ടുവരി ഗീതാഞ്ജലി ഓർമിപ്പിക്കുന്നുണ്ട്.
നിന്നെക്കുറിച്ച് ആലോചിച്ചിട്ട് യുഗങ്ങളായിരിക്കാം,
എന്നാൽ നിന്നെ ഞാൻ മറന്നെന്നു പറയാമോ....
മറ്റൊരിക്കൽ സ്‌നേഹത്തെക്കുറിച്ചുള്ള കവിതയും അവർ എഴുതുന്നുണ്ട്.
സ്‌നേഹം വളരുമ്പോൾ, ഒരാൾ കൊഴിയുന്നു, മറ്റേയാൾ വിടരുന്നു.
ഒരാൾ നിഴലിൽ ഒതുങ്ങുമ്പോൾ മറ്റേയാൾ കൂടുതൽ തിളങ്ങുന്നു.
ആടും ആട്ടിടയനും പോലെ.
ഒരാൾ ഭക്ഷണം കഴിച്ചു മടുക്കുമ്പോൾ മറ്റേയാൾ പട്ടിണികൊണ്ട് വിറയ്ക്കുന്നു.
ഒരാൾ കാറ്റിന്റെ ചിറകിലേറി പറക്കുമ്പോൾ..... ചവിട്ടിമെതിക്കപ്പെടുന്നത് ആരാണ്.
വിടരുന്നു, കൊഴിയുന്നു. അമ്മേ,
ബാക്കിയാകുന്നതാണോ സ്‌നേഹം. അവശേഷിക്കുന്നതാണോ പ്രിയപ്പെട്ടത്. അസ്തമയത്തിന്റെ താഴ്‌വരയിൽ, ഞാൻ ഇതാ എത്തിയിരിക്കുന്നു. മങ്ങിയ വെളിച്ചത്തിൽ,  അടർന്നുവീണ പൂക്കൾ എനിക്ക് കാണിച്ചുതരൂ. ഒന്നൊന്നായി....... അമ്മേ.....
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA
;