എന്തായാലും അത് അങ്ങനെത്തന്നെയായിരിക്കും

HIGHLIGHTS
  • മേതിൽ രാധാകൃഷ്ണൻ എഴുതുന്ന പംക്തി
  • കെയ് സെറ, സെറ
Maythil Radhakrishnan
മേതിൽ
SHARE

ജൂൺ 5, 2022  

നാം ഒരു കവിത ഉൾക്കൊള്ളുന്നതിന്റെ ക്രമം സാക്ഷാൽ കുട്ടികൃഷ്‌ണ മാരാർ വിവരിച്ചത് ഇങ്ങനെയാണ്: ആദ്യം ശബ്‌ദതലത്തിൽ, പിന്നെ അർഥതലത്തിൽ, പിന്നെ ഭാവതലത്തിൽ. (മസ്തിഷ്‌കം ചിലപ്പോൾ ഈ ക്രമം തെറ്റിക്കും. അതിൽ ഒരു തരം ഹരമുണ്ട് -- നിങ്ങളുടെ മനസ്സ് അതിനു സന്നദ്ധമാണെങ്കിൽ). 

പോയ ഫെബ്രുവരിയിൽ നടന്നൊരു സെൽഫോൺ സംഭാഷണത്തിൽ ഞാൻ ഒരു വാക്കു കേട്ടു. ആംഗലത്തിലും മലയാളത്തിലും എനിക്ക് പരിചിതമല്ലാത്തൊരു വാക്ക്: സെറ! ശബ്‌ദതലം മാത്രമാണ് എന്നിൽ പ്രതികരിച്ചത്. എന്നാൽ, അത്രയും മതിയായിരുന്നു ഡോറിസ് ഡേയുടെ ഒരു പാട്ടിൽ എന്റെ ഓർമകളെ എത്തിക്കാൻ. നൊടിയിടയിൽ എനിക്കത് അർഥതലവും ഭാവതലവും എല്ലാമായി; പിന്നെ, ഈ പംക്തിയുടെ പേരും -- ‘‘കെയ് സെറ സെറ’’. 

ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ആദ്യമായി റേഡിയോയ്ക്ക് മുന്നിലിരുന്ന്‌ ഇംഗ്ലിഷ് പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ, ഒട്ടും ഒഴിവാക്കാൻ പ്രയാസമുള്ളൊരു ആകർഷണമായിരുന്നു ഡോറിസ് ഡേ പാടിയ ‘‘കെയ് സെറ സെറ’’. വളർന്ന് വലുതായാൽ താൻ എന്താവും, എന്തായിരിക്കും എന്നൊക്കെ കുട്ടിക്കാലത്ത് ചോദിച്ചപ്പോൾ അമ്മ നൽകിയ മറുപടി ഡേയുടെ ഈ പാട്ടിൽ ആവർത്തിക്കപ്പെടുന്നു.

Que sera, sera
Whatever will be, will be
The future's not ours to see
Que sera, sera What will be, will be

എന്തായാലും അത് അങ്ങനെത്തന്നെയായിരിക്കും.

ചലച്ചിത്ര നിരൂപകയായ സ്‌റ്റെഫനി ഷാക്കറെക്കിന്റെ വാക്കുകളിൽ പറഞ്ഞാൽ, ‘‘അസാധാരണ രുചിയും മണവുമുള്ള’’ സ്വരമാണ് ഡേയുടെ ഈ പാട്ടിൽ നാം ആസ്വദിക്കുന്നത്. ആകയാൽ, ഞാൻ പറയും, പ്രസന്നമായൊരു വിധിവാദം (cheerful fatalism) പോലെയാണത്. എത്രയോ ദശകങ്ങൾക്ക്‌ മുൻപ് ഹൃദ്യതയായി പരിചയപ്പെട്ടൊരു പാട്ട് കോവിഡീയ ദിനങ്ങളിൽ പെട്ടെന്ന് മറ്റൊന്നാവുകയായിരുന്നു. കോവിഡിനു മുൻപേത്തന്നെ യാതനകളിലൂടെ കടന്നുപോകാൻ തയാറെടുത്തൊരു ‘സ്റ്റോയിക്ക്’ ചിന്തകന്റെ ഭാഷ്യമായി എന്റെ മനസ്സിൽ ‘കെയ് സെറ സെറ’. 

എന്റെ ഏറ്റവും പുതിയ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ മൂന്നാണ്. പ്രത്യക്ഷത്തിൽ അന്യോന്യം ബന്ധപ്പെടാത്ത അത്യാഹിതങ്ങളുടെ ഒരു ത്രിത്വം: കോവിഡ്––19 നൈരന്തര്യം, യുക്രെയിനിലെ യുദ്ധം, ഭൂമിയിൽ ജൈവികതയുടെ ഭാവി. ഇവ മൂന്നിനെ സംബന്ധിച്ചും എന്റെ ‘സ്റ്റോയിക്ക്’ വെളിപാടുകളുടെ പല്ലവി ഒന്നാണ്: ‘‘കെയ് സെറ സെറ’’. എന്റെ ഏറ്റവും പുതിയ പംക്തിയുടെ വിഷയം എന്താവുമെന്ന് ചോദിച്ചാൽ ഉത്തരം മറ്റൊന്നാവില്ല: ‘‘കെയ് സെറ സെറ’’. 

എന്തായാലും അത് അങ്ങനെത്തന്നെയായിരിക്കും. പക്ഷേ, ഈ പംക്തിയിൽ സ്ഥിതമായി തുടരാവുന്ന രണ്ട് ഘടകങ്ങൾ അഥവാ പ്രവണതകൾ നിങ്ങൾക്ക് ആദ്യമേ ശ്രദ്ധിക്കാം. ഒന്ന്: ഉപ തലക്കെട്ടുകളായി പ്രത്യക്ഷപ്പെടുന്ന തീയതികൾ കാലക്രമം അനുസരിച്ചുള്ളതല്ല. (എന്റെ കംപ്യൂട്ടറിൽ എത്രയോ വർഷങ്ങളുടെ ഫയലുകളിലെ കുറിപ്പുകൾ ഈ പംക്തിയിൽ കടന്നു വരാം). രണ്ട്: ഇടക്കിടെ ഞാൻ ബബിത എന്നൊരു വ്യക്തിയെ സംബോധന ചെയ്യുന്നത് നിങ്ങൾക്ക് കാണാം.

Maythil Radhakrishnan
മേതിൽ. ചിത്രം– മനോരമ

ആരാണ് ഈ ബബിത? ആരുമാകാം: പല സാങ്കേതിക രീതികളിൽ എന്നോട് വിനിമയത്തിൽ ഏർപ്പെട്ട വായനക്കാരെ മുഴുവൻ പ്രതിനിധാനം ചെയ്യുന്നൊരു കേവല വ്യക്തിയാകാം; അല്ലെങ്കിൽ, ശരിക്കും ബബിതയെന്ന പേരും ധാരാളം ജിജ്ഞാസയുമുള്ളൊരു യഥാർഥ വ്യക്തിയാവാം; അതുമല്ലെങ്കിൽ, അടുത്ത കാലത്തായി മിക്കവാറും എല്ലാ രാത്രികളിലും ഉറക്കത്തിൽ എന്നോടു സംസാരിക്കുന്ന വ്യക്തികളിൽ ആരുമാകാം (കോവിഡീയ ദിനങ്ങളിലെ ക്രൂരമായ ആത്മപരിശോധന എനിക്കു സമ്മാനിച്ചതും, ഏറ്റവും പുതിയ മനഃശാസ്ത്ര ഗവേഷണങ്ങൾ പോലും ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ ഈ മസ്‌തിഷ്‌ക ബാധ മറ്റൊരിക്കൽ ഞാൻ വിവരിക്കാം). 

ജനുവരി 24, 2020 

ബബിതാ, നീരാളി അഥവാ കിനാവള്ളി എന്ന ഒക്റ്റപസിനെ സംബോധന ചെയ്‌തുകൊണ്ട്‌ ഓഗ്‌ഡൻ നാഷ് എഴുതിയ കവിത നീ വായിച്ചിട്ടുണ്ടോ? ഒരിക്കൽ കോവിഡീയ മുറയിൽ കൈകൾ കഴുകുന്നതിനിടയിൽ ഞാൻ ഓർത്തിരുന്നു: നീരാളിക്ക് കൈകൊടുക്കൽ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമല്ല. ഇന്നു രാവിലെ അടുക്കളയിൽ ചായക്കോപ്പ കഴുകുമ്പോൾ എന്റെ വിരലുകൾ ഒരു തരം ജലപ്രദക്ഷിണമാകുന്നത് കണ്ടപ്പോളാണ് പെട്ടെന്ന് നാഷിന്റെ വരികൾ വീണ്ടും ഞാൻ ഓർത്തത്.


‘‘ഓ, ഒക്റ്റപസ്,
ഞാൻ യാചിക്കുന്നു, എന്നോട് പറഞ്ഞാലും,
ഈ സാധനങ്ങൾ കൈകളോ, അതോ കാലുകളോ?
നിന്നെച്ചൊല്ലി ഞാൻ വിസ്മയിക്കുന്നു.
ഞാൻ നീയായിരുന്നെങ്കിൽ
ഞാനെന്നെ നമ്മളെന്ന് വിളിക്കുമായിരുന്നു.’’

വിവർത്തനം ‘‘ഞാനെന്നെ ഞങ്ങളെന്ന് വിളിക്കുമായിരുന്നു’’ എന്നുമാകാം. ഏതായാലും നാഷിന്റെ ഈ ഏകവചന–ബഹുവചന ഭ്രമത്തിൽ പോലും തികച്ചും അചിന്ത്യമാണ് നീരാളിയെ സംബന്ധിച്ച വാസ്‌തവികത. പല ഹോളിവുഡ് ചിത്രങ്ങളിലും ഏറെ കൈകാലുകളും സ്പർശനികളുള്ള സാന്നിധ്യങ്ങൾ ഇതരലോക സത്വങ്ങളാണ്. പക്ഷേ, അവബോധം (cognition) എന്ന മസ്‌തിഷ്‌ക സിദ്ധിയെക്കുറിച്ച് നമുക്കുള്ള അറിവിനപ്പുറത്ത് കടക്കാൻ കഴിഞ്ഞില്ലെങ്കിൽ, നീരാളിയും ഒരു തരം അഭൗമിക ജീവിയുടെ പദവിയിൽ എത്തും.

ഡോമിനിക് സിവിറ്റിലി പറഞ്ഞു, ‘‘ധിഷണയുടെ ഒരു ബദൽ മാതൃകയാണിത്.’’ നമുക്ക് പരിചിതമായ ലോകത്തിലെന്നല്ല, പ്രപഞ്ചത്തിൽത്തന്നെയും അവബോധത്തിന് സാധ്യമായ വൈവിധ്യമാണ് നീരാളി അറിയിക്കുന്നത്.

നീരാളിയുടെ ശരീരത്തിലുള്ളത് 500 ദശലക്ഷം നാഡീകോശങ്ങളാണ്. ഇവയിൽ 350 ദശലക്ഷം കോശങ്ങൾ (എഴുപതു ശതമാനം) എട്ടു സ്‌പർശിനികളിലായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ആകയാൽ നീരാളിയുടെ കൈകൾ ഒരുക്കുന്ന നാഡികളുടെ വലയത്തിന് ആവശ്യവും സന്ദർഭവുമനുസരിച്ച് മസ്തിഷ്‌കത്തെ ഒഴിവാക്കാം, അവഗണിക്കാം. 

മസ്തിഷ്കത്തിന്റെ അറിവോടെയല്ലാതെ സ്പർശനികൾക്കിടയിൽ വിനിമയമുണ്ട്. ആ കയ്യോ ഈ കയ്യോ എവിടെയാണെന്ന് മസ്തിഷ്‌കം തിരിച്ചറിയാത്ത സന്ദിഗ്‌ദ്ധ നിമിഷങ്ങളിൽ പോലും ഓരോ കയ്യിനും അറിയാം മറ്റെല്ലാ കൈകളുടെയും സ്ഥാനവും ആപേക്ഷികസ്ഥാനവും. ഇഴയൽ തൊട്ടുള്ള പല ചലനരീതികളിൽ കൈകളുടെ ഏകോപനത്തിനും, പേശികളുടെയും ഇന്ദ്രിയാവബോധത്തിന്റെയും ഏകോപനത്തിനും  മസ്തിഷ്കത്തിന്റെ നിർദേശങ്ങൾ ആവശ്യമില്ല. പലതും അക്ഷരം പ്രതി സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള ഈ കഴിവിൽ പ്രതിപ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകുന്നു. 

നീരാളിയുടെ രാഷ്ട്രീയം എന്നൊന്നിക്കുറിച്ച് അൽപ്പം നർമ്മത്തോടെ ചിന്തിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. പക്ഷേ, പ്രജ്ഞയുടെ തലത്തിൽ ഈ നർമ്മം നിലയ്ക്കുന്നു; അഥവാ, നർമ്മം സ്വയം പ്രജ്ഞയാകുന്നു.  

ധിഷണയിലെന്നല്ല, നിർവഹണത്തിലും ഒരു ബദൽ ഘടനയാണ് നീരാളി. മനുഷ്യ സാമൂഹിക വ്യാപാരങ്ങളിലെ സമാന്തരത്തിൽ ശരിക്കും ഇതൊരു കലാപമായിരിക്കും. നമ്മുടെ ഭൂരിപക്ഷം സ്ഥാപനങ്ങളിലും, പൊതുവേ മനുഷ്യരുൾപ്പെടെയുള്ള കശേരുകികളിലും, നിർവഹണം മുകളിൽനിന്ന് ചുവട്ടിലേക്ക് (top-down or brain-down); നീരാളിയുടെ ശരീര സംവിധാനത്തിൽ ഇത് ചുവട്ടിൽനിന്ന് മുകളിലേക്ക് (bottom-up or arm-up). 

പ്രാസം ഒപ്പിച്ചെടുക്കാൻ ഓരോ വരിയിലെയും അവസാന വാക്കിനോടോപ്പം ‘‘ക്റ്റപസ്’’ എന്ന അക്ഷരങ്ങൾ ചേർത്തിയെഴുതിയൊരു തമാശക്കവിതയിൽ, റൂസ് കൂപ്പർ താക്കീതു നൽകുന്നു: ഒരിക്കലും ഓക്റ്റപസിനോടൊപ്പം നൃത്തം ചെയ്യന്നതിനെക്കുറിച്ചൊരു കവിതയെഴുതാൻ ശ്രമിക്കാതിരിക്കുക (എന്നോടാണിത്!). കാരണം, ഇതിന്റെ ആഘാതം ഒരു ‘‘ഷോക്റ്റ്‌പസ്’’ ആയിരിക്കും. വേണമെങ്കിൽ ഒരു കടമാനിനോടൊപ്പം നൃത്തം ചെയ്യുക. 

കൂപ്പറുടെ ഉപസംഹാരം ഇതാണ്: ഒന്നും, ഒരൊറ്റ വാക്കും, ഓക്റ്റപസുമായി പ്രാസപ്പെടുന്നില്ല (‘‘Nothing rhymes with octopus’’). 

ജൂൺ 6, 2022  

എവിടെയോ എന്തോ വിട്ടു പോയെന്ന സന്ദേഹത്തോടെ ഞാൻ വീണ്ടും നീരാളിയിൽ എത്തുന്നു. ഇസ്രായേലിലെ വൈസ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചലനശാസ്ത്ര വിദഗ്‌ദ്ധയായ റ്റേമർ ഫ്ളാഷിന് ഓൺലൈനിൽ കൈകൾ കൊടുത്തതിനു ശേഷമുള്ള  ഈ വരവിൽ ഒരു ഉത്തരമുണ്ടെന്ന് ഞാൻ വിചാരിക്കുന്നു. 

ഓഗ്‌ഡൻ നാഷ് നീരാളിയോട് ചോദിച്ചു, ‘‘ഈ സാധനങ്ങൾ കൈകളോ, അതോ കാലുകളോ?’’ എന്റെ കുറിപ്പിൽ ഇവ കൈകൾ, കാലുകൾ, സ്‌പര്‍ശനികൾ (tentacles) എന്നിങ്ങനെ പലതായി പരാമർശിക്കപ്പെടുന്നു. കൂടുതൽ കൃത്യത ആവശ്യമല്ലേ? 

റ്റേമർ ഫ്ളാഷ് കവിയല്ല. പക്ഷേ, ഈ പംക്തിക്ക് വേണ്ടി ഞാൻ ബന്ധപ്പെട്ടപ്പോൾ, ഒരു സംഭാഷണത്തിൽ ഈ ഗവേഷക പറഞ്ഞു, “ഒരെഴുത്തുകാരിയാകാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എങ്ങനെയോ ശാസ്ത്രജ്ഞയായി. എങ്കിലും ഇപ്പോൾ ശാസ്ത്രം എന്നെ വശീകരിക്കുന്നു.” ഏറെക്കുറെ ഒരു വിപരീത സമാന്തരമാണ് എന്റെ ജീവചരിത്രമെന്ന് മനസ്സിലാക്കിയപ്പോളാണ് റ്റേമർ എന്നോട് വ്യക്തിപരമായി ഇത്രയും സംസാരിച്ചത്. 

കവിയായ ഓഗ്‌ഡൻ നാഷിന്റ‌ ചോദ്യത്തിന് ഒരു ശാസ്ത്രജ്ഞയെന്ന നിലയിൽ റ്റേമർ മറുപടി നൽകുന്നു: ‘‘ഇവ കൈകളാണ്.’’ സത്യത്തിൽ റ്റേമറുടെ കണ്ടെത്തൽ അത്ര ലളിതവും അലസവുമല്ല. 

അനന്തമെന്ന് വിശേഷിപ്പിക്കാനാവും വിധം നീരാളിക്കുള്ള ചലന സാധ്യതകൾ (ആംഗലത്തിൽ degrees of freedom, ഹിന്ദിയിൽ “സ്വതന്ത്ര കോടി”) കണക്കിലെടുത്താൽ, നമ്മുടേതു പോലെ നിശ്ചിത സ്ഥാനങ്ങളിൽ മാത്രം മടക്കുകളുള്ള കൈകളുടെ പ്രവർത്തനം വളരെ കൃത്രിമമായൊരു ലാളിത്യമാണ്. എങ്കിലും, ഏതാനും ബിന്ദുക്കളിൽ മാത്രം ഊന്നൽ ആവശ്യമുള്ള ക്രിയകളിൽ, നമ്മുടെ കൈകളുടെ പരിമിതിയിൽ പ്രവർത്തിക്കാൻ നീരാളിക്ക് കഴിയും –– പ്രത്യേകിച്ചും ഒരിടത്തുനിന്ന് കൈക്കലാക്കിയ ആഹാരദ്രവ്യം വായിൽ തിരുകുമ്പോൾ. 

നിങ്ങൾക്കു വേണമെങ്കിൽ അടുത്ത ഓണസദ്യക്ക് ഒരു നീരാളിയെ ക്ഷണിക്കാം. പക്ഷേ, അതിന്റെ സാന്നിധ്യം നിങ്ങളെ ഉദ്ദേശിച്ചുള്ളൊരു ഹാസ്യചിത്രമാണെന്ന് തോന്നിക്കും. 

നമ്മുടെ കൈകാലുകളുടെ സമാന്തരമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ, സാഗരിക ജൈവശാസ്ത്രജ്ഞനായ ഒലിവർ വേലൻസിയാക്കിനെ സമീപിക്കുക. മുന്നിലെ ആറു ഘടനകൾ കൈകളും, ബാക്കി രണ്ടെണ്ണം കാലുകളുമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സത്യത്തിൽ, ഈ രണ്ടെണ്ണം മാത്രം ചുവട്ടിലൂന്നി ചരിക്കാൻ (നടക്കാൻ?) നീരാളിക്ക് കഴിയുമെന്നതിന് ദൃക്‌സാക്ഷികളുണ്ട്!

ഇല്ല, നമുക്ക് പ്രവചിക്കാൻ കഴിയില്ല. നീരാളിയുടെ അടുത്ത ചലനവും ഈ പംക്തിയുടെ തലക്കെട്ടായിരിക്കാം: കെയ് സെറ സെറ.

Content Summary: Que sera, sera column by Maythil Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA
;