പെൺവേട്ടകളുടെ പടത്തലവൻ: കാസനോവയുടെ തന്ത്രങ്ങളും മന്ത്രങ്ങളും

adventurer-the-life-and-times-of-giacomo-casanova
SHARE

കഥകളേക്കാൾ കെട്ടുകഥകൾ നിറം പിടിപ്പിച്ചതാണ് കാസനോവയുടെ ജീവിതം. 18–ാം നൂറ്റാണ്ടിൽ ഇറ്റലിയിൽ‌ ജീവിച്ചിരുന്ന ലോകത്തെ ഏറ്റവും കുപ്രശസ്തനായ പെൺവേട്ടക്കാരൻ. എന്നാൽ, ഒരു സ്ത്രീയെപ്പോലും ബലം പ്രയോഗിച്ച് അദ്ദേഹം കീഴടക്കിയതായി ഇരകൾ പോലും ആരോപിച്ചിട്ടില്ല. ആരോടും മോശമായി പെരുമാറിയതായി രേഖകളുമില്ല. 

മീ ടൂ കാലത്താണ് ജീവിക്കുന്നതെങ്കിൽ അഴികൾക്കുള്ളിൽ കിടക്കേണ്ടിയിരുന്നെങ്കിലും വിയോജിച്ച് ഒരാളും രംഗത്തുവന്നിട്ടില്ലാത്തിനാൽ കാസനോവയുടെ അവകാശവാദങ്ങൾ അംഗീകരിക്കേണ്ടിവരും. ‘എന്റെ കഥ’ എന്ന ആത്മകഥയിലെ തുറന്നുപറച്ചിലുകളെ വിശ്വാസത്തിലെടുക്കേണ്ടിയും വരും. എന്നാലും ചോദ്യങ്ങൾ ബാക്കിയാണ്. സംശയങ്ങളും. കാസനോവയുടെ ഇരുൾ വീണ വഴികളിലേക്ക് വെളിച്ചം വീശിയെത്തുന്ന പുതിയ ജീവിത കഥ പെൺവേട്ടക്കാരനായി ജീവിതം തുടങ്ങി ലൈബ്രേറിയനായി അവസാനിച്ച ജീവിതം സമഗ്രമായി വെളിച്ചത്തുകൊണ്ടുവരികയാണ്. കഥകളിൽ നിന്നു മാറ്റിനിർത്തി യഥാർഥത്തിൽ കാസനോവ എന്തായിരുന്നു എന്നറിയാനുള്ള പരിശ്രമം.  

1725 ഏപ്രിൽ രണ്ടിനാണ് കാസനോവ ജനിക്കുന്നത്. 1798 ജൂൺ നാലിന് 73–ാം വയസ്സിൽ മരിച്ചു. എന്നാൽ രണ്ടു വാചകത്തിൽ ഒതുക്കേണ്ടതല്ല ആ ജീവിതം. ഒട്ടേറെ പെൺകുട്ടികളെയും സ്ത്രീകളെയും സമർഥമായി കബളിപ്പിച്ചെങ്കിലും തന്റേത് സാമൂഹിക സേവനം എന്ന നിലപാടായിരുന്നു കാസനോവയ്ക്ക്. സന്തോഷം തേടി നടത്തുന്ന യാത്രയിൽ ഒരു തെറ്റുമില്ലെന്നും ഉറച്ചു വിശ്വസിച്ചു. കുടുംബ ബന്ധങ്ങളും സാമൂഹിക പദവികളും പരിഗണിക്കാതെയായിരുന്നു വേട്ടകൾ. സഹോദരിമാരുമായി ഒരേസമയം ബന്ധം പുലർത്തിയ അദ്ദേഹം അമ്മ, മകൾ എന്നിവരുമായും മനസാക്ഷിക്കുത്തില്ലാതെ പ്രേമബന്ധം സ്ഥാപിച്ചു. ഒരിക്കലും ലൈംഗികത്തൊഴിലാളികളെ തേടിപ്പോയില്ല. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടില്ല. അന്നത്തെക്കാലത്ത് ഇറ്റലിയിൽ 10 വയസ്സുള്ള പെൺകുട്ടികൾക്കുപോലും പര്സപര സമ്മതത്തോടെ ബന്ധങ്ങളിൽ ഏർപ്പെടാമായിരുന്നു. കാസനോവ കുട്ടികളെയും ഒഴിവാക്കിയിട്ടില്ല. എന്നാൽ അവരെ താൻ ചതിക്കുകയാണെന്നും അവരുടെ ഭാവി നശിപ്പിക്കുകയാണെന്നും ഒരിക്കലും അംഗീകരിച്ചിട്ടുമില്ല. 

മുൻപും കാസനോവയുടെ ജീവചരിത്രങ്ങൾ ഒട്ടേറെ പുറത്തുവന്നിട്ടുണ്ട്. ചിലതിൽ സ്ത്രീകളെ മനസ്സിലാക്കുന്നതിൽ ഏറ്റവും വിരുതുള്ള വ്യക്തിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. സന്തോഷം തേടി കടിഞ്ഞാണില്ലാത്ത കുതിയെപ്പോലെ യാത്ര ചെയ്ത കാസനോവയെക്കുറിച്ച് മീ ടൂ അനന്തരകാലത്താണ് എഴുതുന്നതെന്ന തിരിച്ചറിവ് ഹാർവഡ് യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനായ ഡാംറോഷിനുണ്ട്. സ്ത്രീവിരുദ്ധമായിപ്പോകാവുന്ന ഒരു ജീവചരിത്രത്തെ എല്ലാ വിഭാഗങ്ങൾക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കാനാണ് Adventurer The Life and Times of Giacomo Csanova എന്ന കൃതിയിൽ ശ്രദ്ധിച്ചിരിക്കുന്നത്. 

ഡാംറോഷ് അവതരിപ്പിക്കുന്ന കാസനോവയ്ക്ക് കണ്ടും കേട്ടും അനുഭവിച്ചും അറിയുന്ന ലോകത്തിലായിരുന്നു താൽപര്യം. ജീവിതത്തിന്റെ ഓരോ നിമിഷവും അറിഞ്ഞും ആസ്വദിച്ചും ജീവിച്ച സാഹസികൻ. ലോകത്തിന് അടുക്കും ചിട്ടയും ക്രമവും പ്രദാനം ചെയ്യുന്ന ദൈവത്തിന് അദ്ദേഹത്തിന്റെ ലോകത്ത് വലിയ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. ദൈവം തന്നെക്കുറിച്ച് എന്തു വിചാരിക്കുമെന്നോർത്ത് ആകുലപ്പെട്ടുമില്ല. നല്ലതെന്തെങ്കിലും കണ്ടാൽ അതിനു പിറകെ കുതിക്കുമായിരുന്നു കാസനോവ. നല്ല ഭക്ഷണം. സൗന്ദര്യമുള്ള പെൺകുട്ടികൾ. നല്ല വസ്ത്രങ്ങൾ. എന്തും കാസനോവയുടെ ഹൃദയം കവർന്നു. അവ സ്വന്തമാക്കാൻ ഒരു നിമിഷം പോലും പാഴാക്കാതെ കുതിച്ചുപാഞ്ഞു. ലൈംഗിക ആവേശത്തിലും സംതൃപ്തിയിലും സ്ത്രീ–പുരുഷൻമാർക്കിടിയിൽ ഒരു വ്യത്യാസവുമില്ലെന്നായിരുന്നു കാസനോവയുടെ അഭിപ്രായം. പുരുഷനെപ്പോലെ തന്നെ ആവേശം കൊള്ളാൻ സ്ത്രീക്കും കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്തു. ഈ ഒരു കാര്യത്തിലെങ്കിലും സ്ത്രീപക്ഷവാദിയായിരുന്നു അദ്ദേഹം. 

18–ാം നൂറ്റാണ്ടിലെ പ്രത്യേക സാഹചര്യത്തിലാണെങ്കിൽപ്പോലും എളുപ്പമായിരുന്നില്ല കാസനോവുയുടെ ജീവിതം. വേഷവും രൂപവും ഭാവവും അദ്ദേഹത്തിന് പലതവണ മാറ്റേണ്ടിവന്നു. നേപ്പിൾസ് നഗരത്തിൽ നിന്ന് ഇടയ്ക്കിടെ ഇറ്റലിയിലെ തന്നെ മറ്റു നഗരങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും യാത്ര ചെയ്തു. ഒരിടത്തും കൂടുതൽ നാൾ തങ്ങാതിരിക്കുക എന്ന തന്ത്രം വിജയകരമായി നടപ്പാക്കി. സ്പെയിനിലെ ബാഴ്സിലോണ, ലണ്ടൻ. സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലെല്ലാം സാന്നിധ്യം അറിയിച്ചു. പുരോഹിതന്റെ സഹായിയാകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോട്ടറി വിൽക്കുന്നതായിരുന്നു കുറേനാൾ ജോലി. പിന്നീട് ഗായകസംഘത്തിൽ കടന്നുകൂടി. അഞ്ചു വർഷ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. എന്നാലത് പെൺവേട്ടയുടെ പേരിലായിരുന്നില്ല. മതനിഷേധത്തിന്റെ പേരിലായിരുന്നെന്നുമാത്രം. 

40 വയസ്സ് ആയപ്പോഴേക്കും കാസനോവ സാഹസികതകൾ അവസാനിപ്പിച്ചു. യുവാവ് അയിരിക്കെത്തന്നെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് വ്യക്തമാക്കിയുമില്ല. ഒരു പ്രഭുവിന്റെ ലൈബ്രറിയുടെ സൂക്ഷിപ്പുകാരനായാണ് പിന്നീടുള്ള ജീവിതം നയിച്ചത്.  ബൊഹീമിയയിലെ കൊട്ടാരത്തിലായിരുന്നു ലൈബ്രറി. എന്നാൽ സാഹചര്യം അനുകൂലമായിരുന്നെങ്കിലും പഴയ ജീവിതത്തിലേക്കു മടങ്ങാൻ തയാറായില്ല. അവസാന വർഷങ്ങളിൽ ഒരു സ്ത്രീയുമായും ബന്ധമില്ലാതെ ഒറ്റപ്പെട്ടാണ് ജീവിച്ചത്. പുസ്തകങ്ങളാണ് അദ്ദേഹത്തെ മാറ്റിയതെന്നു വിചാരിക്കാനാവില്ല. ലൈബ്രറിയിൽ എത്തുംമുൻപു തന്നെ സ്ത്രീകളുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. 

Content Summary: Adventurer: The Life and Times of Giacomo Casanova Book by Leo Damrosch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA
;