‘വിവാഹം’ എന്ന വാക്ക് ആയിരിക്കും ഇന്ന് പെൺകുട്ടികൾ ഏറ്റവും വെറുക്കുന്നത് : സാറാ ജോസഫ്

Sarah Joseph
സാറാ ജോസഫ്
SHARE

ഇന്ന് പെൺകുട്ടികൾ ഏറ്റവും കൂടുതൽ വെറുക്കുന്ന വാക്ക് വിവാഹം ആയിരിക്കും എന്ന് എഴുത്തുകാരി സാറാ ജോസഫ്. വിവാഹം വേണ്ട എന്നു തീരുമാനിക്കുന്ന പെൺകുട്ടികളുടെ എണ്ണം സമൂഹത്തിൽ കൂടി വരികയാണെന്നും അവർ പറഞ്ഞു. കുടുംബം എന്ന വ്യവസ്ഥ ജനാധിപത്യപരമല്ല എന്നതാണു പെൺകുട്ടികൾ വിവാഹം വെറുക്കാൻ കാരണം. ഇന്ന് പല മാതാപിതാക്കൾക്കും ഒരു കുട്ടിയെ ഉണ്ടാവു. സകലശ്രദ്ധയും വാത്സല്യവും കൊടുത്ത് അരുമയായി വളർത്തിയ കുട്ടിയെ, ഒരു പെൺകുട്ടി ആയതുകൊണ്ടു മാത്രം പിന്നീട് വേറെ ആളുകളുടെ നിയന്ത്രണത്തിലേക്കും അധികാരത്തിലേക്കും പറഞ്ഞയയ്ക്കേണ്ടി വരികയാണ്. സ്വന്തം അമ്മയെ, അച്ഛനെ കാണാൻ മറ്റുള്ളവരുടെ അനുമതി ചോദിക്കേണ്ടി വരുന്നത് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ല. 

കുടുംബം ജനാധിപത്യപരമാവുക എന്നതാണു പ്രധാനം. സ്ത്രീയെ തുല്യ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഉള്ളവളായി വീട്ടുകാർ പരിഗണിക്കണം. പുതിയ തലമുറയിൽ ആ മാറ്റം ഉണ്ട്. പഴയ തലമുറയിൽ അതു സാധ്യമായിരുന്നില്ല. ഇന്ന് സ്ത്രീ വിമോചനം എന്ന ആശയം ശക്തമാണ്. പുരുഷന്മാർക്ക് അതു കേൾക്കാതെ കടന്നു പോകാൻ വയ്യ എന്നായിരിക്കുന്നു. പണ്ട്, വീടുകളിൽ ആരും സ്ത്രീ വിമോചനം പറയാൻ ധൈര്യപ്പെട്ടിരുന്നില്ല. ഇന്ന്, അതു പറയുന്ന ഭാര്യയും പെങ്ങളും കാമുകിയും സഹപ്രവർത്തകയുമാണ് അയാൾക്ക് ഉള്ളത്. അതുകൊണ്ട് അവർ മാറേണ്ടി വരുന്നു. ആൺകുട്ടികൾ മാറി വരുന്നത് അതുകൊണ്ടാണ്. ആ ആശയം സജീവമായി. നിങ്ങളുടെ അടിവസ്ത്രം അമ്മയാണോ കഴുകുന്നത് എന്ന് ചോദിച്ചിരുന്നു പണ്ട് ഞാൻ ക്ലാസ് മുറിയിൽ. മാലിന്യം വാരുന്ന തോട്ടിപ്പണിയാണ് നിങ്ങളുടെ അമ്മയ്ക്ക് എന്നു പറയുമ്പോൾ വിളറിയിരുന്നു ആൺകുട്ടികൾ.

കുടുംബിനികൾക്കു വേണ്ടിയല്ല ഞാൻ സംസാരിക്കാറ്. രാഷ്ട്രീയ പാർട്ടികൾക്കകത്ത് മിണ്ടാതിരിക്കേണ്ടി വരുന്ന സ്ത്രീകൾക്കു വേണ്ടിയാണ് സംസാരിക്കാറ്. ഒന്നും മിണ്ടാനാകാതെ അവിടെ ഇരിക്കേണ്ടി വരികയാണ് അവർക്ക്. സമൂഹത്തിൽ സ്ത്രീക്ക് നീതി ലഭിക്കില്ല എന്നു തന്നെയാണ് ഇപ്പോഴത്തെയും അവസ്ഥ. പുരുഷന്മാർ ഭീരുക്കളാണ്. ഒരു സ്ത്രീക്ക് നീതി കൊടുക്കാൻ പുരുഷൻ ആരെയാണ് ഭയപ്പെടുന്നത്? എന്നു കരുതി, പെൺകുട്ടികൾ പരാതി കൊടുക്കാതിരിക്കുന്നില്ല. അവർ ധീരമായി പരാതി കൊടുത്തു തുടങ്ങിയിരിക്കുന്നു. പെൺകുട്ടികൾ ലൈംഗിക ആവശ്യങ്ങൾ സംസാരിക്കില്ല എന്നു കരുതിയിരുന്നവരായിരുന്നു മലയാളികൾ. ഇന്നു സ്ഥിതി മാറി. കപട സദാചാരത്തെപ്പറ്റിയും അതുകൊണ്ട് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പറ്റിയും പെൺകുട്ടികൾ പറഞ്ഞു തുടങ്ങി. എന്നാൽ, അവരുടെ തുറന്നു പറച്ചിലുകൾക്ക് പെട്ടെന്നു തന്നെ അനുകൂലമായി സമൂഹം നിൽക്കുമെന്നു പ്രതീക്ഷിച്ചു കൂടാ. അതിനു സമയം എടുക്കും. പക്ഷേ, പെൺകുട്ടികൾ ശ്രമം നടത്തിക്കൊണ്ടേയിരിക്കണം. തത്തയ്ക്ക് അതിന്റെ കൂട് ആരും തുറന്നു കൊടുക്കില്ല; തത്ത തന്നെ അത് ഇടിച്ചു പൊളിച്ചു പുറത്തു കടക്കണം.

വനിതാ ദിനാചരണങ്ങൾ ഒക്കെ ബോറായി. അവ കോർപറേറ്റുകളുടെ ആഘോഷ പരിപാടിയായി മാറിയിരിക്കുന്നു. വനിതാ ശാക്തീകരണത്തിന്റെയും സ്ത്രീ വിമോചനത്തിന്റെയും കഥകൾ കേൾക്കാൻ സ്ത്രീകളെയാണ് വിളിച്ചു കൂട്ടുന്നത്. ഇതെല്ലാം പക്ഷേ, പറയേണ്ടത് ആണുങ്ങളോടാണ്. 

സ്ത്രീകളുടെ സാഹിത്യ രചനകൾ മുഖ്യധാരയിൽ പരിഗണിക്കപ്പെടുന്നില്ല എന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. പെണ്ണെഴുത്ത് എന്നൊരു വിഭാഗം വേണ്ട എന്ന് പണ്ട് ചന്ദ്രമതിയൊക്കെ പറഞ്ഞപ്പോൾ അതല്ല, അങ്ങനെ വേണമെന്ന് വാശി പിടിച്ച ആളാണ് താനെന്നും ഇന്ന് താൻ തിരിച്ചു ചിന്തിക്കുകയാണെന്നും സാറാ ജോസഫ് പറഞ്ഞു. സ്ത്രീകളുടെ അനുഭവം വേറെ തന്നെയാണ്, അത് പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടതാണ് എന്നാണ് അന്ന് താൻ ചിന്തിച്ചത്. സാറാ ജോസഫ് പറയുന്നു. 

ബുധിനി നോവൽ ഷി ദ് പീപ്പിൾ പുരസ്കാരം നേടിയ പശ്ചാത്തലത്തിൽ സാറാ ജോസഫുമായി സാംസ്കാരിക പ്രവർത്തക ബിനു ജി. തമ്പി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം – 

Content Summary: Talk with writer Sarah Joseph

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA
;