അവൾ അപകടത്തിലായിരുന്നു, ഒരിക്കലല്ല പലവട്ടം; സിനിമയെ വെല്ലുന്ന സംവിധായികയുടെ ജീവിതം

Sarah Polley
സാറ പോളി. Photo Credit : Jeff Christensen / AP Photo
SHARE

ബാലനടി എന്ന നിലയിലാണ് കനേഡിയൻ സംവിധായികയും സാമൂഹിക പ്രവർത്തകയുമായ സാറ പോളി ആദ്യം ശ്രദ്ധയാകർഷിക്കുന്നത്. എന്നാൽ, കുട്ടിക്കാലത്തെ അനുഭവങ്ങളിൽ തല താഴ്ത്തിയാണവർ ഇന്നും ജീവിക്കുന്നത്. മറക്കാനാകാത്ത അപമാനങ്ങൾ. പേടിപ്പിക്കുന്ന സംഭവങ്ങൾ. വില്ലൻ റോളിൽ മാതാപിതാക്കളും. ലോകം അറിയുന്ന സംവിധായിക ആയെങ്കിലും വേട്ടയാടുന്ന അനുഭവങ്ങളെ വിട്ടുകളയാനോ മറക്കാനോ തയാറല്ലാത്ത സാറ എഴുത്തിനെ കൂട്ടുപിടിച്ച് അപായമണി മുഴക്കുകയാണ്. ‘Run towards the danger’. അപകട മുനമ്പിലേക്ക് ഓടിക്കയറുന്നവർ ബാലതാരങ്ങൾ മാത്രമല്ല. അപകടങ്ങളെ ഭയന്ന് നിശ്ശബ്ദരായിരിക്കുന്നവർ കൂടിയാണ്. അവർക്കുവേണ്ടിയാണ് രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരം നേടിയ സംവിധായിക എഴുത്തിൽ പരീക്ഷണം നടത്തുന്നത്.

നാലാം വയസ്സിലുണ്ടായ അനുഭവം ഇന്നും സാറയുടെ മനസ്സിൽ നീറിപ്പിടിച്ചു കിടക്കുന്നുണ്ട്. ക്ലാസ്സിൽ കൂട്ടുകാർക്കിടിയിൽ പാടിയ പാട്ടാണ് സ്കൂളിലെ നോട്ടപ്പുള്ളിയാക്കിയത്. അശ്ലീലമാണെന്നറിയാതെയായിരുന്നു പാട്ട് പാടിയത്. വീട്ടിൽ നിന്നു പഠിച്ചത്. എന്നാൽ സംഭവം വിവാദമായി രക്ഷകർത്താക്കളെ സ്കൂളിൽ വിളിച്ചുവരുത്തിയതോടെ അവർ കൈമലർത്തി. കുറ്റം സാറയുടെ ചുമലിൽ മാത്രമായി. ഓർമയിലെ ആദ്യത്തെ നോവായി ഇന്നും വടുകെട്ടിക്കിടക്കുന്ന അനുഭവം.

എട്ടാം വയസ്സിൽ പിതാവിന്റെ നിർബന്ധത്തെത്തുടർന്നാണ് സാറ ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഓഡിഷനിൽ വിജയിച്ചായിരുന്നു അരങ്ങേറ്റം. സാഹസിക കഥയായിരുന്നു പ്രമേയം. കുട്ടികൾക്ക് കാണാൻ വിലക്കുള്ള ചിത്രം. യുദ്ധഭൂമിയിലൂടെ ഏകയായി ഓടുന്ന വേഷം അഭിനയിക്കേണ്ടിവന്നു. ചുറ്റും സ്ഫോടനശബ്ദങ്ങൾ. ചെവി രണ്ടു കൈ കൊണ്ടും അമർത്തിപ്പിടിച്ച് അച്ഛനമ്മമാരുടെ കൈകളിലേക്ക് ഓടിയണഞ്ഞു കരഞ്ഞപ്പോൾ തനിക്കെന്തിനാണ് ഈ വേഷം നൽകിയതെന്ന് സാറ അച്ഛനോട് ചോദിച്ചു. കുട്ടികളെ ഒരു സിനിമയുടെയും സെറ്റിൽ കൊണ്ടുപോകില്ലെന്ന് തീരുമാനിക്കാൻ കാരണവും ഇതു തന്നെ.

സാറ ഇന്ന് അറിയപ്പെടുന്നത് സംവിധായിക, തിരക്കഥാകൃത്ത് എന്നീ നിലകളിലാണ്. 2006 ൽ പുറത്തിറങ്ങിയ Away from her ആദ്യ സിനിമ. 2011 ൽ The waltz. ആത്മകഥാപരമായ ഡോക്യുമെന്ററി Stories we tell ലോകത്തെ ഏറ്റവും ശ്രദ്ധേയമായ 100 ചിത്രങ്ങളിൽ ഒന്നായി ബിബിസി തിരഞ്ഞെടുത്തു. Alias Grace എന്ന നെറ്റ്ഫ്ലിക്സ് സിരീസും ലോകശ്രദ്ധ പിടിച്ചുപറ്റി. Women talking എന്ന സിനിമയുടെ പണിപ്പുരയിൽ സജീവമായിരിക്കുമ്പോഴാണ് പുസ്തകരചനയിലേക്ക് കടക്കുന്നത്. കാനഡയിലെ ടൊറന്റോയിൽ മൂന്നു കുട്ടികൾക്കൊപ്പം ആഹ്ലാദത്തോടെ കുടുംബജീവിതം നയിക്കാനും സാറ സമയം കണ്ടെത്തുന്നു. Run towards the danger എന്ന പുസ്തകത്തിന് ഉപശീർഷകം കൂടിയുണ്ട്. Confrontations with a Body of memory. ഓർമയുമായി മുഖാമുഖം. കുട്ടിക്കാലത്തെ അനുഭവങ്ങളിൽ തുടങ്ങി സംവിധായിക, നടി, തിരക്കഥാകൃത്ത് എന്നിങ്ങനെ വ്യത്യസ്ത റോളുകളിൽ നേരിടേണ്ടിവന്ന സംഭവങ്ങളും ഓർമയെ പിന്തുടരുന്ന അനുഭവങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കുട്ടിക്കാലത്തെ ഒറ്റപ്പെടൽ, വീട്ടിൽ നിന്നുണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങൾ, നേരത്തെയുണ്ടായ വിവാഹം, അകാലത്തിലെ ഗർഭം, വിനോദ വ്യവസായത്തിൽ സ്ത്രീ എന്ന നിലയിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ... എല്ലാം മറയില്ലാതെ സാറ എഴുതുന്നു. പഴയ കാലവും ഇന്നത്തെ കാലവും തമ്മിലുള്ള സംഭാഷണമെന്നും തന്റെ പുസ്തകത്തെ വിളിക്കാമെന്ന് സാറ പറയുന്നു.

sarah-polley-book

പകയുടെ എഴുത്ത് എന്നായിരിക്കും പുസ്തകം വായിക്കുന്നവർക്ക് ആദ്യമുണ്ടാകുന്ന തോന്നൽ. എന്നാൽ, പകയും പ്രതികാരവുമല്ല തന്റെ ലക്ഷ്യമെന്ന് സാറ പറയുന്നു. എന്നാൽ വേദനിപ്പിക്കുന്നതൊന്നും ഒളിച്ചുവയ്ക്കാനുമില്ല.

ഒരു സാഹസിക കഥ സിനിമയാക്കുമ്പോൾ മറ്റൊരു ബാലതാരത്തെ അഭിനയിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ കത്ത് എഴുതിയിട്ടുമുണ്ട് സാറ. അന്നും പിതാവ് ആരോപണങ്ങൾ തള്ളിക്കളഞ്ഞു. ഒടുവിൽ ഒപ്പം അഭിനയിച്ച നടനാണ് സഹായവുമായി രംഗത്തെത്തിയത്. അന്നദ്ദേഹം സാറയെക്കുറിച്ച് അച്ഛനോട് പറഞ്ഞ വാക്കുകൾ പുസ്തകത്തിലുണ്ട്.

അവൾ പറയുന്നത് ശരിയാണ്. അവൾ അപകടത്തിലായിരുന്നു. ഒരിക്കലല്ല. പലവട്ടം.

കോവിഡ് കാലത്ത് വിമൻ ടോക്കിങ് എന്ന പുതിയ സിനിമയുടെ സെറ്റിൽ മക്കളെ സാറയ്ക്ക് കൊണ്ടുപോകേണ്ടിവന്നു. അഭിനയിക്കാനല്ലെങ്കിൽപ്പോലും മറ്റൊരു വഴിയും ഇല്ലാതെവന്നപ്പോഴാണ് അതു ചെയ്യേണ്ടിവന്നത്.

കാനഡയിലെ ടെലിവിഷൻ അവതാരകൻ ജിയാൻ ഗോമേഷിയെക്കുറിച്ചും പരാമർശങ്ങളുണ്ട്. ഒട്ടേറെ സ്ത്രീകൾ പീഡന ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് വിചാരണ നേരിടേണ്ടിവന്നു ജിയാന്. താൻ നിരപരാധിയാണെന്ന് ആവർത്തിച്ചുപറഞ്ഞ അദ്ദേഹം കുറ്റക്കാരനല്ലെന്ന് പിന്നീട് കോടതി വിധിപറഞ്ഞു. പീഡന ആരോപണങ്ങൾ നിലനിൽക്കെത്തന്നെ. 

കുട്ടിയായിരിക്കുമ്പോഴായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. അപ്പോൾ ജിയാന് 20 വയസ്സെങ്കിലും കാണും. 16–ാം വയസ്സിൽ ജിയാനിൽ നിന്ന് ആദ്യത്തെ മോശം അനുഭവമുണ്ടായി. പീഡനശ്രമം തന്നെ. എന്നാൽ വിചാരണക്കാലത്ത് സാക്ഷിയായി തെളിവ് കൊടുക്കാൻ തയാറായില്ല. കോടതി കയറുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പേടിച്ചു തന്നെ.

സാറയ്ക്ക് 11 വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. പിന്നീട് മകളുടെ പ്രഥമിക കാര്യങ്ങൾ പോലും പിതാവ് പരിഗണിച്ചിട്ടേയില്ല. സ്നേഹവും വാത്സല്യവും നൽകാൻ തയാറായിട്ടുമില്ല. 14–ാം വയസ്സിൽ സാറ വീട് വിട്ടിറങ്ങി. 15–ാം വയസ്സിൽ നാലു വയസ്സിന് മൂത്ത ആൺസുഹൃത്തിനൊപ്പം ഒരുമിച്ചു ജീവിക്കാനും തുടങ്ങി.

ബലതാരമായി ശ്രദ്ധിക്കപ്പെടുകയും നായികാ വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങിയെങ്കിലും 25 വയസ്സ് പോലും അകുന്നതിനു മുമ്പ്  അഭിനയത്തോടു വിടപറഞ്ഞു. സംവിധാനത്തിലേക്കും തിരക്കഥാ രചനയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. നൊബേൽ സമ്മാനം നേടിയ ആലീസ് മൺറോയുടെ കഥയെ ആധാരമാക്കി ഓർമകൾ നഷ്ടപ്പെടുന്നതിന്റെ വ്യഥയാണ് ആദ്യ സിനിമയായ എവേ ഫ്രം ഹെർ ൽ പറഞ്ഞത്. 28–ാം വയസ്സിൽ ആദ്യ സിനിമയ്ക്കുതന്നെ ഓസ്കർ നോമിനേഷനും ലഭിച്ചു. ഇടക്കാലത്ത് ഒരു അപകടത്തിൽ തലയ്ക്കു പരുക്കേറ്റ് ബോധം നഷ്ടപ്പെട്ടു. സിനിമയിൽ തിരിച്ചെത്താൻ കഴിയുമോ എന്നതിൽ ഡോക്ടർമാർക്ക് പോലും സംശയമായിരുന്നു. സിനിമാ സംവിധാനം കാണട്ടെ എന്ന് ചോദിച്ചപ്പോൾ അത് കഴിയുമോ എന്നായിരുന്നു ഡോക്ടർമാരുടെ ചോദ്യം. സാറയ്ക്ക് തിരിച്ചുവരണമായിരുന്നു. സിനിമകളുടെ ലോകത്തേക്ക്. അക്ഷരങ്ങളുടെ ലോകത്തേക്ക്. ജീവ ചൈതന്യത്തിലേക്ക്. ജീവിച്ചിരിക്കുന്നു എന്നു പറയാൻ മറ്റൊരു മാർഗ്ഗവുമില്ലെങ്കിൽ ഇതല്ലാതെ മറ്റെന്തു വഴി. ഒരിക്കൽ അപകടത്തിലായിരുന്നു. അത് തരണം ചെയ്ത് അതേ വഴിയിലൂടെ ഇനിയും മുന്നോട്ട്. അപകടങ്ങളെ വകവെയ്ക്കാതെ. എല്ലാം തുറന്നു പറഞ്ഞും ഭയക്കാതെയും.

Content Summary: Run Towards the Danger: Confrontations with a Body of Memory Book by Sarah Polley

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
;