ഗതി കിട്ടും മുൻപേ ഗത്യന്തരങ്ങളിലേക്ക്

HIGHLIGHTS
  • മേതിൽ രാധാകൃഷ്ണൻ എഴുതുന്ന പംക്തി
  • കെയ് സെറ, സെറ
Maythil Radhakrishnan
മേതിൽ. ചിത്രം – മനോരമ
SHARE

ജനുവരി 18, 2022 

ബബിതാ, ആമയുടെയും മുയലിന്റെയും കഥ കുട്ടിക്കാലത്ത് നീ കേട്ടിരിക്കും, കഥയുടെ ഗുണപാഠം നീ ഓർമ്മിക്കുന്നുമുണ്ടാവാം. പക്ഷേ, ഇപ്പോൾ, ഈ പ്രായത്തിൽ, ആ കഥയെക്കുറിച്ച് ചിന്തിച്ചാൽ അതിന്റെ ഗുണപാഠം മറ്റൊന്നാകുമോ? എന്തുകൊണ്ട് ഈ ചോദ്യമെന്ന് തീർച്ചയായും നീ ആശ്ചര്യപ്പെടുന്നുണ്ടാകാം. പറയാം. 

വളരെ മിടുക്കിയായൊരു ചെറുപ്പക്കാരി ഈയിടെ എനിക്കെഴുതി: ‘‘നിങ്ങളുടെ എഴുത്തിന്റെ ചരിത്രത്തിൽ ആമയുടെയും മുയലിന്റെയും കഥയുടെ പ്രതീതി. മത്സരം തുടങ്ങിയാൽ ഒറ്റ പാച്ചിലിൽ നിങ്ങൾ ഏറെ ദൂരം പിന്നിലാക്കുന്നു. പിന്നെ, ആമ അത്രയും പിന്നിലാണെന്ന് കണ്ട് ഒരിടത്ത് കിടന്നുറങ്ങുന്നു. ഉറക്കത്തിന്നിടയിൽ ആമ നിങ്ങളെ കടക്കുന്നു. അടുത്ത പാച്ചിലിൽ നിങ്ങൾ വീണ്ടും ഏറെ ദൂരം മുന്നിലാകുന്നു. അങ്ങനെയങ്ങനെ. കോവിഡിന്റെ ഉച്ചാവസ്ഥയിൽ നിങ്ങളുടെ ‘19’ എന്ന പംക്തി വായിക്കുമ്പോൾ പോലും അങ്ങനെയാണ് തോന്നിയത്. എന്റെ തോന്നൽ ശരിയാണോ?’’

ഞാൻ പറഞ്ഞു: ‘‘എനിക്കറിയില്ല, ഓരോ പാച്ചിലും വ്യത്യസ്‌തമാകണമെന്നേ എനിക്ക് നിർബന്ധമുള്ളൂ. പിന്നെ, എന്റെ ദൃഷ്‌ടിയിൽ ഇതിലൊരു മത്സരം ഇല്ല. ഉണ്ടെങ്കിൽ ആമ ജയിക്കട്ടെ.’’  

ഇത്രയും പറയുമ്പോൾ പ്രത്യേകിച്ചും എന്റെ മനസ്സിലുണ്ടായിരുന്നത് ഏഡ്രിയൻ ബെയ്‌ജാന്റെ ഒരു നിരീക്ഷണമാണ്. പ്രകൃതിയിലെ പരിണാമവും മനുഷ്യനിർമ്മിതികളുടെ പരിണാമവും ചേർത്ത് വായിക്കുന്നൊരു എൻജിനീറിങ് ഗവേഷകനാണ് ഏഡ്രിയൻ. അദ്ദേഹത്തിന്റെ നിഗമനം വളരെ പ്രത്യേകമാകാം. ഞാൻ ശ്രദ്ധിക്കുന്നു, ഏഡ്രിയൻ പറയുന്നു: ഈസോപ്പിന്റെ ‘ആമയും മുയലും’ ഒരു പന്തയത്തിന്റെ കഥയല്ല, രണ്ടു വിപരീത ജീവിതശൈലികളുടെ രൂപകമാണ്! 

വായുവിലും കരയിലും ജലത്തിലും വിഹരിക്കുന്ന പല തരം ജീവികളുടെ കൃത്യമായ വേഗത്തെക്കുറിച്ചുള്ളൊരു അപഗ്രഥനമനുസരിച്ച് ആയുഷ്‌കാല ചലനങ്ങളുടെ ശരാശരി പരിഗണിച്ചാൽ, ലോകത്തിൽ ഏറ്റവും വേഗമുള്ളത് ഏറ്റവും പതുക്കെ ചരിക്കുന്ന ജീവികൾക്കാണ്. 

പോർവിമാനങ്ങളായ ജെറ്റ് ഫൈറ്ററുകൾക്ക് സാധാരണ വിമാനങ്ങളെക്കാൾ എത്രയോ അധികം വേഗമുണ്ട്. പക്ഷേ അവയുടെ പറക്കൽ ചെറിയ ചെറിയ ദൂരങ്ങളിലെ ആവേഗമാണ്. കൂടുതൽ സമയവും ഇവ നിലം പറ്റി കിടക്കുന്നു. സഞ്ചാര ദൈർഘ്യങ്ങളുടെ ശരാശരി കണക്കിലെടുത്താൽ, ദീർഘ വിശ്രമം ഇല്ലാതെ വളരെയേറെ ദൂരം പറക്കുന്ന സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് അമ്പരപ്പിക്കും വിധം മന്ദഗാമികളാണ് ജെറ്റ് ഫൈറ്ററുകൾ. 

ഏഡ്രിയൻ ബെയ്‌ജാന്റെ ഉപസംഹാരം ഇതാണ്: ഓരോ പന്തയത്തിലും ആമ മുയലിനെ തോല്പിക്കുന്നു. 

ഇതിന്നിടയിൽ, പുതിയൊരു സമാഹാരവുമായി ഒരു കവി എന്നെ സമീപിച്ചു, അതിനൊരു കുറിപ്പ് വേണമെന്ന് അപേക്ഷിച്ചു. സാധാരണ നിലയ്ക്ക് ഞാൻ ഈ അപേക്ഷ വിനയപൂർവം നിരസിച്ചിരിക്കും. പക്ഷേ, ഈ കവിക്ക് ഉടനെത്തന്നെ ഞാൻ ഏതാനും വരികൾ എഴുതിക്കൊടുത്തു. കാരണമെന്തെന്നോ? ഈ കവിയുടെ ഒരു കവിത ഇങ്ങനെ പറയുന്നു: ആമയെ സ്നേഹിക്കാൻ ഒരൊറ്റ കാരണമേ എനിക്കാവശ്യമുള്ളൂ, ആമ ആമയാണെന്നതു മാത്രം.

മേയ് 26, 2022  

പരിചിത സാമൂഹികവലയത്തിലെ രണ്ടു പെൺകുട്ടികൾ ഗാബ്രിയൽ ജോണിനെ “സൂപ്പർമാൻ” എന്നു വിളിച്ചിട്ടുണ്ട്. എന്തുകൊണ്ടെന്ന് ഗാബ്രിയൽ ഇതേവരെ അവരോട് ചോദിച്ചിട്ടില്ല. ചോദിച്ചിട്ടില്ലാത്തതിനു കാരണം ഈ അഭിനന്ദനം സർവഥാ താൻ അർഹിക്കുന്നുവെന്ന മൂഢധാരണയല്ല. ചോദ്യമായി പുറത്തു വന്നിട്ടില്ലാത്തതിനാൽ വിഷയം മനസ്സിൽ തുടരുകയും ചെയ്യുന്നു. 

ഗാബ്രിയലിന്റെ മനസ്സിൽ കലങ്ങി മറിയുന്ന ചില ചിന്തകൾ വളരെ അസ്‌പഷ്ടമായും സാമാന്യമായും വലയങ്ങളിട്ടു പടർന്ന് ഏതോ വക്കിൽ ചെന്നിടിക്കുന്നു; വലയങ്ങൾ തകർന്ന് മനസ്സിൽ തിരിച്ചെത്തുന്നു. ഈ വലയങ്ങളെ രണ്ട് വ്യത്യസ്‌ത ഇതിവൃത്തങ്ങളായി വേർതിരിക്കാനും രണ്ടിനെക്കുറിച്ചും ചിലതെല്ലാം പറയാനും എനിക്കു കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.  

വലയം ഒന്ന്: പെൺകുട്ടികളുടെ പ്രശംസ (“സൂപ്പർമാൻ”) തീർച്ചയായും വമ്പിച്ചൊരു അതിശയോക്തിയാണ്. സൂപ്പർഹീറോകളെക്കുറിച്ച് ഇവർക്കുള്ള സങ്കൽപ്പത്തിന്റെ ഉറവിടങ്ങൾ തീർച്ചയായും ചില കോമിക്ക് പുസ്‌തകങ്ങളും അവയുടെ ചലച്ചിത്ര ആവിഷ്‌കരണങ്ങളുമാണ്. ഈ ഉറവിടങ്ങളിൽ അതിശയോക്തി എന്ന അനുചിതമായ ഘടകം തികച്ചും ഉചിതമായി പരിണമിക്കുന്നത് എങ്ങനെയാണ്? അഥവാ, സാധാരണ മനുഷ്യരെ സംബന്ധിച്ച് അതിശയോക്തിയാകുന്ന ചില ശാരീരിക പ്രത്യേകതകൾ സൂപ്പർഹീറോകളെ സംബന്ധിച്ച് വസ്‌തുതകൾ മാത്രമാകുമെന്നുണ്ടോ? 

മനുഷ്യസാധ്യമായ ഉപാധികളിലൂടെ നേരിടാനോ കീഴ്‌പ്പെടുത്താനോ സാധ്യമല്ലാത്ത അത്യാഹിതങ്ങളുടെയോ ദുഷ്‌ടശക്തികളുടെയോ ഇരകളാവുന്ന സമൂഹങ്ങളെ രക്ഷിക്കാൻ എത്തുന്നവരാണ് സൂപ്പർഹീറോകൾ. ‘അവെന്ജർസ്: എൻഡ്ഗേമ്’ എന്ന ചിത്രത്തിലൂടെ ബഹുജനപ്രീതി നേടിയ തോർ, ബ്ളാക് വിഡോ എന്നീ കഥാപാത്രങ്ങൾ ഒറ്റ നോട്ടത്തിൽ “വിനാശായ ച ദുഷ്‌കൃതാം” എന്ന കൃത്യത്തിന് വേണ്ടതിലേറെ കരുത്തുറ്റവരാണെന്ന് നമുക്ക് തോന്നാം. പക്ഷേ മറ്റൊരു ദൃശ്യഭാഷ്യത്തിൽ, ഈ ദൗത്യം ആവശ്യപ്പെടുന്ന ആരോഗ്യം ഇവർക്കില്ലെന്നതാണ് ശാരീരിക സത്യം. നരവംശശാസ്ത്രജ്ഞയായ ലോറ ജോൺസനാണ്‌ ഈ പ്രസ്‌താവനയിലൂടെ തലക്കെട്ടുകൾ സൃഷ്‌ടിച്ചത്‌. 

ബോഡി മാസ് ഇൻഡെക്‌സ് (BMI) എന്ന വൈദ്യശാസ്ത്ര ഉപാധിയാണ് പഠനത്തിന്നാധാരം. പല തരം അനുപാതങ്ങളുടെ കണക്കുകൾ ഇതിലൂടെ കടന്നുപോകുന്നു: ചുമലും അരക്കെട്ടും തമ്മിലുള്ള അനുപാതം, അരക്കെട്ടും നിതംബവും തമ്മിലുള്ള അനുപാതം, മറ്റും മറ്റും. സാധാരണ മനുഷ്യരുടെ സൗന്ദര്യസങ്കല്പങ്ങൾ ഇത്തരം ചില പരിഗണനകളുമായി ഒത്തുപോകുമെന്നു കാണാൻ നിങ്ങൾക്ക് പ്രയാസമുണ്ടാവില്ല: 

ആണിൽ, ആറു ഖണ്ഡങ്ങൾ ദൃഢമായ (സിക്സ്-പാക്ക്) ഉദരം; പെണ്ണിൽ, ഇടുങ്ങിയ അരക്കെട്ട്. അനുരൂപതയുടെ ലക്ഷണങ്ങളായി വാഴ്ത്തപ്പെടുന്ന പ്രത്യേകതകൾ തന്നെയാണ് കോമിക്ക് ചിത്രകാരന്മാർ വളരെ നിഷ്കർഷയോടെ ആവാഹിക്കുന്നത്. പക്ഷേ, അവരുടെ വരകൾ അതിശയോക്തികളിലേക്ക് വികസിക്കുന്നു.  

തോർ, ബ്ളാക് വിഡോ എന്നിവരുൾപ്പെടെ മാർവൽ കോമിക്‌സിന്റെ സൃഷ്‌ടികളായ 3700 (സത്യത്തിൽ, കൂടുതൽ) കഥാപാത്രങ്ങൾ വരപ്പുകളിലൂടെ എങ്ങനെ രൂപാന്തരപ്പെടുന്നുവെന്ന് വളരെ സൂക്ഷ്‌മമായി പഠിച്ചതിനു ശേഷം ലോറ ജോൺസൺ പറഞ്ഞു: പൊതുവേ, സൂപ്പർഹീറോകളുടെ കൂട്ടത്തിലെ ആണുങ്ങളാകെ ദുർമേദസ്സ് ബാധിച്ചവരാണ്; പെണ്ണുങ്ങളാകെ മെലിഞ്ഞു ശോഷിച്ചവരാണ്. പക്ഷേ, വളരെ വിചിത്രമായൊരു ഉദാത്തീകരണത്തിൽ, അനാരോഗ്യതയുടെ ഈ സ്‌പഷ്‌ട ലക്ഷണങ്ങൾ സമൂഹമനസ്സിന്റെ സ്വീകരണതലത്തിൽ, ഏറെ പ്രിയപ്പെട്ട സൂപ്പർഹീറോകളുടെ യുവത്വമാണ്, കരുത്താണ്, ഉർവ്വരതയാണ്, ഉത്തേജകമായ പലതുമാണ്. 

ഗാബ്രിയൽ ചിന്തിക്കുന്നു: ഇത്രയും വിവരണങ്ങളിൽ ഒന്നും എന്നെ സൂപ്പർമാൻ ആക്കുന്നില്ല. എങ്കിൽ, എന്നെ ആ പേരിൽ വിളിച്ച പെൺകുട്ടികളോട് “എന്തുകൊണ്ട്?” എന്നു ചോദിക്കാൻ സമയമായില്ലേ? ഇല്ല. (മറ്റൊരു ചിന്താവലയം കൂടിയുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു.) 

വലയം രണ്ട്: ആംഗലത്തിൽ ഉയർന്ന നിലവാരമുള്ള പുസ്‌തകങ്ങൾ വായിക്കുന്നൊരാളാണ് ഗാബ്രിയൽ. ഫ്രീഡ്രിക്ക് നീച്ചയുടെ പുസ്‌തകങ്ങൾ വായിച്ചിട്ടില്ല, പക്ഷേ അദ്ദേഹത്തിന്റെ സൂപ്പർമാൻ എന്ന സങ്കൽപ്പം ഗാബ്രിയലിന് പരിചിതമാണ്. സൂപ്പർമാനെന്ന് തന്നെ വിളിച്ച പെൺകുട്ടികൾ നീച്ചയെക്കുറിച്ച് കേട്ടിട്ടു പോലുമില്ലെന്ന് അയാൾക്കറിയാം. ആകയാൽ, ഗാബ്രിയൽ വീണ്ടും സ്വയം ചോദിക്കുന്നു, സമയമായോ? 

ഒരു നിമിഷം, ഗാബ്രിയൽ! നീച്ചയുടേതെന്ന് പ്രഖ്യാപിക്കപ്പെട്ട സൂപ്പർമാൻ സിദ്ധാന്തത്തെക്കുറിച്ച് എനിക്ക് ചിലതു പറയാനുണ്ട്. ഇത് അടുത്ത ലക്കത്തിലാവട്ടെ. പക്ഷേ, പോഷകനദികൾ പോലെ എന്റെ മനസ്സിൽ വന്നു ചേരുന്ന ബിംബങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ഇതിവൃത്തം പെരുകുന്നു, കൊഴുക്കുന്നു, ചിതറുന്നു. 

ഇതേവരെ കേട്ടത്: Whatever will be, will be.

തോർ കൂട്ടിച്ചേർത്തത്: Whatever it takes.   

ജൂൺ 12, 2022   

എല്ലാവരും വാക്കുകളിലൂടെ ചിന്തിക്കുമ്പോൾ ഞാൻ ആകൃതികളിലൂടെ ചിന്തിക്കാൻ ശ്രമിക്കുന്നു. മെലിഞ്ഞ അരക്കെട്ടിനെ ഞാൻ ഒരിടത്ത് വിശേഷിപ്പിച്ചത് “കടന്നലിടുപ്പ്” എന്നായിരുന്നു. എന്റെ സുഹൃത്തായൊരു എഴുത്തുകാരി പറഞ്ഞു, “എന്തൊരു പ്രയോഗം!” ആയിരിക്കാം, എങ്കിലും ഇത് പല തരം ഉറുമ്പുകളുടെ ഇടുപ്പാകാം. ആംഗലഭാഷയിൽ ഉപയോഗിക്കുന്ന ചില ഫോണ്ടുകളിൽ “ജി”എന്ന ശബ്ദം കുറിക്കുന്ന അക്ഷരത്തിന്റെ ഇടുപ്പുമാകാം. 

പക്ഷേ, എന്റെ പ്രജ്ഞയിൽ ഒരു ലൈംഗികാകർഷണ സംജ്ഞയായി തെളിയുന്നതിനു മുൻപ്, എത്രയോ വർഷങ്ങൾക്കു മുൻപ്, നാലാം വയസ്സിൽ എന്നെ ഏറ്റവും കുഴപ്പത്തിലാക്കിയ അരക്കെട്ട് തികച്ചും മറ്റൊന്നായിരുന്നു – 8 എന്ന അക്കത്തിന്റെ അരക്കെട്ട്. ഇല്ലായ്‌മയോളം  നേർത്തതിനാൽ എനിക്ക് പിടി തരാത്തത്!

ഞാൻ ആദ്യം എഴുതാൻ ശീലിച്ച ഇന്ത്യൻ ഭാഷാ ലിപി തെലുങ്കിന്റേതായിരുന്നു. പക്ഷേ, ആന്ധ്രാപ്രദേശിൽ, ദ്രോണാചലത്തിലെ ഒരു സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നതിനു ശേഷം മാത്രം. അതിനും എത്രയോ മുൻപേ അച്ഛൻ (ഞങ്ങളുടെ പ്രിയപ്പെട്ട പപ്പ) എനിക്ക് പരിചയപ്പെടുത്തിത്തന്നത് അക്കങ്ങളും ആംഗലത്തിലെ അക്ഷരങ്ങളുമായിരുന്നു. അക്ഷരങ്ങൾ പ്രശ്‌നമായിരുന്നില്ല. ചില അക്കങ്ങൾ പ്രശ്‌നമായിരുന്നു (ഗണിതം ഗ്രഹിക്കാനാവാത്തൊരു മണ്ടൻ എഴുത്തുകാരനാകാൻ തുടക്കത്തിലേ ഞാൻ ശപിക്കപ്പെട്ടിരുന്നോ!)

ഒമ്പതും പ്രശ്‌നമായിരുന്നു, പക്ഷേ ചെറിയൊരു പ്രശ്‌നം. എന്റെ ഒമ്പതിന്റെ മുഖം വിപരീത ദിശയിലേക്കായിരുന്നു. പരിഹാരം? ഞാൻ പപ്പയുടെ മുഖത്തേക്ക് നോക്കി. പപ്പ പറഞ്ഞു, “കഴുത്ത് ഇടത്തോട്ടു തിരിക്കാമെങ്കിൽ വലത്തോട്ടും നിനക്ക് തിരിക്കാം.” / അതത്ര കൃത്യമായൊരു പ്രമാണമാണെന്ന് എനിക്ക് തോന്നിയില്ല, എങ്കിലും അതിലൊരു യുക്തിയുണ്ട്. കഴുത്ത് ഇടത്തോട്ട് തിരിച്ച് ഞാൻ അനുസരിച്ചു. കിട്ടി 9, അസ്സൽ ഒമ്പത്.   

എട്ട് അസാധ്യം. ആ വയസ്സിൽ അഷ്ടാവക്രന്റെ കഥ ഞാൻ കേട്ടിരുന്നില്ല. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ പറയാം, ഗർഭസ്ഥ ശിശുവായിരുന്നപ്പോൾ ആരുടെ തെറ്റും ഞാൻ തിരുത്തിയിട്ടില്ലെങ്കിലും, ഒരു പക്ഷേ പിറക്കും മുൻപേ എനിക്കൊരു ശാപം കിട്ടിയിരിക്കണം: നിനക്കൊരിക്കലും എട്ട് എന്ന അക്കം എഴുതാൻ കഴിയാതെ പോകട്ടെ! ഒമ്പതിലും എല്ലാ ആംഗല അക്ഷരങ്ങളിലും എന്നോടൊപ്പം ഉണ്ടായിരുന്ന അച്ഛൻ എട്ടിന്റെ കാര്യത്തിൽ എന്നെ കൈവെടിഞ്ഞിരുന്നു. അമ്മയാണ് പകരം വന്നത്.

അമ്മ ഗണിതജ്ഞയായിരുന്നില്ല, സംഗീതജ്ഞയായിരുന്നു – ഒരു ബാലികാപ്രതിഭ (child prodigy). എവിടെയും എത്തിയില്ല. പക്ഷേ ഞാൻ ജനിച്ച വീട്ടിലെ പല ചുവരുകളിലും അമ്മയുടെ മറ്റൊരു വൈദഗ്ദ്ധ്യത്തിന്റെ അടയാളങ്ങൾ എന്നെന്നേക്കുമായി ചട്ടങ്ങളിൽ തൂങ്ങിക്കിടന്നിരുന്നു – ചിത്രത്തയ്യൽ (എംബ്രോയ്‌ഡറി). പെൻസിൽ കയ്യിലെടുത്ത് എന്റെ നോട്ടുപുസ്തകത്തിൽ അമ്മ ഒരു ഗത്യന്തരം വരച്ചു കാണിച്ചു: “ചെറിയൊരു വട്ടം… ഇങ്ങനെ. പിന്നെ അതിനോട് ചേർത്ത് ചുവട്ടിൽ മറ്റൊരു ചെറിയ വട്ടം… ഇങ്ങനെ.”

ദാ, കിടക്കുന്നു 8! 

ഞാൻ ഗാബ്രിയലിനോട് പറയുകയായിരുന്നു: “ഇപ്പോളും ഞാൻ 8 എന്നെഴുതുന്നത് ഒന്നിന് താഴെ മറ്റൊന്നായി രണ്ടു ചെറിയ വൃത്തങ്ങൾ വരച്ചുകൊണ്ടാണ്. ഗുണപാഠം: ഗതി കിട്ടും മുൻപേ ഗത്യന്തരങ്ങളിലേക്ക് കടക്കുക! Whatever it takes… ഗാബ്രിയൽ, ഞാൻ മറ്റൊരു വൃത്തം ഓർക്കുന്നു. കവിതയിലെ വൃത്തം. മാലിനി വൃത്തം. ലക്ഷണ വിവരണത്തിൽ ഒരു പ്രയോഗമുണ്ട്: എട്ടിൽ തട്ടണം മാലിനിയ്ക്ക്!” 

എന്നെ അമ്പരപ്പിച്ചുകൊണ്ട് ഗാബ്രിയൽ ചോദിച്ചു, “ഈ എട്ടാണോ പോയ ലക്കത്തിൽ പറഞ്ഞ നീരാളിക്കെട്ടിലൂടെ ശാപമോചനം നേടിയത്?”

ഞാൻ പറഞ്ഞു, “ഗാബ്രിയൽ, ഇത്. ഇത്. ഇത്… ഇതുകൊണ്ടാണ് ആ പെൺകുട്ടികൾ നിന്നെ സൂപ്പർമാനെന്ന് വിളിച്ചത്. എന്തുകൊണ്ടെന്ന് അവരോട് ചോദിക്കേണ്ടതില്ല. എത്തേണ്ടിടത്ത് നമ്മെക്കാൾ മുൻപ് പെണ്ണെത്തുന്നത് എന്തുകൊണ്ടെന്ന് നീ  ആശ്ചര്യപ്പെടുന്നു. പ്രാഥമികം. പെണ്ണിന് എവിടെയും എത്തേണ്ടതില്ല. കാരണം, എത്തേണ്ട ഇടം അവൾ തന്നെയാണ്.”

Content Summary: Que sera sera, column by Maythil Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA
;