ജൂൺ 16, 2022
ആമയെ സ്നേഹിക്കാൻ ഒരു കാരണമേ എനിക്കാവശ്യമുള്ളൂ: ആമ ആമയാണെന്നതു മാത്രം. പനിനീർപ്പൂവൊരു പനിനീർപ്പൂവൊരു പനീനീർപ്പൂവൊരു പനിനീർപ്പൂവേ! ("Rose is a rose is a rose is a rose" – ഗറ്റ്റൂഡ് സ്റ്റൈൻ). “കെയ് സെറ സെറ” എന്നതിന്റെ വർത്തമാന അവസ്ഥയാണത്: എന്തായാലും അത് അതാണ്. ബഹുമുഖ പ്രതിഭയായിരുന്ന ലീബ്നസിന്റെ സ്വത്വ നിയമം (Law of identity) ഇതു തന്നെയാണ്. ഇതിൽ തർക്കശാസ്ത്രമുണ്ട്, സൗന്ദര്യശാസ്ത്രമുണ്ട്.
പക്ഷേ, ഒരു വ്യക്തി ആമക്കെതിരെ തിരിഞ്ഞു: ഷബിത (അല്ല, ‘റ്റൈപോ’ അല്ല ; പോയ ലക്കങ്ങളിലൂടെ നിങ്ങൾ പരിചയപ്പെട്ട ബബിതയല്ല).
പത്രപ്രവർത്തകയും നോവലിസ്റ്റുമായ ഷബിത എനിക്കെഴുതി: “എന്തൊരു നുണയാണ് ആമ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്! ആമയ്ക്ക് എല്ലാം അറിയാം. പന്തയത്തില്‍ ജയിക്കാന്‍ പോകുന്ന കാര്യവും. എന്നിട്ടും മുയലിനെ കുരങ്ങു കളിപ്പിക്കുന്നു! സെലിബ്രിറ്റി ക്രിക്കറ്റ് പോലെയാണ് ആമയും മുയലും തമ്മിലുള്ള പന്തയം. ആമയ്ക്ക് ജയിക്കാന്‍ വേണ്ടി മുയലിനെ ഉറക്കുന്നു.”
എതിർപ്പിലേക്കുള്ള കൗതുകകരമായ ഈ ചായ്വിനപ്പുറം അതിലെ തമാശയാണ് ആദ്യം എന്നെ ആകർഷിച്ചത്. പിന്നീട്, തികച്ചും വ്യത്യസ്തമെന്ന് തുടക്കത്തിൽ തോന്നിച്ചൊരു വിഷയത്തിലൂടെ കടന്നു പോകുന്നതിനിടയിൽ ഞാൻ പെട്ടെന്ന് നിന്നു. പിന്നിട്ടേടത്തേക്കുള്ള തിരിച്ചുപോക്ക് ചിലപ്പോൾ ഒരു കണ്ടെത്തലിൽ എത്താം. ഒരു വീഡിയോ കാണുന്നതിനിടയിൽ പല പ്രാവശ്യം ‘റീവൈൻഡ്’ ചെയ്യൽ എന്റെയൊരു സ്വഭാവമാണ്.
ചിലപ്പോൾ, പന്തയക്കളത്തിൽ ഓട്ടം തുടങ്ങുന്ന ഇടത്തിലേക്ക് തിരിച്ചു പോകുന്നൊരു മുയലാണ് ഞാൻ. അതിനും പിന്നിൽ മറ്റൊരു പന്തയം വ്യാഖ്യാനത്തിനായി എന്നെ കാത്തിരിക്കുന്നു.
ജൂൺ 17, 2022
എന്റെ കലൻഡറനുസരിച്ച് ഈ ആഴ്ചയിലെ വിഷയമാണ് സുഭാഷിതങ്ങളെന്നും സൂക്തങ്ങളെന്നും നീതിവാക്യങ്ങളെന്നും മറ്റും അറിയപ്പെടുന്ന ആഫറിസങ്ങൾ (aphorisms). ഇവയുടെ മുൻനിരയിൽ ഓസ്കാർ വൈൽഡിന്റെ സംഭാവനകളുണ്ട്. സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്’ എന്ന കവിതയോട് ചേർത്തു പറഞ്ഞാൽ, ലോകസാഹിത്യം മുഴുവൻ നിങ്ങളെടുത്തോളിൻ, വൈൽഡിന്റെ സൂക്തങ്ങൾ മാത്രം എനിക്ക് തരിക! ഇവയിൽ ഓരോന്ന് വായിക്കുമ്പോളും എനിക്ക് തോന്നും, ഹേയ്, ഇത് ഞാനല്ലേ പറഞ്ഞത്! അല്ല, മേതിൽ, നിങ്ങൾ ജനിക്കുന്നതിന് എത്രയോ വർഷങ്ങൾക്കു മുൻപ് ഇവയെല്ലാം ഇവിടെയുണ്ടായിരുന്നു. ഓർക്കുന്നുണ്ടോ?
Every saint has a past, and every sinner has a future (ഓരോ പുണ്യവാളനും ഒരു ഭൂതമുണ്ട്, ഓരോ പാപിക്കും ഒരു ഭാവിയുണ്ട്).
ഏതു തരം വ്യാഖ്യാനങ്ങളിലും ഏതു തുറയിലെയും മുൻനിരക്കാരാവും ഏറ്റവും എളുപ്പത്തിൽ ആർക്കും കിട്ടാവുന്ന ഉദാഹരണങ്ങൾ. പല തലമുറകളിലൂടെ ആധികാരികമായി തുടരുന്ന സുഭാഷിതങ്ങളിൽ ആഭിജാത്യത്തിന്റെ ധ്വനിയുണ്ടെന്ന ആരോപണം ഉന്നയിച്ചവരുണ്ട്. വൈൽഡിനെ മാത്രം അപേക്ഷിച്ചായാൽ ഇതിൽ യുക്തിയുടെ പ്രതീതിയുണ്ടാവാം. കാരണം, വൈൽഡിന്റെ ജനനം വളരെ ഉയർന്ന പദവിയുള്ളൊരു കുടുംബത്തിലായിരുന്നു.
സൂസൻ സോൻറ്റാഗ് പറഞ്ഞു, ‘ആഫറിസങ്ങൾ’ അഭിജാതവർഗത്തിന്റെ വിചിന്തനങ്ങളാണ്. ഇത്രയും ഹ്രസ്വമായേ നിങ്ങളോടെന്തെങ്കിലും പറയാൻ ഇവർക്ക് കഴിയൂ. ആവശ്യമുള്ള വിശദാംശങ്ങളില്ലാതെ എത്രയും പെട്ടെന്ന് ഉള്ളടക്കം നിങ്ങളിൽ എത്തണം.
സത്യത്തിൽ, സോൻറ്റാഗിന്റെ ഉപസംഹാരത്തിൽ ഒരു വിരോധോക്തിയുണ്ട്. എത്രയോ തലമുറകളുടെ കാലയളവുകളിലൂടെ നിരന്തരമായി ഭാവിയിലേക്ക് തുടരുന്നൊരു ഭാഷിതമെങ്ങനെയാണ് “പെട്ടെന്നെത്തിക്കൽ” ആവുക! ഇവിടെ എത്തും എന്ന ഉറപ്പില്ല, എത്തിക്കാൻ നിയതമായൊരു സദസ്സ് പോലും ഇല്ല. പിന്നെ, പെട്ടെന്നെത്തിക്കലിലെ കാലദൈർഘ്യത്തെക്കുറിച്ച് കാൾ ക്രോസ് പറഞ്ഞു,” റ്റൈപ്പിസ്റ്റിനൊരു സുഭാഷിതം പറഞ്ഞുകൊടുക്കാൻ നിങ്ങൾക്ക് കഴിയില്ല. അതിന് വളരെയേറെ സമയം വേണ്ടിവരും.”
വിരോധോക്തികൾ ഇനിയുമുണ്ട്. ചില ചൊല്ലുകൾ കർത്തൃത്വം തേഞ്ഞു മാഞ്ഞ് പഴഞ്ചൊല്ലുകളായി കലാശിക്കുന്നു. വേറെ ചിലവയാകട്ടെ ഒരു പുസ്തകത്തിന്റെ ഇതിവൃത്ത അന്തരീക്ഷത്തിൽ നിന്ന് വേർപെട്ട്, വാചകമേളകളിൽ ഉദ്ധരിക്കപ്പെടുന്ന ചില വരികൾ പോലെ, ഒറ്റപ്പെട്ട പ്രസ്താവനകളായി അവതരിക്കപ്പെടുന്നു, ആ നിലയിൽ തെറ്റിദ്ധരിക്കപ്പെടുന്നു, (ദുർ)വ്യാഖ്യാനിക്കപ്പെടുന്നു.
ഓസ്കാർ വൈൽഡ് പാപികളെയും പുണ്യവാന്മാരെയും കുറിച്ച് പറഞ്ഞ വരികൾ ഇന്ത്യയിലെ ഒരു കോടതിയിൽ എത്തിയ വാർത്തക്ക് ഒരു മാസം പഴക്കമുണ്ട്. നിങ്ങൾ ഇത് വായിച്ചിരുന്നോ? വൈൽഡിന്റെ വരികൾ ഒരു നാടകത്തിന്റെ ഭാഗമാണ്. ഒരു സൂക്തമായി ഒറ്റപ്പെടുകയാൽ ഈ വരികൾ അക്ഷന്തവ്യമാം വിധമാണ് കോടതിയിൽ ദുർവ്യാഖ്യാനിക്കപ്പെട്ടത്. ഇതിവൃത്തം അടുത്ത ലക്കത്തിൽ കലുഷമാകട്ടെ.
ജൂൺ 18, 2022
സുഭാഷിതങ്ങളെക്കുറിച്ചൊരു പുസ്തകം (Hard Language) എഴുതിയ വ്യക്തിയാണ് റീസർച്ഗേറ്റിൽ എനിക്ക് പരിചിതയായ നൗറിൻ മസ്ഊദ്. ഇവരുടെ എടുപ്പിൽ “ആഫറിസത്തിന്റെ വെട്ടിത്തിളങ്ങുന്ന ഉപരിതലത്തോളം ആഴമുള്ളതായി മറ്റൊന്നുമില്ല”. നൗറിന്റെ അസാധാരണമായ നിരീക്ഷണം എന്റേതായ രീതിയിൽ ഗ്രഹിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ.
വിജനമായ കടൽത്തീരത്ത് ചെന്ന് ചെറുകല്ലുകൾ വായിലിട്ട് തിരമാലകളെക്കാൾ ഉച്ചത്തിൽ സംസാരിച്ചാണ് അപാര ചിന്തകനായ ഡൈയോജെനീസ് തന്റെ വിക്ക് (stammer/stutter) നിർത്തിയതെന്ന് ചിലർ പറയുന്നു. ഭയവും നിസ്സഹായതയും ചിന്തയിലുണ്ടാക്കുന്ന വിക്ക് നിർത്താനും ഈ കടൽത്തീര പരിശീലനം ഉതകുമെന്ന് ഞാൻ കരുതുന്നു. പക്ഷേ ആഫറിസം വിജനത തേടുന്നില്ല. അത്യന്തം വൈയക്തികവും തീവ്രവുമാകയാൽ ആരോടും പറയാനാവാത്ത ദുഃഖങ്ങൾ ആത്മാവിഷ്കാരമാകാതെ ബാഹ്യവൽക്കരിക്കാൻ എന്താണ് മാർഗം? എളുപ്പം. സംക്ഷേപിക്കുക, ഒരു സൂക്തം പോലെ ലോകത്തിൽ എല്ലാവർക്കുമായി പരസ്യമാക്കുക! (സൂസൻ സോൻറ്റാഗിന്റെ ആരോപണം: അത്രയേ ഇവർക്ക് കഴിയൂ. അത്രയും മതി, പ്രിയപ്പെട്ട സൂസൻ!)
നൗറിൻ അനുബന്ധമായി പറഞ്ഞു: അലർച്ചയാണെങ്കിൽ ഇത് തലയണയിൽ മുഖം അമർത്തിയുള്ള അലർച്ചയാണ്.
ജൂൺ 19, 2002
നിങ്ങൾ ഒരു മൈതാനത്തിൽ പന്തു കളിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തുള്ള മൈതാനത്തിൽ മറ്റൊരു കളിയിലെ റെഫറിയുടെ ചൂളംവിളി നിങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നിക്കും വിധമാണ് പെട്ടെന്നൊരു വിചാരമുണ്ടായത്. സത്യത്തിൽ, ഒരു കഥ മുഴുവൻ വിശദമായി പറഞ്ഞതിനു ശേഷം ഗുണപാഠം ഉറപ്പിക്കുന്ന കഥകളല്ലേ പെട്ടെന്നെത്തിക്കാവുന്ന സൂക്തങ്ങളേക്കാൾ ആധികാരികമായി പല കാലഘട്ടങ്ങളിലൂടെ നിരന്തരമായി തുടരുന്നത്?
ഈസോപ്പിന്റേതു പോലുള്ള ഗുണപാഠകഥകളുടെ നിർവചനം തന്നെയാകുന്ന ലക്ഷണം എന്താണ്? ഇവയിലെ കഥാപാത്രങ്ങൾ മനുഷ്യേതര ജീവികളാണ്. പക്ഷേ, ജന്തുസ്വഭാവശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ ഈ കഥാപാത്രങ്ങൾ പക്ഷിമൃഗാദികളാവുന്നത് ആകൃതികളിലും അവയവങ്ങളിലും മാത്രം. മാനുഷികതയുടേത് മാത്രമെന്ന് നമുക്ക് തിരിച്ചറിയാവുന്ന ചേഷ്ടകളും വാസനകളും സിദ്ധികളും ഇവയിലേക്ക് പ്രക്ഷേപിക്കപ്പെടുന്നു. ഇതിൽ ഒരു തരം ബാഹ്യവൽക്കരണം ഞാൻ സങ്കൽപ്പിക്കുന്നു.
മനഃശാസ്ത്രം പറയുന്ന ബാഹ്യവൽക്കരണമല്ല ഞാൻ ഉദ്ദേശിക്കുന്നത്. ബാഹ്യ മാതൃകകളിൽ വാസ്തവിക ലോക പ്രക്രിയകളുടെ അനുകരണം (simulation) ശാസ്ത്രീയ പരീക്ഷണങ്ങളിൽ സാധാരണമാണ്. അനുഭവങ്ങളിലൂടെ പരിചിതമായ സംഭവങ്ങളും സന്ദർഭങ്ങളും ബാഹ്യമായി അനുകരിക്കപ്പെടുമ്പോൾ, ഏറ്റവും കർക്കശമായ ആത്മപരിശോധനയിൽപ്പോലും സാധ്യമല്ലാത്തൊരു വസ്തുനിഷ്ഠത നമുക്ക് പ്രാപ്യമാകാം.
ഗുണപാഠകഥകളിലെ ആധികാരികതയുടെ രഹസ്യം ഇതായിരിക്കാം എന്ന നിഗമനം എന്റെ വ്യാമോഹമാകാം. ശരിയായാലും തെറ്റായാലും, മറ്റൊരു തരം ബാഹ്യവൽക്കരണം കൂടി ഇവിടെയുണ്ട്. നിങ്ങളുടെ മനസ്സിൽ ആരോ ഏൽപ്പിച്ചൊരു വ്രണം, ആഘാതം, അപമാനം ഒരു ഗുണപാഠത്തിലെ ഉചിതമായ വിധിയെഴുത്തിൽ ശമനം അഥവാ നൈതികമായ പരിസമാപ്തി (closure) കണ്ടെത്താം.
ആധുനിക ഭാഷാസങ്കേതങ്ങളിൽ ‘ക്ളോഷർ’ എന്ന വാക്കിന് വളരെ വിപുലമായൊരു വിവക്ഷയുണ്ട്. ഇതിനൊരു വിപരീതവുമുണ്ട്. ഗുണപാഠം ചിലപ്പോൾ വേണ്ടത്ര വിചാരണയില്ലാത്തൊരു അടച്ചുപൂട്ടലാവാം, മനസ്സിലെ പാടുകൾ മുറിവുകളായി വീണ്ടും തുറക്കപ്പെടാം.
എന്റെ സ്മൃതികളിൽ കുട്ടിക്കാലത്ത് എന്നെ ശല്യപ്പെടുത്തിയൊരു ഗുണപാഠകഥയുണ്ട്. എഴുതിയതാരെന്ന് ഓർക്കുന്നില്ല, ഗുണപാഠം എന്തെന്നും ഓർക്കുന്നില്ല, പക്ഷേ കഥയിൽ ഗുണപാഠം പ്രവചിതം.
ആ കഥയിൽ ഒരു പക്ഷിക്കൂട്ടമുണ്ട്. കൂട്ടത്തിൽ ഒരു പക്ഷിക്ക് നല്ല വലിപ്പമുണ്ട്, മറ്റേതു പക്ഷിയെക്കാളും ഉയരത്തിൽ പറക്കാനുള്ള കഴിവുണ്ട്, അതിന്റെ ഗരിമയിൽ അഹങ്കാരവുമുണ്ട്. ഒരിക്കൽ, ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷിയെ തിരഞ്ഞെടുക്കാൻ ഒരു പന്തയം നടക്കുന്നു. പന്തയത്തിന്റെ തുടക്കത്തിൽ വളരെ ചെറിയൊരു പക്ഷി അഹങ്കാരിയായ പക്ഷിയുടെ സ്ഥൂലശരീരത്തിൽ ഒരിടത്തു കയറിയൊളിക്കുന്നു; വലിയ പക്ഷി പരമാവധി ഉയരത്തിലെത്തിയപ്പോൾ ഒളിയിടത്തിൽ നിന്ന് ഏതാനും അടികൾ മുകളിലേക്ക് പറക്കുന്നു. അങ്ങനെ ചെറിയ പക്ഷി പന്തയത്തിൽ ജയിക്കുന്നു!
ദൈനംദിന ജീവിതം തന്നെ പല തരം പന്തുകളുമായുള്ള കെട്ടിമറിയലിൽ മുഴുകിയിരുന്നൊരു കാലഘട്ടത്തിൽ ഏതു മൈതാനത്തിലും ഒരു കളിയും, അതിനകത്തെ കള്ളക്കളിയും, റെഫറിയുടെ ചൂളംവിളിയും സങ്കൽപ്പിക്കാൻ കഴിയുന്നൊരു മനസ്സോടെയാണ് ഞാൻ ഈ കഥ കേട്ടത്. കേട്ട് തീർന്നപ്പോൾ ഉള്ളിൽ ഞാൻ ഉറക്കെ ചൂളം വിളിച്ചു.
ഫൗൾ! ഫൗൾ! ഫൗൾ!
ഏതോ വലിയൊരു മനുഷ്യൻ നൽകിയൊരു ഗുണപാഠത്തിലെ നൈതിക പക്ഷപാതത്തെ ചോദ്യം ചെയ്യാനുള്ള ധിക്കാരം തീർച്ചയായും ആ പ്രായത്തിൽ എനിക്കുണ്ടായിരുന്നു, പക്ഷേ അതിനാവശ്യമായ വിജ്ഞാനം ഉണ്ടായിരുന്നില്ല. കായിക മത്സരങ്ങളിലെ നിയമങ്ങളിലൂടെ പൊതുവായി രൂപപ്പെട്ടൊരു വാദം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ആ വാദം പറഞ്ഞു: ഏറ്റവും ഉയരത്തിൽ പറക്കുന്നതാരെന്ന് നിശ്ചയിക്കുന്നൊരു പന്തയത്തിൽ എല്ലാ പക്ഷികളും പറന്നുയരേണ്ടത് സമനിരപ്പായ ഒരേ ഉപരിതലത്തിൽ നിന്നാവണം.
പക്ഷേ, ഇന്നും ആ ഗുണപാഠകഥ എന്നെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിൽ, ‘ക്ളോഷർ’ ലഭിച്ചിട്ടില്ലാത്തൊരു പരാതിയോ അപമാനബോധമോ കുട്ടിക്കാലത്ത് എന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണമെന്ന തീരുമാനത്തിൽ ഞാൻ എത്തുന്നു.

ജൂൺ 20, 2002
വളരെ സങ്കോചത്തോടെയാണ് എന്റെ മനസ്സിലുള്ള ആശയം ഷബിതയുമായി ഞാൻ പങ്കിട്ടത്: “ഫേയ്ബിളുകൾ (fables). ഗുണപാഠങ്ങൾ. പൊതുവേ എല്ലാവരും ഈ ഗുണപാഠങ്ങളുമായി യോജിക്കുന്നു. പക്ഷേ. നിനക്ക് യോജിക്കാൻ കഴിഞ്ഞില്ലെങ്കിൽ? ആമയുടെയും മുയലിന്റെയും കഥയോട് പ്രതികരിക്കുമ്പോൾ നീ സന്തുഷ്ടയായിരുന്നില്ലെന്നാണ് എനിക്ക് തോന്നിയത്. ഈ അനുമാനം ശരിയാണെങ്കിൽ, നിന്റെ വ്യാഖാനത്തിൽ എനിക്ക് തോന്നിയ തമാശ സത്യത്തിൽ ഒരു തമാശയല്ല. വ്യക്തിപരമായോ നൈതികമായോ, ഈ കഥയിൽ ഒരു ചതി തുടരുന്നുവെന്നതാണോ നിന്റെ അനുഭവം?”
ഷബിത എഴുതി: “മേതിലിന്റെ അനുമാനം ശരിയാണ്. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. എനിക്ക് എല്ലാ വ്യവസ്ഥകളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട സമയമായിരുന്നു. ആമയും മുയലുമല്ല, ഏത് നീതിസാരക്കഥയും ഞാന്‍ വലിച്ചു പറിക്കുന്ന സന്ദര്‍ഭമായിരുന്നു.”
പ്രിയപ്പെട്ട മുൽക് രാജ് ആനന്ദുമായുള്ളൊരു സംവാദം സച്ചിദാനന്ദൻ വർഷങ്ങൾക്ക് മുൻപ് രേഖപ്പെടുത്തിയിരുന്നു. സ്നേഹമയിയായൊരു അമ്മ എങ്ങനെ സ്നേഹശൂന്യയായൊരു ശത്രുവായി മാറാമെന്നതിനു ദൃക്സാക്ഷിയായൊരു എഴുത്തുകാരന്റെ സത്യവാങ്മൂലം ഇതിൽ കാണാം. സ്ത്രീപക്ഷപാതിയാണ് താനെന്ന് എന്നോട് ഏറ്റുപറഞ്ഞിരുന്ന ഷബിതയിൽ നിന്ന് ഞാൻ ചില സ്ത്രീവിരുദ്ധ പ്രസ്താവനകൾ കേട്ടു. സ്വാഭാവികമായും, ഇവ സാമാന്യമല്ല; ഇവയുടെ പ്രസക്തി ആമയും മുയലും പ്രതീകാത്മകമാകുന്നൊരു പന്തയത്തിന്റെ ആഖ്യാന സന്ദർഭത്തിലെ പ്രത്യേക റോളുകളിൽ ഒതുങ്ങി നിൽക്കുന്നു.
സ്ത്രീ ഒരു പ്രായം കഴിഞ്ഞാൽ ഒരു കുലപതി അഥവാ പാത്രിയര്‍ക്കീസ് (Patriarch) ആയി മാറുന്ന തിരക്കഥാഖ്യാനത്തിൽ ഷബിത പറയുന്നു: “ചില കുടുംബങ്ങൾ ആമയെപ്പോലെ സമൂഹത്തില്‍ പതിയെ നടന്ന് നല്ലത് പറയിപ്പിക്കും… മുയലായ എനിക്കറിയാം, ഉറങ്ങിക്കൊടുത്തേ മതിയാവൂ! ആമ എല്ലാവരുടെയും സഹാനുഭൂതി ഏറ്റുവാങ്ങിക്കൊണ്ട് മന്ദം മന്ദം മുമ്പേ തീരുമാനിച്ചുറപ്പിച്ച വിജയത്തിലേക്ക് നടന്നടുക്കും. പക്ഷേ മുയലോ, തോല്‍വി സമ്മതിച്ചുകൊണ്ട്, ആമ-മുയല് ദ്വന്ദ്വത്തിന്റെ ഭാഗമായി തലമുറകള്‍ക്ക് ‘വലിയ പാഠം’ തന്നെയായി നിലനില്ക്കും… ആമയുടെ ജെൻഡർ അല്ല പ്രശ്നം; മൗനവും മെല്ലെപ്പോക്കുമാണ്. ആമ ഒരു ‘സൈലൻറ്റ് പോയസൻ’ ആണ്.”
നൗറിൻ മസ്ഊദിന്റെ വിശേഷണമാണ് ഞാൻ ഓർത്തത്: തലയണയിൽ മുഖം അമർത്തിയുള്ള അലർച്ച!
ഒരിക്കൽ, ആമയും മുയലുമായി ഒരു തരം ബന്ധവുമില്ലാത്ത ആരോഗ്യകാര്യങ്ങൾ സംസാരിക്കുമ്പോൾ ഞാൻ ഷബിതയോട് പറഞ്ഞിരുന്നു: “ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും നിനക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.” / മറുപടി: “ഇല്ല. ഉറക്കമാണെന്റെ ഹരം… ഉറക്കത്തിന്റെ പേരില്‍ ഞാനെത്ര അപമാനിക്കപ്പെട്ടിരിക്കുന്നു!” / പന്തയവുമായി ഇതിനെ ബന്ധിപ്പിച്ചാൽ?
Content Summary: Que sera sera-3, Column by Maythil Radhakrishnan