നൃത്തം പഠിപ്പിക്കുന്ന കൃതികളെവിടെ? (ഒന്ന്)

HIGHLIGHTS
  • മേതിൽ രാധാകൃഷ്ണൻ എഴുതുന്ന പംക്തി
  • കെയ് സെറ, സെറ
Methil Devika
സർപ്പ തത്വം എന്ന ഹൃസ്വചിത്രത്തിൽ മേതിൽ ദേവിക. (ഫയൽ ചിത്രം)
SHARE

ജൂൺ 23, 2022 

നീചം, നീച്ചേ, നീച്ച, നാച്ചോ! … അക്ഷരങ്ങൾ കൊണ്ടുള്ള കളികൾ ചിലപ്പോൾ നമ്മെ ഓർക്കാപ്പുറത്തെ ചില സംയോജനങ്ങളിൽ എത്തിക്കുന്നു; ഒരു കണ്ടെത്തലിനു ശേഷം തിരിഞ്ഞു നോക്കുമ്പോൾ മാത്രമാണ് ഏതെല്ലാം ഇടങ്ങളിലാണ് അതിലേക്കുള്ള സൂചനകൾ ചിതറിക്കിടന്നിരുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നത്. എന്നുവെച്ചാൽ, ആ സൂചനകളല്ല നിങ്ങളെ കണ്ടെത്തലിലേക്ക് നയിച്ചത്; കണ്ടെത്തലിനു ശേഷമാണ് നിങ്ങൾ സൂചനകൾ തിരിച്ചറിയുന്നത്.  

ഞാൻ ഗാബ്രിയലിനോട്‌ പറയുകയായിരുന്നു, “ഫ്രീഡ്രിക്ക് നീച്ചയാണ് നിന്റെ മനസ്സിലുള്ളതെങ്കിൽ, ‘സൂപ്പർമാൻ’ എന്ന വാക്ക് വെട്ടിക്കളയുക. മനുഷ്യവംശത്തിന്റെ അതിജീവന മന്ത്രമാകാവുന്നൊരു സങ്കൽപ്പം ഒരിക്കലും ഡിസി കോമിക്‌സിലെ അവതാരമല്ല. ‘സൂപ്പർമാൻ’ എന്ന പ്രയോഗം ഒരു വിവർത്തനപ്പിശകാണ്‌. നീച്ചയുടെ മൗലിക വിശേഷണം ഇന്ത്യക്കാർക്ക് കൂടുതൽ എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയും.”

യൂബർമെൻഷ്  - Übermensch (ജർമ്മൻ). ‘ഊപ്പർ’ (ഹിന്ദി); ‘ഉപരി’ (സംസ്കൃതം, മലയാളം). Above/Over (ആംഗലം). 

സൂപ്പർമാൻ ശരിക്കും ഉപരിമനുഷ്യനാണ്. പോരാ, പറക്കുന്ന മനുഷ്യനല്ല, നിലത്തിൽ അഥവാ തറയിൽ നിൽക്കുകയും ചുവടുകൾ വെക്കുകയും ചെയ്യുന്ന മനുഷ്യനാണ് ഉപരിമനുഷ്യൻ. നീച്ച “നീച്ചേ” (കീഴെ, അടിയില്‍, താഴെ, ചുവടെ - ഹിന്ദി). 

അപ്പോൾ “നീചം”? പലപ്പോളും നിഷേധാത്മകമായ ഗുണവിചാരങ്ങളിൽ എത്താറുണ്ടെങ്കിലും ഈ വാക്ക് സ്ഥാനബദ്ധമാകാമോ? ആകാം, തീർച്ചയായും. എന്റെ സുഹൃത്തായ ഡോ: ഗായത്രി ദേവിയാണ് “നീചഭാഗേ (അധോഭാഗേ) നിഷ്പന്ന” എന്ന വിവരണം അറിയിച്ചത്. ഉച്ചാരണസ്ഥാനങ്ങളുടെ കീഴ്പ്പാതിയിലൂടെ (നീചഭാഗത്തിലൂടെ) വരുന്ന സ്വരങ്ങൾ അനുദാത്തങ്ങൾ. 

ശ്രീയും സമൃദ്ധിയും സൂചിപ്പിക്കുന്ന ‘ഉദാത്തം’ എന്ന അലങ്കാരമാണ്  പെട്ടെന്ന് മനസ്സിൽ തെളിഞ്ഞത്. ഇതിന്റെ വിപരീതമല്ലേ അനുദാത്തം? വ്യാകരണ ശാസ്ത്രത്തിൽ അതങ്ങനെയല്ലെന്ന് എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു ഗായത്രി.   

എന്റെ ഭാഷാപരമായ മേച്ചിൽ ഏറെ ദീർഘിച്ചെങ്കിൽ എന്നോട് ക്ഷമിക്കുക. എനിക്ക് നീച്ചയെ എന്നോടൊപ്പം, തറയിൽ, മണ്ണിൽ, ഭൂമിയിൽ ആവശ്യമായിരുന്നു. സത്യത്തിൽ ആവശ്യപ്പെടേണ്ടതില്ല. നീച്ച എന്നും ചുവട്ടിലുണ്ടായിരുന്നു. ഞാൻ തിരിച്ചറിഞ്ഞില്ലെന്നു മാത്രം.

ജൂൺ 24, 2022 

വർഷങ്ങൾക്ക് മുൻപ് ഞാൻ ഇന്ത്യൻ എക്‌സ്പ്രസിന്റെ പ്രസിദ്ധീകരണമായ ‘യൂത്ത്‌ എക്‌സ്പ്രസ്’ (YES) എന്ന വെള്ളിയാഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാലം. ആദ്യത്തെ ‘ഡമ്മി’ ലക്കം തയ്യാറാകുന്നു. അതിന്റെ കവർ സ്റ്റോറി എന്താവണം? ചെറുപ്പക്കാരെ ആകർഷിക്കും വിധം ഞാൻ തിരഞ്ഞെടുത്ത വിഷയം: സൈക്കിളുകൾ, മോട്ടോർ ബൈക്കുകൾ. ദ്വിചക്രികളെന്ന് ഇവയെ വിളിക്കാൻ എന്നെ അനുവദിക്കുക. ഒരു ആവിഷ്‌കാരമെന്ന നിലയിൽ ഇവയുടെ അതുല്യത എങ്ങനെ  കൃത്യമായി വിവരിക്കാം?

സാങ്കേതികശാസ്ത്രത്തിന്റെ ചരിത്രമാണ് അസ്സൽ ചരിത്രമെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. ചരിത്രം മാറ്റിയെഴുതിയ പല കണ്ടുപിടുത്തങ്ങളും ആകസ്‌മികമാണെന്ന് നിങ്ങൾക്കറിയാം. ചില രാസദ്രവ്യങ്ങൾ ഇളക്കിക്കൊണ്ടിരിക്കുന്നതിന്നിടയിൽ ജോൺ വാലസ് ഒരു കോലിന്റെ അറ്റത്ത് കട്ട പിടിച്ച ദ്രവ്യം എടുത്തു മാറ്റാൻ ശ്രമിച്ചപ്പോൾ പെട്ടെന്നുണ്ടായ ജ്വലനമാണ് തീപ്പെട്ടിക്കോലുകളുടെ കണ്ടുപിടുത്തത്തിൽ കലാശിച്ചത്. പക്ഷേ, പൊതുവേ, താൻ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത് എന്തെന്നും എന്തിനെന്നും ഏറെക്കുറെയെങ്കിലും വ്യക്തമായ ധാരണയുള്ളവരാണ് കണ്ടുപിടുത്തക്കാർ. 

പക്ഷേ ദ്വിചക്രികളുടെ ആവിഷ്ക്കാരം? ഒരു സൈക്കിൾ നിർമ്മിക്കുകയും അതിൽ പെരുമാറുകയും ചെയ്യുന്നതിനു മുൻപ്, ഭൂഗുരുത്വവും സമതുലനാവസ്ഥയും കായികചലനങ്ങളും എല്ലാം പരിഗണിക്കപ്പെടുന്നൊരു പരിശീലന ക്രമത്തിലൂടെ ഒരു ദ്വിചക്രിയിൽ കയറിയുള്ള “സവാരി ഗിരി ഗിരി” സാധ്യമാണെന്ന് വിഭാവനം ചെയ്യാൻ കഴിയുന്നതെങ്ങനെ!

സൈക്കിൾ നിസ്‌തുലം. പ്രകൃതിയിൽ മാതൃകകൾ ഇല്ലാത്ത മനുഷ്യോൽപ്പന്നം. പക്ഷേ, ശരിക്കും മാതൃകകൾ ഇല്ലേ?  നരവംശശാസ്ത്രപരമായൊരു തുനിയലിന്റെ തുടർച്ച ഇവിടെയില്ലേ?

നാലും കൂട്ടിയുള്ള പല ചലനപ്രകാരങ്ങൾക്കിടയിൽ പെട്ടെന്ന് ഇരുകാലുകളിൽ ഭൂമിയിൽ കുത്തനെ നിവർന്നുയർന്നു നിന്നൊരു ജന്തുവെ മനസ്സിൽ കാണുക കാഴ്‌ചയുടെ കോണുകൾ പോലും മാറിയ അവസ്ഥയിൽ ചക്രവാളത്തിന്റെ ആകൃതിയും പൊരുളും മാറുന്നു. പ്രവചിക്കാം, ഈ ജന്തു ഭൂമിയെ മാറ്റിമറിക്കും. 

ഇനി ചലനം. ആദ്യത്തെ ചുവട്. ഇടത്, പിന്നെ വലത്‌. വാനരൻ നരനായി മാറുകയാണ്. ആദ്യമാദ്യം  ചുവടുകളിൽ വീണിരിക്കാം. പിന്നീടുള്ള ശ്രമങ്ങളിൽ ക്രമീകരണം: എടുക്കുന്ന സമയം, വേഗം. ഭൂഗുരുത്വത്തോട് പൊരുത്തപ്പെട്ട് സമതുലനം നേടുന്ന ഉടലിന്റെ പടുതി (പോസ്), താളം ഉണ്ടായിക്കഴിഞ്ഞു. നടടാ രാജാ, നടരാജാ! ഇവൻ ഒരു ദിനം താണ്ഡവം ആടുന്ന ശിവനാകും.   

പാട്ട് കേൾക്കുമ്പോൾ പലരും നൃത്തം ചെയ്യാൻ തുടങ്ങുന്നു – പ്രത്യേകിച്ചും മദ്യം ഒഴുകുന്ന വിരുന്നുകളിൽ. പാട്ടിനുള്ള അകമ്പടിയാണ് നൃത്തമെന്ന് തോന്നും – പ്രത്യേകിച്ചും ചുവടുകളിലും താളത്തിലും അറിവോ ശാഠ്യങ്ങളോ ഇല്ലാത്തവർ  നൃത്തത്തിൽ ഏർപ്പെടുമ്പോൾ. എന്റെ നരവംശശാസ്ത്ര സങ്കൽപ്പങ്ങൾ ഒരു വിപരീത ക്രമത്തിലാണ്: നൃത്തമാണ് സംഗീതം സൃഷ്‌ടിച്ചത്! 

ആദിയിൽ നൃത്തമുണ്ടായെന്ന നിഗമനത്തിന്റെ തുടർച്ചയിൽ, ഒരു ഗവേഷണ പ്രബന്ധത്തിലെ വിശദാംശം എന്ന നിലയിൽ “അകമ്പടി” പുനർവിചാരത്തിന് പ്രലോഭനമാകുന്നു. ഞാൻ ചിന്തിക്കുന്നു: സത്യത്തിൽ, നൃത്തത്തിന് സംഗീതത്തിന്റെ ആവശ്യമുണ്ടോ? പരിസരത്തിലെ താളമേളങ്ങളുടെ അനുഗമനമില്ലാതെ സ്വന്തം ചുവടുകളിലൂടെയും, ദൈഹിക ചലനങ്ങളിലൂടെയും, മനസ്സിലെ ഇതിവൃത്തത്തിന്റെ താളക്രമത്തിലൂടെയും നൃത്തത്തിന് സ്വയം അതിന്നാവശ്യമായ സംഗീതത്തിന്റെ അകമ്പടി ആന്തരികമായി സൃഷ്‌ടിക്കാൻ കഴിയില്ലേ?   

നൃത്തം ചെയ്യുന്നതിലും നൃത്തശാസ്ത്രം വിസ്‌തരിക്കുന്നതിലും തുല്യ സിദ്ധികളുള്ളൊരു വ്യക്തി പല നിലകളിലും ചുറ്റുവട്ടത്തുണ്ട് – മേതിൽ ദേവിക. എന്റെ മനസ്സിലെ ചോദ്യം ഞാൻ ദേവികയെ അറിയിക്കുന്നു.

ദേവിക പറയുന്നു: “പാട്ടുകാരും താളമേളക്കാരും ഒരാവശ്യമേ അല്ല. അവരുടെ അഭാവത്തിൽ നിങ്ങൾക്കുള്ളിലെ സംഗീതം പ്രേക്ഷകർ കേട്ടില്ലെന്നു വരാമെന്നതുകൊണ്ട് മാത്രമാണ് അവർ ഇവിടെയുള്ളത്. പ്രാപ്‌തിയുണ്ടെങ്കിൽ അവർ നിങ്ങൾക്കുള്ളിലെ സംഗീതത്തിന്റെ തനിപ്പകർപ്പുണ്ടാക്കും. ഇത് സാധ്യമല്ലെങ്കിൽ അവർ സ്ഥലത്തില്ലാത്തതാണ് ഉചിതം.”

ജൂൺ 25, 2022  

ചുവട്ടിൽ, മുകളിൽ എന്നീ സ്ഥാനങ്ങളെ സ്‌പർശിക്കുന്ന പല സൂചനകളും സങ്കൽപ്പങ്ങളും നിറഞ്ഞതാണ് നീച്ചയുടെ  ‘ഇങ്ങനെ പറഞ്ഞു സരതൂഷ്ട്ര’ (Thus Spake Zarathustra) എന്ന ഐതിഹാസിക പുസ്‌തകം. വളരെ ഭാഷാജ്ഞാനമുള്ളൊരു ദ്വിഭാഷിയാണ് ഇത് പറഞ്ഞത്. 

വിരോധാഭാസം (ഉച്ചം/നീചം) പോലുള്ള ചില വിന്യാസങ്ങളിലൂടെ നൃത്തത്തിന്റേതായൊരു താര നീച്ചയുടെ പല കൃതികളിലൂടെ തുടരുന്നത് എനിക്ക് ദൃശ്യപ്പെട്ടത് അടുത്ത കാലത്തായിരുന്നു. വാഗ്നറുടെ സംഗീതം സംവേദനത്തിൽ സൃഷ്‌ടിച്ച പുറംതോടുകൾക്കടിയിൽ കുടുങ്ങുകയാൽ, നൃത്തം തന്റെ സ്വന്തം ചിന്തകളിൽ ചെലുത്തിയ സ്വാധീനം നീച്ച തിരിച്ചറിഞ്ഞതും തുടക്കത്തിൽത്തന്നെയായിരുന്നില്ല. കാലം കുത്തനെയാണെങ്കിൽ ഈ തുടക്കം അടിത്തട്ടിലാണ് (നീചം, ‘നീച്ചേ’).  

നൃത്തപ്രജ്ഞയുടെ ഉചിതമായ പ്രതിനിധാനമാണ് സംഗീതമെങ്കിൽ, പഴയ യവന ദുരന്തനാടകങ്ങളിലെ ‘കോറസുകൾ’ ഒരേ സമയത്ത് നൃത്തത്തിലും സംഗീതത്തിലും ഉചിത പ്രതിനിധാനം സാക്ഷാൽക്കരിക്കുന്നു. ഗായക-നർത്തക സംഘത്തിന്റെ ആലാപനങ്ങളിലും ചുവടുകളിലുമുള്ളത് അപാരമാം വിധം സൃഷ്‌ട്യുന്മുഖമായ പ്രകൃതിയുടെ മൂലക താളങ്ങളാണ്.

ഇവയെ നീച്ച അറിഞ്ഞത് ഇങ്ങനെയാണ്. ഈ താളങ്ങൾ പ്രേക്ഷകരെ സന്തുഷ്ടരാക്കുന്നു. ഈ താളങ്ങളാൽ ചലിക്കപ്പെടുമ്പോൾ, അന്ത്യമില്ലാതെ തുടരുന്ന പുനരുല്‍പ്പാദകമായൊരു ആകത്തുകയുടെ അംശങ്ങളായാണ് അവർ അവരുടെ ശാരീരീരിക സത്തകളെ കാണുന്നത്. ആകയാൽ, ദുരന്തനാടകങ്ങളിൽ അവർക്കു പ്രിയപ്പെട്ടൊരു ഹീറോയുടെയോ, ദേവതയുടെയോ, ആശയത്തിന്റെയോ ദുര്‍മൃതി അവരെ തകർക്കുന്നില്ല. പകരം, അവർക്കത് പ്രത്യക്ഷതകളുടെ ഒഴുക്കിലെ ഒരു നിമിഷം മാത്രമാണ്. നീച്ചയുടെ ദൃഷ്ടിയിൽ ഈ പ്രഭാവം (effect) തികച്ചും മാന്ത്രികമായൊരു പരിവർത്തനമാണ്. 

യാതനയെയും ഭീതിയെയും കുറിച്ചുള്ള സംവേദനങ്ങൾ പ്രേക്ഷകർക്കൊരു അതിഭൗതിക സാന്ത്വനമായി മാറുന്നു. അത്യുക്തിയിൽ എത്തുന്നൊരു കാല്പനിക സങ്കേതമാണിതെന്ന് പെട്ടെന്ന് തോന്നാം. അല്ല, നീച്ച പറയുന്നു, പ്രത്യക്ഷങ്ങളുടെ എല്ലാ രൂപമാറ്റങ്ങൾക്കും നിരപേക്ഷമായി ജീവിതം തികച്ചും സംഗതികളുടെ അടിത്തട്ടിലാണ്.  

നീച്ചയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും അഗാധ ഗ്രാഹ്യമുള്ള കൈമറർ ലമോത്തെ എന്ന ഗവേഷകയുമായി ഞാൻ ബന്ധപ്പെട്ടു. ഇവരുടെ സ്വതന്ത്രമായ കണ്ടെത്തലുകൾ എന്തെല്ലാമാണെന്ന് ഞാൻ നേരിട്ടറിയാൻ പോകുന്നു. പക്ഷേ ഇതിന്നിടയിൽ നീച്ചയുടെ ആത്യന്തികമായ ചോദ്യമെന്തെന്ന് ഇവർ എന്നെ അറിയിച്ചു കഴിഞ്ഞു. ആ ചോദ്യം ഇതാണ്: നമ്മെ നൃത്തം ചെയ്യാൻ പഠിപ്പിക്കുന്ന പുസ്‌തകങ്ങളെല്ലാം എവിടെയാണ്! 

ജൂൺ 29, 2022 

പോയ ലക്കത്തിൽ, ഓസ്‌കാർ വൈൽഡിന്റെ ഒരു നാടകത്തിൽ നിന്നും വേർപെടുത്തപ്പെട്ടൊരു വചനം ഇന്ത്യയിലെ ഒരു കോടതിയിൽ അക്ഷന്തവ്യമാം വിധം ദുർവ്യാഖ്യാനിക്കപ്പെട്ടതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. പക്ഷേ, പല വായനക്കാരും വാർത്ത കണ്ടിട്ടില്ല. അവരിലൊരാൾ (എൻ.സി. സുമേഷ്) ചോദിച്ചു, “ശരിക്കും എന്താണ് സംഭവിച്ചത്?’ 

“വചനം ഓർക്കുന്നുണ്ടോ?”

“ഓർക്കുന്നു: ഓരോ പുണ്യവാനും ഒരു ഭൂതമുണ്ട്, ഓരോ പാപിക്കും ഒരു ഭാവിയുണ്ട്.”

“നാലു വയസ്സായൊരു പെൺകുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്‌തൊരാൾക്കുള്ള വധശിക്ഷയിൽ ഇളവ് വരുത്തിയതിനെ ന്യായീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ഒരു പാപി അർഹിക്കുന്ന ഭാവിയെക്കുറിച്ചുള്ള വചനം ഉരുവിട്ടത് – അറ്റകുറ്റപ്പണികൾക്ക് ഒരവസരം.”  

വൈൽഡിന്റെ നാടകത്തെക്കുറിച്ച് ഞാൻ ഈ വായനക്കാരനോട് പറഞ്ഞു. ‘ഒട്ടും പ്രാധാന്യമില്ലാത്തൊരു സ്ത്രീ’ (A Woman of No Importance). നാടകത്തിന്റെ തലക്കെട്ട് അവസാനരംഗത്തിൽ ഒരു തിരിച്ചിടലും ഒരു പാപിക്ക് കിട്ടുന്ന തിരിച്ചടിയുമാകുന്നു. വിവരിക്കാൻ സമയമില്ല. ദുർവ്യാഖ്യാനം എന്ന വിഷയത്തിലേക്ക് കടക്കുക.

നീച്ചയെപ്പോലെത്തന്നെ ഇഹലോക ജീവിതത്തിലെ ആഹ്‌ളാദത്തെ പ്രമാണീകരിച്ച വ്യക്തിയായിരുന്നു ഓസ്‌കാർ വൈൽഡ്. ലൗകികമായ എല്ലാ സുഖഭോഗങ്ങൾക്കും നേരെ വാതിൽ കൊട്ടിയടച്ച് ഏതോ സാങ്കൽപ്പിക സ്വർഗത്തിന്നായി ധ്യാനത്തിൽ മുഴുകിയിരിക്കുന്ന പുണ്യവാളന്മാരെ വൈൽഡ് പരിഹസിക്കുന്നു. പക്ഷേ, ഭൂതഭാവികളുടെ വിതരണം?

രഹസ്യമായി മറവു ചെയ്യപ്പെട്ട പാപങ്ങളല്ല പുണ്യവാന്മാരുടെ ഭൂതം; അവരുടെ ഭൂതം വർത്തമാനം തന്നെയാണ്; മറിച്ചും. അടയ്ക്കപ്പെട്ട വാതിൽ അവർ ഒരിക്കലും തുറക്കില്ല. തടവാണെങ്കിൽ ഇത് ജീവപര്യന്തമാണ്. അവർക്ക് ഭാവി ഇല്ല. ഭാവി പാപികൾക്കുള്ളതാണ്. ഇരുളിൽ അദൃശ്യമാകുന്ന തിന്മകളിലൂടെ അവർക്കെന്നും ഉല്ലാസയാത്രകൾ തുടരാം. ഭൂതത്തിൽ മലർത്തിയടിക്കപ്പെട്ടൊരു കൊച്ചു പെൺകുട്ടിയുടെ മൃതദേഹത്തിലെ അറ്റകുറ്റപ്പണി അവർക്ക് വിധിച്ചതല്ല, ന്യായാധിപന്മാരേ! 

‘സൂര്യമത്സ്യത്തെ വിവരിക്കൽ’ എന്ന നോവലെറ്റിൽ എന്റെ മുഖ്യ കഥാപാത്രങ്ങളോടുള്ള നിലപാടിൽ ഞാൻ നൈതികമല്ലാത്തൊരു ചായ്‌വ് വെളിപ്പെടുത്തുന്നുവെന്ന് സംശയിച്ചവരുണ്ട്. സംശയിക്കാം. കാരണം,  

ക്രിമിനലുകളെക്കുറിച്ച് ഇത്തിരി ആർദ്രതയോടെ ചിന്തിക്കുന്നൊരാളാണ് ഞാൻ. പക്ഷേ, ഇത്. ഇത്. ഇത്…  

Content Summary: Que sera sera 4, Column by Maythil Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS