Premium

ശവപ്പെട്ടികളിൽ ഉറങ്ങുന്ന സുന്ദരികൾ, രക്തമൂറ്റിക്കുടിക്കുന്ന പാതിരാ പ്രഭു; ഡ്രാക്കുളയുടെ 125 ഭീതിവർഷങ്ങൾ

HIGHLIGHTS
  • രക്തദാഹത്തിൻ നിത്യ പ്രഭു
  • ഡ്രാക്കുള പ്രസിദ്ധീകരിച്ചിട്ട് 125 വർഷം
Daracula
ഗോവിന്ദ്, മൃദുൽ വി.എം. , ഡി.പി. അഭിജിത്
SHARE

നല്ല സുഖമുള്ള ഒരു പ്രത്യേകതരം പേടിയില്ലേ? അടപടലം പേടിപ്പെടുത്തുന്ന ആ ഭീകര പേടിയല്ല! ഒരു രണ്ടു ദിവസം ചുമ്മാ പേടിച്ചു കളയാം എന്നു തോന്നിപ്പിക്കുന്ന ആ ഒരു സുന്ദര, സുരഭില പേടി. അങ്ങനെ മലയാളിയുടെ പല തലമുറകളെ പേടിപ്പിച്ച, ഇപ്പോഴും പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നോവലാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. അതു പ്രസിദ്ധീകരിച്ചതിന്റെ 125–ാം വാർഷികമാണിപ്പോൾ. ജീവിതത്തിലൊരിക്കലെങ്കിലും മനസ്സിൽ ഡ്രാക്കുളയുടെ ദന്തക്ഷതം ഏൽക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? സംശയമാണ്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള അതേപടി മുഴുവൻ വായിച്ചിട്ടില്ലെങ്കിൽ തന്നെയും അതിനെ അവംബലിച്ച് മലയാളത്തിൽ ഇറങ്ങിയ ഹൊറർ, ത്രില്ലർ ജോണറിലുള്ള ഒട്ടേറെ പുസ്തകങ്ങളോ ഡ്രാക്കുള സിനിമകളോ സീരീസുകളോ ഒറിജനൽ ഡ്രാക്കുള നോവലിന്റെ കുറച്ചു ഭാഗങ്ങളെങ്കിലുമോ വായിച്ചവരോ കണ്ടവരോ ആയിരിക്കും ഭൂരിഭാഗം പേരും. കുട്ടിക്കാലത്തോ കൗമാരത്തിലേക്കു കടക്കുന്ന ഘട്ടത്തിലോ ആയിരിക്കാം മിക്കവരെയും തേടി ഡ്രാക്കുള പ്രഭു എത്തിയിട്ടുണ്ടാകുക. വീടിനടുത്തെ വായനശാലയിൽ നിന്നോ സ്കൂൾ ലൈബ്രറിയിൽ നിന്നോ കൂട്ടുകാരുടെ പക്കൽ നിന്നോ സംഘടിപ്പിച്ച പുസ്തകവുമായി വീട്ടിലെത്തി രാത്രി ബാക്കിയെല്ലാവരും ഉറങ്ങിയ ശേഷം കാർപാത്യൻ മലനിരകളിലേക്കും ലണ്ടനിലേക്കുമൊക്കെ ഒരു രഹസ്യയാത്ര പോയി വന്നു പേടിച്ചുവിറച്ച് ഉറങ്ങിയ കാലം അത്ര ദൂരെയല്ല. മഞ്ഞുറഞ്ഞ ഡ്രാക്കുള കോട്ടയിലെ ശവപ്പെട്ടികളിൽ ഉറങ്ങിയിരുന്ന സുന്ദരികളെല്ലാം വീടിനു പുറകിലെ പാലമരത്തിൽ നിന്നിറങ്ങി വന്ന കള്ളിയങ്കാട്ട് നീലിമാരായി രൂപം മാറി സ്വപ്നത്തിൽ വന്നു മോഹിപ്പിച്ച, പേടിപ്പിച്ച നാളുകൾ. പണ്ട് മലയാളത്തിൽ ഇറങ്ങിയ പൈകോ ക്ലാസിക്സിന്റെ ഒരു ലക്കം ഡ്രാക്കുള ചിത്രകഥ ആയി വന്നപ്പോൾ അതു വായിക്കാനായി ആവേശത്തോടെ കാത്തിരുന്ന നാളുകൾ. രാത്രിയുടെ മാറിലേക്ക് പടർന്നു കയറിയ ഡ്രാക്കുളക്കോട്ടയുടെയും ആകാശത്തേക്കു നോക്കി ഓരിയിടുന്ന ചെന്നായ്ക്കളുടെയും പശ്ചാത്തലത്തിൽ കടവാവൽ പോലെ പറന്നുയരുന്ന ഡ്രാക്കുളപ്രഭുവിന്റെ ഭീതിപടർത്തുന്ന ചിത്രമുണ്ടായിരുന്ന ഇളം ഓറഞ്ച് നിറത്തിലുള്ള അന്നത്തെ പൈകോ ക്ലാസിക്സിന്റെ കവർ. ഡ്രാക്കുള വായിച്ച കാലത്തു വെറുതേ പേടിക്കുകയും ആ പേടിയെ ഇഷ്ടപ്പെടുകയും ചെയ്തുവെന്നല്ലാതെ ആ നോവലിന്റെ മറ്റു പ്രത്യേകതകളൊന്നും കുട്ടിമനസ്സിൽ കയറിയിട്ടുണ്ടായിരുന്നില്ല. പിന്നീടുണ്ടായ വായനകളിൽ നിന്നും മറ്റുമാണ് 125 വർഷം മുൻപ് ബ്രാം സ്റ്റോക്കർ അവലംബിച്ച രചനാരീതി എത്രമാത്രം വ്യത്യസ്തമായിരുന്നെന്നു മനസ്സിലായത്. കത്തുകളുടെയും ഡയറിക്കുറിപ്പുകളുടെയും പത്രവാർത്തകളുടെയും സഹായത്തോടെയാണല്ലോ ജോനാതന്റെയും ഡ്രാക്കുള പ്രഭുവിന്റെയും ജീവിതപരിസരം നോവലിൽ വരച്ചിടുന്നത്. തന്റെ കാലത്ത് ബ്രാം സ്റ്റോക്കർ എത്രമാത്രം ആധുനികനായിരുന്നുവെന്നു തെളിയിക്കുന്നു ആ രചനാരീതി. ഇരുന്നൂറിലേറെ സിനിമകൾ ഡ്രാക്കുള നോവലിനെ അവലംബിച്ചു പുറത്തിറങ്ങിയെന്നാണു പറയപ്പെടുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഡ്രാക്കുള’ എന്ന കവിതയും ഈയടുത്തു സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘ഡ്രാക്കുള’ എന്ന പേരിലുള്ള കഥയും നമ്മുടെ മുഖ്യധാരാ സാഹിത്യലോകം തന്നെ ഈ ജനപ്രിയ നോവലിന്റെ അഭൗമപ്രഭയിൽ ആകർഷിക്കപ്പെട്ടുവെന്നതിനു തെളിവാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS