ADVERTISEMENT

എടുത്താൽ പൊങ്ങാത്തത്ര ജോലിഭാരമുണ്ട് ഓരോ ആശാ പ്രവർത്തകയ്ക്കും. പക്ഷേ, പരാതിയില്ല, പരിഭവമില്ല, ആക്ഷേപമില്ല. വിടർന്ന ചിരിയുമായി നടന്നുവരുന്ന ആശാ പ്രവർത്തക, ‘പനിമാറിയോ… മരുന്നെല്ലാം സമയത്തിനു കഴിക്കുന്നില്ലേ. വീട്ടിൽ വേറെയാർക്കും ബുദ്ധിമുട്ടൊന്നുമില്ലല്ലോ’ എന്നെല്ലാം തിരക്കുമ്പോൾ നമുക്കിടയിൽ എത്രയോ ആളുകൾ ആശ്വാസം കൊള്ളും. സ്വയം പ്രകാശിക്കുന്ന സ്നേഹത്തുരുത്തുകളാണ് ഓരോ ആശാപ്രവർത്തകയും.

 

രാവിലെ മുതലുള്ള ജോലി ഭാരമെല്ലാം സിന്ധു ചെമ്പ്ര എന്ന ആശാ പ്രവർത്തക ഇറക്കി വയ്ക്കുന്നത് അക്ഷരങ്ങളുടെ ചുമലിലാണ്. ഹൃദയത്തെ തൊടുന്ന ഓരോ അനുഭവവും കഥയിലൂടെയും കവിതയിലൂടെയും മറ്റൊരു തലത്തിലേക്കു പകർത്തും സിന്ധു. ‘നിഴൽവീട്ടിലെ താമസക്കാർ’, ‘ഭാവപ്പകർച്ച’, ‘ഉറുമ്പിനെ സ്നേഹിച്ച പെൺകുട്ടി’ എന്നീ പുസ്തകങ്ങൾ വായിക്കുമ്പോൾ മനസ്സിലാക്കാം മറ്റുള്ളവർക്കായി എന്തുമാത്രം കാരുണ്യമാണ് ഇവർ പകരുന്നതെന്ന്.

sindhu-chembra-books

 

തിരൂർ ചെമ്പ്ര കല്ലിടുമ്പിൽ വീട്ടിൽ സിന്ധുവിനെ എഴുത്തുകാരിയാക്കിയത് കുട്ടിക്കാലത്തെ പരന്ന വായനയാണ്.  ഇടശ്ശേരി, ഉറൂബ്, ബാലാമണിയമ്മ, ജി.ശങ്കരക്കുറുപ്പ്, ഒ.എൻ.വി.കുറുപ്പ് എന്നിവരെയൊക്കെ വായിച്ചപ്പോൾ എഴുതാൻ തോന്നി. ആരുമറിയാതെ പത്രം ഓഫിസുകളിലേക്കും മത്സരങ്ങളിലേക്കും സൃഷ്ടികൾ അയച്ചു, പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയില്ലാതെ.

‘‘ കവിത എഴുതുമോ?’’

 

ഒരു അവധിക്കാലത്തെ വൈകുന്നേരം വീട്ടിലേക്കു വന്ന പോസ്റ്റ്മാൻ ചോദിച്ചു. ഒന്നും മനസ്സിലാവാതെ അദ്ദേഹത്തെ നോക്കിനിൽക്കെ, ‘‘നിനക്കൊരു മണിയോർഡർ ഉണ്ട്. ഇവിടെയൊരു ഒപ്പിട്ടോളൂ’’ എന്നു പറഞ്ഞ് ഒരു കടലാസ് നീട്ടി.

മുന്നൂറ് രൂപ!

 

‘‘ ഇങ്ങനെയാണെങ്കിൽ പത്തുവരി കവിത എഴുതി വീട്ടിൽ ഇരുന്നാൽ മതിയല്ലോ’’ –തമാശ രൂപേണ അദ്ദേഹം പറഞ്ഞു.

തൃശൂർ ആകാശവാണി നിലയത്തിലെ അവതാരകൻ ശങ്കരൻകുട്ടി മേനോൻ ആയിരുന്നു എന്നെ കവിതാമത്സര ജേതാവായി തിരഞ്ഞെടുത്തത്. ഉജാലയുടെ കവിതാ മത്സരം. തിരഞ്ഞെടുത്ത പരസ്യ കവിത ബാലരമയിൽ പ്രസിദ്ധീകരിച്ചു വന്നു. സിന്ധു ചെമ്പ്ര എന്ന എഴുത്തുകാരി അവിടെ ജന്മം കൊള്ളുകയായി. 

 

ഒൻപതു വർഷം മുൻപാണ് സിന്ധു ജില്ലാ ആശുപത്രിയിൽ ആശാ പ്രവർത്തകയായി ജോലിയിൽ ചേരുന്നത്. കാരുണ്യ പ്രവർത്തനങ്ങളോടുള്ള താൽപര്യം കൊണ്ടായിരുന്നു ഈ രംഗത്തേക്കു വന്നത്. ജീവിതവഴിയിൽ കാണുന്ന ഒട്ടേറെ അശരണർക്ക് ആശ്വാസമാകാൻ കഴിയുന്നതിലുള്ള സന്തോഷം ഒരു ഭാഗത്ത്. എഴുത്തുകാരി എന്ന നിലയ്ക്കു ലഭിക്കുന്ന ഹൃദയഹാരിയായ അനുഭവങ്ങൾ മറുഭാഗത്തും. പകൽ ഒറ്റയ്ക്കാവുന്ന വയോധികരെക്കുറിച്ചുള്ള കഥയാണ് ‘ഇടത്താവളം’. ഭിന്നശേഷിക്കാരായ മക്കളുള്ള മാതാപിതാക്കളുടെ ആധിയാണ് ‘മൺകലം’ എന്ന കഥ. വീടുകൾ മുതൽ ആശുപത്രി വരെ നീളുന്ന ഒരു ദിവസത്തെ യാത്രയിൽ എഴുതാൻ എത്രയോ അനുഭവങ്ങൾ. ചില പൊള്ളുന്ന അനുഭവങ്ങൾ എഴുതാനിരിക്കുമ്പോൾ വാക്കുകൾ പുറത്തേക്കു വരില്ല. അവ സ്വയം നോവായി മനസ്സിൽ തങ്ങി നിൽക്കും. ആശാ പ്രവർത്തകയുടെ ജീവിതം പറയുന്ന നോവൽ എഴുതി പൂർത്തിയായി. ഉടൻ പ്രസിദ്ധീകരിക്കും. 

 

മനോഹരൻ ആണ് ഭർത്താവ്. നിഖിലേഷ്, അഭിജിത്, അനന്തു എന്നിവർ മക്കളും. 

 

Content Summary: ASHA worker Sindhu Chembra writes stories and poems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com