ADVERTISEMENT

പരാജയപ്പെട്ടു എന്ന തോന്നിയിടത്തു നിന്ന് വിജയത്തിന്റെ ഉൻമാദം കുറച്ചൊക്കെ തോന്നിത്തുടങ്ങിയ നിമിഷങ്ങളും ഉണ്ടായിരുന്നു ജെസ്സിക മോറിസിന്റെ ജീവിതത്തിൽ. 2019 ഓഗസ്റ്റിൽ അത്തരമൊരു മനസ്സിന്റെ ഉടമയായിരുന്നു. കീഴടക്കാൻ എത്തിയ മാരക രോഗത്തിനൊപ്പം 5 വർഷത്തോളം ജീവിച്ചതിന്റെ ആത്മവിശ്വാസം ആവോളമുണ്ടായിരുന്ന ദിവസങ്ങൾ. കമ്യൂണിക്കേഷൻ കൺസൾട്ടന്റ് എന്ന നിലയിൽ ദീർഘമായ കരിയറിൽ പഠിച്ചതിനേക്കാൾ കൂടുതൽ പാഠങ്ങൾ പഠിച്ച നാളുകൾ. കരിയർ, ജീവിതം, കുടുംബം, ബന്ധം, സ്‌നേഹം, വിശ്വാസം... തിരിച്ചറിവുകൾ. വെളിപാടുകൾ. 

 

പരാജയപ്പെടാൻ തയാറല്ലെന്ന ഇഛാശക്തിയും വൈദ്യശാസ്ത്രത്തിലുള്ള പൂർണ വിശ്വാസവും കൂടി നൽകിയ ധൈര്യം. എന്നാൽ കുടുംബാംഗങ്ങളെ കാണാനുള്ള യാത്രയ്ക്കു ശേഷം തിരിച്ചു വിമാനത്താവളത്തിൽ എത്തിയ ദിവസം അപ്രതീക്ഷിതമായാണ് അവസാനത്തെ ആഘാതമുണ്ടായത്. കണ്ണിൽ ഇരുട്ടുകയറുന്നു. ശരീരം തളരുന്നു. വീണുപോകുകയായിരുന്നു. പിടിച്ചുനിൽക്കാൻ ഒന്നുമില്ലാതെ താഴേക്ക്. അടിത്തട്ടിലേക്ക്. വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക്. അതിനുശേഷം സജീവമാകാൻ കഴിഞ്ഞതേയില്ല ജെസീക്കയ്ക്ക്. എഴുതിക്കൊണ്ടിരുന്ന പുസ്തകത്തിൽ ഒരു വരി പോലും കൂടുതലായി കൂട്ടിച്ചേർത്തില്ല. തളർന്നും ക്ഷീണിച്ചും മരുന്നുകളുടെ മയക്കത്തിൽ ബോധത്തിനും ഉണർവിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച ദിവസങ്ങൾ. അധികം വൈകാതെ, കാൻസർ രോഗചരിത്രത്തിലെ ഏറ്റവും വലിയ പോരാളികളിലൊരാൾ എന്നു വിശേഷിപ്പിക്കപ്പെട്ട ജെസീക്കയും പരാജയം സമ്മതിച്ചു. എന്നെന്നേക്കുമായി. വേർപാടിനു മൂന്നു വർഷമാവുമ്പോൾ ജെസീക്ക ഓർമകളിൽ മഴയായി പെയ്യുകയാണ്. ഓൾ ഇൻ മൈ ഹെഡ് എന്ന ഓർമക്കുറിപ്പിലൂടെ. മാരകമായ ബ്രെയ്ൻ ട്യൂമർ ബാധിച്ച് മരിച്ചുകൊണ്ടിരിക്കെ, അവശേഷിച്ച തലച്ചോറു കൊണ്ട് ഓർമിച്ചത്. ചിന്തിച്ചത്. ഭാവന ചെയ്തത്. എന്റെ തലയിലുള്ളതെല്ലാം ഞാൻ നിങ്ങൾക്കു തരുന്നു. അവശേഷിച്ചതെല്ലാം. എനിക്കുശേഷവും എന്റെ ജീവന്റെ തുടിപ്പായി. ഹൃദയത്തിന്റെ സ്പന്ദനമായി. ദുർബലമായ ചിത്രശലഭത്തിന്റെ ചിറകനക്കം പോലെ ആരെയും ഉപദ്രവിക്കാതെ, ആരെയും അറിയിക്കാതെ, ചിറകൊതുക്കി പൂവിലോ ഇലയിലോ ചേരുന്നതുപോലെ. അതുകൊണ്ടാണല്ലോ പ്രധാന തലക്കെട്ടിനു താഴെ സ്‌നേഹത്തിന്റെ ഓർമക്കുറിപ്പ് എന്നവർ എഴുതിയത്. ജീവിതത്തിന്റെ അനുസ്മരണം. പിന്നെ രോഗിയെക്കുറിച്ചുള്ള പുതിയൊരു നിർവചനവും. രോഗിയായിരിക്കാം എന്നാൽ ദുർബലയല്ല. അബലയല്ല. ആർക്കും മുന്നിൽ ശിരസ്സ് താഴ്ത്തിക്കൊടുക്കാൻ കാത്തിരിക്കുന്നുമില്ല. രോഗി എന്ന മഹാശക്തി. തോൽക്കാത്ത ശക്തിയുടെ സ്രോതസ്സ്. 

സ്വന്തം പുസ്തകത്തിന്റെ അവസാന അധ്യായം എഴുതാൻ ജെസീക്കയെ വിധി അനുവദിച്ചില്ല. കാവ്യനീതി പോലെ ജീവിതത്തിലെ പ്രിയപങ്കാളി പൂർത്തിയാക്കി. മാധ്യമപ്രവർത്തകൻ എഡ് പിക്കിങ്ടൺ. തൊട്ടുമുമ്പുള്ള അധ്യായത്തിൽ താൻ ജീവിച്ചിരിപ്പില്ലാത്ത ലോകത്തെക്കുറിച്ചാണ് അവർ എഴുതിയത്. ജെസീക്ക എന്ന വ്യക്തി ഇല്ലെങ്കിലും ഒരു മാറ്റവുമില്ലാത്ത ലോകം. പൂക്കൾ വിടരുന്നു. കൊഴിയുന്നു. രാത്രി പകലിനു വഴിമാറുന്നു. പകൽ അനിവാര്യമായ രാത്രിക്കും. മഞ്ഞു പൊഴിയുന്നു. നിലാവിന്റെ നീലവാനം തെളിയുന്നു. അരണ്ട വെളിച്ചമുള്ള മുറിയിൽ ജെസീക്ക ഒഴിച്ചുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുമിച്ചിരിക്കുന്നു. അവരുടെ ഗ്ലാസ്സുകൾ നിറഞ്ഞിരിക്കുന്നു. മനസ്സുകളും. മരിക്കാത്ത ഓർമകൾക്കുമുന്നിൽ ഒരുമിച്ച് ഒരേ മനസ്സോടെ ഗ്ലാസ്സ് ഉയർത്തുന്നു..പ്രിയ ജെസീക്ക.. നിനക്കു വേണ്ടി. നിന്റെ ഓർമയ്ക്ക്...അദൃശ്യമായ സാന്നിധ്യമായി പ്രിയസ്നേഹിത. എന്നാൽ ഓൾ ഇൻ മൈ ഹെഡ് എന്ന ഓർമക്കുറിപ്പ് കയ്യിലെടുക്കുമ്പോൾ ജെസീക്ക ജീവൻ വച്ച് എണീറ്റുവരുന്നത് അറിയാം. ചിയേഴ്‌സ് ജെസീക്ക... നിനക്കും നിന്റെ ഓർമകൾക്കും. 

 

മരണശിക്ഷ എന്ന വാറന്റ് ലഭിക്കുമ്പോൾ പിന്നീടുള്ള ദിവസങ്ങൾ എങ്ങനെയായിരിക്കും എന്ന് ആർക്കെങ്കിലും പറയാനാവുമോ. ഞാൻ തിരഞ്ഞെടുത്തതല്ല കാൻസറിനെ. കാൻസർ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു... ജെസീക്ക എഴുതുന്നു. 

 

ജെസീക്കയ്ക്ക് മരണ വാറന്റ് ലഭിച്ചത് നേരത്തേയാണ്. ജീവിതത്തിന്റെ മധ്യാഹ്നത്തിൽ. 50 വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ഉൻമേഷത്തോടെ, ഓജസ്സോടെ, എല്ലാ ഉത്തരവാദിത്തവും നിറവേറ്റി സജീവമായി ജീവിച്ചുകൊണ്ടിരിക്കെ. മൂന്നു കുട്ടികളും പ്രായപൂർത്തിയായിട്ടില്ല. ചെയ്തുതീർക്കാൻ ഒട്ടേറെ ജോലികൾ. ആകാശത്തിൽ നിന്ന് പെട്ടെന്ന് ഉൽക്ക പതിക്കുംപോലെ അസുഖം തലയിൽ വീഴുമെന്ന് എങ്ങനെ വിചാരിക്കാൻ. അതും സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്രയ്ക്കിടെ. 2016 ൽ ന്യൂ യോർക്കിൽ നിന്നു മാറി മലഞ്ചെരിവുകളിൽ ഉല്ലാസയാത്രയിലായിരുന്നു ജെസീക്ക. ശ്വാസം കിട്ടാതാവുന്നതായിരുന്നു തുടക്കം. രാത്രിയിൽ കണ്ട ദുസ്വപ്‌നത്തിൽ നിന്ന് ഉണർന്നിട്ടും നിലവിളിക്കാൻ പറ്റാത്ത ദാരുണാവസ്ഥ. ശരീരം ആത്മഹത്യ ചെയ്യുംപോലെ ! 

 

കാൻസറുകളിൽ ഏറ്റവും മാരകമായ ബ്രെയിൻ ട്യൂമർ ആണ് ബാധിച്ചത്. രോഗം തിരിച്ചറിഞ്ഞാൽ അവശേഷിക്കുന്ന ആയുസ്സ് ശരാശരി 14 മാസം മാത്രം. അഞ്ചു വർഷത്തിനു ശേഷം ജീവിച്ചിരിക്കുന്നവർ  5 ശതമാനം മാത്രം. ആഘോഷിച്ച കടൽത്തീരത്തെ മണൽ ഒഴുകിമാറിയ അവസ്ഥ. കാൽച്ചുവട്ടിൽ ശൂന്യത തളം കെട്ടുന്നു. ഒഴുക്കിൽ ഒരു ഇലയായി സ്വയം നഷ്ടപ്പെടുന്നു. 

 

ജെസീക്കയുടെ പുസ്തകത്തിന്റെ പുറം കവറിൽ അവരുടെ തന്നെ ചിത്രമുണ്ട്. ഒരു തലമുടി പോലുമില്ലാത്ത തല. കീമോയ്ക്കു ശേഷമുള്ള തളർച്ചയുടെ ദിവസങ്ങളിലേത്. മരിക്കുന്നതിന് ഒരു വർഷം മുമ്പുള്ളത്. അന്നും ആ മുഖത്ത് ഉണർവുണ്ടായിരുന്നു. തിരിച്ചുവരും എന്ന പുഞ്ചിരിയുണ്ടായിരുന്നു. യാത്ര പറയാൻ സമയമായില്ലല്ലോ എന്ന വിശ്വാസം സ്ഫുരിച്ചിരുന്നു. കുറച്ചുകൂടി... എന്ന അർഥനയും. 

മരണം ഉറപ്പായതിനുശേഷം ജെസീക്ക ഒരു തീരുമാനം മാത്രമാണെടുത്തത്. പോരാടാനുള്ള ആദ്യത്തെയും അവസാനത്തെയും തീരുമാനം. തോൽക്കുമെന്ന് ഉറപ്പാണ്. എന്നാൽ കീഴടങ്ങുന്നതിനു മുമ്പ് ശക്തി തെളിയിക്കുക തന്നെ എന്ന ആത്യന്തികവും അനിവാര്യവുമായ തീരുമാനം. 

കുത്തനെയുള്ള മലഞ്ചെരിവിലൂടെ മുകളിലേക്കും താഴേക്കുമല്ലാത്ത യാത്ര. വീണുപോകുമ്പോൾ കയ്യിൽ കിട്ടുന്ന വള്ളിയിൽ പിടിച്ചും വീഴ്ചയിൽ നിന്ന് എഴുന്നേറ്റും എങ്ങോട്ടുമല്ലാത്ത നടപ്പ്. എങ്ങുമെത്തില്ല എന്നതുറപ്പാണ്. എങ്ങുമെത്തേണ്ടതുമില്ല. നടക്കാതിരിക്കുന്നതെങ്ങനെ. ഓടാൻ കഴിവില്ലല്ലോ. നിൽക്കാൻ മനസ്സ് സമ്മതിക്കുന്നുമില്ല. 

 

ഒറ്റയ്ക്കല്ല എന്ന് ജെസീക്കയ്ക്ക് ഉറപ്പായിരുന്നു. തന്നേപ്പോലെ എവിടെയൊക്കെയോ ആരൊക്കെയോ ഉണ്ട്. അവരോടുള്ള കരുതൽ. അത്യാവശ്യം മരുന്നുകൾ മാത്രം കഴിച്ച് മരണത്തിനു വേണ്ടി കാത്തിരിക്കാമായിരുന്നു. എന്നാൽ തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തിന് ഇറങ്ങിത്തിരിക്കാനായിരുന്നു ജെസീക്കയുടെ തീരുമാനം. നാളെയും തന്നെപ്പോലെ ഒട്ടേറെപ്പേരുണ്ടാകാം. അവരും നിരാശയിൽ ദിവസങ്ങൾ തീർക്കരുത്. ഒരാളെങ്കിലും രക്ഷപ്പെടുന്നെങ്കിൽ ആ സാധ്യത വിനിയോഗിക്കുന്നതിൽ എന്താണു തെറ്റ്. 

രണ്ടു ഡോക്ടർമാർ ജെസീക്ക വിചാരിച്ച രീതിയിൽ ചികിത്സയുമായി സഹകരിച്ചില്ല. എന്നാൽ ജെസീക്ക തളർന്നില്ല. റിസ്‌ക് എടുക്കാൻ തന്നെയായിരുന്നു തീരുമാനം. ഏതു ട്രീറ്റ്‌മെന്റിനും വിധേയയാകാൻ തയാറായി. ഏതു പരീക്ഷണത്തിനും ഒരുങ്ങി. കത്തിയൂടെ മുനയിലൂടെ നടക്കാൻ ഒരു മടിയും കാണിച്ചില്ല. വാൾമുനയെങ്കിൽ അങ്ങനെ. അവസാനം ഡോക്ടർമാർ തന്നെ സമ്മതിച്ചു. ജെസീക്ക കൂൾ. ഇരുട്ടിലും വിളക്ക് തെളിയിക്കുകയായിരുന്നു. കൂടുതൽ ഇരുട്ടിലേക്കല്ല, പ്രകാശത്തിന്റെ അവസാന തുള്ളിയിലേക്ക്. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും അസുലഭമാക്കുമെന്ന ദൃഡനിശ്ചയം. 

 

ചില ദിവസങ്ങളിൽ സന്തോഷം കീഴടക്കി. വിജയിക്കുന്നു എന്നുതന്നെ ഉറപ്പിച്ചു. എല്ലാ പ്രതിരോധവും തകർന്ന ദിവസങ്ങളും ഉണ്ടായിരുന്നു. വീണുപോയിരിക്കുന്നു എന്നുറപ്പിച്ച ദിവസങ്ങൾ. യാത്ര പറയാൻ പോലും അവശേഷിക്കില്ല എന്ന വിഷാദത്തിൽ മനസ്സ് മൂടപ്പെട്ട നിമിഷങ്ങൾ. ഇതാ എത്തിയിരിക്കുന്നു അന്ത്യം എന്ന തിരിച്ചറിവ്. ആദ്യമഴയിൽ കുളിർന്ന്, ചിരിച്ചുല്ലസിച്ച അതേ പൂവ് വൈകിട്ട് വീശിയടിച്ച കാറ്റിൽ തളർന്നുവീഴുന്നു. ജീവന്റെ മുഴുവൻ പ്രകാശവും നിറഞ്ഞു ചിരിച്ച അതേ ആൾ പ്രേതം പോലെ വിളറി വെളുത്ത ദിവസങ്ങൾ. 

വില കൂടിയ മരുന്നുകൾക്കു വേണ്ടി കൂടുതൽ പണം ചെലവഴിക്കണോ എന്ന സംശയം പല തവണ മരുന്നുകടക്കാരും ഡോക്ടർമാരും ഉന്നയിച്ചു. ഗവേഷകർ പോലും കൈവിട്ട ദിവസങ്ങൾ. എന്നാൽ, രോഗി എല്ലാം അറിഞ്ഞിരിക്കണം എന്നായിരുന്നു ജെസീക്കയുടെ വിചാരവും തീരുമാനവും. ഔവർ ബ്രെയ്ൻ ബാങ്ക് എന്ന അപ് ജെസീക്കയുടെ ആശയമായിരുന്നു. ബ്രെയ്ൻ ട്യൂമർ ബാധിച്ച രോഗികളുടെ കൂട്ടായ്മ. രോഗികളുടെ ശക്തിയിൽ രൂപം കൊണ്ട ലോകത്തെ ഒരേയൈാരു കൂട്ടായ്മ. ബ്രെയ്ൻ ട്യൂമർ എന്നത് ചികിത്സിച്ചു മാറ്റാമെന്ന വിശ്വാസം ഊട്ടിയുറപ്പിച്ച സൗഹൃദക്കൂട്ടം. 

ഏതാനും മാസങ്ങൾ മാത്രം എന്ന ഡോക്ടർമാരുടെ പ്രവചനം ജെസീക്ക തെറ്റിച്ചു. അഞ്ചു വർഷം രോഗത്തോടൊപ്പം ജീവിച്ചു. വെറും ജെസീക്ക എന്നതിനു പകരം ജനറൽ മോറിസ് എന്ന് തന്നെത്തന്നെ വിളിച്ചു. സുഹൃത്തുക്കളെക്കൊണ്ടു വിളിപ്പിച്ചു. കിട്ടിയ അവസരങ്ങളിലെല്ലാം കാൻസർ എന്ന മഹാമാരിക്കെതിരെ ആഞ്ഞടിച്ചു. മരണത്തെ തോൽപിക്കാമെന്ന വിശ്വാസം ജനിപ്പിച്ചു. 

 

ആരും വിഡ്ഡികളല്ല എന്നു ജെസീക്ക പറയുന്നുണ്ട്. മരണത്തെ മറന്നല്ല ജീവിച്ചതെന്നാണ് അവർ പറയുന്നത്. ഉറപ്പുണ്ടായിരുന്നു ഏതു നിമിഷവും യാത്ര പറയേണ്ടിവരുമെന്ന്. എന്നാൽ അതിനുവേണ്ടി കാത്തിരിക്കുന്നതിനു പകരം ഓരോ ദിവസവും ഓരോ നിമിഷവും സഫലമാക്കുക. സ്വന്തം വിധിയുടെ വഴികൾ സ്വയം വിരചിക്കാൻ. 

 

ബ്രെയ്ൻ ട്യൂമർ ആണെന്നു ഡോക്ടർ ഉറപ്പിച്ചു പറഞ്ഞ ദിവസം കണ്ണാടിക്കു മുമ്പിൽ മണിക്കൂറുകളോളം ചെലവഴിച്ചു ജെസീക്ക. അന്ന് എന്തൊക്കെ വിചാരങ്ങളായിരിക്കും മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകുക. ഈ വിധി ഞാൻ അംഗീകരിക്കുന്നു എന്ന് അന്ന് പറഞ്ഞിരുന്നു. അതല്ലാതെ മറ്റെന്ത് മാർഗം എന്നു ചിരിച്ചുതള്ളരുത്. ആ തീരുമാനത്തിൽ എല്ലാം ഉണ്ടായിരുന്നു. കാൻസർ ബാധിച്ച, ബാധിക്കാനിരിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള അടിയുറച്ച വിശ്വാസവും കീഴടങ്ങലും എന്നാൽ പൊരുതും എന്ന ഉറപ്പും. 

 

തലയിലുള്ളതെല്ലാം ഞാൻ നിങ്ങൾക്കു തരുമ്പോൾ തളരരുത് എന്നാണ് ജെസീക്ക പറയുന്നത്. അദൃശ്യമെങ്കിലും ഒരു കയ്യകലത്തിൽ ആരോ ഉണ്ട് എന്ന ഉറപ്പും. ആ ഉറപ്പില്ലാത്ത ജീവിതം രോഗം ബാധിച്ച മനസ്സിനേക്കാളും എത്രയോ കഠിനം. ഒറ്റയ്ക്കല്ല ജെസീക്ക.... ചിയേഴ്‌സ് ...നിനക്കും മരണമില്ലാത്ത ഓർമകൾക്കും. ഇന്നല്ലെങ്കിൽ നാളെ ഞങ്ങളും അങ്ങോട്ടു തന്നെ. നിന്റെ സവിധത്തിലേക്ക്. അനശ്വരമായ പുൽമേടുകളിൽ നമുക്ക് നടക്കണം. മഞ്ഞിനും മഴയ്ക്കുമൊപ്പം. കാറ്റിനും വെളിച്ചത്തിനുമൊപ്പം. പ്രഭാതം വൈകുന്നേരമാകും. ഇരുട്ട് പടർന്നുതുടങ്ങും. വീഴരുത്. ഞാൻ കൈ നീട്ടും. മുറുകെപ്പിടിക്കുക. കരം പിടിച്ചു കരളു ചേർന്ന് ഒരുമിച്ച്...

 

Content Summary: All in My Head: A Memoir of Life, Love and Patient Power Book by Jessica Morris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com