ADVERTISEMENT

പുസ്തകമെഴുതുകയും അതച്ചടിച്ച് തലയിലും തോളിലും ചുമന്നു നടന്ന് വിൽക്കുകയും ചെയ്ത ഒട്ടേറെ എഴുത്തുകാരുണ്ട്. വൈക്കം മുഹമ്മദ് ബഷീർ തന്നെ ക്ലാസിക് ഉദാഹരണം. 

പുതിയ കാലത്ത് പുസ്തകം വിറ്റു പോകണമെങ്കിൽ  ഇത്തിരി മാർക്കറ്റിങ് തന്ത്രങ്ങളും കൂടി വേണം. എഴുത്തുകാർക്ക് അതേപ്പറ്റിയെല്ലാം നല്ല അറിവുമുണ്ട്. സാമൂഹ മാധ്യമങ്ങളിലെ കൂട്ടപ്രകാശനമാണ് അതിലൊന്ന്. ഫെയ്സ്ബുക്കിലും മറ്റും എഴുത്തുകാരന്റെ സുഹൃത്തുക്കൾ പുസ്തകത്തിന്റെ കവർ കൂട്ടത്തോടെ പോസ്റ്റ് ചെയ്ത് പ്രകാശിപ്പിക്കും. 

ഇവിടെ ഒരു പടി കൂടി കടന്ന് പുസ്തകം ശ്രദ്ധിക്കപ്പെടാനായി സർഗാത്മകമായി സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശനച്ചടങ്ങിനെ കുറിച്ചാണ് പറയുന്നത്. 

 

book-release-elikkeni

പുതുകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ വി. എസ്. അജിത്തിന്റെ പുതിയ കഥാസമാഹാരമാണ് ‘എലിക്കെണി’ എന്ന പുസ്തകം. പ്രകാശനച്ചടങ്ങിന് എത്തിയവരെ കഥാകൃത്ത് തന്നെ ഞെട്ടിച്ചു. അതിഥികളെയെല്ലാം ഒരു സുന്ദരൻ എലിപ്പെട്ടി നൽകിയാണ് അജിത് സ്വീകരിച്ചത്. പുസ്തകം എലിപ്പെട്ടിയുടെ അകത്ത് വച്ച് പ്രകാശനവും നിർവഹിച്ചു ! ചരിത്രത്തിലാദ്യം. 

‘വ്യത്യസ്തമായ രീതിയിൽ പുസ്തകം പ്രകാശനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇതൊരു മാർക്കറ്റിങ് തന്ത്രമല്ല. ഒരു പുതുമ വേണമെന്നു തോന്നി. അതു പരീക്ഷിക്കുകയും ചെയ്തു. നാട്ടിൽ എലികൾ പടരുന്നുണ്ടെങ്കിലും എലിപ്പെട്ടി അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന നാട്ടുപകരണമാണ്. അതിനെ വീണ്ടെടുക്കണമെന്നു തോന്നി’– അജിത് പറയുന്നു.‌

പുസ്തകപ്രകാശനത്തിന് എലിപ്പെട്ടി നൽകാൻ തീരുമാനിച്ചപ്പോൾ വലിയ പ്രശ്നം. എലിപ്പെട്ടി കിട്ടാനില്ല. തിരുവനന്തപുരത്ത് ചാല മാർക്കറ്റ് ഉൾപ്പെടെ വിശദമായി അന്വേഷിച്ചു. 

elikkeni-book

പണ്ടുള്ളതുപോലെ മരത്തിൽ തീർത്ത എലിപ്പെട്ടികൾ ഒരിടത്തുമില്ല. ഇരുമ്പിന്റെ പെട്ടികളുണ്ട്. അതാകട്ടെ മലയാളി വീടുകളിൽ പണ്ട് ഉപയോഗിച്ചിരുന്നതു പോലെയുള്ളതല്ലെന്നും കണ്ടെത്തി. 

 

പിന്നെ മരം കൊണ്ട് എലിപ്പെട്ടി നിർമിക്കാനായി ശ്രമം. ആശാരിമാരെ സമീപിച്ചപ്പോൾ അവർക്കു തിരക്ക്.  എലിപ്പെട്ടി ഉണ്ടാക്കുന്നവരും ഏറെയില്ല. പിന്നെ സാഹിത്യാസ്വാദകനായ ഒരു ആശാരിയെ തന്നെ കണ്ടുപിടിച്ചു. മേൽത്തരം മരം കൊണ്ട് പെട്ടിയുണ്ടാക്കിത്തരാം എന്നയാൾ ഏറ്റു. പത്തു എലിപ്പെട്ടികൾ ഓർഡർ ചെയ്തു. ഓരോന്നിനും 1200 രൂപ വീതം നിർമാണചെലവ്. അജിത് പിന്മാറിയില്ല. 10 പെട്ടികൾ പ്രകാശനച്ചടങ്ങിന് തൊട്ടു മുൻപ് വേദിയിലെത്തി. സുന്ദരൻ എലിപ്പെട്ടികൾ കണ്ടപ്പോൾ സദസ്യർക്കും സ്വന്തമാക്കണമെന്ന് ആഗ്രഹം. ചടങ്ങിലെ അതിഥികൾക്ക് വീതം വച്ചു കൊടുത്തപ്പോൾ തന്നെ എലിപ്പെട്ടി തീർന്നു. പിന്നെ അതുണ്ടാക്കിയ ആശാരിയുടെ നമ്പർ കൊടുക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ.

പ്രമുഖ സാഹിത്യ നിരൂപകനായ പി.കെ. രാജശേഖരനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്ത പ്രമുഖ ചിത്രകാരി അഞ്ജു പുന്നത്ത് പുസ്തകച്ചട്ടയിലും ഒരെലിയുടെ ചിത്രം വരച്ചിട്ടുണ്ട്. അങ്ങനെ പ്രതീകാത്മകമായി എലി എലിക്കണിയിൽ വീണു.

 

‘എലി കെണിയിൽ വീണു, ഇനി വായനക്കാരാണ് അജിത്തിന്റെ എലിപ്പെട്ടിയിൽ വീഴേണ്ടതെന്ന് എന്നായിരുന്നു രാജശേഖരന്റെ ആശംസ. 

 

Content Summary: Book Release, Elikkeni book written by VS Ajith 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com