മരണത്തിലൂടെ പക വീട്ടി ഭാര്യമാർ; മറുപടിക്ക് തുണ കവിത മാത്രം

ted-hughes
Ted Hughes. Photo Credit: Wikipedia
SHARE

ലോകം അറിയുന്ന കവി സിൽവിയ പ്ലാത് ജീവനൊടുക്കിയതറിഞ്ഞപ്പോൾ ഭർത്താവ് ടെഡ് ഹ്യൂസ് പറഞ്ഞത് താനും മരിച്ചെന്നാണ്.

അന്നു ഞാൻ മരിച്ചു. ശേഷം മരണാനന്തര ജീവിതം മാത്രം.

എന്നാൽ പ്ലാത്തിന്റെ മരണത്തിനു കാരണം ഹ്യൂസിന്റെ വഴിവിട്ട ബന്ധങ്ങൾ കൂടിയാണെന്ന് ഒട്ടേറെപ്പേർ വിശ്വസിച്ചു. പ്ലാത് ജീവിച്ചിരിക്കുമ്പോൾ തന്നെ ഹ്യൂസ് അസ്സിയ വെവിൽ എന്ന യുവതിയുമായി ബന്ധം തുടങ്ങിയിരുന്നു. ‘മരണാനന്തര’ ജീവിതത്തിൽ‌ അടുത്ത 7 വർഷം ഹ്യൂസ് അസിയയ്ക്കൊപ്പം ജീവിച്ചു. ഒരു മകൾ പിറന്നു. എന്നാൽ, അപ്രതീക്ഷിതമായി അസിയയും പ്ലാത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോൾ ലോകം ഞെട്ടി; ഹ്യൂസും. 4 വയസ്സായ മകളെ കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു ആത്മഹൂതി.

പ്ലാത് മരിച്ചതിനു ശേഷം മൂന്നു വർഷം ഒരു കവിത പോലും എഴുതാതിരുന്നിട്ടുണ്ട് ഹ്യൂസ്. അസിയ മരിച്ചതിനുശേഷം അത്തരമൊരു മൗനം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല. എന്നാൽ ഹ്യൂസിന്റെ മരണത്തിന് 25 വർഷത്തിനു ശേഷം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ കവിതകൾ കണ്ടെടുത്തിരിക്കുന്നു. സ്വന്തം കൈപ്പടയിൽ‌ എഴുതി, പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ച കവിതകൾ. അങ്ങേയറ്റം വ്യക്തിപരവും സ്വകാര്യവും. എന്നാൽ അടിമുടി കവിയായിരുന്ന അദ്ദേഹത്തിന് ആത്മാവിഷ്കാരത്തിന് കവിതയേക്കാൾ മികച്ച മറ്റൊരു വഴി ഉണ്ടായിരുന്നില്ല താനും. ഇതുവരെ വെളിച്ചം കാണാതിരുന്ന കവിതകൾ പ്ലാത്തിൽ ജനിച്ച മകളാണ് സൂക്ഷിച്ചുവച്ചിരുന്നത്. അവ അടുത്ത ആഴ്ച ലേലം ചെയ്യുകയാണ്. മോഹവിലയ്ക്ക്. പ്രണയത്തിന്റെയും നിരാശയുടെയും ഗീതകങ്ങൾ. പ്രിയപ്പെട്ട രണ്ടു പങ്കാളികൾ ഒരു പോലെ ജീവനൊടുക്കിയതിന്റെ ആഘാതം പോറൽ ഏൽപിച്ച വാക്കുകൾ. ഒരേയൊരു പാതകി താൻ തന്നെയോ എന്ന ചോദ്യം.  ഹ്യൂസ് എന്ന കവിയെക്കാൾ മനുഷ്യൻ വെളിപ്പെടുന്ന ആത്മഗതം.   

ആ നിമിഷത്തിൽ എന്താണു നീ ചിന്തിച്ചത്,

ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ.... അസിയയോടുള്ള ഹ്യൂസിന്റെ ചോദ്യത്തിൽ അറിയാനുള്ള ആഗ്രഹമല്ല, ആത്മവേദനയാണു നിറയുന്നത്.  മകളെക്കുറിച്ചുള്ള കവിതകളുമുണ്ട് പ്രസിദ്ധീകരിക്കാത്തവയിൽ.

നാലു വയസ്സ്. മരണം എന്തെന്നുപോലും അറിയാത്ത പ്രായത്തിൽ.... കുഞ്ഞേ....

20-നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവികളുടെ കൂട്ടത്തിലാണ് ടെഡ് ഹ്യൂസിന്റെ സ്ഥാനം. വ്യക്തി എന്ന നിലയിൽ ഒട്ടേറെ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുണ്ട്. പ്ലാത്തിന്റെ ശവകുടീരത്തിൽ നിന്ന് അദ്ദേഹത്തിന്റെ പേര് പോലും മായ്ച്ചു. എന്നാൽ ഇപ്പോൾ ലേലം ചെയ്യാൻ പോകുന്ന അപൂർവ വസ്തുക്കളുടെ കൂട്ടത്തിൽ പ്ലാത്തിന്റെ മുടിച്ചുരുളും ഉണ്ട്. പ്ലാത്തിന്റെയും ഹ്യൂസിന്റെയും മകൾ കാത്തുവച്ചവ. ഒരു നിലക്കണ്ണാടി. കുട്ടിക്കാലത്തു സ്റ്റാമ്പ്‌ ശേഖരിച്ചതും. പിന്നെ ഒരു പഴയ  സ്റ്റുഡന്റ് മാഗസിൻ. അതിൽ അദ്ദേഹം ചെറുപ്പത്തിൽ എഴുതിയ കവിത ഉണ്ട്. ആ കവിത വായിച്ചാണ് പ്ലാത് കാമുകി ആയത്. മാഗസിൻ പ്രകാശന ചടങ്ങിൽ അവർ എത്തി. പരസ്പരം കണ്ടു. ഇഷ്ടപ്പെട്ടു. മോഹിപ്പിക്കുന്ന പ്രണയത്തിന്റെ തുടക്കം. കരച്ചിലിൽ ചെന്നു കലങ്ങുമോർമ തൻ ജ്വര പ്രവാഹം. ( അറിയുമോ എന്നെ.... കരളിലാളുന്ന കവിതയുമായി.....). നിഷ്കളങ്കതയുടെ ചിത്രശാലയിലെ വിലയിടിയാത്ത വർണരേണുക്കൾ. പ്രണയവർണങ്ങൾ. കവിതകളിൽ ചിലത് അപൂർണമാണ്. വായിക്കാൻ കഴിയാത്തവയും ഉണ്ട്. പ്രസിദ്ധീകരിക്കാൻ അല്ല എന്നുറപ്പാണ്. മൂന്നു മരണം ഏൽപിച്ച ആഘാതങ്ങൾ എഴുതിപ്പിച്ചവ. കുറ്റസമ്മതവും കുറ്റപത്രവും. പ്ലാത് പറക്കാൻ വെമ്പിയ പക്ഷി ആയിരുന്നെന്നു ഹ്യൂസ് പറഞ്ഞിട്ടുണ്ട്. മരണത്തിനു വേറെ കാരണമുണ്ടെന്നാണദ്ദേഹം പറഞ്ഞത്. എല്ലാ കെട്ടുകളും അഴിക്കാനുള്ള ആഗ്രഹം. ഒരു ചങ്ങലയ്‌ക്കും തന്നെ വരിഞ്ഞു മുറുക്കാനാവില്ല എന്ന ആത്മവിശ്വാസവും. അസിയ, മകൾ എന്നിവരുടെ മരണശേഷവും ഹ്യൂസ് വിവാഹം കഴിച്ചു. ആ ബന്ധം മരണം വരെയും തുടർന്നു. പുണ്യമോ പുരുഷാർഥമോ? പ്ലാത്തിന്റെ മരണം കഴിഞ്ഞ് 30 ൽ അധികം വർഷങ്ങൾക്കു ശേഷമാണു ഹ്യൂസ് Birthday letters പ്രസിദ്ധീകരിക്കുന്നത്. പ്ലാത്തിനോടുള്ള സ്നേഹവും ദുരന്തത്തിൽ തനിക്കുള്ള കുറ്റബോധവും വെളിപ്പെടുത്തുന്നുവ. അതേ വർഷം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ മരണവും. ഒരുപക്ഷെ ജീവിച്ചിരുന്നെങ്കിൽ കുറെ വർഷങ്ങൾക്കു ശേഷം അസിയയെക്കുറിച്ചുള്ള കവിതകളും പ്രസിദ്ധീകരിക്കാൻ തയാറായേനേം. അത് എന്തു തന്നെ ആയാലും ഹ്യൂസ് എന്ന കവി, കാമുകൻ, എല്ലാ ദൗർബല്യങ്ങളുമുള്ള മനുഷ്യൻ പൂർണമായി വെളിപ്പെടുന്ന കവിതകൾക്ക് ആവശ്യക്കാർ ഏറെയാണ്. പ്രണയവും മരണവും പങ്കിടുന്ന, കുറ്റവും കുറ്റബോധവും അനുഭവിക്കുന്ന, മരണാനന്തര ജീവിതം തുടരുന്നു..... ലേലം വിളിക്കാൻ ആളുണ്ടെങ്കിലും ഇല്ലെങ്കിലും. 

അസിയ ശാന്തമായി ഉറങ്ങട്ടെ. ഷുറയും. പ്ലാത് ഇപ്പോഴും അസ്വസ്ഥയായി കവിത എഴുതുകയാവുമോ. ഹ്യൂസ് അറിയുന്നു. എഴുതുന്നു. മരണാനന്തര കവിതകൾ. 

Content Summary: Ted Hughes unpublised poetry for auction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS