എഴുത്തുകാരനും സിനിമാ സംവിധായകനുമായ രാജ് നായർ പുതിയ നോവലിനെക്കുറിച്ചും സിനിമയെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുന്നു
ഇതിഹാസ കഥകളുടെ തമ്പുരാനായിരുന്നു രാജ് നായരുടെ അപ്പൂപ്പൻ; സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള! തകഴിയുടെ കൈപിടിച്ചു വളർന്ന രാജിനൊപ്പം മണ്ണിന്റെ ഗന്ധം നിറയുന്ന കഥകളും കൂടെക്കൂടി. മുത്തച്ഛൻ എഴുതി നിർത്തിയിടത്തുനിന്ന് കഥകൾ തുടരെത്തുടരെ പറയാനുള്ള ആവേശമുണ്ട് രാജിന്.
കുട്ടനാടൻ പാടങ്ങളും കൈത്തോടുകളുമൊക്കെ രാജിന്റെ കഥകളിലുമുണ്ടെങ്കിലും അതൊരിക്കലും തകഴിയുടെ വഴിയേയല്ല.
വേറൊരു രാജ്യത്തിരുന്ന്, തനിക്ക് ആഴത്തിൽ വേരുകളുള്ള കുട്ടനാടൻ മണ്ണിൽ ചവിട്ടിനിന്ന് കാണുന്ന നാട്ടുകിനാവുകളാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ. നാട് വിട്ടെങ്കിലും നാടിന്റെ ചൂര് വിട്ടിട്ടില്ല അദ്ദേഹം.
തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടാമത്തെ മകൾ ജാനമ്മയുടെ മകനാണ് രാജ് നായർ. കുടുംബമായി ഓസ്ട്രേലിയയിലാണ് താമസം. നിശ്ശബ്ദതയിലെ തീർഥാടകൻ, കടലാസ്സുപക്കികൾ എന്നിവയാണ് മലയാള നോവലുകൾ. ഇംപെർമനൻസ്, ബോക്കെ ഓഫ് കളേഴ്സ് എന്നീ ഇംഗ്ലിഷ് നോവലുകളും രചിച്ചു. പൃഥ്വിരാജും സംവൃത സുനിലും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘പുണ്യം അഹം’ എന്ന സിനിമയുടെ സംവിധായകനാണ്. 'കാഴ്ചവസ്തുക്കൾ' എന്ന പേരിൽ അമ്മൂമ്മ-തകഴിയുടെ കാത്തയെ കേന്ദ്രകഥാപാത്രമാക്കി ഡോക്യുഡ്രാമ പുറത്തിറക്കി. പുതിയ നോവലിന്റെയും സിനിമയുടെയും വിശേഷങ്ങൾ രാജ് നായർ പങ്കുവയ്ക്കുന്നു.
∙ എഴുത്തുകാരനല്ലാത്ത തകഴി
സാഹിത്യകാരനായിട്ടല്ല മുത്തച്ഛൻ വീട്ടിൽ ഇടപെട്ടിരുന്നത്. എഴുത്തിനെക്കുറിച്ചും സാഹിത്യകാരന്മാരെക്കുറിച്ചും അദ്ദേഹം വീട്ടിൽ സംസാരിച്ചിരുന്നില്ല. മുത്തച്ഛനെക്കുറിച്ച് ഒരു ഓർമക്കുറിപ്പ് തയാറാക്കുന്നുണ്ട്. മലയാളിക്ക് അറിയാത്ത തകഴിയെയാണ് ഇതിലൂടെ അവതരിപ്പിക്കുക. അദ്ദേഹത്തിന്റെ വ്യക്തി ജീവിതം കുറച്ചുകൂടി വരച്ചുകാട്ടുന്ന ഒരു പുസ്തകമായിരിക്കും ഇത്.
∙ ആദ്യം കവിത, കഥ, പിന്നാലെ പ്രവാസം
പത്താം വയസ്സിലാണ് ഞാൻ ആദ്യമായി ഒരു കവിത എഴുതിയത്. ഒരു വർഷത്തിനുള്ളിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു ദിവസം തകഴിവീട്ടിലേക്കു ഞാൻ വന്നപ്പോൾ അപ്പൂപ്പൻ ഒരു മാസിക വായിക്കുകയാണ്. വരാന്തയിലൂടെ പോവുകയായിരുന്ന ഞാൻ, അപ്പൂപ്പൻ വായിക്കുന്ന ആ മാസിക കണ്ടു. അതിലുള്ള എന്റെ കഥയാണ് വായിക്കുന്നതെന്ന് പെട്ടെന്നെനിക്കു മനസ്സിലായി. ആ കഥയുടെ വരകളും ഞാൻ തന്നെയാണ് ചെയ്തിരുന്നത്.
പെട്ടെന്ന് അപ്പൂപ്പൻ എന്നോട് ചോദിച്ചു: ‘എന്താടാ ഈ എഴുതിയിരിക്കുന്നത്. നിനക്ക് കഥയുടെ ക്രാഫ്റ്റ്, സ്ട്രക്ചർ ഇതൊക്കെയെന്താണെന്ന് അറിയാമോ? ഒരൊറ്റ നിമിഷത്തേക്കായിരുന്നു ആ ചോദ്യം. പിന്നാലെ അദ്ദേഹം അത് വിട്ടു. ഒരു സ്വപ്നത്തിലെന്നപോലെ ആ ചോദ്യം ഇപ്പോഴുമുണ്ട് എന്റെ മനസ്സിൽ.
എഴുത്തും സിനിമയുമൊക്കെയൊയി മുൻപോട്ടു പോകാനായിരുന്നു ആഗ്രഹമെങ്കിലും അപ്പൂപ്പൻ സമ്മതിച്ചില്ല, കുടുംബപ്രാരബ്ദങ്ങൾ കൂട്ടിനും. അങ്ങനെയാണ് വിദേശത്ത് പഠനത്തിനായി പോയത്.
∙ പിന്നോട്ടു വലിച്ച കൈത്തലം
വായനയും കവിതയെഴുത്തും തലയ്ക്കു പിടിച്ച കാലം. ആലപ്പുഴയിൽ ഒരു ലിറ്റിൽ മാഗസിൻ നടത്തുന്നതിൽ പങ്കാളി. ചെറിയ രീതിയിൽ ഊരുചുറ്റലും തുടങ്ങി. അപ്പൂപ്പനത് ഒട്ടും ഇഷ്ടമായിരുന്നില്ല, ഭയപ്പാടും. അന്ന് സാഹിത്യസദസ്സുകളിൽ മദ്യപാനവും ലഹരിയുമൊക്കെയുണ്ടായിരുന്നു. എനിക്ക് പന്ത്രണ്ട് പതിമൂന്ന് വയസ്സ് പ്രായം, കവിസുഹൃത്തുക്കൾ എല്ലാം എന്നെക്കാൾ മുതിർന്നവർ, സുഹൃത്തുക്കൾക്കൊപ്പം ഷാപ്പിൽ പോകുമെങ്കിലും. കപ്പയും മീനും മാത്രം കഴിക്കും. ഒരിക്കൽ കരുമാടി ബസ് സ്റ്റോപ്പിനു സമീപത്തെ പാടത്ത് വച്ച് എന്റെ ആദ്യത്തെ കവിയരങ്ങ് നടന്നു. അപ്പൂപ്പനായിരുന്നു ഉദ്ഘാടകൻ. അപ്പൂപ്പന്റെ ഡബിൾ മുണ്ടുമുടുത്ത് കവിയരങ്ങിൽ പങ്കെടുക്കാൻ ഞാൻ പോയി. പങ്കെടുക്കാൻ വന്ന കവികളൊക്കെ നന്നായി മദ്യപിച്ചിരുന്നു. തകഴിയിൽ നിന്ന് ബസിൽ വന്നിറങ്ങിയ അപ്പൂപ്പൻ മീശ മുളയ്ക്കാത്ത എന്നെ ആ കൂട്ടത്തിൽ കണ്ടപ്പോൾ ശരിക്കും ഞെട്ടി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അപ്പൂപ്പൻ അനുവദിച്ചില്ല. അങ്ങനെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഹോങ്കോങ്ങിലുള്ള എന്റെ അച്ഛന്റെ അനുജന്റെയടുത്ത് പോയി, അവിടെ സർവകലാശാലയിൽ നിന്ന് പി എച്ച് ഡി. ഹാർവഡ് യൂണിവേഴ്‌സിറ്റിയിലും ലണ്ടൻ യൂണിവേഴ്‌സിറ്റിയിലുമായി ഉപരിപഠനങ്ങൾ, പ്രവാസജീവിതം.
∙ അടിമുടി കുട്ടനാട്ടുകാരൻ
നാട്ടിൽ നിന്നു മാറി ജീവിക്കാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടുകൾ അടുക്കുന്നു. പഠനത്തിനായി നാട് വിട്ടതാണെങ്കിലും ഇപ്പോഴും അടിമുടി കുട്ടനാട്ടുകാരനാണ്. തകഴിയിലെ പാടത്തും ചെളിയിലും നിക്കറിട്ട് വളർന്ന പയ്യനാണ് ഞാൻ. എത്രകാലം കഴിഞ്ഞാലും അച്ഛനും അമ്മയും മാറാത്തപോലെ തന്നെയാണ് ജനിച്ച നാടും. ഏതു നാട്ടിൽ ചെന്നാലും ജീവിച്ചാലും കുട്ടനാടുമായുള്ള ബന്ധം പറിച്ചുകളയാൻ പറ്റില്ല. ഭാര്യ മലയാളിയല്ല. മക്കളായ രാമിൽ, നട്ഷ എന്നിവർക്ക് മലയാളം സംസാരിക്കാനും അറിയില്ല. പക്ഷേ, മനസ്സിൽ ഞാൻ ഇന്നും ഒരു തകഴിക്കാരനാണ്. എഴുത്തുകാരനായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന ആളാണു ഞാൻ. പത്താം വയസ്സിൽ കയറിക്കൂടിയ ആഗ്രഹമാണത്. രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി കിടക്കുമ്പോഴും എന്റെ മനസ്സിൽ എഴുത്ത് മാത്രമാണുള്ളത്.

∙ നെടുമുടിയുടെ കഥകളിവേഷം
നെടുമുടി വേണുച്ചേട്ടൻ കുടുംബസുഹൃത്തായിരുന്നു. വാനപ്രസ്ഥം സിനിമയ്ക്ക് മോഹൻലാലിനു ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ വേണുച്ചേട്ടൻ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തിരുന്നു. പലതരം വേഷങ്ങൾ സിനിമയിൽ ചെയ്തെങ്കിലും ഒരു കഥകളിക്കാരനായിട്ട് അഭിനയിക്കാൻ പറ്റിയിട്ടില്ല എന്ന് വേണുച്ചേട്ടൻ മോഹൻലാലിനോട് പറയുന്നുണ്ട്. ‘പുണ്യം അഹം’ എന്ന എന്റെ സിനിമയിൽ വേണുച്ചേട്ടന് കഥകളി വേഷം നൽകി ഞാൻ ആ ആഗ്രഹം സാധിച്ചുകൊടുത്തു. ഷൂട്ടിങ്ങിനു ശേഷം കഥകളിവേഷവും ആഭരണങ്ങളുമെല്ലാം കാശുകൊടുത്ത് വാങ്ങി അദ്ദേഹം കൊണ്ടുപോകുകയും ചെയ്തു. തകഴിയിലെ അമ്മൂമ്മ നെടുമുടിക്കാരിയാണ് വേണുച്ചേട്ടന്റെ നെടുമുടിയിലെ കുടുംബവീട് അയൽപക്കവും. കൊച്ചുന്നാളിൽ ഞാൻ മൃദംഗം പഠിച്ചിരുന്നു. ആദ്യമായി ഞാൻ വേണുച്ചേട്ടനെ കാണുന്നത് ആലപ്പുഴ ടിഡി സ്കൂളിൽ അദ്ദേഹം വാദ്യകലകളും നാടകവും മറ്റും പഠിപ്പിച്ചിരുന്ന കാലത്താണെന്നാണ് ഓർമ്മ.

∙ ഉയരെപ്പറക്കാൻ കടലാസ്സുപക്കികൾ
കൊറ്റേലിയെന്ന ഒരു സാങ്കൽപിക കുട്ടനാടൻ ഗ്രാമത്തിൽ നടക്കുന്ന കഥയാണ് “കടലാസ്സുപക്കികൾ’ എന്ന നോവൽ. ഒരു വർഷം മുൻപ് പ്രസിദ്ധീകരിച്ച ഈ നോവലിന്റെ രണ്ടാം പതിപ്പിറങ്ങി. കൊറ്റേലിയിൽ തുടങ്ങി, വിദേശരാജ്യങ്ങളിലേക്കു പടർന്നു പന്തലിക്കുന്ന വലിയൊരു കാൻവാസിലാണ് കഥ രൂപപ്പെട്ടിരിക്കുന്നത്. ഒരു ശരാശരി മനുഷ്യായുസിന്റെ ദൈർഘ്യമാണ് കഥയുടെ കാലയളവിനും; ഏതാണ്ടൊരു 60 വർഷം. ഒരു ഭാരതപൗരൻറെ സമകാലിക സാമൂഹികരാഷ്ട്രീയ അവസ്ഥാവിശേഷത്തിൽ പ്രസക്തിയേറുന്ന ദുരന്തകഥ. ഇതിലെ പല കഥാപാത്രങ്ങളും നമ്മുടെ ചുറ്റുവട്ടത്തുള്ളവർ തന്നെ. പേരില്ലാത്തവരും പ്രേതങ്ങളും മുതൽ പുഴയും ഒരു അരിവാളും ഇതിൽ കഥാപാത്രങ്ങളാണ്. കരുത്തരായ പെണ്ണുങ്ങൾക്ക് മുമ്പിൽ ദുരന്തകഥാപാത്രങ്ങളാവുന്ന ആണുങ്ങൾ. സംസ്കാരങ്ങളുടെയൊക്കെ തലപ്പത്ത് നദികളുണ്ട്. നദി നിന്നിടത്തു തുടങ്ങി നദി ഒഴുകാതെ നിൽക്കുന്ന (പ്രത്യാശ) ഒരു അവസ്ഥയ്ക്കുമിടയിൽ നടക്കുന്ന കഥ അസ്തിത്വത്തിന്റെ സകലമാനങ്ങളിലേയ്ക്കും പടർന്നു കയറുന്നുണ്ട്.
∙ കാഴ്ചവസ്തുക്കൾ
തകഴിയുടെ വിയോഗശേഷം മ്യൂസിയമായി മാറിയ ശങ്കരമംഗലം തറവാടിന്റെ ഒരു ഭാഗത്ത് ഏകാന്തതയുടെ തുരുത്തിലായിരുന്ന അമ്മൂമ്മ കാത്ത കേന്ദ്രകഥാപാത്രമായുള്ള ഡോക്യുഡ്രാമയാണ് കാഴ്ചവസ്തുക്കൾ. രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡോക്യുഡ്രാമയിലൂടെ, കുട്ടനാടിന്റെ കഥാകാരൻ കടന്നുപോയ ശേഷമുള്ള കാത്ത എന്താണെന്നു കാഴ്‌ചക്കാർ അറിഞ്ഞു. കാത്തയിലൂടെ സമൂഹത്തിലെ ഓരോ മുത്തശ്ശിമാരും അനുഭവിക്കുന്ന നൊമ്പരങ്ങൾ ആവിഷ്‌കരിക്കുക കൂടിയായിരുന്നു രാജ്. അമ്മൂമ്മയുടെ സ്‌നേഹത്യാഗങ്ങൾ നിറഞ്ഞ ജീവിതം ഒരു മണിക്കൂർ നീണ്ട ഡോക്കുഡ്രാമയിലൂടെ വരച്ചുകാട്ടാൻ രാജ് ശ്രമിക്കുന്നുണ്ട്.
∙ 1000 പേജുകളുള്ള നോവൽ
ആയിരം പേജുകളുള്ള ഒരു മലയാളം നോവലിന്റെ പണിപ്പുരയിലാണ് ഇപ്പോൾ. 100 പേജുകളുള്ള 10 ഭാഗങ്ങളുണ്ടാകും. മലയാളി കേന്ദ്രകഥാപാത്രമായിട്ടുള്ള ഒരു ഇന്ത്യൻ നോവലാണ് ലക്ഷ്യം. ഇന്ത്യയിലെ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങളെല്ലാം പ്രതിഫലിക്കുന്ന ഒരു കൃതിയാകുമിത്. എഴുതാൻ തുടങ്ങുമ്പോൾ തന്നെ നോവലിനു പേരിടുന്ന രീതിയാണ് ഞാൻ സ്വീകരിക്കുന്നത്. 5–6 പേരുകൾ മനസ്സിലുണ്ട്.
∙ പുതിയ സിനിമ
‘വ്യഥ’ എന്നാണ് അടുത്ത സിനിമയുടെ പേര്. തിരക്കഥ ഏറെക്കുറെ പൂർത്തിയാക്കി. നിർമാണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുകയാണ്. ഒരു ഇന്ത്യ- ഓസ്ട്രേലിയ സംരംഭം.
English Summary : Writer and director Raj Nair about his new novel