ജൂലൈ 16, 2022
‘വിൻസെന്റ്’. ഡോൺ മക്ലെയ്ന്റെ പാട്ട്. ‘‘നക്ഷത്രങ്ങള് നിറഞ്ഞ ആകാശം’’ (Starry, Starry Night). ഡോൺ കാണുന്ന നക്ഷത്രങ്ങൾ വിൻസെന്റിന്റെ കാൻവാസിൽ നിന്നു വന്നതാണെന്ന് നമുക്കറിയാം. പക്ഷേ, വളരെ വർഷങ്ങൾക്കു മുൻപ് വിൻസെന്റിന്റെ ‘സ്റ്റാറി നൈറ്റ്’ ഒരു പകർപ്പിൽ ആദ്യമായി കണ്ടപ്പോൾ വിക്റ്റർ യൂഗോയുടെ ‘പാവങ്ങൾ’ (Les Misérables) എന്ന നോവലിലെ ഒരു ഭാഗമാണ് ഞാൻ ഓർത്തത്.
ഒരു കഥാപാത്രം. സ്വന്തം ഹൃദയത്തിന്റെ അക്ഷുബ്ധതയെ ആകാശത്തിന്റെ അക്ഷുബ്ധതയുമായി താരതമ്യം ചെയ്യുന്നൊരാൾ. പ്രപഞ്ചവുമായി ആത്മാവിന്റെ നിഗൂഢമായ കൈമാറ്റം നടക്കുന്നേടത്ത് നിൽക്കുന്നൊരാൾ. നക്ഷത്രവ്യൂഹങ്ങളുടെ ദൃശ്യമായ ജ്യോതിസ്സ്, ദൈവത്തിന്റെ അദൃശ്യമായ ജ്യോതിസ്സ്. സൃഷ്ടിയുടെ ആകത്തുകയായ ഔജ്ജ്വല്യത്തിനു നടുവിൽ വികാസം നേടുന്നൊരാൾ. ഈ ആളെക്കുറിച്ച് യൂഗോ എഴുതി, ‘‘നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയുടെ മധ്യത്തിൽ അയാൾ ഒരു വിളക്ക് പോലെ തിളങ്ങി.’’
ആ ആൾ ഞാനാണ്, ആ ആൾ ഞാനാവട്ടെ, ഭ്രമാത്മകമായ ആ രാക്കാഴ്ച്ച എന്റെ കാൻവാസാകട്ടെ! ഇതാണോ വിൻസെന്റിന്റെ ഉത്തേജനം? ഒരു സന്ദേഹം മാത്രം. വിൻസെന്റ് എഴുതിയ തൊണ്ണൂറിൽപ്പരം കത്തുകളുടെ അവലംബത്തിൽ കലാചരിത്രകാരനായ വില്യം ഹാവിൽചെക്ക് 2010ൽ എഴുതിയ ആധികാരിക ജീവചരിത്രം (‘Van Gogh’s Untold Journey’) പുറത്തായപ്പോളാണ് ഉത്തരം കിട്ടിയത്. അതെ, യൂഗോയുടെ വരികളാണ് വിൻസെന്റിന്റെ ‘സ്റ്റാറി നൈറ്റ്’.
ഹാവിൽചെക്കിന്റെ തെളിവില്ലായിരുന്നെങ്കിൽ, ഞാൻ ഉൾപ്പെടെ പലരുടെയും മനസ്സിൽ വിൻസെന്റും യൂഗോയും ഒന്നിക്കില്ലായിരുന്നു. ഒന്നിച്ചപ്പോളാകട്ടെ, യോജിപ്പിന്റെ കാരണങ്ങൾ എന്തുകൊണ്ട് നേരത്തേ തിരിച്ചറിഞ്ഞില്ലെന്ന് നാം ആശ്ചര്യപ്പെടുന്നു.
കവിയായി ജനിക്കുന്ന ഓരോ വ്യക്തിയും ഒരു വാസ്തുശില്പിയാകുമെന്ന് പ്രസ്താവിച്ചിരുന്ന യൂഗോക്ക് വാസ്തുശിൽപ്പചൈതന്യങ്ങളിൽ ദൈവികത പ്രാപ്യമായിരുന്നു (യൂഗോയുടെ മനസ്സിൽ, ആകാശം കതീഡ്രലുകൾക്ക് വെളിച്ചത്തിന്റെ എഴുത്താക്കാവുന്ന കാൻവാസാകുന്നത് ഞാൻ സങ്കൽപ്പിക്കുന്നു). വിൻസെന്റിന് ഇത് മനസ്സിലാകും. ഒരു പുരോഹിതന്റെ മകനായിരുന്നു വിൻസെന്റ്. അദ്ദേഹത്തിന്റെ മനസ്സ് പൗരോഹിത്യത്തിന് ഉന്മുഖമായിരുന്നു. സാമൂഹിക അനാവശ്യങ്ങളായി ഗണിക്കപ്പെടുന്ന പാവങ്ങൾക്കിടയിൽ തന്റെ ലൗകിക സമ്പത്തു മുഴുവൻ വിതരണം ചെയ്തുകൊണ്ടാണ് ഇടയനായ സഭാപരിപാലകനാവാൻ അദ്ദേഹം തയാറെടുത്തത്. പക്ഷേ, വിൻസെന്റ് യോഗ്യനല്ലെന്ന് പള്ളി പറഞ്ഞു.
കതീഡ്രലുകളുടെ ഉയരത്തിനുമപ്പുറം ചിന്തിക്കാൻ കഴിഞ്ഞിരുന്ന യുഗോക്ക് അത്രയും താഴോട്ടും ചിന്തിക്കാമായിരുന്നു – അക്ഷരം പ്രതി. അധോനഗരം. പാരിസിന്റെ മുഴുവൻ മാലിന്യങ്ങളും വിസർജ്ജ്യങ്ങളും മേൽപ്പരപ്പിലെത്താതെ ചുവട്ടിലേക്ക് തള്ളിക്കളയുന്ന ഓടകളും മറ്റു ഭൂഗർഭസംവിധാനങ്ങളും എത്ര പ്രതിബദ്ധതയോടെയാണ് യൂഗോ ശ്രദ്ധിച്ചതെന്ന് വിവരിക്കാൻ നമുക്ക് ചരിത്രത്തിലും മെക്കാനിക്കൽ എൻജിനീയറിങിലും തുല്യനിലയിൽ അവഗാഹമുള്ള ജോൺ ലീൻഹാർഡിനെ വേണ്ടിവരും (എഴുത്തിലെ ഏറ്റവും നിയാമകമായ ഗ്രന്ഥികൾ സാഹിത്യനിരൂപകരുടെ അറിവിന് പുറത്താണ്).
യൂഗോയുടെ പുസ്തകത്തിന്റെ പേര് ‘പാവങ്ങൾ’. യുഗോയും വിൻസെന്റും ഒരേ പോലെ യൂറോപ്പിലെ സമൂഹ നവീകരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. വിൻസെന്റിന് ഇതിൽക്കൂടുതൽ എന്തു വേണം!
ഒറ്റക്കും, കൂട്ടമായും, കൂട്ടത്തിൽ ഒറ്റയായും എത്രയോ മനുഷ്യർ അന്യോന്യമറിയാതെ ഓരോരോ ഭൂവിഭാഗങ്ങളിൽ നിന്ന് ഒരേ നക്ഷത്രങ്ങളിലേക്ക് ഉറ്റു നോക്കുന്നു. ഇത്രയും വ്യക്തികളും സമൂഹങ്ങളും നക്ഷത്രങ്ങളും, കാണലിന്റെയും കാണപ്പെടലിന്റെയും ഏകീഭാവവും എല്ലാം ഭാഗങ്ങളാകുന്ന സമഗ്രതയെ നാം എന്താണ് വിളിക്കേണ്ടത്? ഭൂമിയിൽ എന്തെല്ലാമോ നക്ഷത്രങ്ങൾ ചൂണ്ടുന്ന അടിക്കുറിപ്പുകളാണ്, നക്ഷത്രങ്ങൾക്കുള്ള ടിപ്പണിയുമാണ്.
ജൂലൈ 17, 2022
‘‘ഞാനൊരു പ്രവാചകനല്ല. പക്ഷേ, മേൽവിലാസങ്ങൾ തെറ്റുകയാൽ (‘മുഗവരികൾ തവറിനതാൽ’) എല്ലാ വെളിപാടുകളും എത്തുന്നത് പ്രവാചകരിൽ അല്ല. പ്രവാചകൻ അല്ലാത്തൊരാളിൽ എത്തുന്നൊരു വെളിപാട് വിഭ്രാന്തിയായോ യാദൃച്ഛികതയായോ അനുഭവപ്പെടാം, വ്യാഖ്യാനിക്കപ്പെടാം. പക്ഷേ, കുറ്റാന്വേഷകർ പറയും, യാദൃച്ഛികത എന്നൊന്നില്ല.’’
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘19’ എന്ന പംക്തിയിലേക്ക് ഞാനയച്ചൊരു ലേഖനത്തിലെ ചില വരികളാണ് മുകളിൽ. ‘മുഗവരികൾ തവറിനതാൽ’ എന്ന വരിക്കരികിൽ ഞാനൊരു നക്ഷത്ര ചിഹ്നം ചേർത്തിരുന്നു. ആഴ്ചപ്പതിപ്പിൽ നിന്ന് ആരോ വിളിച്ചു ചോദിച്ചു: ‘‘സർ, ഇവിടെയൊരു ആസ്റ്ററിസ്ക് [asterisk] കാണുന്നു, പക്ഷേ എവിടെയും ഒരു അടിക്കുറിപ്പ് കാണുന്നില്ല. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?’’
ഞാൻ പറഞ്ഞു, ‘‘ആ നക്ഷത്ര ചിഹ്നം ഒഴിവാക്കാം. എന്റെ കരടുപതിപ്പിൽ അതിനു ചുവട്ടിൽ ഒരു അടിക്കുറിപ്പ് ചേർക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നു. നിങ്ങൾക്കയച്ച കോപ്പിയിൽ അതു ചേർക്കാൻ കഴിഞ്ഞില്ല. ആസ്റ്ററിസ്ക് എടുത്തുകളയാൻ മറന്നുപോയി.’’
പക്ഷേ, ആ ചിഹ്നത്തെ ഒഴിവാക്കാമോ! ആകാശത്തിലെ ഒരു നക്ഷത്രത്തിന്റെ താപത്തോടെയാണ് അതിപ്പോഴും എന്റെ മനസ്സിൽ തുടരുന്നത്. ഉള്ളറകളിൽ അതിന്റെ വെളിച്ചമുണ്ട്. ഈ പേജിൽ ആ നക്ഷത്രചിഹ്നം തിരിച്ചെത്തും. ആയിരത്തിൽപ്പരം ആഴ്ചകളുടെ ദൈർഘ്യമുള്ളൊരു സൗഹൃദത്തിന്റെ പശ്ചാത്തലം വേണം അതു സംഭവിക്കാൻ.
പശ്ചാത്തലത്തിന്റെ തുടക്കം 1999ൽ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പിൽ ഞാൻ എഴുതാൻ തുടങ്ങിയൊരു പംക്തിയായിരുന്നു: ‘ലോകത്തെ കണ്ടെത്തുക’ (Discover the World). വിഷയമേഖല സാമാന്യവിജ്ഞാനം, പക്ഷേ ആദിയിൽ ഒരു ക്വിസ് മത്സരം മാത്രമായിരുന്നു പംക്തിയുടെ ഉള്ളടക്കം. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകാൻ മുന്നോട്ടു വന്നത് ഡിസ്കവറി ചാനലായിരുന്നു – ആകർഷകമായ തൊപ്പികൾ, ബാക്ക്പാക്കുകൾ…
പിന്നീട്, ഇന്ത്യൻ എക്സ്പ്രസിലുണ്ടായ ഭരണപരിഷ്കാരങ്ങളെ തുടർന്ന്, ഡിസ്കവറി ചാനൽ വേർപെട്ടു. എന്റെ പംക്തി ‘സീബ്രാ ക്രോസിങ്ങ്’ എന്ന പുതിയ പേരോടെ കൂടുതൽ വിസ്തൃതമായി; പത്തൊമ്പതിൽപ്പരം വർഷങ്ങളിലൂടെ സൺഡേ എക്സ്പ്രസിൽ അത് തുടർന്നു. ആയിരാമത്തെ ലക്കം പൂർത്തിയാക്കിയാണ് ഞാൻ വിരമിച്ചത്. പക്ഷേ ആദ്യ ലക്കം തൊട്ട് അവസാന ലക്കം വരെ വായനക്കാരുടെ ഒരു കൂട്ടം എന്നോടൊപ്പമുണ്ടായിരുന്നു. കൂട്ടത്തിൽ അറിവിലും അടുപ്പത്തിലും വിനിമയത്തിലും ഒന്നാമനായിരുന്നു ഹൈദരാബാദുകാരനായ യു. നരസിംഹ മൂർത്തി (യുഎൻഎം) – ഞങ്ങളുടെ ക്വിസ് സമൂഹത്തിൽ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന വ്യക്തി.
‘സീബ്രാ ക്രോസിങ്ങ്’ നിലച്ചപ്പോൾ സ്വാഭാവികമായും ഞങ്ങൾക്കിടയിലെ കത്തിടപാടുകൾ വളരെ ചുരുങ്ങി. പിന്നെയത് പെട്ടെന്നൊരു ഉദ്വിഗ്ന വിനിമയമായത് ഒരു നഷ്ടഘട്ടത്തിന്റെ പടവുകളിലാണ്.
അല്പം സ്വാതന്ത്ര്യമെടുത്ത് ഞാൻ ‘ബാല’ എന്ന പേരിൽ പരാമർശിച്ചിരുന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിനെ നേരിൽ കണ്ട് പരിചയപ്പെടാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ വിളികളും സന്ദേശങ്ങളും ഉണ്ടായിട്ടില്ല. പക്ഷേ, തമിഴിൽ താൻ പാടിയ പാട്ടുകളോട് വല്ലാത്ത സ്നേഹമുള്ളൊരു എഴുത്തുകാരൻ കേരളത്തിലുണ്ടെന്ന് എസ്പിബിക്ക് അറിയാമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് മാധ്യമങ്ങൾക്കു പോലും അറിയാത്ത ചില കാര്യങ്ങൾ (കോളജ് കാംപസിലെ വിശേഷങ്ങളടക്കം) എനിക്കറിയാം, തൊട്ടടുത്തറിയാം.
ഒരു പക്ഷേ, ഇതായിരുന്നു എസ്പിബിക്കും എനിക്കുമിടയിലെ വിനിമയം. ഈ വിനിമയത്തിന്റെ മാധ്യമമായിരുന്നു യുഎൻഎം.
സന്ദർശന കാരണം എന്തായാലും ഹൈദരാബാദിൽ എത്തിയാൽ എസ്പിബി താമസിക്കുക യുഎൻഎമ്മിന്റെ വീട്ടിലായിരിക്കും. അവസാനത്തെ സന്ദർശനത്തിൽ അദ്ദേഹം തിരക്കി: ‘‘നമ്മുടെ മലയാളി സുഹൃത്തിന് സുഖം തന്നെയല്ലേ?’’ / കോവിഡ്-19 ബാധിച്ച് എസ്പിബി ചികിത്സയിലായപ്പോൾ സുഖവിവരമറിയേണ്ട ഊഴം ഉൽക്കണ്ഠയിൽ എന്റേതായി.
സെപ്റ്റംബർ (2020) ആറാം തീയതിയിലെ ഇമെയിലിൽ യുഎൻഎം എനിക്കെഴുതിയിരുന്നു: ‘‘ബാലുവിന്റെ അവസ്ഥയെക്കുറിച്ച് എനിക്ക് കിട്ടിയ വിവരം യുക്തിക്ക് നിരക്കുന്നതല്ല. ഇപ്പോളും എക്മോയിൽ, ഐസിയുവിൽ. ശ്വാസകോശങ്ങൾ പൂർവസ്ഥിതിയിൽ എത്തിയിട്ടില്ല. ഓഗസ്റ്റ് അഞ്ചാം തീയതി ഹോസ്പിറ്റലിൽ എത്തുമ്പോൾ ബാലു രോഗത്തിന്റെ ആദ്യ അവസ്ഥയിലായിരുന്നെന്നാണ് ഞാനറിഞ്ഞത്. പിന്നെ ഹോസ്പിറ്റലിൽ വൈദ്യ സംരക്ഷണത്തിലായിട്ടും അദ്ദേഹത്തിന്റെ അവസ്ഥ പെട്ടെന്നിത്രയും മോശമായതെങ്ങനെ! കാര്യങ്ങൾ കൃത്യമായി നാം അറിയുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നു പുലർച്ചെ അഞ്ചു മണിക്ക് ശേഷം ഞാൻ തെലുഗു ന്യൂസ് ചാനലുകൾ മാറി മാറി കാണുകയായിരുന്നു. ബാലുവിനെക്കുറിച്ച് ഒരൊറ്റ വർത്തയുമില്ല!’’
പിന്നെ പ്രത്യാശയുടെ നാളുകളുണ്ടായി. വളരെ സന്തുഷ്ടനായൊരു യുഎൻഎം എന്നെ വിളിച്ചു പറഞ്ഞു: ‘‘പ്രിയപ്പെട്ട മേതിൽ, നമ്മുടെ ബാലു തിരിച്ചു വരും, ഇനിയുമിനിയും നമുക്ക് വേണ്ടി പാടും.’’ / ഇല്ല, യുഎൻഎം, വരില്ല. പക്ഷേ, എന്റെ മനസ്സിലുള്ളത് ഞാൻ യുഎൻഎമ്മിനോട് പറഞ്ഞില്ല, പറയില്ല.
എന്റെ മനസ്സിൽ ബാലയുടെ മരണം ഉറപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എനിക്ക് പ്രിയപ്പെട്ടൊരു ഗായകന്റെ മരണം എന്നതിനേക്കാൾ യുഎൻഎമ്മിന് പ്രിയപ്പെട്ടൊരാളുടെ മരണം എന്ന നിലക്കാണ് അതെന്നെ കൂടുതൽ അലട്ടിയത്.
ആഗ്രഹങ്ങളും സംശയങ്ങളും ഒരേ പോലെ വ്യാജ ചിഹ്നങ്ങളയക്കുന്ന ദിവസങ്ങൾ. എന്റെ ‘19’ എന്ന പംക്തിയുടെ ആഴത്തിലായിരുന്നു ഞാൻ. ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അറിയിക്കും മുൻപേ കോവിഡ് പത്തൊമ്പതിനക്കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തലുകൾ ചില പ്രമുഖ ഗവേഷണകേന്ദ്രങ്ങളിലെ സുഹൃത്തുക്കൾ എന്നെ അറിയിച്ചിരുന്നു; ചില കണ്ടെത്തലുകൾ ബാഹ്യലോകത്തിൽ അറിയിക്കപ്പെട്ടിട്ടേയില്ല.

ഞാൻ എന്റെ പഴയ കോവിഡ് കുറിപ്പുകളിലേക്ക് കടന്നു; ചിലപ്പോൾ ചില പ്രവചനങ്ങൾ തെറ്റായ ആളുകളിൽ എത്തുന്നതിനെക്കുറിച്ചുള്ള ഖണ്ഡിക തേടിപ്പിടിച്ചു. ഈ ഖണ്ഡിക എഴുതപ്പെടുമ്പോൾ പകർച്ചവ്യാധി ബാലയെ ബാധിച്ചിരുന്നില്ല. എന്നിട്ടും ‘‘മേൽവിലാസങ്ങൾ തെറ്റുകയാൽ’’ എന്ന പ്രയോഗത്തിന് പിന്നിൽ ആചാരപരമായൊരു അകമ്പടി പോലെ ‘‘മുഗവരികൾ തവറിനതാൽ’’ എന്ന വിവർത്തനം കയറിവന്നതിൽ അസ്വാഭാവികതയില്ല. ബാലയുടെ എത്രയോ വരികൾ എനിക്ക് ഹൃദിസ്ഥമാണ്. പക്ഷേ, ഇപ്പോൾ?
ഞാൻ ആ വരികൾക്കരികിൽ ഒരു നക്ഷത്രചിഹ്നം റ്റൈപ്പ് ചെയ്യുന്നു. അടിക്കുറിപ്പ് സാധ്യമാകണമെങ്കിൽ ഒരു മരണം പൂർത്തിയാകണം. പൂർത്തിയായിട്ടില്ല.
ചില പത്രങ്ങൾ ചെയ്യുന്നതു പോലെ വെന്റലേറ്ററിൽ എത്തിയൊരു പ്രശസ്തവ്യക്തിയുടെ മരണവാർത്ത മുൻകൂറായി തയാറാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അടിക്കുറിപ്പില്ലാതെ ഞാൻ എന്റെ ലേഖനം പ്രസിദ്ധീകരണത്തിന്നയച്ചു. പക്ഷേ, ആ നക്ഷത്രചിഹ്നം നീക്കം ചെയ്യപ്പെട്ടിരുന്നില്ല. മറവി? ഈ ചോദ്യത്തിനുള്ള ഉത്തരം നൽകാൻ ഇപ്പോൾപ്പോലും എനിക്ക് കഴിയില്ല. ശരിക്കും ഒരു ഉത്തരത്തിനു പകരമാകാതെത്തന്നെ മനസ്സിലുള്ളത് ഒരു സ്മൃതിയാണ്.
ജൂലൈ 18, 2022
ചൈനയിൽ പോലും കോവിഡ്-19 എത്തിയിട്ടില്ലാത്ത കാലത്തിൽ ഒരു സായാഹ്നം, ഒരു വ്യക്തിയുടെ സന്ദർശനം. സംഭാഷണത്തിൽ കുറച്ചു നേരമെങ്കിലും സംഗീതം ഒരു വിഷയമായിരുന്നു. തമിഴ്പ്പാട്ടുകൾ അതിലൂടെ കടന്നുപോയി. ആ സംഭാഷണത്തിൻറെ തുടർച്ചയിലാണ് അന്നു രാത്രി ഞാൻ ആ വ്യക്തിക്കൊരു ഒരു പാട്ടിന്റെ ‘ലിങ്ക്’ അയച്ചുകൊടുത്തത് (‘‘ഇത് ശ്രദ്ധിക്കുക’’). / പ്രതികരണം ഉണ്ടായില്ല.
സാഹിത്യത്തിന്റെ കാര്യത്തിൽ തെറ്റ് പറ്റിയാലും സംഗീതത്തിന്റെ കാര്യത്തിൽ എനിക്ക് തെറ്റ് പറ്റില്ലെന്ന് സുഹൃത്തുക്കളോട് വാദിക്കാറുള്ള ഒരാളാണ് ഞാൻ. പക്ഷേ, ആ വ്യക്തിക്ക് നൽകിയ നിര്ദ്ദേശത്തിൽ എനിക്ക് തെറ്റ് പറ്റിയോ?
‘‘ഇല്ല, തെറ്റ് പറ്റിയിട്ടില്ല,’’ എസ്.പി. ബാലസുബ്രഹ്മണ്യം പറഞ്ഞു. പക്ഷേ, ഈ സ്ഥിരീകരണമുണ്ടായത് വളരെ വളരെ വൈകിയാണ്.
എസ്പിബി മരിച്ചു. വാർത്തയറിഞ്ഞ യുഎൻഎം താൻ ആരെന്നും എവിടെയാണെന്നും വെളിവില്ലാതെ ഇരുപത്തിനാലു മണിക്കൂറോളം കിടപ്പിലായിരുന്നെന്ന് ഞാൻ അറിഞ്ഞു. സുഹൃത്തിന്റെ മരണത്തിനു ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ യു. നരസിംഹ മൂർത്തിയും മരിച്ചു. ഏതോ ഒരു തരം അര്ബുദത്തിലൂടെ താൻ കടന്നു പോകുന്ന വിവരം അദ്ദേഹം ഒരിക്കലും എന്നെ അറിയിച്ചിരുന്നില്ല. ഞാൻ നീക്കം ചെയ്യാൻ മറന്നൊരു നക്ഷത്രചിഹ്നം ഇപ്പോൾ രണ്ടു മരണങ്ങളെ ചൂണ്ടുന്ന പ്രതീതി.
മരണവാർത്ത അറിയിച്ചുകൊണ്ട് ഞങ്ങളുടെ പൊതുസുഹൃത്തും ക്വിസ് പ്രേമിയുമായ ഡോ: സുധാകർ (പീഡീയട്രിഷൻ, ബാംഗളൂർ) എനിക്കയച്ച സന്ദേശത്തിൽ പറഞ്ഞു: ‘‘അദ്ദേഹം ഏഴ് ക്വിസ് പുസ്തകങ്ങൾ സാമാഹരിച്ചിരുന്നു. നാലെണ്ണം പ്രസിദ്ധീകരിക്കപ്പെട്ടു. നേരത്തേ അദ്ദേഹം ഭഗവദ് ഗീത ആംഗലത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു; അവസാനത്തെ മാസങ്ങളിൽ ഭാഗവതത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു.’’
ആ ദിവസം രാത്രി ഞാൻ യൂട്യൂബിൽ ഒരു പ്രത്യേക കച്ചേരിയിലെത്തി. വേദിയിൽ എസ്പിബി, സാക്ഷാൽ പി. ജാനകിയോടൊപ്പം. അവർ പാടുന്നു: ‘‘മലരേ, മൗനമാ...’’ / ആ പാട്ടിന്റെ ശബ്ദലേഖനം നടന്ന ദിവസം സംഗീത സംവിധായകനായ വിദ്യാസാഗറിനോട് താൻ പറഞ്ഞൊരു കാര്യം എസ്പിബി ഉദ്ധരിച്ചിരുന്നു: ‘‘ഞങ്ങൾക്ക് ആയിരം പാട്ടുകൾ ആവശ്യമില്ല. ഒരു വർഷത്തിൽ ഇതുപോലുള്ള ഒരൊറ്റ പാട്ടു മതി.’’ / ഒരു സായാഹ്നത്തിൽ എന്നെ സന്ദർശിച്ച വ്യക്തിയോട് ഞാൻ ശ്രദ്ധിക്കാൻ പറഞ്ഞത് ഈ പാട്ടായിരുന്നു!
ചില ചിഹ്നങ്ങൾ ഒരിക്കലും ചിലരിൽ എത്തില്ല. കാരണം, ഈ ചിഹ്നങ്ങൾക്ക് ഒരിക്കലും മേൽവിലാസം തെറ്റാറില്ല.
Content Summary: Que sera sera 7, Column by Maythil Radhakrishnan