അന്തിമിനുക്കത്തിൽ ചെന്തീപോലെ – ട്രൈബി പുതുവയൽ എഴുതിയ കഥ
Mail This Article
ഭക്ഷണ സമയത്ത് ഞാൻ അവനെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ഞാനും അസ്വസ്ഥനായി. സമ്മേളന ഹാളിൽ നിന്ന് അൽപം അകലെ കാടിനോട് ചേർന്ന് ഓലകൊണ്ട് കെട്ടിയ ഒരു കെട്ടിടം ഉണ്ടായിരുന്നു. സംശയം തോന്നിയ ഞാൻ കാവൽക്കാരെ വെട്ടിച്ച് ഓല ഭിത്തികൾക്കിടയിലൂടെ അകത്തേക്ക് നോക്കി. പരമേശ്വരനെ അവിടെ കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നു. ശബ്ദം പുറത്തു കേൾക്കാതെ വായിൽ തുണി നിറച്ചിരുന്നു... സൗജന്യമായി വായിക്കാം, മനോരമ ഓൺലൈൻ പ്രീമിയത്തിൽ ട്രൈബി പുതുവയലിന്റെ ഏറ്റവും പുതിയ കഥ ‘അന്തിമിനുക്കത്തിൽ ചെന്തീപോലെ’
പോലീസ് സ്റ്റേഷൻ ആക്രമിച്ച് കീഴ്പ്പെടുത്തി ആയുധങ്ങൾ കവരുക, ഭിത്തിയിൽ മുദ്രവാക്യങ്ങൾ എഴുതുക, ലഘുലേഖകൾ വിതറുക ഇതൊക്കെയാണ് പദ്ധതി. ഭരണകൂടത്തെ ഭീഷണിപ്പെടുത്തി അവരുടെ ചെയ്തികളിൽ ഇടക്കെല്ലാം ഇങ്ങനെ ഭയം നിറയ്ക്കുക, അതാണ് ലക്ഷ്യം. ജാർഖണ്ഡിലെ ലത്തിഹാറായിരുന്നു സ്ഥലം. കാട്ടിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ചാലാണ് ആക്രമിക്കാൻ ഉറപ്പിച്ച പോലീസ് സ്റ്റേഷനിൽ എത്താൻ കഴിയുള്ളൂ. അന്യ സംസ്ഥാനക്കാരായ ഞങ്ങളെ ഈ ആക്ഷനിൽ ഉൾക്കൊള്ളിച്ചതിൽ എനിക്കും പരമേശ്വരനും നല്ല അമർഷമുണ്ടായിരുന്നു.
നാടൻ കൈത്തോക്ക്, ചെറിയ ബോംബുകൾ, ഇരുമ്പുവടി, മുളകുപൊടി ഇതെല്ലാം ആവശ്യത്തിന് കരുതിയിട്ടുണ്ട്. പന്ത വെളിച്ചത്തിൽ പരമേശ്വരൻ ഒരു ഇരുമ്പുവാൾ അറപ്പോടെ പിടിച്ചിരിക്കുന്നത് ഞാൻ കണ്ടു. ദുർബലനായ അവൻ ഈ ആക്രമണത്തിന് ഇറങ്ങരുതായിരുന്നു എന്ന് എനിക്ക് തോന്നിപ്പോയി. സംഘത്തിൽ ഞങ്ങളെ കൂടാതെ മധുരയിൽ നിന്നുള്ള കനകരാജ്, തഞ്ചാവൂരുകാരനായ മതിയഴകൻ, കൽക്കത്തക്കാരായ ബിശ്വജിത്ത്, യൂസഫ്, ബീജപ്പൂരുകാരായ രണ്ടുപേർ, പ്രാദേശികരായ നാലു പേർ, ആകെ പന്ത്രണ്ട് പേർ.
സ്റ്റേഷനകത്തെ ചെറിയ വെളിച്ചത്തിൽ ഒരു പോലീസുകാരൻ കപ്പലണ്ടിയോ മറ്റോ കൊറിച്ചുകൊണ്ട് രജിസ്റ്ററിൽ എന്തോ എഴുതുന്നത് ജനലിലൂടെ കാണാം. മറ്റൊരു പോലീസുകാരൻ തൊപ്പി തുന്നുന്നു. സ്റ്റേഷന് അധികം അകലെയല്ലാതെ ഒരു തീയേറ്ററുണ്ടെന്നും സെക്കൻഡ് ഷോ വിട്ടു പോകുന്നത് വരെ കാക്കണമെന്നും നിർദ്ദേശം ഉണ്ടായിരുന്നു. അതുവരെ സമീപത്തെ പാറയ്ക്ക് മുകളിൽ ഇരുന്നു. ഏഴു പോലീസുകാർ സ്റ്റേഷനിൽ കാണും എന്നായിരുന്നു രഹസ്യവിവരം.
മുദ്രാവാക്യം വിളിയോടെ എല്ലാവരും പാഞ്ഞു കയറിയപ്പോൾ പാറാവുകാരൻ നിലവിളിച്ചുകൊണ്ട് അകത്തേക്ക് ഓടി. ഒരു പോലീസുകാരൻ സാമർത്ഥ്യത്തോടെ സർവീസ് റിവോൾവർ എടുത്തു വെടിവച്ചു. ആർക്കും ഏറ്റില്ല. തെളിഞ്ഞ ബൾബുകൾ എല്ലാം സെക്കൻഡുകൾക്കുള്ളിൽ അടിച്ചുപൊട്ടിച്ചു. എന്റെ പുറത്ത് ഇടതുഭാഗത്തായി റൈഫിളിന്റെ പാത്തിക്ക് കനത്തൊരു അടികിട്ടി. ശരീരം തളർന്നു പോകുന്നതു പോലെ തോന്നി. ചുറ്റും വെടി പൊട്ടുന്ന ശബ്ദങ്ങളും നിലവിളികളും. ക്വാർട്ടേഴ്സിൽ നിന്ന് കുറച്ച് പോലീസുകാർ ടോർച്ചുമായി ഓടി വന്നു. അതാണ് സംഗതി കൈവിട്ട കളിയാക്കിയത്.
പരമേശ്വരൻ പ്രാണരക്ഷാർത്ഥം ഒരു പോലീസുകാരനെ വാളിന് കുത്തി. അയാൾ വാളോടു കൂടി പിന്നോക്കം മറിയുന്നത് ടോർച്ച് വെളിച്ചത്തിൽ ഞാൻ കണ്ടു. പരിഭ്രമിച്ച് നിന്ന പരമേശ്വരനെ വലിച്ച് ഞാൻ പുറത്തേക്ക് ഓടി. സംഘത്തിൽ ഉണ്ടായിരുന്നവർ ലഘുലേഖകൾ വാരി വിതറി. പറഞ്ഞുറപ്പിച്ചതനുസരിച്ച് പ്രസ്ഥാനത്തിന്റെ ജീപ്പുകൾ പുറത്തുവന്ന് ഹോൺ മുഴക്കി.
ഫോറസ്റ്റ് വാഹനങ്ങൾ മാത്രം ഓടുന്ന കാട്ടുചാലിലൂടെ ഞങ്ങളെയും കൊണ്ട് ജീപ്പ് വേഗത്തിൽ ഓടി സുരക്ഷിത സ്ഥലത്തെത്തിച്ചു. പിറ്റേന്ന് തന്നെ ഞങ്ങളെ രണ്ടാളെയും പാർട്ടി നാട്ടിലേക്ക് ട്രെയിൻ കയറ്റി വിട്ടു. ഒരുപാട് സംസാരിക്കാറുള്ള പരമേശ്വരൻ മടക്കയാത്രയിൽ ഒന്നും സംസാരിച്ചില്ല. കുത്തുകൊണ്ട പോലീസുകാരൻ മരിച്ചതറിഞ്ഞതിന്റെ ഷോക്കായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, അത് പരമേശ്വരന്റെ രോഗത്തിന്റെ ആരംഭമായിരുന്നു.
മുപ്പത്തഞ്ച് വർഷം പഴക്കമുള്ള തന്റെ ആയകാലം പറഞ്ഞു നിർത്തിയ ശേഷം നാലാനിക്കൽ അലക്സ് ചേട്ടൻ ഒരു ചുരുട്ട് കത്തിച്ചുവലിച്ചു. പ്രായം എഴുപതിനോടടുത്തുണ്ടങ്കിലും ഇപ്പോഴും നല്ല കരിവീട്ടി പോലത്തെ ശരീരമാണ് അവിവാഹിതനായ അലക്സ് ചേട്ടന്റേത്. തലയിലെ നര ഒരു വെള്ളി കിരീടം പോലെ തോന്നിക്കും. അലക്സ് ചേട്ടൻ ഇരുന്ന ചൂരൽ കസേരയ്ക്ക് അരികിലുള്ള തടി ടീപ്പോയിൽ ചുവന്ന അട്ടിയുള്ള വലിയ ബൈബിളും അതിനു മുകളിൽ നീളൻ കുരിശുള്ള കൊന്തയും ചുരുണ്ട് കിടന്നു. ടീപോയിക്ക് താഴെയും നാലാനിക്കൽ വീടിന്റെ നീളൻ വരാന്തയുടെ പല ഭാഗത്തും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും മോട്ടോർസൈക്കിൾ ഡയറിസും അടക്കം പല പുസ്തകങ്ങളും മാസികകളും പത്രങ്ങളും അട്ടിയിട്ട് ചാഞ്ഞും ചരിഞ്ഞും കിടന്നു. ഖദർ മുണ്ടും വെളുത്ത കയ്യില്ലാത്ത ബനിയനും ധരിച്ച അലക്സ് ചേട്ടൻ തോളത്തിട്ട ടർക്കിക്കൊണ്ട് മുഖം തുടച്ച് അകത്തു ബെല്ലടിച്ച ഫോൺ എടുക്കാൻ പോയി.
ഞങ്ങൾ പരസ്പരം നോക്കി. ഞങ്ങളെന്നു പറഞ്ഞാൽ പള്ളി മുൻ ട്രസ്റ്റി തമ്പു ചേട്ടൻ, സൺഡേസ്കൂൾ ഡിസ്ട്രിക് ഇൻസ്പെക്ടർ പോളച്ചൻ, കുടുംബയൂണിറ്റ് ഭാരവാഹികളായ മത്തായിക്കുഞ്ഞും ജെയ്സനും പിന്നെ ഞാനും. ഞായറാഴ്ച കുർബാനയ്ക്കുശേഷം പള്ളീന്ന് കഞ്ഞിയും കുടിച്ച് ഞങ്ങൾ നേരെ വന്നത് അലക്സ് ചേട്ടന്റെ നാലാനിക്കൽ വീട്ടിലേക്കാണ്. ആറളത്തെ പഴയ തറവാട്ടുകാരാണ് നാലാനിക്കലുകാർ. സെന്റ് ഇഗ്നാത്യോസ് കുടുംബയൂണിറ്റിന്റെ വാർഷിക യോഗത്തിൽ പ്രസംഗിക്കാമെന്നേറ്റ യോഹന്നാൻസാർ ബാത്റൂമിൽ തെന്നി വീണ് ഹോസ്പിറ്റലിൽ ആയതോടെയാണ് മുഖ്യപ്രഭാഷണത്തിന് ആരെ കിട്ടും എന്ന് വിഷയത്തിൽ ഞങ്ങൾ കുടുംബയൂണിറ്റുകാർ അങ്കലാപ്പിലായത്.
‘നമ്മുടെ നാലാനിക്കൽ അലക്സ് ചേട്ടൻ ഒന്നാന്തരമായി വചനം പറയും. കഴിഞ്ഞ മാസത്തെ ആത്മദീപം മാസികയിൽ പുള്ളി എഴുതിയ ലേഖനം ഞാൻ വായിച്ചതാ: ‘കുറച്ചു കുഴപ്പം പിടിച്ച സ്വാതന്ത്ര്യം.’ നല്ല അസ്സല് സാധനം’’.
പുളിമറ്റത്തിൽ ബേബിയാണ് ആദ്യം ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത് .
‘‘ചോക്കുമലയിൽ ഇരിക്കുമ്പോ പിന്നെന്തിനാ നമ്മൾ ചോക്കന്വേഷിച്ചു പോണത്, ഇല്ലേടാ പോളേ’’.
തമ്പുചേട്ടൻ സപ്പോർട്ട് ചെയ്തു.
എന്നാൽ ഈ കാര്യം പങ്കുവച്ചപ്പോൾ ആദ്യം എതിർപ്പ് പറഞ്ഞത് പള്ളി വികാരി ചുള്ളിപ്പറമ്പിൽ ജോണച്ചനാണ്. ചേട്ടത്തി അനുജത്തി മക്കളാണങ്കിലും കാലങ്ങളായി കുടുംബപരമായി ശത്രുതയിലാണ് ചുള്ളിപ്പറമ്പുകാരും നാലാനിക്കലുകാരും.
അലക്സ് ചേട്ടൻ പ്രസംഗിക്കുന്നതിന് തടയിടാൻ പല വചനപ്രഘോഷകരെയും ജോണച്ചൻ വിളിച്ചു നോക്കി. മുൻ പ്രോഗ്രാമുകൾ ഏറ്റുപോയതുകൊണ്ടും ഈ മലമൂട്ടിലേക്കുള്ള യാത്രയെ ഭയന്നിട്ടും എല്ലാവരും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇനി കൊള്ളാവുന്ന ഒരാളെ കിട്ടാൻ പ്രയാസമാണെന്ന് ജോണച്ചനും മനസ്സിലായി. ആരു വന്നില്ലെങ്കിലും കുഴപ്പമില്ല വചന സന്ദേശം താൻ നൽകുമെന്ന് ജോണച്ചൻ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ജോണച്ചനാണ് പ്രസംഗിക്കുന്നതെങ്കിൽ കേൾക്കാൻ കവലയിൽ കപ്യാര് കോര ചേട്ടൻ പോലും നിൽക്കില്ലെന്ന് മുൻ അനുഭവങ്ങളിൽ നിന്നു ധാരണയുള്ളതുകൊണ്ട് യൂണിറ്റ് പ്രസിഡന്റ് മത്തായി കുഞ്ഞിനും സെക്രട്ടറി ജയ്സനും അലക്സ് ചേട്ടന്റെ കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല.
‘‘അല്ലേത്തന്നെ അലക്സ് ചേട്ടന്റെ അമ്മച്ചി അന്നമ്മ ചേടത്തിയെപ്പോലെ പ്രാർത്ഥന ജീവിതം ഉണ്ടായിരുന്ന ഏതേലും ഒരു സ്ത്രീ ഈ കരേല് വേറെ ഒണ്ടായിട്ടുണ്ടോ’’?
കുർബാനപ്പണം പിരിക്കുന്ന മേശയിൽ കയ്യടിച്ചുകൊണ്ട് മത്തായിക്കുഞ്ഞു ചോദിച്ചു.
‘‘അതൊക്കെ ശരിയാ.. വചന ശുശ്രൂഷയുടെ അവസാനം മാവോ ഐക്യം നീണാൾ വാഴട്ടെ, വിപ്ലവം ജയിക്കട്ടെ എന്നോ മറ്റോ അലക്സ് ചേട്ടൻ വിളിച്ചു പറയാതിരുന്നാൽ മതി’’.
കുരുവിള ഒരു കൊള്ളി വച്ചിട്ട് ഒന്നുമറിയാത്തതുപോലെ കണ്ണട ഊരി തുടച്ചു.
‘‘ജയിലീന്ന് വന്നിട്ട് അലക്സ് ചേട്ടൻ സഭയുടെ ലിറ്റർജിക്കൽ ആൻഡ് ബിബ്ലിക്കൽ അക്കാദമിയിൽ ഡിപ്ലോമ പഠിച്ച് ഒന്നാം ക്ലാസിൽ പാസായത് എതിർപ്പ് പറയണ ഏതേലും ക്ണാപ്പന് അറിയാമോ’’?
ട്രഷറിയിൽ ജോലിയുള്ള എൻജിഒ യൂണിയൻ നേതാവ് സാബു ഒച്ചയുയർത്തി ചോദിച്ചപ്പോൾ സെമിത്തേരിയിൽ അനീദേ പ്രാർത്ഥനയ്ക്ക് നേരമായി എന്ന് പറഞ്ഞ് പലരും തടി തപ്പി. അതൊരു സമ്മതമാക്കിയെടുത്താണ് ഞങ്ങൾ നാലാനിക്കൽ വീട്ടിലെത്തിയിരിക്കുന്നത്. ഗേറ്റ് കടക്കുന്നതിന് മുമ്പ് ജെയ്സൺ എല്ലാവരോടുമായി ഒന്നൂടെ പറഞ്ഞു.
‘‘എന്തൊക്കെയായാലും ആള് അവസാനം വിശ്വാസത്തിൽ തന്നെ വന്നില്ലേ’’.
ഇതുകേട്ട തമ്പു ചേട്ടൻ പറഞ്ഞു.
‘‘ആ വിശ്വാസത്തിലാ ഞാൻ വന്നത്’’.
അലക്സ് ചേട്ടൻ അനത്തി തന്ന ഗോൾഡൻ ലീഫിന്റെ ചുവന്ന കട്ടൻ ചായയും കുടിച്ച് പഴങ്കഥ കേട്ട് ഞങ്ങൾ ഇരിക്കാൻ തുടങ്ങിയിട്ട് സമയം കുറേയായി. വരുമെന്നോ വരില്ലെന്നോ പുള്ളി ഇപ്പഴും പറയുന്നില്ല. ഫോൺവിളി കഴിഞ്ഞ് അലക്സ് ചേട്ടൻ തിരിച്ചു വന്നു.
‘‘പഴയ സംഭവങ്ങളൊക്കെ വച്ച് ചേട്ടൻ പുസ്തകമെഴുതാൻ പോവ്വാണെന്ന് രവി സാറ് പറഞ്ഞു’’.
പോളച്ചൻ ഒരു ചൂണ്ട എറിഞ്ഞു.
‘‘എങ്കിലത് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കും’’.
ഒരു കോപ്പും അറിയില്ലെങ്കിലും ജെയ്സണും വച്ചുകാച്ചി.
അലക്സ് ചേട്ടൻ ചിരിച്ചു.
‘‘എന്നാലും അന്നത്തെ കാലത്ത് ഈ മലമൂട്ടിന്ന് രണ്ടുപേര് മാവോയിസ്റ്റീ ചേരുകാന്ന് പറഞ്ഞാൽ ഇപ്പൊ ആലോചിക്കുമ്പോ പോലും വല്ലാത്തൊരു ആശ്ചര്യം’’.
പോളച്ചൻ അത്ഭുതത്തോടെ അലക്സ് ചേട്ടനെ അടിമുടി നോക്കി.
‘‘ആളുകളുടെ തലവെട്ടാനുള്ള കൊതികൊണ്ടൊന്നും ആയതല്ല...അഴിമതിയും അസമത്വവും സ്വജനപക്ഷപാതവും കരിഞ്ചന്തയും ഒക്കെ കൊടികുത്തി വാഴുന്ന ഘട്ടത്തിൽ എല്ലാം തച്ചു തകർത്തു നീതി നടപ്പാക്കാൻ ഒരു പ്രസ്ഥാനം. ആവശ്യമാണെങ്കിൽ മാത്രം സായുധ വിപ്ലവം. അത്തരം അന്തിച്ചർച്ചകൾ ഞങ്ങളെ ചൂടുപിടിപ്പിച്ച കാലത്താണ് കുറുപ്പന്തറയിൽ നിന്ന് ആറളത്തേക്ക് കുടിയേറിയ പീലിപ്പോസ് ചാച്ചൻ ഞങ്ങളെ സംഘടനയ്ക്ക് പരിചയപ്പെടുത്തുന്നത്. നാട്ടിൽ ഒരു കുഞ്ഞു പോലും സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടാവില്ല പീലിപ്പോസ് ചാച്ചന് അന്ന് അങ്ങനെയൊരു ബന്ധം’’.
പള്ളിപ്പറമ്പിലെ ജോണച്ചന്റെ അപ്പച്ചൻ അന്തോണിമാപ്ലയുടെ അപ്പനാണ് എല്ലാവരും ചാച്ചൻ എന്ന് വിളിച്ചിരുന്ന മരിച്ചു പോയ പീലിപ്പോസ്. പുള്ളി ചില്ലറക്കാരനല്ലല്ലോ എന്ന ഉൾവിളിയോടെ തമ്പു ചേട്ടൻ എന്നെ നോക്കി.
‘‘ഛത്തീസ്ഗഢിലെ ദക്ഷിണ ബസ്തർ വനമേഖലകളിലായിരുന്നു തുടക്കം. ഓരോ ആക്ഷന് മുമ്പും അവിടെ കുറേ ദിവസത്തെ പരിശീലനങ്ങൾ കാണും. സിആർ പിഎഫിന്റെ ശല്യം കുറവല്ലായിരുന്നുവെങ്കിലും പ്രസ്ഥാനത്തിന് വളരാൻ പറ്റിയ മണ്ണായിരുന്നു അവിടെ. ഗ്രാമവാസികൾക്ക് അന്ന് ഒരു ദിവസത്തെ കൂലി ഇരുത്തഞ്ച് രൂപയായിരുന്നു. അതും ജന്മിമാർ കൃത്യമായി കൊടുത്തു തുടങ്ങിയത് പ്രസ്ഥാനത്തിന്റെ ഭീഷണി മൂലമാ. അതിന്റെ ഒരു കൂറ് അവർക്കുണ്ടായിരുന്നു. വിദ്യാഭ്യാസമില്ലാത്തതിനാൽ ഗ്രാമീണരായ കുട്ടികളും സ്ത്രീകളും പാർട്ടിക്ക് സഹായങ്ങൾ ചെയ്ത് തരുവാൻ ഉത്സാഹം കാണിച്ചു. എന്നാൽ ഞങ്ങൾ ആഗ്രഹിച്ചതുപോലെ ഒന്നുമായിരുന്നില്ല പ്രസ്ഥാനത്തിന്റെ പോക്ക്. സ്വപ്നം കണ്ടതും ചർച്ച ചെയ്തതും നടപ്പാകില്ല എന്നൊരു തോന്നൽ എന്നിലും പരമേശ്വരനിലും ശക്തമായിരുന്നു’’.
പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അലക്സ് ചേട്ടനെ കാണാൻ മൂന്നുപേർ മുൻഭാഗത്തേക്ക് വന്നു. അലക്സ് ചേട്ടൻ എഴുന്നേറ്റ് ചെന്നു. വന്നവർ പോലീസ് സ്റ്റേഷനിൽ വന്നു നിൽക്കും പോലെ അലക്സ് ചേട്ടന്റെ മുന്നിൽ കൈകെട്ടി നിന്നു.
‘‘ചേട്ടായി ഞങ്ങടെ പണി കഴിഞ്ഞു. ചായ കുടിക്കാൻ പൊയ്ക്കോട്ടെ. കാശ് വേണം.’’
കൂട്ടത്തിലുള്ള അമ്പത് വയസ്സോളം പ്രായമുള്ള മാന്യൻ എന്ന് തോന്നിക്കുന്ന ഒന്നാമത്തെ ആൾ ചോദിച്ചു.
‘‘മുഴുവൻ തീർത്തോ..?’’
അലക്സ് ചേട്ടൻ ഗൗരവത്തിൽ അന്വേഷിച്ചു.
‘‘തീർത്തു. ഇനി കവലയിൽ ചായ കുടിക്കാൻ പോണം’’.
കൂട്ടത്തിൽ പ്രായം കുറഞ്ഞവൻ തിടുക്കത്തിൽ പറഞ്ഞു.
‘‘പോയി എല്ലാവരും കുളിച്ചേച്ചു വാ. ചായകുടിക്കാൻ ഞാനും വരാം’’.
അലക്സ് ചേട്ടന്റെ കനത്ത ശബ്ദത്തിലുള്ള ആജ്ഞ കേട്ട് മൂന്നുപേരും ലൈനായി പോകുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് കാര്യം പിടികിട്ടി.
‘‘പാവങ്ങളാണ് അസുഖം മാറി വരുന്നതേയുള്ളൂ’’.
അലക്സ് ചേട്ടൻ ഞ്ഞങ്ങളോട് പറഞ്ഞു.
അലക്സ് ചേട്ടൻ വീടിനോട് ചേർന്ന് ‘വഴിയരുകിലെ തണൽമരം’ എന്നൊരു പ്രസ്ഥാനം നടത്തുന്നുണ്ട്. തെരുവിൽ അലഞ്ഞു തിരിയുന്നവരെ കൂട്ടിക്കൊണ്ടുവന്ന് സംരക്ഷിക്കാൻ ഒരിടം. പിന്നെ വീട്ടുകാർ ഉപേക്ഷിച്ചവർ, ചെറിയ മാനസിക പ്രശ്നമുള്ളവർ അങ്ങനെ ഇരുപതോളം അന്തേവാസികളുണ്ട്. കൂടുതലും ആണുങ്ങളാണ്. പുറത്തുനിന്നുള്ള ഡോക്ടർമാരുടെ സേവനം കൂടാതെ ജോലിക്ക് രണ്ട് മെയിൽ നഴ്സും നാല് ജോലിക്കാരും ഒരു ഡ്രൈവറുമുണ്ട്. അത്യാവശ്യ ആരോഗ്യം വീണ്ടെടുത്ത അന്തേവാസികളും അവിടുത്തെ കാര്യങ്ങളിൽ സഹായിക്കും. ചികിത്സയിലുള്ള മൂന്നു പേരാണ് ഇപ്പോൾ വരിവരിയായി പോയത്.
‘‘ഇന്നാള് ഞങ്ങളൊരുത്തനെ ഇവിടെ കൊണ്ടോന്നാക്കിയതാ, അവൻ രക്ഷപ്പെട്ടോ എന്തോ’’?
തമ്പു ചേട്ടന്റെ സംശയം കേട്ടാണ് അലക്സ് ചേട്ടൻ തിരിച്ചുവന്നത്.
‘‘പരമേശ്വരന്റെ അച്ഛനെയും അമ്മയെയും സംരക്ഷിക്കാൻ ഒരിടം അതായിരുന്നു തുടക്കം. അഞ്ചുവർഷം അവരു മാത്രമേ ഉണ്ടായിരുന്നുള്ളൂ അവരുടെ മരണശേഷം അവനുവേണ്ടി എന്തെങ്കിലും കൂടി ചെയ്യണം എന്ന് തോന്നിയതിൽ നിന്നും തുടങ്ങിയതാ വഴിയരികിലെ തണൽമരം’’.
അലക്സ് ചേട്ടൻ ഞങ്ങളുടെ നടുവിൽ ഇരുന്നു.
‘‘പരമേശ്വരന്റെ സഹോദരിയെ കെട്ടിച്ചയയ്ക്കാൻ എല്ലാ സഹായോം ചെയ്തത് അലക്സ് ചേട്ടനാണെന്ന് എന്റെ അപ്പച്ചൻ പറഞ്ഞു കേട്ടിട്ടുണ്ട്’’.
ജയ്സൺ ആദരവോടെ പറഞ്ഞു
‘‘അതെന്റെ കടമയല്ലേ’’.
എന്തോ ഓർത്തിട്ടെപോലെ വീണ്ടും തുടർന്നു
‘‘ബുദ്ധിജീവി ന്യൂനപക്ഷങ്ങളുടെ വിപ്ലവത്തിനുള്ള ആഹ്വാനങ്ങളും തലനാരിഴകീറിയുള്ള ചർച്ചകളും ആലോചനകളും ആ പാവത്തിന്റെ മനോനില തെറ്റിച്ചു. താനൊരു കൊലപാതകി കൂടിയായി എന്ന ചിന്ത കൂടി വന്നപ്പോ അത് കൂടുതലായി തെളിഞ്ഞു വന്നൂന്ന് മാത്രം. അവനെ സംഘടനയിലേക്ക് കൊണ്ടുപോയതിൽ ഞാനിന്നും ദുഃഖിക്കുന്നു. ഈച്ചരത്തെ ഏക ആൺതരിയായിരുന്നു അവൻ. അമ്മച്ചിയുടെ പേരിലുണ്ടായിരുന്ന രണ്ടേക്കർ തോട്ടം വിറ്റ് ഞാനീ കെട്ടിടം പണിതത് അവനോടുള്ള കടപ്പാടിന്റെ പേരിലാ’’.
റോഡിനോട് ചേർന്നുള്ള വഴിയരുകിലെ തണൽമരം എന്ന രണ്ടുനില കെട്ടിടത്തിലേക്ക് അലക്സ് ചേട്ടൻ കൈ ചൂണ്ടി.
ശരിയാണ് അതിനു മുന്നിൽ പി പരമേശ്വരന്റെ പാവന സ്മരണയ്ക്ക് എന്ന് എഴുതിയിട്ടുണ്ട്.
‘‘എല്ലാവരുടെയും ജീവിതത്തിൽ ഗാന്ധിയെ വരെ വിമർശിക്കുന്ന ഒരു കാലഘട്ടമുണ്ട്. അത് കടന്നു കിട്ടിയാൽ രക്ഷപ്പെട്ടു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് ഞാനും പരമേശ്വരനും മറ്റുപലരും ഈ സാഹസം കാണിച്ചത്. അതൊരു ആവേശം മാത്രമായിരുന്നു എന്ന് തിരിച്ചറിയുന്നത് പരമേശ്വരൻ നഷ്ടപ്പെട്ടതിനു ശേഷമാണന്നു മാത്രം’’.
ഇറയത്തേക്ക് നിരനിരയായി കേറിവന്ന കരിങ്കോഴി പടകളെ ടർക്കി കൊണ്ട് അലക്സ്ചേട്ടൻ വീശി ഓടിച്ചു.
പരമേശ്വരന് എന്തുപറ്റിയെന്ന് സംശയിച്ചെങ്കിലും ഞങ്ങൾ ചോദിച്ചില്ല.
‘‘ഛത്തീസ്ഗഢിലെ ദന്തേവാടയിലെ രഹസ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ ഞാനും പരമേശ്വരനും ഒരുമിച്ചാണു പുറപ്പെട്ടത്. പോകുമ്പോൾ വല്ലാത്തൊരു മനോനിലയിലായിരുന്നു അവൻ. സമ്മേളനം തുടങ്ങി. കനത്ത സുരക്ഷയിൽ പതിനഞ്ച് മണിക്കൂറുകൾ നീണ്ട മാരത്തൺ ചർച്ചയ്ക്കിടെ പരമേശ്വരൻ ചോദിച്ചു. കാട്ടിലൂടെ പോകുന്ന കോർപറേറ്റുകളുടെ എണ്ണക്കുഴലുകൾക്ക് നമ്മളെന്തിന് കാവൽ നിൽക്കണമെന്നും അമേരിക്ക അയച്ചു തരുന്ന യൂണിഫോം നമ്മളെന്തിന് ഇടണമെന്നും.
ചോദ്യം എല്ലാവരെയും ഞെട്ടിച്ചെങ്കിലും പാർട്ടി സെക്രട്ടറി നവീൻ റാവു വളരെ രൂക്ഷമായി അവനെ ശാസിച്ചു. സമ്മേളനത്തിലെ പ്രതിനിധികളിൽ പലരും അതിന്റെ പേരിൽ അവനോട് മോശമായി പെരുമാറി. അതവനെ സൈക്കോസിസിന്റെ വല്ലാത്തൊരു നിലയിൽ എത്തിച്ചു. അവിടെനിന്ന് അപ്പോൾ തന്നെ പോകണമെന്ന് അവൻ എന്നോട് പലപ്രാവശ്യം ആവശ്യപ്പെട്ടു. അത് കഴിയുമായിരുന്നില്ല. അവന് ചില പ്രശ്നങ്ങളുണ്ടെന്ന് ഞാൻ പലരെയും അറിയിക്കാൻ ശ്രമിച്ചിട്ടും ആരും അത് കാര്യമായി എടുത്തില്ല. മനോവിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പരമേശ്വരൻ സംഘടനാ രഹസ്യങ്ങൾ ചോർത്തുമോയെന്ന് ചിലർ സംശയിച്ചു സംസാരിച്ചു. സുരക്ഷയ്ക്കായി നിയോഗിച്ച ഒന്നു രണ്ടു പേർ പരമേശ്വരനെ ഒരു വർഗശത്രുവിനെ പോലെ വലിച്ച് പുറത്തേക്ക് കൊണ്ടു പോയി. പുറകെ പോകാൻ എനിക്ക് അനുവാദം ഉണ്ടായിരുന്നില്ല.
ഭക്ഷണ സമയത്ത് ഞാൻ അവനെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ഞാനും അസ്വസ്ഥനായി. സമ്മേളന ഹാളിൽ നിന്ന് അൽപം അകലെ കാടിനോട് ചേർന്ന് ഓലകൊണ്ട് കെട്ടിയ ഒരു കെട്ടിടം ഉണ്ടായിരുന്നു. സംശയം തോന്നിയ ഞാൻ കാവൽക്കാരെ വെട്ടിച്ച് ഓല ഭിത്തികൾക്കിടയിലൂടെ അകത്തേക്ക് നോക്കി. പരമേശ്വരനെ അവിടെ കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നു. ശബ്ദം പുറത്തു കേൾക്കാതെ വായിൽ തുണി നിറച്ചിരുന്നു.
അകത്തുകയറി രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ രണ്ടുപേർ വന്ന് തടഞ്ഞു. അവരുമായി മൽപ്പിടുത്തവും അടിയും ഉണ്ടായി. സമ്മേളന നഗരിയിൽ നിന്ന് കുറച്ചു പ്രതിനിധികൾ ഓടിവന്നു തടഞ്ഞു. ഞാൻ അനീതി ചൂണ്ടിക്കാണിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കണ്ണദാസനും വിശ്വനാഥനും പരമേശ്വരനെ ഹോസ്പിറ്റലിൽ എത്തിക്കാമെന്ന് ഉറപ്പു തന്നു. ഒരു ജീപ്പ് വന്ന് അതിൽ അവനെ കൊണ്ടുപോയി. എനിക്ക് തുടർ മീറ്റിങ്ങുകളിൽ പങ്കെടുക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. എന്നെ അവർ തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു.
പിന്നീട് പരമേശ്വരനെ ഞാൻ കണ്ടിട്ടില്ല. കേന്ദ്ര നേതാക്കളോട് ആ വിഷയത്തിൽ എനിക്ക് കയർത്തു സംസാരിക്കേണ്ടി വന്നു. നാട്ടിൽ തിരിച്ചെത്തിയ എന്നെ പോലീസ് അറസ്റ്റ് ചെയ്തു. അത് പ്രസ്ഥാനത്തിന്റെയും പീലിപ്പോസ് ചാച്ചന്റേയും അറിവോടെയായിരുന്നു.
പുറത്തിറങ്ങിയ ഞാൻ പരമേശ്വരനെ അന്വേഷിച്ചു ബസ്തർ, ബീജാപ്പൂർ, ദന്തേവാട മുതൽ പല സ്ഥലങ്ങളിലും ഒരുപാട് അലഞ്ഞു. യാത്രയ്ക്കിടെ പണ്ട് സംഘടനയിലുണ്ടായിരുന്ന വനിതാ സഖാവ് ലളിതയെ കണ്ടു. അവരിൽ നിന്നറിഞ്ഞു പരമേശ്വരനെ അവർ കൊന്നു കൊക്കയിലെറിഞ്ഞെന്ന്.. അത് സത്യമാണന്ന് ഉറപ്പിക്കുന്ന കുറേ തെളിവുകളും ലളിത തന്നു.
അലക്സ് ചേട്ടൻ പറഞ്ഞത്കേട്ട് വല്ലാത്തൊരു മൂഡിലായി ഞങ്ങൾ. ഇതൊന്നും നാട്ടിലാർക്കും ഇതുവരെ അറിയില്ല.
അലക്‌സ് ചേട്ടൻ ചെറുതായി ചിരിച്ചു.
‘‘ഇരുപത് വർഷത്തിനുള്ളിൽ ആയിരത്തി ഇരുന്നൂറു പേരെ കൊന്നു തള്ളിയ പ്രസ്ഥാനത്തിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. വിപ്ലവം ഇങ്ങനെ എന്തൊക്കെയോ കാട്ടിക്കൂട്ടലാണെന്ന് ആരൊക്കെയോ നമ്മളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സത്യത്തിൽ ഗാന്ധി നടത്തിയ വിപ്ലവത്തിന് മുകളിലൊന്നും ഇന്ത്യയിൽ വേറൊരുത്തനും ഒരു വിപ്ലവവും ഉണ്ടാക്കിയിട്ടില്ല’’.
ചരിത്രം കേട്ട് മടുത്തിട്ടെന്നപോലെ തമ്പു ചേട്ടൻ കോട്ടുവായിട്ടു.
‘‘ശരിയായ വഴി അലക്സ് ചേട്ടൻ തിരിച്ചറിഞ്ഞല്ലോ, ഞങ്ങൾക്ക് അത് മതി’’.
മത്തായിക്കുഞ്ഞ് അതു പറഞ്ഞിട്ട് അലക്സ് ചേട്ടൻ്റെ കയ്യിൽ പിടിച്ചു.
‘‘അലക്സ് ചേട്ടൻ പ്രസംഗിക്കാൻ വരുന്നതിൽ അച്ചനടക്കം ഇടവകക്കാര് മുഴുവൻ ഹാപ്പിയാ’’.
പോളച്ചൻ പറഞ്ഞു.
‘‘വരേണ്യമായ പുരോഹിതവ്യവസ്ഥകളോട് എനിക്കിപ്പോഴും വലിയ താൽപര്യമൊന്നുമില്ല. അമ്മച്ചിയുടെ പ്രാർത്ഥനകൾ മാത്രമാണ് ഞാൻ ഇന്നും ജീവിച്ചിരിക്കാൻ കാരണം. പോലീസുകാരും പാർട്ടിക്കാരും പലതവണ ശ്രമിച്ചതാ നടന്നില്ല. ഇപ്പോ പുസ്തകം വരുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ പേരില്ലാത്ത വധഭീഷണി കത്തുകൾ വന്നു തുടങ്ങി’’.
‘‘അലക്സ് ചേട്ടൻ പേടിക്കേണ്ട, ഞങ്ങളൊക്കെ കൂടെയുണ്ട്, ധൈര്യമായി മുന്നോട്ടുപോ’’.
ജയ്സൺ ആവേശം കൊണ്ടു.
‘‘ഞാൻ മരിച്ചാൽ ഈ പറയുന്ന നിങ്ങൾ പോലും എന്നെ പള്ളിയിൽ അടക്കാൻ സമ്മതിക്കില്ലെന്ന് എനിക്കറിയാം, ശരിയല്ലേ..?’’
പോളച്ചനും തമ്പുചേട്ടനും തലകുനിച്ചു.
പഴയ കഥ കേൾക്കാൻ ഇത്രയും നേരം ഇരുന്നു കൊടുത്തു സന്തോഷത്തിലാണെന്ന് തോന്നുന്നു. കുടുംബയൂണിറ്റ് വാർഷിക യോഗത്തിൽ രണ്ടു വാക്ക് പറയാൻ താൻ വരാമെന്ന് അലക്സ് ചേട്ടൻ സമ്മതിച്ചു.
കവലയിലെ പഞ്ചായത്ത് ഗ്രൗണ്ടിലാണ് സമ്മേളനം. ആറര മണിക്ക് തന്നെ സന്ധ്യാ പ്രാർത്ഥന തുടങ്ങി. മീനങ്ങാടി പള്ളിയിൽ നിന്നു റിട്ടയേഡ് ആയി ആറളത്ത് സ്ഥിരതാമസമാക്കിയ പ്രായംചെന്ന തോമസച്ചനാണ് സന്ധ്യാ പ്രാർത്ഥനയ്ക്ക് നേതൃത്വം. സാധാരണയിൽ കൂടുതൽ ജനം കൂടിയിട്ടുണ്ട്.
സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം ഗായകസംഘം പിള്ളേർ ‘‘അക്കരയ്ക്ക് യാത്രചെയ്യും സിയോൺ സഞ്ചാരി’’ എന്ന ഗാനം പാടി. ശേഷം ജോണച്ചൻ സ്വാഗത പ്രസംഗം പറഞ്ഞു. പതിവിൽ നിന്നു വിപരീതമായി മത്തായി ശ്ലീഹ എഴുതിയ രക്ഷാകര സുവിശേഷത്തിലെ ഇരുപത്തൊന്നാം അധ്യായം മുപ്പത്തിമൂന്ന് മുതൽ തുടങ്ങുന്ന ഗൃഹസ്ഥനായ മനുഷ്യന്റെ മുന്തിരിത്തോട്ടത്തിന്റെ ഉപമ വച്ചല്ല ജോണച്ചൻ അന്നു പറഞ്ഞത് പകരം അലക്സ് ചേട്ടനെ കുറിച്ചായിരുന്നു.
‘‘നിങ്ങൾക്കറിയാമോ, നമ്മുടെ ചില പിള്ളേരുടെ ബനിയത്തേ കാണുന്ന ‘ചെഗുവേര’ നമ്മളെ പോലെ കൊള്ളാവുന്ന വീട്ടിൽ പിറന്ന അത്യാവശ്യം കാശുണ്ടായിരുന്ന ഒരാളായിരുന്നു. ആള് ഡോക്ടറു കൂടിയായിരുന്നു. അത്യാവശ്യം കഴിഞ്ഞുകൂടാൻ എല്ലാ സാഹചര്യവും പുള്ളിക്കുണ്ടായിരുന്നു. എന്നാൽ അതെല്ലാം വലിച്ചെറിഞ്ഞ് അദ്ദേഹം ക്യൂബിയിലേക്ക് പോയി. സാധാരണ ജനങ്ങളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ. അവിടെ സ്വാതന്ത്ര്യം വാങ്ങി കൊടുത്തശേഷം ബോളീവിയിലേക്ക് പോയി. അവിടെവച്ച് ചില ചതിയന്മാരാൽ ഒറ്റി ശത്രുക്കളാൽ കൊല്ലപ്പെട്ടു. നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം മനുഷ്യന് നന്മ ചെയ്യുന്ന ഒരുത്തനെയും മനുഷ്യൻ വച്ചേക്കില്ല. ക്രിസ്തുവിന് മുമ്പ് അങ്ങോട്ടും ക്രിസ്തുവിനുശേഷം ഇങ്ങോട്ടും ഇപ്പഴും അതു തന്നെയാണ് സ്ഥിതി. കൊന്നുകളഞ്ഞ ശേഷം അവരെപ്പറ്റി പറഞ്ഞുകൊണ്ട് നടക്കാനാണ് നമുക്കൊക്കെ താൽപ്പര്യം. അല്ലാതെ അവര് പറഞ്ഞ ആശയത്തിലൂടെ വിമോചനം വരുത്താൻ സത്യത്തിൽ നമുക്ക് ആഗ്രഹമില്ല. ശരിയല്ലേ? മുമ്പ് പറഞ്ഞ ആ ഗണത്തിത്തിൽ പെട്ട ഒരാളാണ് നമ്മുടെ അലക്സ് ചേട്ടൻ. അലക്സ് ചേട്ടൻ ഇതുവരെ കൊല്ലപ്പെട്ടിട്ടില്ല അത് നമ്മുടെയൊക്കെ ഭാഗ്യം. അലക്സ് ചേട്ടനെ ഞാൻ സന്ദേശം നൽകാൻ ക്ഷണിക്കുകയാണ്.
അലക്സ് ചേട്ടൻ എഴുന്നേറ്റ് മൈക്കിനടുത്തേക്ക് വന്നപ്പോൾ ആരൊക്കെയോ കയ്യടിച്ചു.
‘‘മുന്നമേ പറയട്ടേ, ഞാനൊരു സുവിശേഷ പ്രസംഗികൻ അല്ല. എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി രണ്ടു വാക്ക് പറയാം എന്നേറ്റു മാത്രം. ‘യേശു’ എന്നെ സംബന്ധിച്ച് സഭ അവതരിപ്പിക്കുന്ന ഒരു സംഹിതയോ ചിത്രകാരൻ വരച്ച ചിത്രമോ ഒന്നുമല്ല. എനിക്ക് യേശു സത്യവും സൗന്ദര്യവും ചേർന്ന ഒരാശയമാണ്. മനുഷ്യവംശത്തിന് മുഴുവൻ നവീകരണ വിപ്ലവമുണ്ടാക്കുന്ന ഒരാശയം. ജീവിതത്തിൽ നിന്ന് നിരാശയും ഇരുട്ടും തെറ്റിദ്ധാരണകളും അകറ്റുന്ന ഒരു വെളിച്ചം. പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും പീഡിതന്റേയും പക്ഷത്തുനിന്ന് പിന്നോട്ട് പോകുന്ന ഇന്നത്തെ സഭയെ എങ്ങനെ ക്രിസ്തുവിന്റെ മണവാട്ടിയായി ഉപമിക്കും?. എനിക്ക് സംശയമുണ്ട്. കേരളത്തിൽ അടുത്തകാലത്തായി സഭയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ സഭ ഇരയുടെ കൂടെയായിരുന്നോ വേട്ടക്കാരന്റെ കൂടെയായിരുന്നോ? നിങ്ങൾ വിശ്വാസികൾ പരിശോധിക്കേണ്ടതാണ്. തെറ്റ് പറ്റിയിട്ടുണ്ടങ്കിൽ തിരുത്തേണ്ട സമയമാണ്’’.
അലക്സ് ചേട്ടന്റെ പ്രസംഗം കത്തിക്കയറി വരുമ്പോഴേക്കും രണ്ടു പോലീസ് ജീപ്പുകൾ ആളുകൾക്കിടയിലൂടെ സുവിശേഷ പന്തലിൽ മുന്നിലേക്ക് വന്നു നിന്നു. കാര്യം എന്താണെന്ന് അറിയാൻ ആളുകൾ എഴുന്നേറ്റു. പോലീസുകാർ സ്റ്റേജിലേക്ക് ഓടിക്കയറി അലക്സ് ചേട്ടന്റെ കൈ പിന്നിലാക്കി വിലങ്ങുവയ്ക്കുന്നത് കണ്ടു. എസ്ഐ ശ്രീനിവാസൻ വികാരി ജോണച്ചനോട് രഹസ്യമായി എന്തോ പറഞ്ഞു. പോലീസുകാർ അലക്സ് ചേട്ടനെ സ്റ്റേജിൽ നിന്നു തള്ളി താഴേക്ക് കൊണ്ടുവരുമ്പോൾ ഉടുമുണ്ട് അഴിഞ്ഞുവീണു. ജീപ്പിലേക്ക് കയറുന്നതിനു മുമ്പ് അലക്സ് ചേട്ടൻ ജോണച്ചനെ വല്ലാത്തൊരു ഭാവത്തിൽ നോക്കി. വർഷങ്ങൾക്കു മുമ്പ് ഹൈദ്രോസിന്റെ ചായക്കടയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ പീലിപ്പോസച്ചായനെ നോക്കിയത് പോലെ ഒരു നോട്ടം. പ്രതികരണമില്ലാത്ത ആളുകൾക്കിടയിലൂടെ പോലീസ് ജീപ്പ് അലക്സ് ചേട്ടനേയും കൊണ്ട് അജ്ഞാത ലക്ഷ്യത്തിലേക്ക് ഓടിപ്പോയി. കാര്യം അറിയാനായി ആളുകൾ അക്ഷമരാകാനും പിറുപിറുക്കാനും തുടങ്ങിയപ്പോൾ ജോണച്ചൻ ഗായകസംഘത്തോട് പാട്ടുപാടാൻ ആംഗ്യം കാണിച്ചു. കീബോർഡിന്റെ അകമ്പടി സംഗീതത്തോടെ ഗായകസംഘം പാടി.
‘ലോകമാം ഗംഭീര വാരിധിയിൽ
വിശ്വാസ കപ്പലിൽ ഓടിയിട്ട്
നിത്യവീടുന്നുണ്ടവിടെയെത്തി
കർത്തനോടുകൂടി ശ്രമിക്കും’
ആളുകൾ നിയോഗിക്കപ്പെട്ട കസേരകളിൽ ശാന്തരായി അനുസരണയോടെ ഇരുന്നു. ജോണച്ചൻ പ്രസംഗിക്കാൻ കരുതി കൊണ്ടുവന്ന പേപ്പർ കട്ടിങ്ങുമായി പ്രസംഗപീഠത്തിനു മുമ്പിൽ വന്നു നിന്ന് ജനകൂട്ടത്തെ നോക്കി. അപ്പോഴും ഗായകസംഘം പാടുന്നുണ്ടായിരുന്നു.
‘ലോകം ത്യജിച്ചതാം സിദ്ധൻമാരും
നിർമല ജ്യോതിസ്സാം ദൂതൻമാരും
രക്തസാക്ഷികളാം സ്നേഹിതരും
സ്വഗതം ചെയ്യും മഹൽ സദസ്സിൽ’
Content Summary: Anthiminukkathil Chenthee Pole, Malayalam short story written by Traibi Puthuvayal