ADVERTISEMENT

ശബ്ദം ആശ്രയവും ആയുധവും കൂടിയാണ്. അതുകൊണ്ടുതന്നെ ശബ്ദമില്ലാത്ത അവസ്ഥ ഏറ്റവും ദാരുണമായ മനുഷ്യാവസ്ഥകളിൽ ഒന്നായും പരിഗണിക്കപ്പെടുന്നു. ശബ്ദം എന്ന ആയുധത്തിലൂടെയാണ് എത്രയോ പേർ ആപത്തുകളിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. ശത്രുവോ മിത്രമോ ആയിക്കോട്ടെ രക്ഷിക്കൂ എന്ന ശബ്ദം ഉയർന്നാൽ ആരും ഒന്നു നിൽക്കും. ശ്രദ്ധിക്കും. ശബ്ദം കേട്ട ഭാഗത്തേക്ക് എത്താനുള്ള വെമ്പലിനെ മനുഷ്യത്വം എന്നു തന്നെ വിശേഷിപ്പിക്കാം. അറിവുകളും അജ്ഞതയുമായി സ്വരുക്കൂട്ടിയ ശത്രുതയും കരുതിക്കൂട്ടിയ പദ്ധതികളും ഒറ്റ നിമിഷത്തിൽ നിരർഥകമാകുകയാണ്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന അപൂർവ സന്ദർഭം. അതിനു വഴിയൊരുക്കുന്നതു ശബ്ദവും. അധികാരികൾക്ക് ശബ്ദം എന്നും അസ്വസ്ഥതയാണ്. ഉയർ‌ന്നുകേൾക്കുന്ന ശബ്ദത്തിൽ തങ്ങൾക്ക് എതിരായ വാക്കുകളും ഉണ്ടാകാമെന്ന പേടി അവരെ സദാ വേട്ടയാടും. ആദ്യത്തെ എതിർ ശബ്ദത്തെത്തന്നെ ഇല്ലതാക്കാനാകും പരിശ്രമം. അതോടെ മനുഷ്യത്വത്തിൽ നിന്നുള്ള അകൽച്ചയും തുടങ്ങുകയായി. പിന്നീടുള്ള പരിശ്രമം അധികാരം നിലനിർത്താനും എതിർപ്പിന്റെ ശബ്ദം ഉയരാതിരിക്കാൻ ജാഗ്രത പാലിക്കുക എന്നതും മാത്രമാകുന്നു. 

 

പേരുകൊണ്ടും പ്രശസ്തി കൊണ്ടും സമ്പത്തും പ്രതാപവും കൊണ്ടും ജനപ്രിയ സിനിമയുടെ അവസാനവാക്കായ ഹോളിവുഡിൽ നിശ്ശബ്ദത ഇഷ്ടപ്പെട്ട ഒരു നിർമാതാവുണ്ട്. എതിർ ശബ്ദങ്ങളെയും തന്നെ അനുസരിക്കാത്തവരുടെ ശബ്ദത്തെയും ഇല്ലാതാക്കി മുന്നേറിയ ഒരാൾ. പതിറ്റാണ്ടുകൾ അയാൾ കിരീടം വയ്ക്കാത്ത ചക്രവർത്തിയായി അടക്കിഭരിച്ചെങ്കിലും എതിർ ശബ്ദം ഉയർന്നതോടെ പിടിക്കപ്പെട്ടു. ഇപ്പോൾ കേസുകളിൽ നിന്ന് കേസുകളിലേക്കുള്ള യാത്രയ്ക്കിടെ കാരാഗൃഹത്തിൽ ഏകാന്തവാസനത്തിലും. പുതിയ കാലത്ത് സ്ത്രീത്വത്തിന്റെ വിമോചന ശബ്ദമായി മാറിയ മി ടൂ എന്ന തുറന്നുപറച്ചിൽ പ്രസ്ഥാനം തുടങ്ങാൻ കാരണം ആ വ്യക്തിയാണ്. കളങ്കിതനായ നിർമാതാവ് ഹാർ‌വി വെയ്ൻസ്റ്റീൻ. പല കാലങ്ങളിൽ വെയ്ൻസ്റ്റീനിന്റെ വിചിത്രവും പൈശാചികവുമായ പ്രവൃത്തികളെക്കുറിച്ച് കോടതികളിൽ ഉൾപ്പെടെ സാക്ഷ്യങ്ങളുണ്ടായി. എന്നാൽ, ഹോളിവുഡിനെ പിടിച്ചുലച്ച വിവാദത്തെക്കുറിച്ച് സമഗ്രമായും ആഴത്തിലും അന്വേഷിച്ച് ഒരു കാലത്തിലെ നായകന്റെ പതനം ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം ഇപ്പോഴാണു പുറത്തുവരുന്നത്. ശബ്ദത്തെ അമർച്ച ചെയ്യുന്നത് കലയും വ്യാപാരവുമായി വികസിപ്പിച്ച കുടിലതയെക്കുറിച്ചുള്ള പഠനം. Hollywood ending, Harvey Weinstein and the culture of Silence എന്ന പേരിൽ. 

 

പല തലങ്ങളിലും ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നതും അനുകരിക്കുന്നതും അതിശയിക്കുന്നതുമാണ് വെയ്ൻസ്റ്റീനിന്റെ ജീവിതം. സാക്ഷികൾ, ഇരകൾ, സഹപ്രവർത്തകർ എന്നിങ്ങനെ ഇന്നും ജീവിച്ചിരിക്കുന്ന ഒട്ടേറെ വ്യക്തികളുമായി സംസാരിച്ചാണ് കെൻ ഒലേറ്റ പുസ്തകം തയാറാക്കിയത്. പുസ്തകത്തിന്റെ തുടക്കം പതിഞ്ഞ മട്ടിലാണെങ്കിൽ ഒടുക്കം സിനിമയെ വെല്ലുന്നതാണ്. 

 

ആരായിരുന്നു വെയ്ൻസ്റ്റീൻ എന്നു ചോദിക്കുക എളുപ്പമാണ്. എന്നാൽ ഒറ്റവാക്കിലോ വാചകത്തിലോ ഉത്തരം പറയുക സാധ്യമല്ല. 

ബിസിനസ് മീറ്റിങ്ങുകളിൽ ദേഷ്യം വരുമ്പോൾ മാർബിൾ കഷണങ്ങൾ ഭിത്തിയിലേക്ക് വലിച്ചെറിയുന്ന വ്യക്തി. 

അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ, പുകവലിക്കാനുള്ള ആഗ്രഹം സഫലമാക്കാൻ വേണ്ടി സ്മോക് അലാം സിസ്റ്റം തന്നെ തകർത്തുകളഞ്ഞ മനസാക്ഷിയില്ലാത്തയാൾ. 

 

അസംതൃപ്തരായ തൊഴിലാളികളോട് കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്ന് താഴേക്കു ചാടി ചാകാൻ പറഞ്ഞ മുതലാളി. 

ബലാൽസംഗവും അക്രമവും ജോലിക്കു ചേരാൻ വന്നവരെ അഭിമുഖം നടത്തുന്നതുപോലെ സ്വാഭാവികമാണെന്നു വിശ്വസിച്ച ലൈംഗിക വൈകൃതങ്ങളുടെ ഉടമ. 

 

വിശേഷണങ്ങൾ നീളുകയാണ്. എന്നാലും ആരാണ് വെയ്ൻസ്റ്റീൻ എന്ന ചോദ്യത്തിന് ഉത്തരമില്ല. വിശേഷണങ്ങളെല്ലാം അദ്ദേഹത്തെക്കുറിച്ചുതന്നെയാണ്. എന്നാൽ, ഈ പട്ടിക പൂർണമാണെന്ന് പിന്തുണയക്കുന്നവർ പോലും പറയുമെന്നു തോന്നുന്നില്ല. 

ഇരകളുടെ അഭിപ്രായത്തിൽ വെയ്ൻസ്റ്റീൻ വംശനാശം സംഭവിച്ച മനുഷ്യരല്ലാത്ത ജീവികളിൽ ഒരാളാണ്. വൈകൃതമായിരുന്നു സവിശേഷത എന്നകാര്യത്തിൽ ആരും വിയോജിക്കുന്നില്ല. രാക്ഷസൻ, പിശാച്, രക്തസക്ഷസ്സ് എന്നൊക്കെയാണ് പലരും മനസ്സു നൊന്ത് വിശേഷിപ്പിക്കുന്നത്.  മനുഷ്യർക്കു പകരം ചെന്നായ്ക്കളാണോ വെയ്ൻസ്റ്റീനിനെ കുട്ടിക്കാലത്ത് വളർത്തിയത് എന്ന് അതിശയിക്കുന്നവരുമുണ്ട്. ഒരിക്കൽ കാനിൽ ഉയരമുള്ള കെട്ടിടത്തിൽനിന്ന് തന്നെ താഴെയിടും എന്നു ഭീഷണിപ്പെടുത്തിയ നിർമാതാവിനെ ഗൊറില്ല എന്നാണ് ഒരു ഇര വിശേഷിപ്പിക്കുന്നത്. സഹോദരനും മുൻ ബിസിനസ് പങ്കാളിയുമായ ബോബ് പറയുന്നത് മനുഷ്യത്വം തൊട്ടുതീണ്ടാത്ത വ്യക്തി എന്നാണ്. ലൈംഗികതയും ക്രൂരതയും ഒഴിച്ചാൽ‌ മറ്റൊരു വികാരവും ഇല്ലാത്ത വ്യക്തി എന്ന് മറ്റൊരാൾ. 

 

എന്നും വെറുക്കപ്പെട്ടവനായിരുന്നു ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ നിർമാതാക്കളിൽ ഒരാളായ വെയ്ൻസ്റ്റീൻ. ആരാലും സ്നേഹിക്കപ്പെട്ടില്ല. എന്നാൽ അടുത്തറിഞ്ഞവരെല്ലാം ഭയപ്പെട്ടു. അകന്നുനിൽക്കാൻ ആവതും ശ്രമിച്ചു. ഒന്നിലധികം തവണ ഇരകളായ സ്ത്രീകൾക്കു മുന്നിൽ അയാൾ നഗ്നനായി പരേഡ് ചെയ്തു വിചിത്രമായ രീതിയിൽ‌ സംതൃപ്തി അനുഭവിച്ചു. പരിചയപ്പെടുന്ന, തന്റെ വലയത്തിൽ അകപ്പെടുന്ന സ്ത്രീകളോട് മസാജിങ്ങിന് നിർബന്ധിക്കുന്നതായിരുന്നു ആദ്യത്തെ നടപടി. കഴിയുന്നത്ര വിവസ്ത്രനായി അവർക്കു മുന്നിൽ അദ്ദേഹം കിടക്കുന്നു. ചുംബനത്തിന് അടുത്തുവരുമ്പോൾ അയാളുടെ വായിൽ അവസാനം കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കാണാമായിരുന്നത്രേ. പലപ്പോഴും വിവസ്ത്രനാകാൻ ഒരു മടിയുമില്ലാത്ത അയാളുടെ ശരീരഭാഗങ്ങൾ പലരിലും അറപ്പ് ഉളവാക്കി. 

 

പ്രശസ്തരും തുടക്കക്കാരുമായ ഒട്ടേറെപ്പേരെ ഇരകളാക്കിയിട്ടുണ്ടെങ്കിലും ലൈംഗിക സംതൃപ്തി അയാൾക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെന്നാണ് ഡോക്ടർമാർ പോലും പറയുന്നത്. അതിനൊന്നും കഴിയാത്ത രീതിയിൽ ദുർബലനും അശക്തനും രോഗങ്ങളുടെ തടവുകാരനുമായിരുന്നു. ശാരീരികമായും അധികാരവും പണവും ഉപയോഗിച്ചും കീഴ്പ്പെടുത്തുക എന്നതുമാത്രമായിരുന്നു സംതൃപ്തി; അങ്ങനെ ഒന്നുണ്ടെങ്കിൽ. 

സ്ത്രീകളെ അപമാനിക്കുക. അടിച്ചമർത്തുക. ജീവിതത്തിൽ എന്നെന്നേക്കുമായി നാണക്കേടും ലജ്ജയും അപമാനവും അവരിൽ നിറയ്ക്കുക. ഇതൊക്കെയായിരിക്കാം വെയ്ൻസ്റ്റീനെ പ്രചോദിപ്പിച്ചിട്ടുണ്ടാകുക എന്നാണ് മനഃശാസ്ത്രജ്ഞൻമാർ വിലയിരുത്തുന്നത്. 

പുരുഷൻമാരോടും ഒട്ടും ഭേദമായിരുന്നില്ല പെരുമാറ്റം. പണവും പ്രതാപവും കൊണ്ട് അവരെയും നിശ്ശബ്ദരാക്കുന്നതിൽ വിജയിച്ചു, എതിർപ്പിന്റെ ആദ്യത്തെ സ്ത്രീശബ്ദം ഉയരുന്നതുവരെ. അതിനുശേഷം വീശിയടിച്ചത് കൊടുങ്കാറ്റാണ്. വൻമരങ്ങൾ കടപുഴകിയ ചുഴലി. ഒരുപക്ഷേ, ചരിത്രത്തിലെ ഏറ്റവും അസംഘടിതവും എന്നാൽ ആത്മാർഥവുമായ മുന്നേറ്റം. ഇരകൾ മുന്നോട്ടുവന്നുകൊണ്ടിരുന്നു. പറഞ്ഞുകൊണ്ടിരുന്നു. തങ്ങൾ നേരിട്ട അപമാനങ്ങളുടെ കഥകൾ. ഭർത്താവും മക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. അധികാരക്കസേരകൾ ഇളകിത്തുടങ്ങി. വീണുതുടങ്ങി. കാരാഗൃഹങ്ങൾ തുറക്കപ്പെട്ടു. വെയ്ൻസ്റ്റീനിനു വേണ്ടിയും. 

 

കഥകൾ ബാക്കിയാണ്. അവ പുറത്തുകൊണ്ടുവരാനാണ് ഹോളിവുഡ് എൻഡിങ് എന്ന പുസ്തകം വിജയകരമായി ശ്രമിക്കുന്നത്. കാലം കാത്തിരുന്ന സാക്ഷ്യം. നീതിയുടെ നിലവിളി. എല്ലാക്കാലത്തേക്കും എല്ലാവരെയും നിശ്ശബ്ദരാക്കാൻ കഴിയില്ലെന്ന പാഠത്തിന്റെ വിജയം. അതേ ശബ്ദത്തിന്റെ വിജയം. നിലവിളി കൊണ്ടുവന്ന നീതി. 

 

Content Summary: Hollywood ending, Harvey Weinstein and the culture of Silence, book by Ken Auletta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com