അടയാളം: പ്രതീകങ്ങളിൽ നിന്ന് ഭൗതികതയിലേക്ക്

HIGHLIGHTS
  • മേതിൽ എഴുതുന്ന പംക്തി
  • കെയ് സെറ, സെറ
modern-yellow-combine-harvesting-wheat
Representative image. Photo Credit: Marek Musil/Shutterstock.com
SHARE

ജൂലൈ 31, 2022

ആരോ മണ്ണിൽ വലിച്ചെറിഞ്ഞൊരു മുഖമൂടി. തൊട്ടരികിൽ ഒരു വാഹനത്തിന്റെ കൂറ്റൻ ടയർ. വാഹനം ഒരൽപ്പം അനങ്ങിയാൽ ഈ മുഖമൂടി മണ്ണിൽ അടിച്ചമർത്തപ്പെടും — ഒരു പ്രത്യേക കാലഘട്ടത്തിന്റെ സ്‌മാരക തപാൽമുദ്ര ഒട്ടിച്ചതു പോലെ! എന്റെ ‘19’ എന്ന പംക്തിയിൽ ഉപയോഗിക്കാൻ മത്തായസ് ജെലിസൻ അയച്ചുതന്ന ഛായാപടത്തിലെ ദൃശ്യത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. ഞാൻ ജെലിസന്നെഴുതി: ‘‘ഏറ്റവും മികച്ച കോവിഡ് ഫോട്ടോഗ്രഫിക്കുള്ള സമ്മാനം ഞാൻ നിങ്ങൾക്ക് നൽകുന്നു.’’ 

കോവിഡീയ ചിന്തകളിൽ മസ്തിഷ്‌കം മുഖരമാകുന്നൊരു സന്ദർഭത്തിൽ, അനാസ്ഥമായി ഉപേക്ഷിക്കപ്പെട്ട മുഖമൂടികൾ ഉത്‌ക്കണ്‌ഠ ജനിപ്പിക്കുന്നു. എന്റെ ഏകാഗ്രത ആ മുഖമൂടിയിലായിരുന്നു. ചില വിശദാംശങ്ങൾ ആഴത്തിൽ ശ്രദ്ധിച്ചില്ലെന്നത് വ്യക്തം. തികച്ചും വ്യത്യസ്‌തമായൊരു സന്ദർഭം സൃഷ്‌ടിച്ച ചില സന്ദേഹങ്ങളാണ് ശ്രദ്ധയുടെ ഗതി മാറ്റിയത്. 

ഗണിതജ്ഞനായ യൊഹാൻ ബെർന്യൂലി ഒരിക്കൽ മറ്റു ഗണിതജ്ഞരെ വെല്ലുവിളിച്ചുകൊണ്ട് രണ്ട് ചോദ്യങ്ങൾ പുറത്തിട്ടു. ഉത്തരം സമർപ്പിക്കാനുള്ള സമയം ആറു മാസം. ഈ കാലയളവിനുള്ളിൽ ആരും ഒരുത്തരവുമായി മുന്നോട്ട് വന്നില്ല. പക്ഷേ, ഇതിന്നിടയിൽ, ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ന്യൂറ്റന്റെ പ്രതിദ്വന്ദിയായി അറിയപ്പെടുന്ന ലീബ്‌നസ് അപേക്ഷിച്ചിരുന്നു: ഉത്തരം കണ്ടെത്താനുള്ള സമയം ഒരു വർഷമാക്കണം (ഇവിടെയൊരു കള്ളക്കളിയുണ്ടോ?).

ന്യൂറ്റൻ പല നിലകളിലും തന്റെ ഔദ്യോഗിക ജീവിതത്തിലെ രണ്ടാം ജന്മമെന്ന് വിശേപ്പിക്കാവുന്ന രണ്ടാം പാതിയിൽ, അക്കാദമിക ലോകത്തിൽനിന്നും വേർപെട്ട് യുനൈറ്റഡ് കിങ്ഡത്തിലെ രാജകീയ കമ്മട്ടത്തിന്റെ തലപ്പത്ത് പ്രവർത്തിക്കുന്ന കാലം. ഒരു ദിവസം വൈകുന്നേരം നാലു മണിക്ക് ന്യൂറ്റൻ വീട്ടിൽ എത്തുന്നു; ബെർന്യൂലി നേരിട്ടയച്ച കത്തിൽ രണ്ട് ചോദ്യങ്ങൾ കാണുന്നു; പിറ്റേന്ന് പുലർച്ചെ നാല് മണിക്ക് മുൻപ് ശരിയായ ഉത്തരങ്ങൾ കണ്ടെത്തുന്നു. 

ബെർന്യൂലി തന്റെ ധിഷണ പരീക്ഷിക്കാൻ വേണ്ടി നടത്തിയൊരു നാടകമാണ് ഈ ചോദ്യങ്ങളെന്ന് ന്യൂറ്റന് സംശയം തോന്നിയിരുന്നു. ഈ സംശയം അസ്ഥാനത്തല്ലായിരുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖകളുമുണ്ട്.. ആകയാൽ റോയൽ സൊസൈറ്റിയിലെ ഒരു സുഹൃത്തിന്റെ സഹായത്തോടെ, തന്റഎ പേരില്ലാതെ അജ്ഞാതനാമാവായിട്ടാണ് ന്യൂറ്റൻ തന്റെ ഉത്തരങ്ങൾ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ അജ്ഞാതനാമാവ് ന്യൂറ്റൻ തന്നെയാണെന്ന് ബെർന്യൂലി  തിരിച്ചറിഞ്ഞു. 

പലരും ആശ്ചര്യപ്പെട്ടു: ഇതെങ്ങനെ സാധിച്ചു! ബെർന്യൂലി പറഞ്ഞു: ‘‘കൈപ്പത്തികളിൽനിന്ന് സിംഹത്തെ തിരിച്ചറിയാം.’’

കൈപ്പത്തികൾ, വിരലടയാളങ്ങൾ, കാൽപ്പാടുകൾ. എല്ലാം കുറ്റസ്ഥലങ്ങളിൽ അന്വേഷകർ ആഗ്രഹിക്കുന്ന തുമ്പുകൾ. എല്ലാം ഓരോരോ വ്യക്തികളെ, സ്വത്വങ്ങളെ, ചൂണ്ടുന്ന അടയാളങ്ങൾ. കുറ്റാന്വേഷണത്തിൽ ഇവയുടെ ഭൗതികതയാണ് തെളിവുകളാവുക.പക്ഷേ,  ബെർന്യൂലി ഉദ്ദേശിച്ച കൈപ്പത്തി ആലങ്കാരികമാണ്, പ്രതീകാത്മകമാണ്. കുറ്റാന്വേഷണത്തിനു പുറത്ത് ചില ശാസ്ത്രീയ വിനിമയങ്ങളിൽ പോലും ഇവ പ്രതീകാത്മകമാകുന്നത് കാണാം. 

ചില ഷ(ർ)ലോക് ഹോംസ് ആഖ്യാനങ്ങളിൽ കാൽപ്പാടുകളിൽനിന്ന് കുറ്റവാളിയുടെ ചുവടുകളുടെ ശൈലിയും വേഗവും, ശാരീരിക പ്രത്യേകതകളും നിഗമനങ്ങളായി തെളിയുന്നു. പക്ഷേ കുറ്റാന്വേഷണത്തിൽ പോലും കാൽപ്പാടുകൾ വെറും ഉപരിതല പ്രത്യക്ഷതകളാണ്. ആഗോള താപനത്തിനും ചില കാലാവസ്ഥാപ്രശ്‌നങ്ങൾക്കും കാരണമാകുന്ന മനുഷ്യനിർമ്മിത വാതകങ്ങളെ നാം കാർബൺ കാൽപ്പാടുകളെന്നു വിളിക്കുന്നു — മനുഷ്യവർഗം ഭൂമിക്കൊരു ഭാരമായിക്കഴിഞ്ഞെന്ന് ആലങ്കാരികമായി സ്‌പഷ്ടമാക്കുന്നു കാർബൺ കാൽപ്പാടുകൾ. പക്ഷേ, ഈ ‘‘ഭാരം’’ അക്ഷരം പ്രതിയായാൽ?  

ശാസ്ത്രീയ പ്രജ്ഞയുടെ വമ്പിച്ചൊരു കുതിയിൽ നാം വീണ്ടും മത്തായസ് ജെലിസൻ എനിക്കയച്ചുതന്ന ഛായാപടത്തിൽ  തിരിച്ചെത്തുന്നു: ആ കൂറ്റൻ ടയർ, അതിനു ചുവട്ടിൽ അടിച്ചമർത്തപ്പെടുന്ന മുഖമൂടി. ഈ നിശ്ചല ചിത്രത്തിനു പിന്നിലെ തിരക്കഥ മാറിയിരിക്കുന്നു. ഇപ്പോൾ നാം കൂടുതൽ ശ്രദ്ധിക്കേണ്ടത് ടയറിനെയല്ലേ? 

സ്വീഡനിലും സ്വിറ്റ്‌സർലൻഡിലുമായി അടുത്ത കാലത്ത് നടന്നൊരു ഗവേഷണം പറയുന്നു: ഭൂമിയുടെ ചരിത്രത്തിൽ  ഏറ്റവും ബൃഹത്തായിരുന്ന ദിനോസറുകളോളം ഭാരമുള്ളതാണ് ഇപ്പോൾ നാം ഉപയോഗിക്കുന്ന  ചില കാർഷിക യന്ത്രങ്ങളും വാഹനങ്ങളും (യന്ത്രവാഹനങ്ങളെന്ന് ഒറ്റ വാക്കിൽ പറയുന്നതാവും കൂടുതൽ ശരി, അല്ലേ?). ഉദാഹരണം: കൊയ്യൽ, ധാന്യം മെതിക്കൽ, അടിച്ചു കൂട്ടൽ, പതിര് നീക്കൽ എന്നിങ്ങനെ പഴയ കൃഷിയിലെ ചര്യകളിൽ വെവ്വേറെയായിരുന്ന പ്രവൃത്തികളെല്ലാം ഒറ്റക്ക് നിർവഹിക്കാൻ പ്രാപ്‌തമായ കൂറ്റൻ സംയോജക കൊയ്ത്തുയന്ത്രം (combine harvester) — ചുരുക്കിപ്പറച്ചിലിൽ ‘കംബൈൻ’. 

കുട്ടികാലത്ത് ഞാൻ വയലുകളിൽ പണിയെടുക്കുന്നവരുടെ വാത്സല്യത്തിൽ ചെറിയ ചെറിയ ദൂരങ്ങളിൽ കലപ്പയോടിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം അതേ വയലുകളിൽ അല്പം ഡംഭോടെ ട്രാക്റ്റർ ഓടിക്കുമ്പോൾ എവിടെയോ എന്തോ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. തീർച്ചയായും ആ ഉണർവ്വ് പാരിസ്ഥിതികമായിരുന്നില്ല. വായിച്ചു കൂട്ടിയ എല്ലാ തത്ത്വചിന്തകളും മനുഷ്യകഥാനുഗായികളും വലിച്ചെറിഞ്ഞ് വെറും ഭൗമികതയുടെ നഗ്നതയിൽ സ്വത്വം വിലയിപ്പിച്ചാലേ അതു സാധ്യമാകൂ. 

എന്റെ ഉണർവ്വിൽ തിരിച്ചറിയാമായിരുന്ന നഷ്‌ടം സൗന്ദര്യാത്മകമായിരുന്നു — ഭൂദൃശ്യത്തിലെ ചില ഒച്ചകൾ, ചലനങ്ങൾ, വെറും വരകൾ. പക്ഷേ, ആ പഴയ ട്രാക്റ്ററിൽനിന്ന് ആധുനിക കംബൈനിലേക്കുള്ള സാങ്കേതിക പരിണാമം പരിഗണിച്ചാൽ നമുക്ക് തിരിച്ചറിയാവുന്ന നഷ്‌ടം സൗന്ദര്യാത്മകമായിരിക്കില്ല; അത് എന്റേതു മാത്രവുമായിരിക്കില്ല.

ഓഗസ്റ്റ് 1, 2022 

ഒരിക്കൽ ഭൂമിയിൽ ചരിച്ചിരുന്ന ദിനോസറുകളുടെ കൂട്ടത്തിൽ ഏറ്റവും ഭാരവത്തായിരുന്ന സോറപോഡുകളുമായാണ് കംബൈനുകളെ ഗവേഷകർ താരതമ്യപ്പെടുത്തുന്നത്. ഒരു പക്ഷേ സ്‌റ്റീവൻ സ്പീൽബർഗിന്റെ ‘ജുറാസിക് പാർക്ക്’ എന്ന ചിത്രത്തിൽ നിങ്ങൾ ഇവയെ പരിചയപ്പെട്ടിരിക്കാം. നീണ്ട കഴുത്ത്, തൂണുകൾ പോലെ നാല് കാലുകൾ, വലിയൊരു വാല്. അറ്റം തൊട്ട് അറ്റം വരെ നൂറടിയിലധികം നീളം; എല്ലാം ചേർത്ത്  ഏകദേശം 60 ടൺ തൂക്കം. കംബൈനിന്റെ ഭാരം ഇതിനോടടുക്കുന്നു!

എങ്കിലെന്ത്? ഇതെല്ലാം പറയുന്നതെന്തിന്?

വാഹനങ്ങളുടെ ചക്രങ്ങളും, ജന്തുക്കളുടെ കുളമ്പുകളും മനുഷ്യരുടെ പാദങ്ങളുമെല്ലാം മണ്ണിൽ ഉണ്ടാക്കുന്ന വെറും അടയാളങ്ങൾ ഉപരിതല പ്രതിഭാസങ്ങളാവാം. പക്ഷേ, അവ ഭൂമിയിൽ ഏൽപ്പിക്കുന്ന ഭാരത്തിന്റെ സമ്മർദ്ദം കൂടുതൽ ആഴത്തിൽ എത്താം, പ്രവർത്തിക്കാം. പ്രശ്‌നം ഇവിടെ തുടങ്ങുന്നു. സമ്മർദ്ദം താങ്ങാൻ മണ്ണിനുള്ള കഴിവ് പരിമിതമാണ്. 

എല്ലാ അടയാളങ്ങളും വീഴുന്ന തലത്തിനു തൊട്ടു താഴെയുള്ള ഇടം പല തരം  ജൈവരൂപങ്ങളുടെ ആവാസവ്യവസ്ഥയാണ്. ആകയാൽ, അതിൽ ചില അബല ഘടനകളുണ്ട് — സുഷിരങ്ങളും നാളികളും. ഇവയിലൂടെ വായു സഞ്ചരിക്കുന്നു; സസ്യലോകത്തിലെ വേരുകൾക്കും ചില ജീവികൾക്കും ആവശ്യമായ വെള്ളം ഇവയിലൂടെ കിനിഞ്ഞിറങ്ങുന്നു. സമ്മർദ്ദത്തിന്റെ ശക്തിയിൽ ഇവയെല്ലാം അടയുന്നു; ഈ അടച്ചിലിൽ മണ്ണൊതുക്കം (compaction) സംഭവിക്കുന്നു. അധികം സാന്ദ്രത. മണ്ണൊതുക്കത്തിൽ ചെടികളുടെ വളർച്ച പരിമിതമാകുന്നു, വിളവ് ചുരുങ്ങുന്നു. 

സാന്ദർഭികമായി ഇവിടെ കടന്നുവരുന്നൊരു ആശ്ചര്യമുണ്ട്. ഒട്ടകങ്ങൾ മരുക്കപ്പലുകൾ (ships of the desert) ആകുന്നത് വെറും രൂപകത്തിന്റെ അനുഗ്രഹം കൊണ്ടല്ല. ഒരു തരം പാറൽ (പ്ലവനം) പോലെ, അല്ലെങ്കിൽ വഴുതൽ പോലെ എന്തോ ഒന്ന് ചലനത്തിൽ സംഭവിക്കുന്നതുകൊണ്ടാണ് ഒട്ടകങ്ങൾ മണൽക്കൂനകളിൽ മുങ്ങിപ്പോകാത്തത്. ഉടലുമായുള്ള അനുപാതത്തിൽ വളരെ വിപുലമായ കാലടി (സമ്പർക്കതലം) സമ്മർദ്ദത്തെ ലഘൂകരിക്കുന്നു. വാഹനവുമായുള്ള അനുപാതത്തിൽ കൂടുതൽ വലുപ്പമുള്ള ടയറുകൾക്കും ഇത് കഴിയണം, കഴിയുന്നുണ്ട്. 

വളരെ ലളിതമാണ് ഇതിലെ ഭൗതികശാസ്‌ത്രം. കുത്തനെ ശക്തമാകുന്നതിനു പകരം ഇവിടെ ഭാരം വിലങ്ങനെ കൂടുതൽ വിപുലമായി വിതരണം ചെയ്യപ്പെടുന്നു —  പക്ഷേ,  ഉപരിതലത്തിലെ മർദ്ദം മാത്രം. ഉപരിതലത്തിന് താഴെ മർദ്ദം കൂടിക്കൊണ്ടേയിരിക്കുന്നു. മണ്ണൊതുക്കം, സങ്കോചം.  കൃഷിയുടെ  ആത്യന്തിക നാശത്തെകുറിച്ചൊരു ഭീഷണി  ഇവിടെയുണ്ട്.

മണ്ണിന്റെ ആശാസ്യ ഘടന നിലനിർത്തണമെങ്കിൽ നാം ഉപയോഗിക്കുന്ന കാർഷിക യന്ത്രസാമഗ്രികളുടെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തണമെന്ന് സ്വീഡനിലും സ്വിറ്റ്‌സർലൻഡിലും ഗവേഷണത്തിൽ ഏർപ്പെട്ടവർ പറയുന്നു. ഗവേഷകർ ആവശ്യപ്പെടുന്നു. 

പക്ഷേ, വളരെയേറെ മണ്ണറിവുള്ള ജെസ് ഡേവീസ്, ജോൺ ക്വിന്റൻ (യൂറപിൻ കമിഷൻ) എന്നിവർ മറ്റൊരു ഹിതം നൽകുന്നു:  ചെറിയ  ചെറിയ ഭൂപ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ, ചെറിയ യന്ത്രങ്ങൾ ഉപയോഗിച്ച് വിളവ് വളർത്തുന്നതിലൂടെ വലിയ യന്ത്രങ്ങളുടെ ആവശ്യകത  ചുരുക്കുകയെങ്കിലും ചെയ്യാനാണ് നാം ആദ്യം ശ്രമിക്കേണ്ടത്. ഇക്കാര്യത്തിൽ പരാജയപ്പെട്ടാൽ ദിനോസറുകളെപ്പോലെ ഒരിക്കൽ മനുഷ്യരും തിരോഭവിക്കും.

soil-cultivated-dirt-earth
Representative image. Photo Credit: funnyangel/Shutterstock.com

ഓഗസ്ററ് 2, 2022  

കുട്ടിക്കാലത്ത് വീട്ടിലെ കോഴികളോടോപ്പമുള്ള കളികളെക്കുറിച്ചുള്ള  ഓർമ്മകളൊന്നിൽ ഒരു ഭ്രമാത്മകതയുണ്ട്. ആദ്യമായി ഞാൻ ഒരു കോഴിയെ നിലത്തുനിന്ന് പൊക്കിയെടുത്തു അല്‌പം ഉയരത്തിലേക്ക് പറപ്പിക്കാൻ ശ്രമിച്ചപ്പോളാണ് മറ്റൊരു വസ്‌തുവിലും അറിഞ്ഞിട്ടില്ലാത്തൊരു ‘രഹസ്യം’ എന്റെ കയ്യിലെ പക്ഷിയിൽ ഞാൻ അറിഞ്ഞത്.  

ആവശ്യമുള്ളപ്പോൾ സ്വന്തം തൂക്കം ചുരുക്കാൻ ഒരു കോഴിക്ക് കഴിയുമോ! ഒരു ജീവിയുടെ ഘനവും ഘനമില്ലായ്‌മയും ഒരേ സമയത്തോ, മാറി മാറിയോ, എന്റെ കൈകളിൽ അനുഭവപ്പെടുന്ന അസാധ്യ പ്രതീതി. പിന്നീട് ഓരോ പ്രാവശ്യവും കോഴിയെ കയ്യിലെടുത്ത് പറപ്പിക്കാൻ ശ്രമിക്കുമ്പോൾ അതേ അനുഭവമുണ്ടായപ്പോൾ ആ വെറും പ്രതീതി എനിക്കൊരു അജ്ഞേയ വസ്‌തുതയായി.

കോഴി ഒരു പക്ഷിയാണെങ്കിലും മറ്റു പക്ഷികളെപ്പോലെ അതിനു പറക്കാൻ കഴിയാതെ വന്നതിന്റെ രഹസ്യം എന്റെ കയ്യിലുണ്ടെന്ന് തോന്നിയ ആ ദിവസങ്ങളിൽ എന്റെ മനസ്സിൽ ദിനോസറുകൾ ഉണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ, ദിനോസറുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആ പഴയ കോഴികൾ എന്റെ മനസ്സിലൂടെ തുടരുന്നു. 

യന്ത്രങ്ങളുമായുള്ള താരതമ്യത്തിൽ സോറപോഡുകളുടെ മൊത്തം ഘനവും കാലടികളുടെ വിസ്‌തൃതിയും തമ്മിലുള്ള അനുപാതം നിർണ്ണയിക്കുമ്പോൾ ഒരു വിരോധോക്തി കഴുത്തു നീട്ടുന്നു. 

ഒരു സോറപോഡിന്റെ തൂക്കം 60,000 മുതൽ 80,000 കിലോഗ്രാം വരെയാണ്. ഒരു കാലിന് ലഭിക്കുന്ന പിണ്ഡം 20,000 കിലോഗ്രാമോ കൂടുതലോ ആയിരിക്കും. ഒരു ആധുനിക ഷുഗർ ബീറ്റർ ഹാർവെസ്റ്ററിന് 60,000 കിലോഗ്രാം ഭാരമുണ്ട്. എന്നാൽ അതിന്റെ സജ്ജീകരിച്ചിരണത്തിൽ ഒരു വിഭജനമുണ്ട്: മൂന്ന് ആക്‌സിലുകൾ (അക്ഷദണ്‌ഡങ്ങൾ) ആറ് ടയറുകൾ (ചക്രങ്ങൾ). ആകയാൽ ഒരു ചക്രത്തിന്റെ ഭാരം ഏകദേശം 10,000 കിലോ മാത്രമായിരിക്കും. ഈ ഗണനമനുസരിച്ച്, സോറപോഡുകൾ ഭൂമിയിൽ ചെലുത്തിയ മർദ്ദത്തിന്റെ പാതിയാണ് ഏറ്റവും ബൃഹത്തായ കാർഷിക യന്ത്രങ്ങൾ പോലും ഉണ്ടാക്കുന്നത്.  

ഒരു ചരിത്രാതീത ജീവി ഭൂമിയുടെ ഉൽപാദനക്ഷമതയിൽ ചെലുത്തിയ 'യാന്ത്രിക' സ്വാധീനം മാതൃകകളിലൂടെ നിർണ്ണയിച്ച റ്റോമസ് കെല്ലർ, ഡാനി ഓർ എന്നീ ഗവേഷകരോട് നന്ദി പറയുക. പക്ഷേ, എനിക്കിവിടെ ചില ചോദ്യങ്ങളുണ്ട്. അടിമണ്ണിലെ വേരുകളെ ശ്വാസം മുട്ടിക്കുന്നത്രയും കനത്ത മണ്ണൊതുക്കം സൃഷ്‌ടിച്ചൊരു  ജീവിവർഗ്ഗം നൂറു ദശലക്ഷം വത്സരങ്ങളോളം ഭൂമിയിൽ പിടിച്ചുനിന്നതെങ്ങനെ!  മറ്റൊരു വിധത്തിൽ ചോദിച്ചാൽ, ഇത്രയും ദീർഘമായൊരു കാലയളവോളം തുടർച്ചയായി മണ്ണൊതുക്കത്തിനു വിധേയമായിരുന്നൊരു ഗോളം സോറപോഡുകളെ തീറ്റിപ്പോറ്റാൻ ആവശ്യമായത്രയും ആഹാര ദ്രവ്യം ഉല്പാദിപ്പിച്ചതെങ്ങനെ! (അത്യാര്‍ത്തിയുള്ള തീറ്റക്കാരെന്ന് ഒരു ശാസ്തജ്ഞൻ സോറപോഡുകളെ വിശേഷിപ്പിച്ചത് ഞാൻ വായിച്ചിട്ടുണ്ട്.)

ഓർക്കുക, പരമാവധി ഒരു നൂറ്റാണ്ടോളം സമയത്തിനുള്ളിലാണ് ആധുനിക കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനം അടിമണ്ണിൽ വിപൽസൂചനകൾ ഉണർത്താൻ തുടങ്ങിയത്. ഞാൻ വിവരിച്ചേടത്തോളം എത്തിയില്ലെങ്കിലും ഇവിടെ ഒരു വിരോധാഭാസം കാണാൻ കെല്ലർക്കും ഓറിനും കഴിഞ്ഞു. 

സോറോപോഡുകളുടെ നീണ്ട നിലനിൽപ്പ് സാധ്യമാക്കിയ മണ്ണിന്റെ ഘടനാപരമായ പ്രത്യക ഗുണങ്ങളും ഇവക്കനുകൂലമായ സാഹചര്യങ്ങളും തീർച്ചയായും നമ്മുടെ അറിവിന്നപ്പുറത്താണ്. സസ്യങ്ങളുടെ വളർച്ച തുടർന്നുകൊണ്ട് പോകാൻ മണ്ണിന് വളരെ പര്യാപ്‌തമായ തോതിൽ മഴ ലഭിച്ചിരിക്കണമെനന അനുമാനം യുക്തിപരമാകാം. 

ചതുപ്പുകളിലും നനഞ്ഞു കുതിർന്നേടങ്ങളിലും ചലനം നേരിടുന്ന വെല്ലുവിളി പരിഗണിച്ചാൽ, സോറോപോഡുകൾ തീറ്റ തേടിയത് ചെറിയ ചെറിയ സ്ഥലങ്ങളിലും ദൂരങ്ങളിലുമായിരിക്കണം. ഏക്കറുകളോളം വിസ്താരമുള്ള കൃഷിഭൂമികളിൽ പ്രവർത്തിക്കുന്ന ആധുനിക കാർഷിക യന്ത്രങ്ങളുടെ അടയാളങ്ങൾ പതിയാത്ത ഒരൊറ്റ ചതുരശ്ര മീറ്റർ പോലും ഒരു പക്ഷേ നമുക്ക് കാണാൻ കഴിഞ്ഞെന്നു വരില്ല. സോറോപോഡിനെ പോലെ ഏറെക്കുറെ 50 അടിയോളം നീളത്തിൽ കഴുത്തുള്ളൊരു ജീവിക്ക് ഒരേയൊരിടത്ത് നിന്ന് വായിലെടുക്കാനാവുന്ന സസ്യാഹാരത്തിൻറെ അളവ് നമുക്കൂഹിക്കാൻ കഴിയും.

ജീവികളുടെ ശരീര-ചലന-സ്വഭാവ രീതികൾ ഭൗതിക പരിതോവസ്ഥയുമായി  ഇടഞ്ഞും ഇണങ്ങിയും സാക്ഷാൽക്കരിക്കുന്ന അനുയോജന മുറകളുടെ ദീർഘവും ക്ഷമാപൂർവവുമായൊരു അനുഷ്‌ഠാനമാണ് പരിണാമം. ജന്തു-യന്ത്ര താരതമ്യങ്ങളിൽ, ഏറെ ഉൾക്കാഴ്ചയുള്ള ആഖ്യാനകളിൽപ്പോലും വിസ്‌മരിക്കപ്പെടുന്നൊരു വസ്‌തുതയാണിത്. തീർച്ചയായും ഈ ന്യൂനതക്ക് ഒരു കാരണമുണ്ട്. താരതമ്യങ്ങൾ ഒരു നിർദ്ദിഷ്‌ട  ഘടകത്തെക്കുറിച്ചാവും; ആകയാൽ അതിൻറെ പ്രസക്തി പരിമിതമാവും. 

ഫോസിലുകളെക്കുറിച്ചു പഠിക്കുന്ന ജൂലിയ ക്ളർക് ഒരിടത്ത് പറഞ്ഞു, ‘‘നാം എങ്ങനെ സ്‌തന്യപങ്ങളാണോ, അതേപോലെ പക്ഷികൾ ഇപ്പോളും ജീവിച്ചിരിക്കുന്ന ദിനോസറുകളാണ്’’. പക്ഷികളിൽ ശ്വാസകോശങ്ങളുടെ അനുബന്ധങ്ങളായി വർത്തിക്കുന്ന വായുസഞ്ചികൾ ദിനോസറുകളിലും ഉണ്ടെന്നതിനുള്ള തെളിവാണ് മാത്യു ജോഹൻ വെഡൽ എഴുതിയൊരു ലേഖനത്തിന്റെ തലക്കെട്ട് വിളംബരം ചെയ്യുന്നത്. സോറോപോഡുകളിൽ വിശേഷിച്ചും ഇതുണ്ടെന്ന്‌ വെഡൽ കൂട്ടിച്ചേർക്കുന്നു.

പുതിയ പല ഗവേഷണങ്ങൾ കൂട്ടിച്ചേർക്കുന്നു: ആശ്ചര്യകരമാം വിധം ഭാരം കുറഞ്ഞ ജീവികളായിരുന്നു സോറോപോഡുകൾ. അസാധാരണമാം വിധം നേർത്ത എല്ലുകളും, അസ്ഥികൂടങ്ങളിൽ വ്യാപിച്ചിരിക്കുന്ന വായുസഞ്ചികളുടെ സങ്കീർണ്ണമായൊരു സംവിധാനവുമായിരുന്നു ഈ ജീവികളുടെ അവിശ്വനീയ ശാരീരിക ലാഘവതയുടെ രഹസ്യം. 

പല ഗവേഷകർ ശ്രദ്ധിച്ച ഈ ലാഘവത ജീവശാസ്തജ്ഞയായ നീന സ്വർഡ്ലോവ നിരീക്ഷിച്ചത് സോറോപോഡുകൾ ശാരീരികമായ അതിതാപം ഒഴിവാക്കുന്നതെങ്ങനെയെന്ന അന്വേഷണത്തിന്നിടയിലായിരുന്നു. ഒരു കോഴിയുടെ ശ്വാസകോശത്തിന്റെ മാതൃകയിൽ നിന്നാണ് സ്വർഡ്ലോവ തന്റെ ഗവേഷണം ആരംഭിച്ചത്. 

കുട്ടിക്കാലത്ത് എന്റെ കൈകളിൽ ഒരേ സമയത്ത് ഘനമില്ലായ്‌മയും ഘനവുമായിരുന്ന കോഴികളെ ഞാൻ ഈ നിരീക്ഷകയുടെ കൈകളിൽ ഏൽപ്പിക്കട്ടെ. 

Content Summary: Que sera sera-9, Column by Maythil Radhakrishnan    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}