കടവ്: പ്രിയപ്പെട്ട എസ്കെയ്ക്ക് കാലം കാത്തുവച്ച സ്നേഹം

malayalam-writer-sk-pottekkatt
എസ്.കെ. പൊറ്റെക്കാട്ട്
SHARE

ഒരു പിടി അക്ഷരങ്ങൾ മാത്രം കീശയിലും ഏതോ ചില സ്വപ്‌നങ്ങൾ പൊതിഞ്ഞ് കക്ഷത്തിലും വച്ച് ജീവിതത്തിന്റെ നെടുംപാതയിലേക്കിറങ്ങിയവർ. തളരുമ്പോൾ കാലടികൾക്ക് കരുത്ത് പകരുന്ന സ്മരണയുണ്ട്.... പ്രിയപ്പെട്ട എസ്‌കെയുടെ സ്നേഹമസൃണമായ ഓർമ 

sk-pottekkatt-7
അക്ഷരങ്ങൾക്കിടയിൽ... എസ്.കെ. പൊറ്റെക്കാട്ട് (ഫയൽ ചിത്രം)

എംടി വാസുദേവൻ നായരുടെ വാക്കുകളിൽ അക്ഷരാർഥത്തിൽ തുടിച്ചുനിൽക്കുന്നതു സത്യം. തനിക്കു മുമ്പേ നടന്ന എസ്.കെ പൊറ്റെക്കാട്ട് എന്ന വലിയ എഴുത്തുകാരനോടുള്ള സ്നേഹവും ആദരവും. മലയാളത്തിനു വേണ്ടി, ഭാവി തലമുറകൾക്കുവേണ്ടിയാണ് അദ്ദേഹം ഇതു പറഞ്ഞത്. സ്നേഹത്തിൽ ചാലിച്ച അക്ഷരമുദ്ര. ‌

sk-pottekkatt-and-wife
എസ്.കെ. പൊറ്റെക്കാട്ട് ഭാര്യ ജയവല്ലിക്കൊപ്പം

കേരളത്തിലെ ഒരു കൊച്ചു നഗരത്തിൽ ചെറിയ ചുറ്റുപാടുകളിൽ ജനിച്ചു വളർന്നയാളാണ് എസ്‌കെ. എന്നാൽ, വാക്കുകൾകൊണ്ട് അദ്ദേഹം കീഴടക്കിയത് വലിയൊരു ദേശം. ലോകം തന്നെ. യാത്ര എന്നത് ഫാഷനോ ഭ്രമമോ അല്ലാത്ത കാലത്താണ് പരിമിതമായ ചുറ്റുപാടുകളോടു പടവെട്ടി അദ്ദേഹം ലോക യാത്രകൾ നടത്തിയത്. യാത്രാവിവരണം എന്നു വിഭജിക്കപ്പെട്ടെങ്കിലും കഥയോടും നോവലിനോടും കിടപിടിക്കുന്നതായിരുന്നു എസ്കെയുടെ സഞ്ചാരസാഹിത്യം. 

sk-pottekkatt-books
എസ്.കെ. പൊറ്റെക്കാട്ടിന്റെ പുസ്തകങ്ങൾ

പലപ്പോഴും കവിത കിനിയുന്ന ഭാഷയിൽ വാക്കുകൾ അദ്ദേഹത്തിൽ നിന്ന് ഒഴുകി. വികാരങ്ങളും. എഴുതിയതിനെല്ലാം കഥയുടെ പട്ടുടുപ്പ് അണിയിച്ചാണ് അവതരിപ്പിച്ചത്. നിരീക്ഷണ മികവും മനുഷ്യനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അഗാധമായ ചിന്തയും അദ്ദേഹത്തെ സവിശേഷമായി അടയാളപ്പെടുത്തി. 

sk-pottekkatt-book-3
1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് ഒരു തെരുവിന്റെ കഥ. ഒരു തെരുവിനെ ആസ്പദമാക്കി എഴുതിയ നോവലിൽ, ഈ തെരുവിൽ തന്നെ ജീവിക്കുന്നവരാണ് കഥാപാത്രങ്ങളായി വരുന്നത്.

തെരുവിന്റെ കഥയും ദേശത്തിന്റെ കഥയുമൊക്കെ എഴുതിയെങ്കിലും വിഷകന്യക എന്ന ഒറ്റ നോവൽ മതിയാകും ആ പ്രതിഭയെ അടയാളപ്പെടുത്താൻ. ഒരു പ്രദേശത്തു നിന്ന് മറ്റൊരിടത്തേക്ക് കുടിയേറ്റം ഉണ്ടായ രാജ്യങ്ങളിലെല്ലാം മഹത്തായ സാഹിത്യകൃതികളും ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ കുടിയേറ്റത്തെ സമഗ്രമായും ആധികാരികമായും വിഷകന്യക പോലെ മറ്റൊരു കൃതിയും അവതരിപ്പിച്ചിട്ടില്ല. 

sk-pottekkatt-book-2
ഒരു ദേശത്തിന്റെ കഥയ്ക്ക് 1980-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു. ഈ കൃതി തന്നെ 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടി

ലോകത്തെ വൻ നഗരങ്ങൾ അദ്ദേഹത്തിന് സ്വന്തം നഗരവും തിരക്കേറിയ തെരുവുകൾ പരിചിതമായ വഴികളുമായിരുന്നു. ആ തെരുവുകളുടെ കഥയും അവിടെ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചും സഹാനുഭൂതിയോടെ അദ്ദേഹം എഴുതി. ചരിത്രവും സംസ്കാരവും ജീവിതരീതിയും അഗാധമായ ഉൾക്കാഴ്ചയും അവയിൽ തെളിഞ്ഞുനിന്നു. 

sk-pottekkatt-book-4
എസ്.കെ. പൊറ്റെക്കാട്ട് കഥകളുടെ സമാഹാരം

ദേശം എന്നത് ഒരേ സമയം ഇന്ത്യയും ലോകവും ആയിരുന്നു എസ്കെയ്ക്ക്. തെരുവ് എന്നത് ഒരേസമയം കോഴിക്കോട്ടെ മിഠായിത്തെരുവും ലണ്ടനിലെയോ സിംഗപ്പൂരിലെയോ തെരുവുകളും ആയിരുന്നു. ഒരേ അനായാസതയോടെ, ലാളിത്യത്തോടെ, ആത്മാർഥമായാണ്  സ്വന്തം വീടിനെയും നാടിനെയും ലോകത്തെയും എസ്കെ  കണ്ടത്. വീടിനു സമീപത്തെ കടവിൽ നിന്ന് കടവുതോണിയിൽ സഞ്ചരിക്കുന്ന ലാഘവത്തോടെ ലോകനഗരങ്ങളിലേക്ക് യാത്ര ചെയ്തത്. എഴുതിയത്. മനുഷ്യരെ കണ്ടത്. 

sk-pottekkatt-1
എസ്. കെ. പൊറ്റെക്കാട്ട്

എസ്‌കെയുടെ പുള്ളിമാൻ എന്ന കഥ അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ സിനിമയായിട്ടുണ്ട്. വേറെയും ഒട്ടേറെ കഥകൾ സിനിമയ്ക്കു യോജിച്ചതായിക്കണ്ട് പലരും ദൃശ്യാവിഷ്‌ക്കാരത്തിനു ശ്രമിച്ചിട്ടുണ്ട്. സിനിമയ്ക്കു കഥ തേടി തന്നെ സമീപിച്ച പലരോടും എംടി പലകാലത്തും നിർദേശിച്ചത് എസ്‌കെയുടെ കഥകളുമാണ്. എന്നാൽ, കാലം കാത്തുവച്ച അപൂർവ നിയോഗമായിരുന്നു എസ്‌കെയുടെ കഥയിൽ നിന്ന് എംടി സാക്ഷാത്കരിച്ച കടവ് എന്ന ചലച്ചിത്രം. കടവുതോണിയിൽ നിന്നു പിറന്ന കടവ്. എസ്‌കെയുടെ കഥകളിൽ എംടിയെ ഏറ്റവും കൂടുതൽ മോഹിപ്പിച്ചതും ഇതേ കഥ തന്നെ. 

അഴിമുഖത്തിനടുത്താണ് ആ കടവ്. അവിടുത്തെ കടത്തുകാരനായ മമ്മുവിനെ അറിയാതെ ആ വട്ടത്തിൽ ആരുമില്ല. ഏഴു കൊല്ലമായി മമ്മു അവിടുത്തെ കടവുതോണിക്കാരനാണ്. ഇപ്പോഴവന് പ്രായം 25 ആയിരിക്കും. ഇരുനിറത്തിൽ നല്ല അഴകും ബലവും ആയാസവുമുള്ള ദീർഘശരീരവും പ്രസാദാത്മകത്വവുമുള്ള ആ മുഖം ഒരിക്കൽക്കണ്ടാൽപിന്നെ ആരും മറക്കില്ല (കടവുതോണി) 

mt-vasudevan-nair-malayalam-writer
എം.ടി. വാസുദേവൻ നായർ

ഏഴുകൊല്ലമായി ആ തോണിയിലാണ് മമ്മുവിന്റെ ജീവിതം. ആ തോണി നിറയെ സ്മരണകളാണ് എന്നാണ് എസ്‌കെ എഴുതുന്നത്. അവന്റെ പ്രണയഭാജനംപോലുമാണ് ആ തോണി. എന്നാൽ എസ്‌കെയുടെ കടവുതോണി അതേ രീതിയിലല്ല എംടി സിനിമയാക്കിയത്. കടവുതോണിയിൽ ഒരു മുതിർന്ന മനുഷ്യനാണ്. ഏകാകിയായ വ്യക്തി. രാത്രിയിൽ ഒരു സ്ത്രീയെ മറുകരയിലേക്ക് തോണിയിൽ എത്തിക്കുന്നതാണ് കഥ. ആ സ്ത്രീയെ അന്വേഷിച്ച് നഗരത്തിൽ അലയുന്നതും. എന്നാൽ തിരിച്ചു കടവിൽ എത്തുമ്പോൾ അയാൾക്കു ജോലി നഷ്ടപ്പെടുന്നു. എല്ലാം നഷ്ടപ്പെടുന്നു. കഥയേക്കാൾ കഥയിലെ ഒരു വാചകമാണ് എംടിയെ ആകർഷിച്ചത്. അവസാനം എല്ലാം നഷ്ടപ്പെട്ട് കടവിൽ തിരിച്ചെത്തുമ്പോൾ തോണി ജീവനുള്ള ഒരു വസ്തു എന്നതുപോലെ അയാളെ തിരിച്ചറിഞ്ഞ് അടുത്തേക്ക് വന്നു എന്നതാണാ വാചകം. അത് ദൃശ്യമായും കഥയായും എംടിയുടെ മനസ്സിൽ വളർന്നുവികസിച്ചു. 1991 ൽ ഈ സിനിമയുടെ തിരക്കഥയ്ക്ക് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. തിരക്കഥയ്ക്ക് എംടിക്കു ലഭിച്ച നാലു ദേശീയ പുരസ്‌കാരങ്ങളിൽ ഒന്ന്. 

sk-pottekkatt-2
എസ്.കെ. പൊറ്റെക്കാട്ട്

കടവിൽ പ്രധാന കഥാപാത്രം കൗമാരക്കാരനാണ്. അവനു തോണിയിൽ നിന്നു കിട്ടുന്ന അമൂല്യമായ ഒരു വസ്തുവും. അതിൽ പ്രണയരേണുക്കളുണ്ടായിരുന്നു. എന്നാൽ, കാമുകന്റെ പനിനീർപ്പൂവു പോലെ അവസാനം തിരസ്കരിക്കപ്പെടുമ്പോൾ, തിരിച്ചറിയപ്പെടാതിരിക്കുമ്പോൾ അവനിലേക്ക് ഒഴുകിവരുന്നുണ്ട് ഒരു കടവുതോണി. ഒരു കൊച്ചു സിനിമയുടെ ഫ്രെയിമിൽ ലാളിത്യത്തോടെയാണ് എംടി കഥ പറഞ്ഞത്. എന്നാൽ ആ സിനിമയിൽ നിറഞ്ഞുനിൽക്കുന്നത് എസ്കെ എന്ന എഴുത്തുകാരനോടുള്ള സ്നേഹവും ആദരവും കൂടിയാണ്. 

sk-jnanpith-ward
ജ്ഞാനപീഠ പുരസ്കാരം സ്വീകരിക്കുന്നു

1980 ലാണ് എസ്‌കെയ്ക്ക് രാജ്യത്തെ ഉന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം ലഭിക്കുന്നത്. 15 വർഷം കൂടി കഴിഞ്ഞ് എസ്‌കെയുടെ കഥകൾ വായിച്ചുവളർന്ന് വ്യത്യസ്തവും സമ്പന്നവുമായ സാഹിത്യ പ്രപഞ്ചം സൃഷ്ടിച്ച എംടിക്കും ജ്ഞാനപീഠം ലഭിച്ചു. അന്യോന്യം സ്‌നേഹവും കടപ്പാടും പങ്കിട്ട രണ്ടു വലിയ എഴുത്തുകാർ. ഒരേ നഗരത്തിൽ ഏറെക്കാലം സുഹൃത്തുക്കളായി കഴിഞ്ഞവർ. അവർ തമ്മിലുള്ള സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും കടപ്പാടിന്റെയും പ്രതിബദ്ധതയുടെയും കൂടി കഥയാണ് കടവുതോണിയിൽ നിന്ന് പിറന്ന കടവ്. ഒരുപക്ഷേ, ലോകത്തെ മറ്റൊരു ദേശത്തും കാണില്ല ഒരു ഭാഷയിലെ രണ്ട് വലിയ എഴുത്തുകാർ തമ്മിൽ കലയുടെ ലോകത്തു നടന്ന ഇത്തരമൊരു അപൂർവസംഗമം. 

basheer-sk-pottekkatt
എസ്‍.കെ. പൊറ്റെക്കാട്ട് വൈക്കം മുഹമ്മദ് ബഷീറിനൊപ്പം

1913 മാർച്ച് 14 ന് കോഴിക്കോട് ആണ് എസ്.കെ. പൊറ്റെക്കാട്ടിന്റെ ജനനം. 1937-1939  കാലഘട്ടത്തില്‍ കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ അധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. 

sk-pottekkatt-6
എസ്.കെ. പൊറ്റെക്കാട്ട്

1957ൽ തലശ്ശേരിയിൽ നിന്നും ലോകസഭയിലേക്കു മൽസരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. പിന്നീട് 1962ൽ തലശ്ശേരിയിൽ നിന്നു തന്നെ സുകുമാർ അഴീക്കോടിനെ 66,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി ലോകസഭയിലേക്കു പൊറ്റെക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്. സ്വതന്ത്ര സമര സേനാനി ആയിരുന്നു.

writer-sk-pottekkatt
കോഴിക്കോട് മിഠായി തെരുവില്‍ സ്ഥാപിച്ചിരിക്കുന്ന എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ

കോഴിക്കോട് സാമൂതിരി കോളജ് മാഗസിനിൽ ‘രാജനീതി’ എന്ന ആദ്യ കഥ പ്രസിദ്ധീകരിച്ചു. ആദ്യ നോവൽ നാടൻപ്രേമം 1939-ൽ പുറത്തുവന്നു. കാല്പനികഭംഗിയാർന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു.1940ൽ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു.  ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962), ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണ സംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു.

Content Summary: 40th death anniversary of writer SK Pottekkatt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}