ADVERTISEMENT

‌‘ഒരു കപ്പൽ നിർമിക്കാൻ മൂന്നു വർഷം മതിയാകും. എന്നാൽ പുതിയൊരു പാരമ്പര്യം നിർമിക്കാൻ മുന്നൂറു വർഷം വേണ്ടി വരും’ എന്നു പറഞ്ഞത് അഡ്മിറൽ കണ്ണിങ്ഹാം ആണ്. വലിയൊരു കാഴ്ചപ്പാടിന്റെ വെട്ടിത്തിളങ്ങുന്ന സൗന്ദര്യം ആ നിരീക്ഷണത്തിലുണ്ടായിരുന്നു. നിലവിലുണ്ടായിരുന്ന സാഹിത്യ വിമർശന കാഴ്ചപ്പാടുകളെ റദ്ദുചെയ്തുകൊണ്ട് പുതിയൊരു പാരമ്പര്യം സൃഷ്ടിക്കാനാണ് കെ.പി. അപ്പൻ ശ്രമിച്ചത്. മലയാള വിമർശനത്തിന്റെ സൗന്ദര്യശാസ്ത്രം അവതരിപ്പിച്ചുകൊണ്ട് പുതിയൊരു വിചാരവിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധമായ ക്ഷേത്ര മണിനാദം പോലെയാണ് അപ്പന്റെ ശബ്ദം മലയാളികൾ കേട്ടത്. അതിൽ പ്രാർഥനയുടെ ഏകാഗ്രതയുണ്ടായിരുന്നു. മന്ത്രധ്വനിയുടെ വിശുദ്ധിയുണ്ടായിരുന്നു. ഉണർത്തുപാട്ടിന്റെ സംഗീതവുണ്ടായിരുന്നു. കവിതയെഴുതി പരാജിതനായ പോരാളിക്ക് കളം മാറിച്ചവിട്ടാനുള്ള പടക്കളമായിരുന്നില്ല അപ്പന് സാഹിത്യ വിമർശനം. 

 

തന്റെ ആത്മകഥാപരമായ കുറിപ്പുകളിലൊന്നിൽ അപ്പൻ എഴുതി: ‘എളുപ്പത്തിൽ പാപം ചെയ്യാനുള്ള മാർഗമെന്ന നിലയിലല്ല ഞാൻ വിമർശനത്തിലേക്കു കടന്നത്. അത് എനിക്ക് സ്നേഹത്തേക്കാൾ വിലപ്പെട്ട വികാരമാണ്. വിമർശനം എനിക്ക് മാനവികതയ്ക്കുള്ളിലെ വ്യക്തിയുടെ കർമമാണ്. സംസ്കാരത്തിനുള്ളിലെ വ്യക്തിയുടെ ധർമമാണ്. ഏതു കാഴ്ചപ്പാട് സ്വീകരിക്കുമ്പോഴും സൃഷ്ടിയെ വ്യക്തിപരമായി വിലയിരുത്താനാണ് ഞാൻ ശ്രമിക്കുന്നത്.’ 

 

അതിനേക്കാൾ സത്യസന്ധമായൊരു മാർഗം സ്വീകരിക്കാൻ ഒരു വിമർശകന് സാധ്യമല്ല. കുട്ടികൃഷ്ണമാരാരുടെ പക്ഷപാത നിരൂപണത്തിന്റെ സൗന്ദര്യാത്മക നിലപാടിൽ നിന്നുകൊണ്ടാണ് കെ.പി. അപ്പൻ സാഹിത്യവിമർശനത്തെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചത്. വിമർശകൻ തനിക്ക് ലഭിച്ച സൗന്ദര്യ ശിക്ഷണത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഒരു കൃതിയെ വിലയിരുത്തുമ്പോൾ തന്നോടുതന്നെ പക്ഷപാതിത്വം കാട്ടണം എന്ന് മാരാരെ പോലെ അപ്പനും വിശ്വസിച്ചിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിമർശകന്റെ ഏറ്റവും നല്ല ഗുണം സഹൃദയത്വമാണ് എന്ന് അപ്പനും കരുതിയിരുന്നു. വിമർശനത്തിന്റെ ഏറ്റവും സൗന്ദര്യാത്മകവും സർഗാത്മകവുമായ ഈ നിലപാടിൽ നിന്നുകൊണ്ടാണ് അപ്പൻ മലയാള സാഹിത്യവിമർശനത്തിന് പുതിയൊരു പാരമ്പര്യം സൃഷ്ടിച്ചത്.

 

ഏതൊരു വലിയ വിമർശകനും വിമർശക ജീവിതത്തിൽ തന്റേതായ സൗന്ദര്യശാസ്ത്രം അവതരിപ്പിക്കാറുണ്ട്. അതിന്റെ ബലമുളള അടിത്തറയിൽ നിന്നുകൊണ്ടാണ് അയാൾ വിമർശനത്തിന്റെ ഗോപുരം പണിയുന്നത്. സാഹിത്യവിമർശനം എന്ന സാഹിത്യരൂപത്തെപ്പറ്റി ഉന്നതമായി ചിന്തിക്കുകയും ധാരാളം എഴുതുകയും ചെയ്ത വിമർശകനാണ് കെ.പി. അപ്പൻ. വിമർശകന്റെ വിചാരജീവിതത്തെ പുതുക്കിപ്പണിയലാകണം സാഹിത്യവിമർശനം എന്ന് അപ്പൻ കരുതിയിരുന്നു. ‘ഒരു കൃതിയിലൂടെ മറ്റൊരു മനസ്സ് നടത്തുന്ന സാഹസികമായ പര്യടനമാണ് സാഹിത്യവിമർശനം’ എന്ന അനത്തൊളെ ഫ്രാൻസിന്റെ നിർവചനം അപ്പൻ ഗൗരവത്തോടെ ഉദ്ധരിച്ചിട്ടുണ്ട്. സാഹിത്യവിമർശകന്റെ പേന വിശ്രമമില്ലാത്ത തോക്കാണ് എന്ന് അപ്പൻ ഒരിക്കൽ പറഞ്ഞു. രചനകളിൽ അയാൾ ആക്രമണകാരിയായും പ്രതിരോധ ഭടനായും പ്രത്യക്ഷപ്പെടുന്നു. വിമർശനം കീഴടക്കലിന്റെ കലയാണ് എന്ന് അപ്പൻ വിശ്വസിച്ചിരുന്നു. വിമർശകന്റെ മുന്നിൽ മഹാമേരുക്കളായി നിൽക്കുന്ന കലാസൃഷ്ടികളെ സാഹസികമായി കീഴ്പ്പെടുത്തുമ്പോൾ അയാൾ ബൗദ്ധിക ആനന്ദം അനുഭവിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ വിമർശകൻ ഉച്ചക്ഷേത്രത്തിൽ നിൽക്കുന്ന പുരുഷ വിഗ്രഹമായി മാറുന്നതായി അപ്പൻ നിരീക്ഷിക്കുന്നു. ‘സാഹിത്യ വിമർശനം കാളപ്പോരുകാരന്റെ ആത്മകഥയാണ്’ എന്ന മൈക്കിൾ ലെയ്റിസിന്റെ നിർവചനം സ്വീകരിച്ചു കൊണ്ട് അപ്പൻ വിമർശനത്തെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾക്ക് കൂടുതൽ ബലം നൽകുന്നു. മൈനർ ആർട്ടായിരിക്കുമ്പോൾ പോലും പൗരുഷത്തിന്റെ കലാരൂപം എന്ന നിലയിലാണ് അപ്പൻ സാഹിത്യവിമർശനത്തെ അവതരിപ്പിക്കുന്നത്. 

 

അപ്പൻ എഴുതുന്നു: ‌‘സാഹിത്യവിമർശനം അടിസ്ഥാനപരമായി പുരുഷപ്രകൃതിയുടെ കലയാണ്. അത് പുരുഷ സ്വഭാവത്തെയാണ് ധ്വനിപ്പിക്കുന്നത്. ചിന്തയെയും ഭാഷയെയും കായിക ശക്തിയുടെ തലങ്ങളിലേക്ക് ഉയർത്തുന്ന ഈ സാഹിത്യരൂപം യഥാർഥത്തിൽ പുല്ലിംഗകലയാണ്. പുരുഷന്റെ ബലിഷ്ഠമായ മനഃസ്ഥിതിയാണ് വിമർശന കലയിൽ പ്രതിഫലിക്കുന്നത്. അത് പുരുഷന്റെ ജന്മവാസനയുടെയും അനുഭവങ്ങളുടെയും ആധികാരിക സ്വരമാണ്. വിശാലമായ കാഴ്ചപ്പാടിൽ വിമർശനം നിരൂപകന്റെ ആത്മകഥയുടെ ഭാഗമാണ്.’

 

മലയാളിയുടെ വായനാശീലങ്ങളിൽനിന്ന് കുതറി മാറുകയും നമ്മുടെ സൗന്ദര്യബോധത്തെ വെല്ലുവിളിക്കുകയും ചെയ്തു കൊണ്ട് അധിനിവേശപ്പടയെപ്പോലെ വന്ന ആധുനിക കൃതികളെ നിഷ്പ്രയാസം അപ്പൻ കീഴ്പ്പെടുത്തുന്നത് നമ്മൾ കണ്ടു. നിലവിലുള്ള അക്കാദമിക് - യാഥാസ്ഥിതിക വിമർശന സമ്പ്രദായങ്ങളെ തകർത്തു കൊണ്ടാണ് അപ്പൻ ആധുനിക വിമർശനത്തിന് സൗന്ദര്യാടിത്തറ നിർമിച്ചത്. നിലവിലുള്ള സാഹിത്യത്തെ തകർക്കാൻ കഴിയുന്നില്ലെങ്കിൽ എഴുത്തുകാരനെകൊണ്ട് എന്തു പ്രയോജനം എന്ന് കോർത്തസാർ ചോദിക്കുന്നുണ്ട്. 

 

വിമർശനകലയെ സമുന്നതമായ ആത്‌മീയ പ്രവർത്തനമെന്ന നിലയിൽ കാണാനാണ് അപ്പൻ ശ്രമിച്ചത്. ഏകാന്തതയുടെ ധ്യാനാവസ്ഥയിൽ ഇരുന്നുകൊണ്ട് അപ്പൻ നടത്തിയ നിരൂപണങ്ങൾക്ക് മന്ത്രധ്വനിയുടെ വിശുദ്ധിയുണ്ടായിരുന്നു. അത്, ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുന്ന ഒരു ശുദ്ധനദി ആയിരുന്നു. അതുകൊണ്ടാണ് ആ വിശുദ്ധ നദിയിൽ മുങ്ങി ജ്ഞാനസ്നാനം ചെയ്യാൻ മലയാളികൾ കൂട്ടത്തോടെ കടന്നുവന്നത്. സാഹിത്യനിരൂപകനും സ്വകാര്യ ലോകം ഉണ്ടാവണമെന്ന് അപ്പൻ കരുതിയിരുന്നു. ഓരോ നിരൂപണവും അപ്പനെ സംബന്ധിച്ച് ആത്മാന്വേഷണത്തിന്റെ നിലയ്ക്കാത്ത യാത്രകളായിരുന്നു. ‘‘അന്വേഷകാ, പുറത്തു നിന്നുള്ള ഉദ്യാനം തേടി നീ പോകേണ്ടതില്ല. പുഷ്പിതോദ്യാനം നിന്നിലാണ്. നിനക്കകത്തെ സഹസ്രദളപത്മത്തിലേക്ക് അനശ്വരതയെ അനുഭവിച്ചറിയുക’’ എന്ന കബീറിന്റെ വാക്കുകൾ മനസ്സിലേക്ക് ഒഴുകിയെത്തുകയാണ്. അടിസ്ഥാനപരമായി വിമർശനം ഏകാന്ത വ്യക്തിസ്വരൂപത്തിന്റെ മുദ്രപതിഞ്ഞ സാഹിത്യരൂപം തന്നെയാണ് എന്ന് അപ്പൻ എഴുതിയിട്ടുണ്ട്. വിമർശകൻ സംസാരിക്കുകയല്ലെന്നും ആലോചനയുടെ സർഗാത്മക നിമിഷങ്ങളിൽ അയാൾ അയാളെത്തന്നെ ശ്രദ്ധിച്ചു കേൾക്കുകയാണെന്നും അപ്പൻ തുടർന്നെഴുതുന്നു. 

 

‘പേന കൈയിലെടുക്കുക എന്നു പറഞ്ഞാൽ പോരിനിറങ്ങുക എന്നു തന്നെയാണ് അർഥ’മെന്ന് വോൾട്ടയർ പറഞ്ഞിട്ടുണ്ട്. എഴുത്തിന്റെ മൂർച്ചയേറിയൊരു ആശയം ആ വാക്കുകളിൽ ഉണ്ടായിരുന്നു. വിമർശകനെ പോരാളിയെന്ന നിലയിലാണ് അപ്പൻ അവതരിപ്പിക്കുന്നത്. വിമർശകൻ ചിന്തകനായതുകൊണ്ടാണ് അയാളുടെ ആക്രമണത്തിൽ പല എഴുത്തുകാരും കൃതികളും പിടഞ്ഞു വീഴുന്നത് എന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഈ ആക്രമണം ക്രൂര വിനോദത്തിന്റെ ഭാഗമല്ലെന്നും അപ്പൻ പറയുന്നുണ്ട്. അത് വേദനിക്കുന്ന വിവേകത്തിന്റെ ഭാഗമാണ്. ഏതെങ്കിലും ഒരു കലാസൃഷ്ടി പരാജയമാണെന്ന വിമർശകന്റെ അഭിപ്രായം നിഗമനമല്ലെന്നും അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ‘വ്യാഖ്യാനിക്കുമ്പോൾ വിമർശകൻ കവിയെക്കുറിച്ചും മൂല്യനിർണയം ചെയ്യുമ്പോൾ തന്നെക്കുറിച്ചുമാണ് സംസാരിക്കുന്നത്’ എന്ന നോർത്രോപ് ഫ്രൈയുടെ നിരീക്ഷണം അപ്പൻ ആദരവോടെ മറ്റൊരിടത്ത് ഉപയോഗിക്കുന്നുണ്ട്. ഇവിടൊക്കെ വിമർശനം വിമർശകന്റെ ആത്മകഥയുടെ ഭാഗമായി മാറുന്നത് ഒരു മിന്നൽശോഭയിൽ നമ്മൾ തിരിച്ചറിയുന്നു. 

 

നിരൂപകന് വേണ്ടത് പാണ്ഡിത്യമല്ല, സഹൃദയത്വമാണെന്ന് പൗരസ്ത്യ നിരൂപകരെ പോലെ അപ്പനും കരുതിയിരുന്നു. വിമർശനവും പാണ്ഡിത്യവും കൂട്ടിക്കുഴയ്ക്കുന്നത് ഗുരുതരമായ സാഹിത്യ വിപത്താണ് എന്ന് അപ്പൻ പറഞ്ഞിട്ടുണ്ട്. ഒരു യഥാർഥ പണ്ഡിതനാവണമെങ്കിൽ നിരൂപണകല ഉപേക്ഷിക്കണമെന്ന പ്രഫ. കെന്നഡിയുടെ നിരീക്ഷണം അവതരിപ്പിച്ചുകൊണ്ടാണ് നിരൂപണവും പാണ്ഡിത്യവും വേർതിരിക്കാൻ അപ്പൻ ശ്രമിക്കുന്നത്. 

 

അപ്പൻ എഴുതുന്നു: ‘പ്രഫ. കെന്നഡി പറഞ്ഞതുപോലെ ഒരു യഥാർഥ വിമർശകനാകണമെങ്കിൽ പാണ്ഡിത്യത്തിന്റെ വിരസമായ ചട്ടക്കൂടുകൾ ഉപേക്ഷിക്കുക തന്നെ വേണം. കാരണം, സ്വതന്ത്രമായ അഭിരുചിയെ പീഡിപ്പിക്കുന്ന എന്തോ ഒന്ന് അക്കാദമിക് പാണ്ഡിത്യത്തിലുണ്ട്.’ അക്കാദമിക് നിരൂപണത്തിനെതിരെ അപ്പൻ തുറന്നിട്ട പേനയുടെ സമരമുഖങ്ങൾ ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്തേണ്ടത്. സുകുമാർ അഴീക്കോടിനെയും പ്രഫ. ഡാനിയേലിനെയും ഡോ. കെ.എം. തരകനെയും ഡോ. ബഞ്ചമിനെയും ഒക്കെ നേരിടുമ്പോൾ അപ്പൻ തന്റെ നിലപാടുതറയ്ക്ക് കാരിരുമ്പിന്റെ കരുത്തു നൽകുകയായിരുന്നു. ഇവിടെയൊക്കെ ഒരു നിരൂപകന്റ ഹിംസാത്മക വ്യക്തിത്വം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. 

 

അപ്പൻ തുടർന്ന് പറയുന്നു: അക്കാദമിക് പാണ്ഡിത്യത്തിന്റെ വിരസമായ ചിട്ടകളുമായി സാഹിത്യവിമർശന രംഗത്ത് പ്രവർത്തിക്കുന്ന നമ്മുടെ ചില എഴുത്തുകാർ വ്യാഖ്യാനിക്കുമ്പോൾ അവരുടെ പാണ്ഡിത്യത്തെക്കുറിച്ചും മൂല്യനിർണയം ചെയ്യുമ്പോൾ ഭൂതകാലത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. കാരണം അക്കാദമിക് പാണ്ഡിത്യത്തെ സംബന്ധിച്ചിടത്തോളം വിധിനിഷേധങ്ങളുടെ അസ്ഥിവാരം മുൻവിധികളും പരിമിതികളും മാത്രമാണ്. ഹിംസാത്മക വ്യക്തിത്വം ഒരു നിരൂപകനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്. വിഗ്രഹഭഞ്ജകത്വം ഒരു നല്ല നിരൂപകനിൽ മാത്രം കാണുന്ന പ്രത്യേകതയാണ്. അവിടെയാണ് അയാൾ നിരൂപണത്തിന്റെ പുരുഷസ്വരൂപം കാട്ടുന്നത്. സാഹിത്യ മൂല്യങ്ങളെ വിലയിരുത്തുന്ന ഘട്ടത്തിൽ സി.ജെ.തോമസും ശ്രീരാമൻ എന്ന കഥാപാത്രത്തെ അപഗ്രഥിച്ചപ്പോൾ കുട്ടികൃഷ്ണമാരാരും ഹിംസാത്മക വ്യക്തിത്വമാണ് പ്രകടിപ്പിച്ചതെന്ന് അപ്പൻ കണ്ടെത്തുന്നു. ഈ ഹിംസാത്മക വ്യക്തിത്വം പവിത്രമെന്ന് കരുതിയിരുന്ന പലതിനെയും തിരസ്കരിക്കാനുള്ള പ്രചോദനം അയാൾക്ക് നൽകും. അക്കാദമിക് പാണ്ഡിത്യം വിമർശന രംഗത്ത് ഹിംസാത്മക വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ചൊരു സംഭാവനയും നൽകിയില്ല എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

 

സ്വതന്ത്ര ചിന്തയുടെ പടയോട്ടമായിരുന്നു അപ്പന് സാഹിത്യവിമർശനം. വിമർശകൻ ധീരനായ ഒരു പോരാളിയെ പോലെയായിരിക്കണം. കീഴടങ്ങലല്ല, കീഴടക്കലാവണം അയാളുടെ ആത്യന്തിക ലക്ഷ്യം. അതിനായി ആശയങ്ങളുടെ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് അയാൾ പോരാടുന്നു. വിമർശകനെ സംബന്ധിച്ച് കലാപം അനിവാര്യമാണ്. ധീരമായ മൂല്യനിർണയത്തിലൂടെ സൗന്ദര്യ ബോധത്തിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് അടിത്തറയിടാനാണ് യഥാർഥ സാഹിത്യവിമർശകന്റെ പേന ശ്രമിക്കേണ്ടതെന്ന് അപ്പൻ പറയുന്നുണ്ട്. ഇതിനു വേണ്ടിയാവണം അയാൾ സ്വന്തം ചിന്തയെ ആയുധമണിയിക്കേണ്ടത്. സാഹിത്യവിമർശകൻ സ്വതന്ത്രനാവുക എന്നു പറഞ്ഞാൽ സാമ്പ്രദായിക രീതിയിൽനിന്ന് സ്വതന്ത്രനാവുക എന്നാണർഥം. അത്തരത്തിലുള്ള ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ് വിമർശന കലയിൽ ഉണ്ടാകേണ്ടതെന്നും അപ്പൻ പറയുന്നുണ്ട്. 

 

സാഹിത്യവിമർശനത്തെ പ്രതിമാശില്പത്തോടും വാസ്തുവിദ്യയോടും ശിവന്റെ സംഹാര താണ്ഡവത്തോടും അപ്പൻ ഉപമിക്കുന്നുണ്ട്. കല്ലിലും ലോഹത്തിലും പ്രതിമകൾ കൊത്തിയെടുക്കും പോലെയുള്ള ആശയ രൂപീകരണമാണ് വിമർശനകലയിൽ ഉണ്ടാകേണ്ടത്. കലാസൃഷ്ടിയെ അതിന്റെ വിശദാംശങ്ങളിൽ കണ്ടെത്താൻ ശ്രമിക്കുമ്പോൾ വിമർശനകലയെ പ്രതിമാശില്പകലയ്ക്ക് അഭിമുഖമായി നിറുത്തുകയാണ് ചെയ്യുന്നത് എന്ന് അപ്പൻ നിരീക്ഷിക്കുന്നു. ശിവന്റെ ഉഗ്രനൃത്തച്ചുവടുകളും ഭാഷയെ കായികാഭ്യാസത്തിലേക്കുയർത്തുന്ന പുരുഷപ്രകൃതിയുമാണ് വിമർശന കലയ്ക്ക് ഉണ്ടാകേണ്ടത്. രചനയെ ഇങ്ങനെ പുരുഷോചിതമായി കായികാഭ്യാസത്തിലേക്ക് ഉയർത്തുക വഴി എഴുത്തുകാരൻ ഭാഷയുടെ പ്രവർത്തനക്ഷമത ഫലപ്രദമായി ഉപയോഗിക്കുകയും വിഷയത്തിന്റെ കാഠിന്യം നിലനിറുത്തുകയുമാണ് ചെയ്യുന്നത് എന്ന് അപ്പൻ പറയുന്നു. കായികമായ കരുത്തും നൃത്തം ചെയ്യുന്ന വാക്കുകളും സമന്വയിപ്പിക്കുകയാണ് സാഹിത്യനിരൂപകൻ ചെയ്യേണ്ടത് എന്ന് അപ്പൻ തുടർന്ന് എഴുതുന്നു. ഇങ്ങനെ വിമർശന കലയെ താണ്ഡവ നൃത്തത്തിലേക്കുയർത്തുക വഴി വിമർശകൻ താണ്ഡവമൂർത്തിയായി മാറുന്നു. ഡോൺ ക്വിക്സോട്ടിനെ നിരൂപണം ചെയ്യുമ്പോൾ ഫ്യൂക്കോയുടെ താണ്ഡവനൃത്തച്ചുവടുകളാണ് വായനക്കാരൻ അനുഭവിക്കുന്നത് എന്നു പറഞ്ഞു കൊണ്ട് മുണ്ടശ്ശേരിയുടെ 'സന്ദേശം അത് ഒന്നേയുള്ളൂ ' എന്ന ലേഖനവും ഡോ.കെ.ഭാസ്കരൻ നായരുടെ 'ദൈവ നീതിക്ക് ദാക്ഷണ്യമില്ല എന്ന ഗ്രന്ഥവും പുരുഷപ്രകൃതിയുടെ എല്ലാ സൗന്ദര്യവും അവതരിപ്പിക്കുന്നു എന്ന് അപ്പൻ കണ്ടെത്തുന്നു.

 

സാഹിത്യവിമർശകനെപ്പറ്റിയുള്ള നമ്മുടെ യാഥാസ്ഥിതികധാരണകളെ ആശയങ്ങളുടെ സ്വർഗീയാഗ്നികൊണ്ട് കത്തിച്ചുകളയുകയായിരുന്നു കെ.പി. അപ്പൻ. പുസ്തകങ്ങളെപ്പറ്റി അഭിപ്രായം പറഞ്ഞ് മരിക്കാൻ വിധിക്കപ്പെട്ടവനല്ല സാഹിത്യനിരൂപകൻ എന്ന് അപ്പൻ ഒരിക്കൽ പറഞ്ഞു. വിമർശകന്റെ പേനയ്ക്ക് ഒട്ടേറെ സമര മുഖങ്ങൾ നേരിടേണ്ടതുണ്ട്. വിധി നിർണയത്തിലെ വിട്ടുവീഴ്ചയില്ലായ്മ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതിൽ വിമർശകൻ അയാളുടെ അന്തസ് പണയപ്പെടുത്താൻ പാടില്ല. സ്വതന്ത്രമായി ചിന്തിക്കുന്നതിനു വേണ്ടിയായിരിക്കണം അയാൾ എഴുതേണ്ടത്. കലാകാരൻ എന്ന നിലയിൽ എഴുത്തുകാരൻ മറ്റുള്ളവരുടെ നിയന്ത്രണത്തിൽ നിൽക്കരുത്. അയാളുടെ കലയും ചിന്തയുമായിരിക്കണം അയാൾക്ക് വലുത്. പർവതശിഖരമുള്ള കലാകാരന്മാർ രാജനീതിയേക്കാൾ വിലകല്പിച്ചത് സ്വന്തം കലയ്ക്കായിരുന്നു എന്ന് പറഞ്ഞു കൊണ്ട് എഴുത്തുകാരന്റെ അടിയറവു വയ്ക്കാത്ത അന്തസിനെ ആകാശത്തോളം ഉയർത്തിപ്പിടിക്കുകയായിരുന്നു കെ.പി. അപ്പൻ.

 

കവി ഹൃദയം രാസത്വരകമാണെന്ന് പറഞ്ഞത് ടി.എസ്.എലിയറ്റാണ്. ആധുനിക വിമർശനത്തിന്റെ സൗന്ദര്യശാസ്ത്രമവതരിപ്പിച്ചപ്പോഴാണ് എലിയറ്റ് അത്തരമൊരു നിരീക്ഷണം നടത്തിയത്. സ്വയം മാറ്റത്തിന് വിധേയമാകാതെ കവിയുടെ ഹൃദയം അനുഭവങ്ങളെ കവിതയാക്കി മാറ്റുന്നു എന്ന് ട്രഡീഷൻ ആൻഡ് ഇൻഡിവിജ്വൽ ടാലന്റ് എന്ന പ്രബന്ധത്തിൽ എലിയറ്റ് വിശദീകരിക്കുന്നുണ്ട്. വിമർശകന്റെ മനസ്സ് രാസത്വരകമല്ല എന്ന് അപ്പൻ പറയുന്നു. ഒരു കലാസൃഷ്ടിയുമായി ബന്ധം സ്ഥാപിക്കുമ്പോൾ അയാളുടെ മനസ്സിനു മാറ്റം സംഭവിക്കുന്നുണ്ട്. ഓരോ കലാസൃഷ്ടി വിലയിരുത്തുമ്പോഴും വിമർശകൻ അയാളുടെ ചിന്താമണ്ഡലം പുതുക്കിപ്പണിയുകയാണ്. വിമർശന കലയിൽ കടപബുദ്ധിജീവിയും ചിന്തയുടെ ദുർഭരണവും വർദ്ധിച്ചു വരുമ്പോൾ യഥാർഥ സാഹിത്യവിമർശകൻ അക്രമത്തിന്റെ മാർഗം സ്വീകരിക്കണം എന്നു പറഞ്ഞുകൊണ്ട് വിമർശനത്തെപ്പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടിലേക്ക് വെടിയുപ്പ് നിറയ്ക്കുകയാണ് കെ.പി. അപ്പൻ. 

 

അതിലാളിത്യം വിമർശന കലയുടെ ന്യൂനതയാണെന്ന് അപ്പൻ പറയും. കവിയും നോവലിസ്റ്റും മാത്രമല്ല, വിമർശകനും ഭാഷയിൽ വിപ്ലവം സൃഷ്ടിക്കുന്നുണ്ട്. ലാളിത്യത്തെ അപകടകരമായി കണ്ട ഫ്രഞ്ച് വിമർശകൻ പാൾ ഹാങ്ങിന്റെ ആശയത്തെ കൂട്ടുപിടിച്ചു കൊണ്ട് ആധുനിക വിമർശനത്തിലെ സങ്കീർണ ഭാഷയ്ക്കെതിരെയുള്ള വിമർശനങ്ങളെ അപ്പൻ നേരിടുന്നുണ്ട്. അപരിചിതമായ പ്രയോഗങ്ങളും സംജ്ഞകളും വിമർശന കലയിൽ ഉണ്ടാകുന്നില്ലെങ്കിൽ വിമർശനകലയുടെ ഭാഷ സ്തംഭിച്ചു നിൽക്കുന്നു എന്നാണ് അർഥമെന്ന് അപ്പൻ നിരീക്ഷിക്കുന്നു. വിമർശന ഭാഷ എപ്പോഴും നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കണം. സ്വയം നിർമിച്ചു കൊണ്ടിരിക്കുന്ന ഭാഷ ഭാവിയിലേക്കുള്ള രൂപങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സാഹിത്യവിമർശകന്റെ സർഗ്ഗശക്തിയെ ഭാഷ അതിന്റെ നവീകരണത്തിനുപയോഗിക്കുന്നുണ്ട്. ഇത് തിരിച്ചറിയുന്നവനാവണം യഥാർഥ നിരൂപകൻ. ഭാഷയുടെ മൂല്യത്തകർച്ചയും അവന് വിഷയമാണ്. റൊളാങ് ബാർത്തിന്റെയും ലെവിസ്ട്രോസിന്റെയും ദറിദയുടെയും ബതായിയുടെയും ഭാഷ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സാഹിത്യവിമർശനം അതി ലാളിത്യത്തിന്റെ കലയല്ലെന്ന് അപ്പൻ സ്ഥാപിക്കുന്നത്. വിമർശന കലയെപ്പറ്റി അപ്പൻ നിരന്തരം എഴുതി. സാഹിത്യവിമർശനം ഏറ്റെടുക്കേണ്ട വിഷയങ്ങളെപ്പറ്റി നിരന്തരം നമ്മളോടു പറഞ്ഞു. വിമർശനം നേരിടുന്ന വെല്ലുവിളികളെപ്പറ്റി നമ്മളെ ഓർമിപ്പിച്ചു. മറ്റൊരർത്ഥത്തിൽ സാഹിത്യവിമർശനം എന്ന മൈനർ ആർട്ടിന്റെ ദൈവശാസ്ത്രം നിർമിക്കുകയായിരുന്നു കെ.പി. അപ്പൻ.

 

Content Summary: KP Appan a renowned literary critic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com