ഇതല്ല ക്ലൈമാക്‌സ്: ഇത് സൽമാൻ റുഷ്‌ദി പോലും പ്രവചിക്കാത്തത്

salman-rushdie
Photo Credit: JOEL SAGET / AFP
SHARE

എനിക്ക് നടക്കണമെന്നുണ്ട്. എന്നാൽ അവർ അനുവദിച്ചാൽ മാത്രമേ അതു സാധ്യമാകൂ. താമസിക്കാൻ വീട് ആദ്യം ഞാൻ കണ്ടുപിടിക്കണം. അവരെ അറിയിക്കണം. അവർ അംഗീകരിച്ചാൽ മാത്രം ആ വീട്ടിലേക്കു മാറാം. എത്ര നാൾ എന്നറിയില്ല. വീണ്ടും അടുത്ത വാസസ്ഥാനത്തേക്ക്. എല്ലിയിടവും സ്വന്തം. എന്നാൽ ഒരിടവും സ്വന്തവുമല്ല. ഞാൻ എങ്ങനെ തലയുയർത്തി നടക്കും. ആയുധധാരികളായ സുരക്ഷാ ഭടൻമാരുടെ അകമ്പടിയിൽ ആഡംബര വാഹനത്തിൽ യാത്ര. ചുറ്റും കൂടുന്നവർ ആകാംക്ഷയോടെ നോക്കുന്നു. അവരെ അകറ്റി നിർത്തുന്ന ഭടൻമാർ. എനിക്കിത് മഹത്തരമാണെന്നു തോന്നുന്നില്ല. ഒരിക്കൽപ്പോലും. ജയിൽ. അതേ, തുറന്ന ജയിൽ തന്നെ.

സൽമാൻ റുഷ്ദിയുടെ പ്രശസ്ത പുസ്തകം ജോസഫ് ആന്റണിലെ നായകൻ മിസ്റ്റർ ആന്റണിന്റെ വാക്കുകളിൽ തെളിയുന്നത് റുഷ്ദി തന്നെയാണ്. വധിഭീഷണി പുറത്തുവന്ന് 23 വർഷത്തിനു ശേഷം 2012 ലാണ് ഈ പുസ്തകം പുറത്തുവരുന്നത്. ജോസഫ് ആന്റൺ റുഷ്‌ദി തന്നെയാണ്. മിസ്റ്റർ ആന്റണും. 1988 ൽ നാലാമത്തെ നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് റുഷ്ദിക്ക് ജയിലിലെന്നപോലെ ജീവിക്കേണ്ടിവന്നത്. വധഭീഷണി ഉയർന്നതോടെ. തുടർന്ന് ഒരു ദശകത്തോളം ഒളിവിൽ തന്നെയായിരുന്നു അർധരാത്രിയുടെ സന്തതികളിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച നോവലിസ്റ്റ്. ബുക്കർ സമ്മാനം നേടിയ അർധരാത്രിയുടെ സന്തതികൾ പിന്നീട് ബുക്കർ പുരസ്‌കാരം നേടിയ പുസ്തകങ്ങളുടെ ബുക്കറും നേടി ചരിത്രം സൃഷ്ടിച്ചു. എന്നാൽ അപ്പോഴൊക്കെയും അർധരാത്രിയിൽ സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യക്കാരുടെ പ്രതിനിധിയും സ്വാതന്ത്ര്യത്തിന്റെ പുലർവെട്ടത്തിലേക്കു കണ്ണുതുറന്ന തലമുറയുടെ പ്രതിനിധിയുമായ റുഷ്ദി അസ്വാതന്ത്ര്യത്തിൽ തന്നെയായിരുന്നു. എന്നും ഇരുട്ടിൽ കഴിയാൻ വിധിക്കപ്പെട്ട ജീവിതം. എന്നും അസ്വാതതന്ത്ര്യത്തിന്റെ ചങ്ങലകളിൽ പിടഞ്ഞ നാളുകൾ. സ്വാതന്ത്ര്യം എന്നത് സ്വപ്‌നവും സുന്ദരമായ ജീവിതം എന്നത് അസാധ്യവുമായപ്പോഴും തളർന്നിരുന്നില്ല അദ്ദേഹം. ഒളിവിലെ ജീവിതവും പുസ്തകമാക്കി. ആത്മകഥയ്ക്കു പകരം സ്വയം കഥാപാത്രമായി സ്വന്തം ജീവിതം വള്ളിപുള്ളി വ്യത്യാസമില്ലാതെ സർഗാത്മകമായി ആവിഷ്‌കരിച്ച ജോസഫ് ആന്റൺ എന്ന പുസ്തകത്തിലൂടെ. റുഷ്ദി തന്നെയാണ് ആന്റൺ എങ്കിലും വ്യത്യാസങ്ങളുമുണ്ട്. എന്നാൽ സാമ്യങ്ങൾ തന്നെയാണ് കൂടുതൽ.

നായകന്റെ പേരിൽ തന്നെയുണ്ട് ലോകജേതാവായ ഒരു എഴുത്തുകാരന്റെ പ്രതിഭാസ്പർശം. റുഷ്ദിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ പേരിൽ നിന്നാണ് സ്വന്തം പേര് അദ്ദേഹം സൃഷ്ടിച്ചത്. ജോസഫ് കോൺറാഡിലെ ജോസഫ്. ആന്റൺ ചെക്കോവിലെ ആന്റ ൺ. നോവലിലെ നായകൻ പ്രസാധകനാണ്, എഴുത്തുകാരനല്ല. അയാൾ താമസിക്കുന്ന വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം വെടിയുണ്ട ഏറ്റാലും തകരാത്തവയാണ്. ഏതുനിമിഷവും ആക്രമണം പ്രതീക്ഷിക്കുന്ന വ്യക്തി. ഏത് ആക്രമണത്തെയും ചെറുക്കാൻ പഴുതടച്ച സുരക്ഷ നടപ്പാക്കിയ ശ്രദ്ധ. തന്നെ വധിക്കാൻ തോക്കുമായി കാത്തുനിൽക്കുന്ന അക്രമി കയ്യകലത്തിൽ തന്നെയുണ്ട് എന്നയാൾക്കറിയാം. ഏതു നിമിഷവും തോക്ക് ശബ്ദിക്കുമെന്നും അക്രമി വിജയാട്ടഹാസം മുഴക്കുമെന്നും. അതിനും മുന്നേ തന്റെ ശബ്ദം ലോകം കേൾക്കണമെന്ന് ആന്റൺ ആഗ്രഹിച്ചു. അതാണ് ജോസഫ് ആന്റൺ എന്ന പുസ്തകം. റുഷ്ദിയുടെ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ ആത്മകഥാപരമായ കൃതി. പത്തുവർഷത്തെ ദുസ്വപ്‌നം പോലെയുള്ള ജീവിതം തന്നെയാണ് പ്രമേയം. 

salman-rushdie-1
Photo Credit: Carsten Bundgaard / AP

ആ ദശകത്തിനൊടുവിൽ റുഷ്ദി ക്രമേണ പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ തുടങ്ങി. അഭിമുഖങ്ങൾ പുറത്തുവന്നു. വധഭീഷണിയുടെ നിഴലിൽതന്നെയാണെങ്കിലും സുരക്ഷിതത്വത്തിന്റെ തണലിൽ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും സംസാരിക്കാൻ തുടങ്ങി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൽ ഊറ്റം കൊണ്ട ലോകം ആശ്വാസത്തിന്റെ നെടുവീർപ്പിട്ട കാലം. വീണ്ടും നോവലുകൾ. സാഹിത്യമേൻമ അധികമൊന്നും ഇല്ലെങ്കിലും റുഷ്ദി എന്ന എഴുത്തുകാരന്റെ  പ്രതിഭയുടെ മിന്നലാട്ടം പ്രകടമാക്കിയ രചനകൾ. വധഭീഷണിയെ പിന്നിലാക്കി, മതശാസനകളെ ഉപേക്ഷിച്ച് ലോകമാകുന്ന അരങ്ങിന്റെ മധ്യത്തിലേക്ക് വന്നപ്പോൾ നോവലിൽ അദ്ദേഹം എഴുതാൻ വിട്ടുപോയ ട്വിസ്റ്റ് സംഭവിക്കുന്നു. 75-ാം വയസ്സിൽ യഥാർഥ വധശ്രമം തന്നെ. പടിഞ്ഞാറൻ ന്യൂയോർക്കിൽ വിദ്യാഭ്യാസ കേന്ദ്രത്തിലെ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി തുരെതുരെക്കുത്തി റുഷ്ദിയെ വീഴ്ത്തുന്നത്. വയറ്റിലും കഴുത്തിലും മുഖത്തുമെല്ലാം. ശസ്ത്രക്രിയയ്ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഒരു കൈയുടെ സ്വാധീനം കുറഞ്ഞേക്കാം. കണ്ണ് നഷ്ടപ്പെട്ടേക്കാം. ആശങ്കപ്പെടുത്തുന്ന വാർത്തകളാണെല്ലാം. 

റുഷ്ദി സൃഷ്ടിച്ച മിസ്റ്റർ ആന്റണിന്റെ ജീവിതത്തിലെ ആരും പ്രതീക്ഷിക്കാത്ത ആന്റി ക്ലൈമാക്‌സ്. ഒരു ദശകം ഒളിവിൽ ജീവിച്ച്, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുതുടങ്ങിയ എഴുത്തുകാരനെ വധഭീഷണിയുടെ 33-ാം വർഷം തേടിവന്ന കത്തി.

മിസ്റ്റർ ആന്റണിന്റെ ജീവിതം പേടിപ്പെടുത്തുന്ന കഥയാണ്, നോവലിൽ റുഷ്ദി സ്വന്തം ജീവിതം പറയുന്നു. സ്വന്തം പാദപതനങ്ങൾ പോലും കേൾക്കാവുന്ന മരിച്ച വീട്ടിലെ നിശ്ശബ്ദതയിലൂടെയാണ് അയാൾ നടക്കുന്നത്. സ്വന്തം ജീവിതം അയാൾക്കു മനസ്സിലാകുന്നില്ല. ജീവിതം അയാളെയും മനസ്സിലാക്കുന്നില്ല. നാളെ എന്താണെന്നോ എങ്ങനെയാണെന്നോ അയാൾക്ക് അറിയില്ല.

ഭാവന ചെയ്യാനുള്ള സ്വന്തന്ത്ര്യമാണ് ഏറ്റവും വലുതെന്ന് പറഞ്ഞിട്ടുണ്ട് റുഷ്ദി. ഒരിക്കലല്ല, പലവട്ടം. ഭാവനയ്ക്കുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അദ്ദേഹം ജീവിച്ചതും ഇപ്പോൾ പൊതുവേദിയിൽ കുത്തേറ്റു വീണതും.

ഇപ്പോൾ എനിക്ക് 41 വയസ്സ്. ഈ ജന്മദിനം ഞാൻ ആഘോഷിക്കുന്നു. എനിക്കറിയില്ല 42-ാം ജൻമദിന പ്രഭാതം ഞാൻ കാണുമെന്ന്. ലോകത്തെ ഞാൻ സ്‌നേഹിക്കുന്നു. എന്നാൽ പുറംലോകം എന്നെ പുറത്തിട്ടടച്ചിരിക്കുന്നു- ആന്റൺ അഥവാ റുഷ്ദി പറയുന്നു.

salman-rushdie-joseph-anton

പൊലീസിന്റെ അകമ്പടിയിലായിരുന്നു 10 വർഷവും റുഷ്ദിയുടെ വിലക്കപ്പെട്ട, നാമമാത്രമായ യാത്രകൾ. ശുചിമുറിയിലേക്കു പോകുമ്പോഴും ഉണ്ടായിരുന്നു സുരക്ഷയുടെ അകമ്പടി. വിഗ് ധരിച്ച് മുഖത്തിന്റെ രൂപം മാറ്റാമെന്ന് അധികൃതർ ഉപദേശിച്ചതാണ്. എന്നാൽ വിഗ് അദ്ദേഹം വെറുത്തു. സ്വന്തം മുഖം നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ചു. ആ പ്രതിഷേധത്തിനും എല്ലാറ്റിനെയും നിയന്ത്രിക്കും എന്നവകാശപ്പെടുന്ന ശാസനകളെ ധിക്കരിക്കാനും കാണിച്ച ധൈര്യത്തിന്റെ വില കൂടിയാണ് സ്വന്തം ജീവിതം കൊണ്ട് റുഷ്ദിക്ക് കൊടുക്കേണ്ടിവന്നിരിക്കുന്നത്. വധഭീഷണി പുറത്തുവന്ന ആദ്യ ആഴ്ചയിലെ ഏഴുദിവസം മാത്രം 20 വ്യത്യസ്ത വീടുകളിലാണ് അദ്ദേഹം താമസിച്ചത്. ദിവസങ്ങൾ പോലും ഒരു വീട്ടിൽ സ്ഥിരമായി ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ചിലപ്പോൾ മണിക്കൂറുകൾ മാത്രം. ഉടൻ അക്രമികളെ പേടിച്ച് അടുത്ത വീട്ടിലേക്ക്. ഇരിക്കുകയായിരുന്നില്ല, ഓടുകയായിരുന്നു. പായുകയായിരുന്നു. അടുത്തുവരുന്ന അക്രമികളിൽ നിന്ന്. കയ്യകലത്തിലെ അക്രമിയിൽ നിന്ന്. ചെവി തുളയ്ക്കുന്ന വെടിയുണ്ട പാഞ്ഞുവരുന്ന ആഘാതമുണ്ടാക്കുന്ന ശബ്ദത്തിൽനിന്ന്. ഇപ്പോഴിതാ, പേടിച്ച വെടിയുണ്ടല്ല, കത്തിയാണ് തേടിവന്നത് എന്ന വ്യത്യാസം മാത്രം.

ഒളിവുജീവിതത്തിന്റെ ആദ്യ ആഴ്ചകളിൽ മിക്കപ്പോഴും ഹോട്ടലിലായിരുന്നു ജീവിതം. വീട്ടിലേക്കാൾ സുരക്ഷ ഹോട്ടൽ സമുച്ചയത്തിൽ കിട്ടുമെന്നതായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. ആ ദിവസങ്ങളിൽ താൻ താമസിച്ചതിനു തൊട്ടടുത്ത മുറിയിൽ ഒരു പത്രപ്രവർത്തകനായിരുന്നു താമസിച്ചത് എന്ന് ആന്റൺ പറയുന്നുണ്ട്. അയാൾക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. എന്നാൽ ആ സ്ത്രീ അയാളുടെ ഭാര്യയല്ലെന്നു പറയാൻ ആന്റൺ മറക്കുന്നില്ല. റുഷ്ദി എന്ന എഴുത്തുകാരന്റെ സ്വതസിദ്ധമായ നർമത്തോടും ആക്ഷേപ ഹാസ്യത്തോടും കൂടി. ആന്റൺ അധികകാലമൊന്നും അതിജീവിക്കില്ല എന്നദ്ദേഹത്തിന്റെ സുരക്ഷാ ഭടൻമാർ നോവലിൽ പല ഭാഗത്തും ആശങ്കപ്പെടുന്നുണ്ട്. എന്നാൽ എല്ലാ ആശങ്കകളെയും കാറ്റിൽപ്പറത്തി സ്വന്തം കഥ പറയാൻ ആന്റൺ ജീവിച്ചിരിക്കുന്നു. റുഷ്ദിയോ. ആന്റ ണിന്റെ കഥയും പിന്നീടും മറ്റനേകം കഥകളും പറഞ്ഞെങ്കിലും ഇതാ ഇപ്പോൾ ആശുപത്രി മുറിയിൽ ജീവിതത്തിനു വേണ്ടി പോരാടുന്നു. ജീവിതകഥയുടെ ക്ലൈമാക്‌സ് എന്തായിരിക്കും. ഒരുപക്ഷേ, ശസ്ത്രക്രിയാ മുറിയിലെ ഒരു തമാശക്കഥയുമായി റുഷ്ദി തിരിച്ചെത്തിയേക്കാം. ആ കഥ ഉൾപ്പെട്ട നോവലുമായി. അതിനുവേണ്ടിയാണ് ഇനി ലോകത്തിന്റെ കാത്തിരിപ്പ്. അത് അന്തമില്ലാത്തതായിരിക്കില്ലെന്ന് പ്രതീക്ഷിക്കാം. ആ പ്രതീക്ഷയിൽ എഴുത്തുലോകം ആശ്വസിക്കട്ടെ !

Content Summary: Joseph Anton, A Memoir Book by Salman Rushdie  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA