കഥകളെഴുതി വായനക്കാരിലെത്തിക്കാൻ സർക്കാർ ജോലി ഒരു തടസ്സമാണെന്നു തോന്നിയപ്പോൾ പരപ്പനാട് ഗോപാലകൃഷ്ണൻ മറ്റൊന്നും ചിന്തിച്ചില്ല. ജോലി ഉപേക്ഷിക്കുന്ന കാര്യം ഭാര്യ കല്യാണിയോടു മാത്രം പറഞ്ഞു. ഭർത്താവിന്റെ സാഹിത്യപ്രേമം അറിയുന്ന അവർ മറുത്തൊന്നും പറഞ്ഞില്ല. മരാമത്തു വകുപ്പിന്റെ കോഴിക്കോട്ടെ സൂപ്രണ്ടിങ് ഓഫിസിൽ നിന്നു ക്ലാർക്കിന്റെ കസേരയോടു യാത്രപറഞ്ഞ് അദ്ദേഹമിറങ്ങിയത് മലയാള സാഹിത്യത്തിലെ വിശാല ലോകത്തേക്കായിരുന്നു. ‘വേദനയുടെ മുഖങ്ങൾ’ എന്ന ആദ്യകഥാസമാഹാരവുമായി പരപ്പനാട് ഗോപാലകൃഷ്ണൻ എന്ന കഥാകൃത്തിന്റെ യാത്ര തുടങ്ങി. വെളുത്ത കുപ്പായവും മുണ്ടും കുടയും തോൾസഞ്ചിയിൽ പുസ്തകവുമായി സദാ ചിരിക്കുന്ന മുഖത്തോടെ അദ്ദേഹം നിങ്ങളെയും സമീപിച്ചിട്ടുണ്ടാകും. ‘‘ഇതു ഞാൻ എഴുതിയ പുസ്തകമാണ്. വാങ്ങിയാൽ സന്തോഷം’’ എന്നുമാത്രം മുഖവുരയോടെ പറഞ്ഞായിരിക്കും ഗോപാലകൃഷ്ണൻ നിങ്ങൾക്കരികിലെത്തിയിട്ടുണ്ടാകുക.
സാഹിത്യമെഴുതി ജീവിക്കാൻ സർക്കാർ ജോലി ഉപേക്ഷിക്കുക എന്നു കേൾക്കുമ്പോൾ എന്തോ പ്രശ്നമുണ്ടെന്നാണ് എല്ലാവർക്കും തോന്നുക. അങ്ങനെ പലരും ഗോപാലകൃഷ്ണനോടു ചോദിച്ചിട്ടുമുണ്ടായിരുന്നു. അന്നേരമൊക്കെ പുഞ്ചിരിയായിരുന്നു മറുപടി.
മലപ്പുറം പരപ്പനങ്ങാടിയിലെ തച്ചുശാസ്ത്രജ്ഞനായിരുന്ന വലിയ മാമന്റെ മകനായ ഗോപാലകൃഷ്ണൻ കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്നു ബിരുദം നേടി 21ാം വയസ്സിൽ മരാമത്തു വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ഗാനരചയിതാവ് പൂവച്ചൽ ഖാദർ അന്ന് ഇതേ ഓഫിസിൽ ജോലിയിലുണ്ടായിരുന്നു. ഗോപാലകൃഷ്ണനിലെ കഥാകൃത്തിനെ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. ചെറുകഥയെ സീരിയസായി കാണാൻ അദ്ദേഹം ഉപദേശിച്ചു. കഥകൾ മാത്രം എഴുതുന്ന ടി. പത്മനാഭനെക്കുറിച്ചു പറഞ്ഞതും അദ്ദേഹത്തിന്റെ ‘സാക്ഷി’ എന്ന പുസ്തകം നൽകിയതും പൂവച്ചൽ ഖാദറായിരുന്നു. കഥകൾ മാത്രമേ എഴുതൂ എന്ന പത്മനാഭന്റെ തീരുമാനം ഗോപാലകൃഷ്ണനെ ആകർഷിച്ചു. എഴുതുന്ന ഓരോ കഥയും കൂടുതൽ കൂടുതൽ മിനുക്കാൻ ഇതെല്ലാം പ്രേരിപ്പിച്ചു.
എഴുതിയ കഥകളെല്ലാം ചേർത്ത് ഒരു സമാഹാരം ഇറക്കാൻ തീരുമാനിച്ചപ്പോൾ കോഴിക്കോട്ടെ ഒരു പ്രസാധകനെ പോയി കണ്ടു.
‘‘ ഗോപാലകൃഷ്ണൻ, ഇപ്പോൾ കഥകൾക്കു വലിയ ഡിമാൻഡില്ല. നിങ്ങൾ നോവൽ എഴുതൂ. എന്തു ചവറ് നോവലാണെങ്കിലും വായിക്കാൻ ആളുണ്ട്’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘‘ ചവറ് എഴുതാൻ താൽപര്യമില്ല’’ എന്ന് ആത്മാഭിമാനത്തോടെ പറഞ്ഞു ഗോപാലകൃഷ്ണൻ ഇറങ്ങിപ്പോന്നു.
എഴുത്തുകാരൻ തന്നെ പ്രസാധകൻ
സമാനമനസ്കരായ മൂന്നു സുഹൃത്തുക്കളുമായി ചേർന്ന് അക്ഷരക്കളരി എന്ന പേരിൽ ഒരു പബ്ലിക്കേഷൻ തുടങ്ങി. കവി രാവണപ്രഭു (എം.ആർ.നായർ), വലിയോറ വി.പി, റഷീദ് പരപ്പനങ്ങാടി എന്നിവരായിരുന്നു ആ എഴുത്തുകാർ. ‘വേദനയുടെ മുഖങ്ങൾ’ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. അവരവരുടെ പുസ്തകങ്ങൾ സ്വയം വിൽക്കുക. പരപ്പനങ്ങാടി മുതൽ കോഴിക്കോട്ടു വരെയുള്ള സ്കൂളുകളിലും സർക്കാർ ഓഫിസുകളിലും കയറിയിറങ്ങി പുസ്തകങ്ങൾ വിറ്റു.
കഥാകൃത്തു സ്വന്തം പുസ്തകവുമായി വായനക്കാരെ തേടി ചെല്ലുകയാണ്. ചിലർ മുഖംതിരിക്കും. ചിലർ ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കും. പുസ്തകം വാങ്ങിക്കാൻ ആരെയും നിർബന്ധിക്കില്ല. ഒരു കഥാകൃത്ത് വളരട്ടെ എന്ന നല്ല മനസ്സോടെ പലരും പ്രോത്സാഹിപ്പിച്ചു. ആദ്യ പുസ്തകം പെട്ടെന്നു വിറ്റുതീർന്നതോടെ ഗോപാലകൃഷ്ണൻ എഴുത്തിനു വേഗം കൂട്ടി. എഴുത്തും ജോലിയും പുസ്തക വിൽപനയും ഒരേസമയം കൊണ്ടുപോകാൻ പ്രയാസമായപ്പോൾ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു.
‘‘ വീട്ടിലെ കാര്യങ്ങൾ മുന്നോട്ടു പോകാൻ ഭാര്യ കല്യാണിക്കു ജോലിയുണ്ടായിരുന്നു. പരപ്പനങ്ങാടി ഗവ. സ്കൂളിലെ അധ്യാപികയായിരുന്നു അവർ. ജോലി ഉപേക്ഷിക്കുന്ന കാര്യം അവരോടു മാത്രമേ ചർച്ച ചെയ്തുള്ളൂ. പെൻഷനാകാൻ 15 വർഷം കൂടിയുണ്ടായിരുന്നു. അടുത്ത പുസ്തകമായ ‘ഭൂമിയിലെ കാർമേഘങ്ങൾ’ സ്വയം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ജെമിനി ബുക്സ് ആരംഭിക്കുന്നത്. എന്റെ പുസ്തകം അച്ചടിച്ചു വിൽക്കാനുള്ള പ്രസാധനശാല.
പുസ്തകം അച്ചടിച്ചുകിട്ടിയതോടെ തോൾസഞ്ചി നിറയെ പുസ്തകവുമായി രാവിലെയിറങ്ങും. സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, വായനശാലകൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പോയിരുന്നത്. പുസ്തക പ്രസാധനവും വിൽപനയും നഷ്ടമായിരുന്നു. പക്ഷേ, അതു നൽകുന്ന മാനസിക സംതൃപ്തിയായിരുന്നു എനിക്കു പ്രധാനം. കണ്ണൂർ മുതൽ കുറ്റിപ്പുറം വരെയായിരുന്നു എന്റെ യാത്രാപഥം. ദിവസവും പോയി വരാവുന്ന ദൂരം.
കണ്ണൂരിൽ പോയപ്പോൾ പ്രിയ എഴുത്തുകാരൻ ടി.പത്മനാഭനെ കാണാൻ പോകണമെന്നുണ്ടായിരുന്നു. പക്ഷേ, എന്തോ പേടിയായിരുന്നു. പിന്നീടൊരു ട്രെയിൻ യാത്രയിലായിരുന്നു അദ്ദേഹത്തെ പരിചയപ്പെട്ടത്.
പുസ്തകവുമായി മലയാളത്തിലെ പ്രധാന എഴുത്തുകാരുടെയടുത്തൊക്കെ പോയിട്ടുണ്ട്. പലതും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നില്ല. ഒരിക്കൽ എനിക്കൊരു കത്തു വന്നു.
‘അവസരങ്ങൾ നഷ്ടപ്പെടുന്നവർ എന്ന കൃതി വായിച്ചു. പാരായണക്ഷമങ്ങളായ കഥകളാണ്. നന്നായി. കുറച്ചുകാലമായി മലയാളത്തിൽ ആളുകൾക്കു വായിച്ചാൽ മനസ്സിലാകുന്ന കഥകൾ ഇല്ലായിരുന്നു. മനസ്സിലാകാതിരിക്കലാണു കഥയുടെ മേന്മ എന്നുവരെ എഴുത്തുകാർ കരുതിപ്പോയി. ഇതിനിടെ വായിക്കാൻ കൊള്ളാവുന്ന കുറച്ചു കഥകൾ കാണുമ്പോൾ വലിയ ആശ്വാസവും സന്തോഷവും.
നല്ലതു വരട്ടെ’..
സ്നേഹാദരങ്ങളോടെ,
സി. രാധാകൃഷ്ണൻ.
അങ്ങനെയൊരു കത്ത് എനിക്കു നൽകിയ ആത്മവിശ്വാസം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. വലിയൊരു എഴുത്തുകാരൻ ഈ ചെറിയ എഴുത്തുകാരനു നൽകിയ പ്രോത്സാഹനം.
ജീവിതം മാറ്റിയ കത്ത്
‘‘യാദൃശ്ചികമായാണ് അടിമകൾ എന്ന താങ്കളുടെ പുസ്തകം കണ്ടത്. ഗോമതിചേച്ചിയുടെ കഥ വായിച്ചു. നന്നായിട്ടുണ്ട്. രണ്ടുകഥകൾ കൂടി വായിക്കാനുണ്ട്. ആ പുസ്തകം കയ്യിലുണ്ടെങ്കിൽ ഒരെണ്ണം അയച്ചുതരിക’’.
വി.കെ. ശ്രീരാമൻ.
നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ കത്തായിരുന്നു. കത്തു കിട്ടിയ അന്നുതന്നെ കാണാൻ പോകണമെന്നുണ്ടായിരുന്നു. ഭാര്യ പറഞ്ഞു അടുത്ത ദിവസം പോകാമെന്ന്. പിറ്റേന്ന് ഉച്ചയോടെ ഞാൻ അദ്ദേഹത്തിന്റെ ചെറുവത്താനിയിലെ വീട്ടിലെത്തി. ഒൻപതു പുസ്തകങ്ങളായിരുന്നു അതുവരെ എഴുതിയിരുന്നത്. അതെല്ലാം അദ്ദേഹത്തിനു കൊടുത്തു. കുറേനേരം സംസാരിച്ചിരുന്നു. 20 വർഷമായി എഴുത്തു തുടങ്ങിയിട്ട്. എന്റെ പുസ്തകം ആവശ്യപ്പെട്ട് ഒരു കത്തു വരുന്നത് ആദ്യമായിട്ടായിരുന്നു. അതും അറിയപ്പെടുന്നൊരാളുടെ.
‘വേറിട്ട കാഴ്ചകൾ’ എന്ന പേരിൽ അദ്ദേഹം ഒരു ചാനലിൽ പരിപാടി അവതരിപ്പിക്കുന്ന സമയമായിരുന്നു. അതിലേക്ക് എന്നെ അവതരിപ്പിക്കാൻ വി.കെ.ശ്രീരാമന്റെ അസിസ്റ്റന്റ് ഒരുദിവസം എന്നെ വിളിച്ചു. എനിക്കതിനോടു താൽപര്യമില്ലായിരുന്നു. ഞാൻ സ്നേഹപൂർവം ഒഴിഞ്ഞുമാറി. അഭിമുഖങ്ങളിലൊന്നും സംസാരിക്കാൻ എനിക്കറിയില്ലായിരുന്നു. ഇതുവരെ ഒരു പ്രസംഗം പോലും നടത്തിയിട്ടില്ല.
കുറച്ചുദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ ഒരു ഫോൺ. അടുത്തദിവസം പരപ്പനങ്ങാടിയിലെ വീട്ടിൽ വരുന്നുണ്ടെന്നു പറഞ്ഞു.
വന്നു, കുറേനേരം സംസാരിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു അത്തരമൊരു അനുഭവം. കുറച്ചു ദിവസങ്ങൾക്കുശേഷം എന്നെക്കുറിച്ച് ഒരു ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതി. ‘നടന്നു വരുന്ന ചെറുകഥകൾ’. ആ ലേഖനം എന്റെ ജീവിതം ശരിക്കും മാറ്റിമറിച്ചു.
ലേഖനം വായിച്ചു കുറേപേർ വിളിച്ചു. ആദ്യം വിളിച്ചത് ടി. പത്മനാഭനായിരുന്നു. എന്റെ പുസ്തകം കുറേപേർ ആവശ്യപ്പെട്ടു. പരപ്പനാട് ഗോപാലകൃഷ്ണൻ എന്ന കഥാകൃത്തിനെ ആളുകൾ അന്വേഷിക്കാൻ തുടങ്ങി.
15 പുസ്തകമാണ് ഞാൻ ഇതുവരെ എഴുതിയത്. പലതും രണ്ടും മൂന്നും എഡിഷനുകളായി. അതിനിടെ ഭാര്യ അസുഖം വന്നു മരിച്ചു. അവളുടെ വിയോഗം എന്നെ വല്ലാതെ തളർത്തി. മക്കളായ മോഹൻലാലും പ്യാരിലാലും കൈരളിയും സ്വന്തം കാലിൽ നിൽക്കാറായപ്പോൾ ഞാൻ പുസ്തക വിൽപനയുമായുള്ള യാത്ര കുറച്ചു. മകളുടെ ആവശ്യപ്രകാരം മേഴത്തൂരിൽ നിന്നു ലീലയെ വിവാഹം കഴിച്ചു.
അനുഭവങ്ങൾ കഥകൾ
പുസ്തകവുമായുള്ള യാത്രയിൽ എഴുതാൻ പറ്റിയ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെയൊരു അനുഭവമാണ് ‘മൊയ്തീൻപാപ്പ’ എന്ന കഥ. കൊണ്ടോട്ടിക്കടുത്തുള്ള സ്കൂളിൽ പുസ്തക വിൽപന കഴിഞ്ഞു മടങ്ങുമ്പോൾ ചെറിയൊരു കാട്ടിലകപ്പെട്ടു. പുറത്തേക്കുള്ള വഴി അറിയില്ല. ആ കാട്ടിനുള്ളിൽ വച്ചാണു പ്രായമുള്ള ഉപ്പാപ്പയെ കാണുന്നത്. അദ്ദേഹം എന്നെയും കൂട്ടി കാട്ടിൽ നിന്നു പുറത്തുവന്നു. അങ്ങാടിയിലെത്തി അദ്ദേഹത്തിനു ചായ കുടിക്കാൻ പണം കൊടുക്കാൻ നോക്കുമ്പോൾ ആളെ കാണാനില്ല. അടുത്തുള്ള ആളുകളോടൊക്കെ അന്വേഷിച്ചപ്പോൾ അങ്ങനെയൊരാളെ ആരും കണ്ടിട്ടുണ്ടായിരുന്നില്ല. വല്ലാത്തൊരു അനുഭവമായിരുന്നു അത്.
ജീവിതത്തിൽ വലുതായൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കലും പണത്തിന് എന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ടായിരുന്നില്ല. പണം വേണമായിരുന്നെങ്കിൽ വലിയ ശമ്പളം കിട്ടുന്ന ജോലി ഞാൻ ഉപേക്ഷിക്കുമായിരുന്നോ? ഞാൻ എഴുതുന്നതു ജനങ്ങളിലെത്തണം. ഒരുദിവസം ഒരു പുതിയ വായനക്കാരനെയെങ്കിലും പരിചയപ്പെടണം എന്നേയുണ്ടായിരുന്നുള്ളൂ. ഇന്നു നിങ്ങളെ പരിചയപ്പെട്ടു. നാളെ പുതിയൊരാളെ പരിചയപ്പെടും എന്നുറപ്പാണ്. കോഴിക്കോട്ടെ ആ പ്രസാധകൻ ആവശ്യപ്പെട്ടതുപോലെ ചവറ് എഴുതിയിട്ടില്ല. എന്റെ 15 പുസ്തകം വായിച്ചാൽ അതിൽ മോശമായതൊന്നും കാണില്ല. അത് എന്റെ ആത്മവിശ്വാസമാണ്’’.
പുരസ്കാരങ്ങളൊന്നും ഗോപാലകൃഷ്ണനെ തേടിയെത്തിട്ടില്ല. പുരസ്കാരങ്ങളെ തേടി ഗോപാലകൃഷ്ണനും പോയിട്ടില്ല. അയാൾ തേടിയിരുന്നതു വായനക്കാരനെയായിരുന്നു. അതു ധാരാളം കിട്ടിയിട്ടുമുണ്ട്. തന്റെ പുസ്തകം സ്ഥിരമായി വാങ്ങുന്നവരുടെ പേരും മേൽവിലാസവുമുള്ള ലഡ്ജർ പുസ്തകങ്ങൾ തന്നെയാണ് അതിനു സാക്ഷി. കഥകൾ ഇഷ്ടപ്പെടുന്ന വായനക്കാരനാണെങ്കിൽ പരപ്പനാട് ഗോപാലകൃഷ്ണൻ നാളെ നിങ്ങളെയും തേടിയെത്തും. വാങ്ങിയാലും ഇല്ലെങ്കിലും ആ മുഖം വാടില്ല. വെളുത്ത വസ്ത്രത്തിനുള്ളിലെ ചിരി മായാത്ത മുഖവുമായി അയാൾ അടുത്ത വായനക്കാരനെ തേടിപ്പോകും.
Content Summary: Life story of writer Parappanad Gopalakrishnan