ADVERTISEMENT

ചെറ്റപ്പുരയല്ല, കാട്ടുകല്ലുകൊണ്ടു തറ കെട്ടി പനയോല കുത്തിമറച്ചു മേഞ്ഞ്, മുൻവശത്തു തിണ്ണയും വാതിലുമുള്ള വീട്. തീരെ വിലകുറഞ്ഞതും മുഷിഞ്ഞതുമായ മുണ്ടും ബ്ളൗസും ധരിച്ച മെലിഞ്ഞ ഒരു സ്ത്രീ. നാഴിയും ഉരിയുമൊക്കെപ്പോലെ അഞ്ചാറു പിള്ളേരും. ചിലതിനൊന്നും ഒരു കോണകം പോലുമില്ല. മുറ്റത്തിട്ട തെങ്ങോലയുടെ മീതെ വച്ച് വെട്ടിപ്പളർന്നൊരു ചക്കയുടെ ചുറ്റിലുമാണവർ. ആർത്തികൊണ്ടു പിച്ചിപ്പറിക്കുന്നു, തട്ടിപ്പറിക്കുന്നു, കരച്ചിൽ. മുറ്റത്തേക്കു കാലുകുത്തിയ കോൺസ്റ്റബിൾ ദാമോദരൻ ദാരിദ്ര്യത്തിന്റെ ക്രൂരമുഖം കണ്ടു നടുങ്ങി. ഇവരും മനുഷ്യരോ? 

പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് വകുപ്പിൽ ക്ലാർക്കിന്റെ പോസ്റ്റിലേക്കു പരീക്ഷ വിജയിച്ച നാരേണന്റെ വീട്ടിലെത്തിയതായിരുന്നു കോൺസ്റ്റബിൾ; കേന്ദ്രസർക്കാർ ജോലിയുടെ പൊലീസ് വെരിഫിക്കേഷന്. എസ്എസ്എൽസി വിജയിച്ചതു മുതൽ അപേക്ഷകളയച്ചും ടെസ്റ്റെഴുതിയും കാത്തിരിക്കുകയാണു നാരേണൻ. ഏഴു കുട്ടികളുണ്ടു വീട്ടിൽ. എല്ലാം പട്ടിണിക്കുന്തങ്ങൾ. വൈകിട്ടു മൂക്കറ്റം കള്ളുമോന്തി വന്നു ചീത്തവിളിക്കുന്ന, വീട്ടിൽ നിന്നിറങ്ങിപ്പോകാൻ കൽപിക്കുന്ന അച്ഛൻ. ഉള്ള വിഭവങ്ങൾകൊണ്ടു കഞ്ഞിയുണ്ടാക്കി പത്തോളം അംഗങ്ങളുടെ വിശപ്പുമാറ്റാൻ പെടാപ്പാടുപെടുന്ന രണ്ടാനമ്മ കൊച്ചുകല്യാണി. ആ വീട്ടിലേക്കാണു പ്രതീക്ഷയുടെ തരിവെട്ടവുമായി കോൺസ്റ്റബിളിന്റെ വരവ്; തൊടുപുഴയ്ക്കടുത്തു കുടയത്തൂരിൽ.

narayan. adivace novalist

 

സാഹിത്യലോകത്ത് അപരിചിതനാണു നാരേണനെങ്കിലും നല്ല വായനക്കാർക്കു പരിചിതനാണു നാരായൻ. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൊച്ചരേത്തി എന്ന നോവലിന്റെ സ്രഷ്ടാവ്. നാരേണൻ നാരായൻ തന്നെയാണ്. വീടും കള്ളുകുടിക്കുന്ന അച്ഛനും രണ്ടാനമ്മയും ഏഴുമക്കളുമെല്ലാം യാഥാർഥ്യം. ഭാവനയുടെ നിറം ചേർക്കാതെ നാരായൻ തന്നെയെഴുതിയ സ്വന്തം ജീവിതകഥയിലെ കഥാപാത്രങ്ങൾ– ഓർമകളിലെ തീക്കാലം. ആത്മകഥാപരമായ നോവലല്ല തീക്കാലം; മറിച്ചു പതിരൊട്ടും ചേർക്കാത്ത സത്യം. ആത്മകഥ തന്നെ. നാരായന്റെ എഴുത്തിലൂടെയാണു മലയാളം ആദ്യമായി മലയരയൻമാരുടെയും നഗരത്തിനു പുറത്തു കാട്ടിലും മേട്ടിലുമായി ജീവിക്കുന്ന ആദിവാസികളുടെയും ജീവിതം അറിയുന്നത്. ചെന്നുകണ്ടിട്ടോ വായിച്ചുകേട്ടിട്ടോ എഴുതിയ അർധസത്യമോ ഭാവനയോ ആയിരുന്നില്ല നാരായനു സാഹിത്യം; സ്വയം കണ്ടതും കേട്ടതും അനുഭവിച്ചതും കടന്നുപോയതുമായ യാഥാർഥ്യങ്ങൾ.

 

തള്ളേത്തീനിയെന്നാണു നാരായൻ വീട്ടിലും നാട്ടിലും അറിയപ്പെട്ടത്. അതിനൊരു കാരണമുണ്ട്. നാരായൻ ജനിച്ചപ്പോൾ അച്ഛൻ രാമൻ ജാതകമെഴുതിച്ചു. കുട്ടിയുടെ ജനനം ശനി തെളിഞ്ഞുവരുന്ന നേരത്താണ്. അഞ്ചുവയസ്സിനു മുമ്പു തള്ളയേയോ തന്തയേയോ തിന്നും. 

ജാതകം ഫലിച്ചതുകൊണ്ടാണെങ്കിലും അല്ലെങ്കിലും നാരായന് അഞ്ചു വയസ്സു പോലുമാകുന്നതിനുമുമ്പേ അമ്മ കൊച്ചൂട്ടി അകാലചരമം വരിച്ചു. കുടിലിൽ കിടന്നു കരയുകയായിരുന്നു എഴുന്നേറ്റു നടക്കാൻ പോലുമായിട്ടില്ലാത്ത നാരേണൻ. കൊച്ചൂട്ടി വെള്ളമെടുക്കാൻ കുടവുമെടുത്തു പുറത്തുപോയതാണ്. തിരിച്ചുവരുമ്പോൾ പാമ്പു കടിച്ചു മരിക്കുകയായിരുന്നു. നാരേണന്റെ അച്ഛൻ രാമൻ വീണ്ടും കെട്ടി – കൊച്ചുകല്യാണിയെ. അതിൽ ഏഴുമക്കളും. 

 

സ്കൂളിൽ മറ്റു കുട്ടികളേക്കാൾ മിടുക്കനായിരുന്നു നാരേണൻ. മോശമല്ലാതെ എസ്എസ്എൽസിയും വിജയിച്ചു. ദാരിദ്ര്യമായിരുന്നു കൂട്ടുകാരൻ. വിശപ്പായിരുന്നു സഹപാഠി. ഇന്റർവെൽ സമയത്തും ഉച്ചഭക്ഷണനേരത്തുമെല്ലാം ക്ലാസിൽത്തന്നെ വയർ അമർത്തിപ്പിടിച്ചിരിക്കുമായിരുന്നു നാരേണൻ. വിദ്യാർഥികളുടെ വസ്തുവകകൾ എന്തെങ്കിലും കാണാതെപോയാൽ നാരേണൻ പ്രതിയാകും എന്നൊരാൾ പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോൾ ഇരിക്കാനൊരിടം തേടി നാരേണൻ പുറത്തിറങ്ങി. ചെന്നുനിന്നതു സ്കൂളിനടുത്തുള്ള മഹാത്മാ വായനശാലയിൽ. പുസ്തകങ്ങളോടുള്ള പ്രേമം കൊണ്ടല്ല കൊച്ചുനാരേണൻ വായനശാലയിൽ എത്തിയത്. അറിവു നേടാനുള്ള വ്യഗ്രത കൊണ്ടുമല്ല. സ്വസ്ഥമായി ഇരിക്കാനൊരിടം. വായനശാലയിലെ പെരുമാൾ നാരേണന് ഇരിക്കാനിടം കൊടുത്തു; വായിക്കാൻ പുസ്തകങ്ങളും. കുട്ടിക്കാലത്തു വായിച്ച പുസ്തകങ്ങളിൽനിന്നുള്ള ആസ്വാദക ശേഷി നാരേണന് ഉപയോഗപ്പെട്ടതു പിൽക്കാലത്ത്; ആദ്യപുസ്തകം എഴുതാനിരുന്നപ്പോള്‍. ആ പുസ്തകം മലയാളത്തിൽ ഒരു കാലഘട്ടം തന്നെ സൃഷ്ടിച്ചു. സാഹിത്യത്തിൽ നിന്നു മാറ്റിനിർത്തപ്പെട്ട, അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ചതിന്റെ പേരിൽ. ആ അർഥത്തിൽ ഒരു യുഗത്തിന്റെ സ്രഷ്ടാവ് കൂടിയാണ് നാരായൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com