കൊച്ചരേത്തി: ചിതലും പുഴുക്കളും തിന്നുതീർത്തതിന്റെ ബാക്കി

narayan
SHARE

നാരായനെ എഴുത്തുകാരനാക്കിയത് ഒരു നോവൽ. മഹത്തായ കൃതികളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് എഴുത്തുകാരായവരുടെ കഥകൾക്കു ലോകത്തു പഞ്ഞമില്ലെങ്കിലും നാരായനെ എഴുത്തുകാരനാക്കിയത് അത്തരമൊരു കൃതിയല്ല. ഒരു വാരികയിൽ വന്നുകൊണ്ടിരുന്ന തുടരൻ നോവൽ. വായിച്ച ഒരു സുഹൃത്താണ് അതു നാരായന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം എന്ന പേരിൽ നുണകളും തെറ്റായ പ്രചാരണങ്ങളും അപവാദങ്ങളും മാത്രമായിരുന്നു ആ നോവൽ. അറിഞ്ഞുകേട്ടു വാരിക വാങ്ങിയപ്പോഴേക്കും അഞ്ചാറ് അധ്യായങ്ങൾ കഴി‍ഞ്ഞിരുന്നു. ആദ്യഭാഗങ്ങൾ കേന്ദ്രഓഫിസിൽനിന്നു വരുത്തി. വായിക്കുന്തോറും അന്ധാളിപ്പു കൂടിക്കൊണ്ടിരുന്നു. താൻ ജനിച്ച, തനിക്കറിയാവുന്ന ഒരു ഗോത്രസമൂഹത്തിൽ ഒരിക്കലും നടന്നിട്ടില്ലാത്ത കാര്യങ്ങൾ. സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന കഥ. ഇങ്ങനെയും മനുഷ്യരോ എന്ന അദ്ഭുതം ജനിപ്പിക്കുന്നത്. അവമതിപ്പുണ്ടാക്കുന്ന അവതരണം. 

തുടരൻ നോവൽ നാരായന്റെ സമുദായത്തിലും സുഹൃത്തുക്കളിലും ചർച്ചയായി. എതിർത്താൽ, കൂടിവന്നാൽ വാരികയിൽ ഒരു കത്ത്. അതിൽക്കൂടുതലൊന്നും സംഭവിക്കാൻ പോകുന്നില്ല. അക്ഷരത്തെ അക്ഷരം കൊണ്ടുതന്നെ നേരിടണം. സുഹൃത്തുക്കൾ കൂടി നിർബന്ധിച്ചപ്പോൾ നാരായൻ സ്വയം ചോദിച്ചു: എഴുതിക്കൂടേ? ആ ചോദ്യത്തിന്റെ ഉത്തരമാണു ‘കൊച്ചരേത്തി’. അനേകരാത്രികളുടെ ഉറക്കം കളഞ്ഞ്, അനുഭവങ്ങളെ അനുഭൂതിയാക്കാനുള്ള അശ്രാന്തപരിശ്രമം. 

നോവലിനു നല്ലൊരു പേരു വേണം; എഴുത്തുകാരനും. കണ്ട ഓർമ പോലുമില്ലാത്ത അമ്മ മന്ത്രിച്ചു: ‘‘മോനേ, ചട്ടീം കലോം പൊകേലേം ഒണക്കമീനുമൊക്കെ വിക്കാന്‍ കൊണ്ടുവരുന്ന നാനാര്, എന്നേക്കെ വിളിച്ചതേ കൊച്ചരേത്തീന്നാ. നെനക്കേതാ ഇഷ്ടം.’’ കൊച്ചരേത്തി. 

നാരായണൻമാർ അനേകമുണ്ട്. അതിലൊരു ദരിദ്രനാരായണൻ പോരാ. പുതിയൊരു പേരു വേണം. പേരിലെ വല്യക്ഷരമുപേക്ഷിച്ചു. നാരായൻ. ഒപ്പം തന്തപ്പേര്, വീട്ടുപേര്, നാട്ടുപേര് ഒന്നും വേണ്ട. നാരായം കൊണ്ടെന്നപോലെ ഹൃദയത്തിൽ മായാത്ത മുദ്ര വച്ചെഴുതിയ വാക്കുകൾ. സത്യത്തിന്റെ സൗന്ദര്യം തുടിക്കുന്ന വരികൾ. മനസ്സിൽ അമർത്തിവച്ച അപമാനങ്ങളും കഷ്ടതകളും ദുരിതങ്ങളും യാതനകളും. 

സംതൃപ്തിയോടെ പൂർത്തിയാക്കിയെങ്കിലും കൊച്ചരേത്തിയെ കാത്തിരുന്നതു കഠിനകാലം. പരിചയമുള്ള ഒരു സമാന്തരകോളജ് അധ്യാപകനെ കയ്യെഴുത്തുപ്രതി വായിക്കാൻ ഏൽപിച്ചു. രണ്ടുപേരും പിന്നീടും കൂടിക്കണ്ടെങ്കിലും നോവലിനെക്കുറിച്ചു മൗനം. സങ്കോചം കൊണ്ട് ചോദിക്കാൻ എഴുത്തുകാരനും മടി. അധ്യാപകൻ സ്ഥലം മാറിപ്പോകുന്ന വിവരം യാദൃച്ഛികമായി അറിഞ്ഞപ്പോൾ സൃഷ്ടി തിരക്കിയിറങ്ങി നാരേണൻ. ഓർമിക്കുന്നുപോലുമില്ലെന്നായി അധ്യാപകൻ. പുസ്തകങ്ങൾക്കും ഫയലുകൾക്കുമടിയിൽ കുറേ തിരഞ്ഞപ്പോൾ വച്ചിടത്തു വച്ചപോലെതന്നെയുണ്ടു കൊച്ചരേത്തി. പിന്നീടു നോവൽ വിശ്രമിച്ചത് എഴുത്തുകാരന്റെ വീട്ടിലെ അലമാരയ്ക്കു മുകളിൽ. 

narayan. adivace novalist

വർഷങ്ങൾ കഴിഞ്ഞു വിരമിച്ചതിനുശേഷം നോവൽ പൊടിതട്ടിയെടുത്തു. ചിതലും പുഴുക്കളും തിന്നുതീർത്തതിന്റെ ബാക്കി കുറച്ചു മഞ്ഞ നിറം വീണ കടലാസുകൾ. ഒരിക്കൽക്കൂടി രാത്രി പകലാക്കി പകർത്തിയെഴുതി. പ്രസിദ്ധീകരിച്ചുവരുന്നെങ്കിൽ നന്നായിത്തന്നെ വരണം. കോട്ടയത്തു ഡിസി ബുക്സിന്റെ ഓഫിസിൽ ഏൽപിച്ചു. പ്രസിദ്ധീകരണത്തിന് എടുക്കുന്നു, കരാർ ഒപ്പിടാൻ വരേണ്ടത് എന്നാണെന്ന് അറിയിക്കാമെന്ന് അറിയിപ്പും കിട്ടി. കാത്തിരിപ്പ് അവിടംകൊണ്ടും തീർന്നില്ല. പ്രസാധകരുടെ കത്ത് എവിടെയോ നഷ്ടപ്പെട്ടു. അവസാനശ്രമമെന്ന നിലയിൽ ഫോൺ ചെയ്തു തിരക്കിയപ്പോൾ വേഗം എത്താൻ അറിയിപ്പ്. കോട്ടയത്തു ഡി.സി. കിഴക്കെമുറിയെക്കണ്ടു കരാർ ഒപ്പുവച്ചു. 1998– ഏപ്രിൽ എന്നു തീയതി വച്ചു മേയില്‍ പുസ്തകമിറങ്ങി. ജന്‍മം കൊണ്ട് ആദിവാസിയായ ഒരാള്‍ സ്വന്തം കൂട്ടരെപ്പറ്റി എഴുതിയത് ഭാഷയിലെ വലിയ പ്രസാധകര്‍ പുസ്തകമാക്കി ഇറക്കി. നാരായന്റെ ആദ്യത്തെ പുസ്തകം. നോവൽ. 58 ാം വയസ്സില്‍. 

പ്രസവിച്ചെങ്കിലും മകനെ ലാളിച്ചുവളർത്തി അവന്റെ തണലില്‍ ആശ്വാസം കൊള്ളാന്‍ ഭാഗ്യമില്ലാതെ പോയ അമ്മ കൊച്ചുകുട്ടിക്ക്, അമ്മയുടെ ഓർമകൾക്കുമുന്നിൽ സമർപ്പിച്ച അക്ഷരോപഹാരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}