ADVERTISEMENT

തിരക്കുപിടിച്ച ജീവിതത്തിന്റെ ഇടയ്ക്കും ഓർമകളെ മുറുകെപ്പിടിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? ബാല്യകാല സ്മരണകളെ ആധാരമാക്കി പുതുമുഖ എഴുത്തുകാരി ദീപ്തി ആമസോൺ വഴി പുറത്തിറക്കിയ ‘എ നയൻറ്റീസ് സുവനീർ: ദി വിവിഡ് മെമ്മറീസ് ഓഫ് എ നയൻറ്റീസ് കിഡ്’ എന്ന പുസ്തകം ആമസോണിൽ ബെസ്റ്റ് സെല്ലെർ ആയി തുടരുന്നു. ഒരു എഴുത്തുകാരി ആകണം എന്ന തന്റെ സ്വപ്നം ചെറുപ്പകാലത്തെ ഓർമകളെ ചെറുകഥകൾ ആക്കി പ്രസിദ്ധീകരിച്ചുകൊണ്ട് സാക്ഷാത്കരിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ ദീപ്തി.   

 

ചുരുക്കം നാളുകൾ കൊണ്ടുതന്നെ ആമസോൺ പട്ടികയിൽ ബെസ്റ്റ് സെല്ലർ പദവി കരസ്ഥമാക്കുകയും തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്യുന്നതിന്റെ രഹസ്യം ഓർമകളുടെ അനശ്വരതയാണ്. തന്റെ കഥാസമാഹാരത്തിൽ ഒന്നല്ലെങ്കിൽ മറ്റൊരു കഥ വായനക്കാരെ അവരവരുടെ കുട്ടിക്കാലം ഓർമപ്പെടുത്തുന്നു. ചില ഓർമ്മകൾ ഒരിക്കലും മരിക്കുകയില്ല. പലപ്പോഴും കുഞ്ഞുനാളുകളിൽ നടന്ന കാര്യങ്ങൾ ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിന് പോലും കാരണമാകുന്നു. എഴുതാൻ ഒരുപാട് കഥകൾ ഇരിക്കുമ്പോഴും തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ച് എഴുതി തുടങ്ങാൻ കഥാകാരി  തീരുമാനിച്ചത് ഓർമകളുടെ പ്രാധാന്യം കൊണ്ടാണ്. കുട്ടികളെന്നും മുതിർന്നവരെന്നും വേർതിരിവില്ലാതെ പുസ്തകം ആസ്വദിക്കാൻ കഴിയുന്നു എന്നുള്ളതും ഓർമകളുടെ സവിശേഷതകാരണമാകാം.

 

ഓർമകൾ കഥകളാകുമ്പോൾ:

 

പുസ്തകത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത് തൊണ്ണൂറ്‌ കാലഘട്ടത്തിലെ ഒരു കുട്ടിയുടെ ട്രെയിൻ യാത്രകൾ, സ്കൂളിലെ രസകരമായ അനുഭവങ്ങൾ, ഇഷ്ടമില്ലാത്ത ആഹാരത്തോടുള്ള വെറുപ്പ്,  എന്നിങ്ങനെ ചെറിയ ചെറിയ സന്ദർഭങ്ങളെയാണെങ്കിലും അവയിലൂടെ  വളരെയധികം  ജീവിതങ്ങളെയും,  ജീവിതസാഹചര്യങ്ങളെയും പറ്റി സൂക്ഷ്മമായി വിശകലനം ചെയ്യാൻ വായനക്കാരെ പ്രേരിപ്പിക്കുകയാണ് എഴുത്തുകാരി.

90s-kid

 

എന്തുകൊണ്ട് കിൻഡൽ/ ഈ-ബുക്ക് മാത്രം?

 

എഴുത്തുകാരിയുടെ വാക്കുകളിൽ –

ഏതൊരു എഴുത്തിനും സ്വീകാര്യതയാണ് വലുത്.  വേറെ ഏതൊരു  പ്രസിദ്ധീകരണ രീതിയെക്കാൾ എളുപ്പവും അനേകം പേരിൽ എത്തിക്കാനുള്ള  അവസരവും ആമസോൺ  കിൻഡൽ പബ്ലിഷിങ്ങിലുണ്ടെന്നുള്ള തിരിച്ചറിവാണ് എന്റെ ആദ്യ പുസ്തകം ഈ-ബുക്ക് മാത്രമായി പ്രസിദ്ധീകരിക്കാൻ എന്നെ പ്രേരിപ്പിച്ചത്.  ആദ്യ പുസ്തകത്തിനുള്ള സ്വീകാര്യത അനുസരിച്ചാണല്ലോ തുടർന്നുള്ള എഴുത്തുകളെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ടത്. ആദ്യ പുസ്തകം പലപ്പോഴും നമുക്ക് ഏറെ പ്രിയപ്പെട്ടവർ മാത്രമായിരിക്കും വാങ്ങുന്നത്. ഈ-ബുക്ക് മാത്രമാക്കുന്നത്തിലൂടെ എല്ലാവർക്കും കുറഞ്ഞ ചെലവിൽ പുസ്തകം വാങ്ങാൻ സാധിക്കും. പുസ്തകത്തിന്റെ ഇപ്പോഴുള്ള സ്വീകാര്യതയും അഭിപ്രായങ്ങളും കാണുമ്പോൾ ഭാവിയിൽ കൂടുതൽ ഓർമ്മകളെ ഉൾപ്പെടുത്തിക്കൊണ്ട് പേപ്പർബാക്കും ഹാർഡ്-കവറും പ്രസിദ്ധീകരിക്കാൻ ശ്രമിക്കും. 

 

വായനയിൽ നിന്ന് എഴുത്ത്: 

 

വായിക്കുന്ന എല്ലാവരിലും ഒരു എഴുത്തുകാരി/ എഴുത്തുകാരൻ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. വായനയും വായിക്കുന്ന ബുക്കുകളുടെ ഗന്ധവും ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. എഴുതുമ്പോൾ വായിക്കാനും വായിക്കുമ്പോൾ എഴുതാനും പ്രചോദനം തരുന്നത് ചെറുപ്പം മുതലുള്ള വായനാ ശീലമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 

 

ഇനിയുള്ള എഴുത്തുകൾ:

 

ഈ പുസ്തകം ഉടലെടുത്തത് എന്റെ സുഹൃത്ത്  പ്രിയദർശിനിയുടെ ആശയത്തിലൂടെയാണ്.  ഒരു നോവൽ  പകുതിയോളം ആക്കിയിരിക്കുന്നു. എഴുതി വച്ച കവിതകൾ കുറച്ച്‌ കൈയ്യിലുണ്ട്. പുസ്തകങ്ങൾ ഇനിയും പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു.   

 

ദീപ്തി എന്ന എഴുത്തുകാരി:

 

ചെറുപ്പം മുതൽ എഴുത്തിനെയും വായനയെയും പ്രണയിച്ച ദീപ്തി ഇംഗ്ലീഷ്  ലിറ്ററേചറിൽ എംഫിൽ നേടിയശേഷം കേരള യൂണിവേഴ്സിറ്റിയിലെ ചില വിഷയങ്ങളുടെ ഗൈഡുകൾ എഴുതുകയും, മറ്റ്‌ എഴുത്തുകാരുടെ കൃതികൾ എഡിറ്റ് ചെയ്യുകയും ചെയ്തു വരികയാണ്. 

 

ആദ്യമായി  പ്രസിദ്ധീകരിച്ച എഴുത്തുകൾ :

 

​‘എ.എസ്.എൽ.ഇ’ എന്ന മാസികയിലാണ് ദീപ്തിയുടെ ഒരു കവിതയായ ‘നൈറ്റ്’ ആദ്യമായി അച്ചടിച്ച് വന്നത്. പിന്നീട് ‘ദളിത് ലിറ്ററേചർ, ആർട് ആൻഡ് എസ്തെറ്റിക്സ്: ദി കേരളാ എക്സ്പീരിയൻസ്’ എന്ന പുസ്തകത്തിൽ  ‘ദി കാസ്റ്റ് ഓഫ് ഫുഡ് - കാസ്റ്റ് ഇൻ മോഡേൺ കേരളാ ആസ് പോർട്രെയ്ഡ് ഇൻ ദി ഷോർട് ഫിലിം പന്തിഭോജനം’ എന്ന ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Content Summary: A 90's Souvenir: The vivid memories of a '90s kid book by Deepthi L  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com