അവസാന നോവൽ മരണത്തിന് ഒരു വർഷം മുമ്പ് ; എരിഞ്ഞടങ്ങാത്ത നാരായം

writer-narayan
നാരായൻ
SHARE

കാടും മലയും നിറഞ്ഞ പ്രദേശത്ത് മുഖ്യധാരാ സമൂഹം അവഗണിച്ച് അകറ്റിനിർത്തിയ ഗോത്രത്തിൽ ജനനം. ജീവിതത്തിലുടനീളം ന്യായമായ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഭാഗ്യഹീനൻ. ജനിച്ച നാട്ടിലെയും വീട്ടിലെയും സാഹചര്യങ്ങളെ അതിജീവിച്ചു നേടിയ വിദ്യാഭ്യാസം. പിതാവുൾപ്പെടെയുള്ളവർ എതിർപക്ഷത്തു കൊലക്കത്തിയുമായി നടന്നിട്ടും ജീവന്റെ നാളം അണയാതെ കാത്തയാൾ. ഹൃദയം കൊടുത്തു സ്നേഹിച്ച പെൺകുട്ടി, കാലിലെ ചങ്ങല പോലെ വിടാതെ കൂടിയ ജാതിപ്പിശാചിന്റെ ആക്രമണത്തിൽ ജീവിതം ഹോമിച്ചപ്പോഴും കരഞ്ഞു തളർന്നിരിക്കാതെ മുന്നോട്ടുനടന്നയാൾ. കഷ്ടപ്പെട്ടു കേന്ദ്രസർക്കാരിനു കീഴിൽ ജോലി നേടിയെങ്കിലും തുടരുന്ന പീഡനങ്ങളുടെ അഗ്നികുണ്ഡത്തിലൂടെ പരുക്കു പറ്റിയ ദേഹവുമായി നടപ്പു തുടർന്നയാൾ. ആരും രക്ഷിക്കാനില്ലെന്ന് ഉറപ്പിച്ച് ശരീരവും മനസ്സും പലർക്കുവേണ്ടി കടംകൊടുത്തു ജീവിച്ച പെണ്ണിനെ ജീവിതസഖിയാക്കി കുടുംബജീവിതമെന്ന നെരിപ്പോടിലേക്കു കാലെടുത്തുവച്ചു ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും യാതനകൾക്കുമായി ജീവിതം ബലികൊടുത്ത മനുഷ്യൻ- ഒറ്റ ഖണ്ഡികയിൽ പറഞ്ഞാൽ ഇതാണ് നാരായന്റെ ജീവിതം. 

ജീവിതത്തിന്റെ പകുതിയോളം എരിഞ്ഞുതീർന്നിട്ടും വിടാതെക്കൂടെക്കൂടിയ അക്ഷരങ്ങളുടെ കരുത്തിൽ 58 ാം വയസ്സിൽ ആദ്യപുസ്തകം. കേരള സാഹിത്യ അക്കാദമിയുടേതുൾപ്പെടെ അംഗീകാരങ്ങൾ. താൻ മരിച്ചിട്ടില്ല, തന്റെ ഉള്ളിലെ അഗ്നി അണഞ്ഞിട്ടുമില്ല എന്നു ലോകത്തെ ബോധ്യപ്പെടുത്തിയ പുസ്തകങ്ങൾ പിന്നെയും വന്നുകൊണ്ടിരുന്നു.

ഒരു വർഷം മുമ്പും നാരായന്റെ പുസ്തകം പുറത്തുവന്നിരുന്നു. അവസാനത്തെ നോവൽ. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘വഴിമാറ്റങ്ങൾ’. തപാൽ സർവീസിൽ ക്ലാർക്ക് ആയ നാഗരാജൻ ആണ് നോവലിലെ നായകൻ. കേന്ദ്രസർക്കാർ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചപ്പോൾ അവകാശ സമരങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന വ്യക്തി. അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ. 

തീ പിടിച്ച ഓർമകൾ തീരാത്തതിനാൽ, തനിക്കു ചുറ്റും കണ്ടവരെ കഥാപാത്രങ്ങളാക്കുന്നതിനു പകരം സ്വന്തം ജീവിതം പുസ്തകമാക്കിയ എഴുത്തുകാരനാണ് നാരായൻ. ‘ഓർമകളിലെ തീക്കാലം’ ഏറ്റവും മികച്ച ഉദാഹരണം. നാരായൻ തന്നെ കഥാപാത്രമായ പുസ്തകം. അച്ഛനും അമ്മയുമുൾപ്പെടെയുള്ളവർ സഹകഥാപാത്രങ്ങളും നാടും വീടും കുടുംബവും സ്വന്തം ജീവിതവും പശ്ചാത്തലവും. കണ്ണീരും ജീവരക്തം ഊറിനിൽക്കുന്ന ആത്മവേദനകൾക്കു നാരായൻ കൊടുത്ത അക്ഷരരൂപം ‘ഓർമകളിലെ തീക്കാലം’– ആത്മകഥാപരമായ നോവൽ. 

Vazhimattangal

നാരായന്റെ എഴുത്തിൽ തെളിഞ്ഞുവരുന്നൊരു മനുഷ്യരൂപമുണ്ട്. തീ ആളിപ്പടരുന്ന ശിരസ്സും കണ്ണീർക്കടലെടുത്ത മനസ്സുമായി പ്രാണരക്ഷാർഥം പാഞ്ഞുപോകുന്നൊരാളുടെ രൂപം. അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അയാൾ തന്റെ തീക്കനൽപോൽ ജ്വലിക്കുന്ന നാരായത്താൽ കാലത്തിന്റെ ചുമരിൽ കോറിയിട്ടുകൊണ്ടിരുന്നു. ചോരയും കണ്ണീരും കിനിയുന്ന എഴുത്തിന്റെ പുതിയൊരധ്യായത്തിലേക്ക് നാരായൻ വിളിക്കുന്നു; മൃദുവായി മുട്ടിവിളിക്കുകയല്ല, മരണത്തിനും ജീവിതത്തിനും മധ്യേയുള്ള നേർത്ത നൂൽപാലത്തിൽനിന്നുള്ള പിൻവിളി.

മനുഷ്യാവസ്ഥയുടെ സംഘർഷഭരിതമായ അനുഭവങ്ങളും പ്രതീക്ഷാനിർഭരമായ ഏകാന്തതയും കൂടിക്കുഴഞ്ഞ മണ്ണടരുകളിൽനിന്ന് ഉയിർപ്പിന്റെയും അതിജീവനത്തിന്റെയും ജീവനഗാഥ രചിക്കുകയാണു നാരായൻ. തീക്ഷ്ണമായ ഓർമപ്പെടുത്തലുകൾ നിറഞ്ഞ കൃതി. അവഗണിക്കപ്പെട്ട മനുഷ്യഗോത്രങ്ങളുടെ ഇതിഹാസം. ചതിക്കപ്പെട്ട, ഇരയാക്കപ്പെട്ട രക്തസാക്ഷികളുടെ ജീവചരിത്രം. പരിഷ്കൃതമെന്ന് അഭിമാനിക്കുന്ന, ഭൗതിക സാഹചര്യങ്ങൾ വേണ്ടതിൽക്കൂടുതലുള്ളതിനാൽ പാഴാക്കിക്കളയുന്ന, നിസ്സാര കാര്യങ്ങൾക്കു പരാതി പറഞ്ഞു മടുക്കുന്ന ആളുകൾ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട കൃതി. ഇങ്ങനെയുള്ള ജീവിതങ്ങളും ഇവിടെയുണ്ടെന്ന് ഓർമിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്ന വേദനയുടെ വാങ്മയം. 

നാരായൻ എന്ന നാരേണന്റെ ജനനം മുതൽ ഭാര്യ മരിച്ചതു വരെയുള്ള അനുഭവങ്ങളാണ് ‘ഓർമകളുടെ തീക്കാലം’. ഹൃദയസ്പർശിയായ അനുഭവവിവരണങ്ങളെന്നു നോവലിലെ സംഭവങ്ങളെ വിശേഷിപ്പിക്കുന്നത് അനീതിയായിരിക്കും. ഇതു കഥയല്ല, യഥാർഥത്തിൽ അനുഭവിച്ച, ഇന്നും തുടരുന്ന ദുരനുഭവങ്ങളുടെ നേർക്കാഴ്ചയാണ്. കഥയല്ലിതു ജീവിതം എന്നുറപ്പിച്ചു പറയാവുന്ന പുസ്തകം. കൊതുകുകടി സഹിച്ച്, ബീഡി വലിച്ചു വരാന്തയുടെ ഒരറ്റത്ത് ഈസിച്ചെയറിന്റെ കൈകളിൽത്താങ്ങിയ റൈറ്റിങ്ങ്പാഡിൽ നോട്ടുബുക്കും പേനയുമായി ഉറങ്ങാതിരുന്ന് എഴുതിത്തീർത്തവയാണ് ‘കൊച്ചരേത്തി’ ഉൾപ്പെടെയുള്ള നാരായന്റെ കഥകളും നോവലുകളും. കയ്യിൽ നാരായവുമായി ജനിച്ചുവീണ എഴുത്തുകാരനല്ല നാരായൻ. നിരക്ഷരരുടെ ഇളമുറക്കാരൻ. ജീവിതത്തെ നേരിടാൻ അയാളുടെ കയ്യിലുള്ളതു പിച്ചാത്തിയോ വാക്കത്തിയോ തോക്കോ അല്ല, അക്ഷരങ്ങൾ മാത്രമാണ്. തീ കത്തുന്ന അക്ഷരങ്ങൾ. 

മനഃസാക്ഷിയുടെ പ്രേരണ കൊണ്ടാണ് നാരായൻ എഴുതിത്തുടങ്ങിയത്. താൻ ജനിച്ച ഗോത്രസമൂഹത്തെ സത്യസന്ധമായി അനുവാചകലോകത്തിനു പരിചയപ്പെടുത്തുക. ജൻമം നൽകിയെങ്കിലും മകനെ ലാളിച്ചുവളർത്തി, അവന്റെ തണലിൽ ജീവിക്കാൻ ഭാഗ്യമില്ലാതെ അകാലത്തിൽ മരണമടഞ്ഞ നിരക്ഷരയായ സ്വന്തം മാതാവിന്റെ തേങ്ങലാണ് എഴുതാനിരുന്നപ്പോൾ ആദ്യം കേട്ടത്. എങ്ങനെയെന്ന് ഓർമയില്ലാത്ത അമ്മയുടെ മുഖം. ചിന്തയിൽ നീറ്റൽ പടർന്നു. ‘‘നിനക്കു സാധിക്കുന്നതു നിന്നെത്തന്നെ പരിചയപ്പെടുത്താനല്ലേ? പിന്നെന്തിനു മനസ്സു പുണ്ണാക്കുന്നു?’’ അമ്മ ചോദിക്കുന്നതുപോലെ തോന്നി. സ്വയം ആവിഷ്കരിക്കുക. ഒരു നിർബന്ധം മാത്രം. എഴുതുന്നതു തന്റെ സ്വന്തമാണ്. രൂപഭാവങ്ങൾ വികലമാണെങ്കിൽപ്പോലും യാതൊന്നിന്റെയും അനുകരണമാവരുത്. തീരുമാനം അമ്മയോടുള്ള പ്രതിജ്ഞയാണ്. സ്ഥലങ്ങളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കാൻ വലിയ വിഷമമൊന്നുമില്ല. ജീവനോടെയുള്ളവരും ജീവിച്ചിരുന്നവരുമാണവർ. ശാസ്ത്രബോധമില്ലാത്ത, പരിഷ്കാരം കുറഞ്ഞ, നിരക്ഷരരായ, മണ്ണിന്റെയും മലയുടെയും മക്കൾ. ആ മുഖങ്ങൾ പരിചയമുള്ളതാണ്. സംസാരശൈലി മറന്നുപോയിട്ടില്ല. മനസ്സുകൊണ്ട് എഴുതി. ‘കൊച്ചരേത്തി’യും ‘ഓർമകളിലെ തീക്കാല’വുമുൾപ്പെടെയുള്ള നാരായന്റെ കൃതികൾ അങ്ങനെ പിറന്നുവീണു. 

ആദ്യനോവൽ അമ്മയ്ക്കു സമർപ്പിച്ച നാരായൻ അവസാനനോവലായ ‘വഴിമാറ്റങ്ങളും’ അമ്മയ്ക്കാണു സമർപ്പിച്ചത്. ആ സമർപ്പണത്തിൽ തന്റെ പ്രത്യയശാസ്ത്രം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 

ആർക്കും വലിയ തോതിൽ ഒന്നും സമ്പാദിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. കഴിയുന്നുമില്ല. അക്കാര്യത്തിൽ നിരാശയുമില്ല. കുറ്റം ചെയ്യാതെ കുറ്റപ്പെടുത്തലുണ്ടാകുമ്പോൾ വിമ്മിട്ടമുണ്ടാകും. അത് ആരോഗ്യവും ക്ഷയിപ്പിക്കും. മറ്റൊന്നിനും കഴിയാത്തതിനാൽ കുറെശ്ശെ എഴുതാൻ തുടങ്ങും. പക്ഷേ, സ്വസ്ഥത – അതെവിടെയോ ആണ്. ചിരിക്കുന്ന മുഖങ്ങൾക്കുള്ളിൽ നീറുന്ന ഹൃദയങ്ങളും ഉണ്ടാകുമല്ലോ. അക്ഷരാർഥത്തിൽ നീറുന്ന ഹൃദയവുമായാണ് നാരായൻ ജീവിച്ചത്. എന്നാൽ നീറ്റലില്ലാതെ ഒരു തലമുറ ജീവിക്കുന്നത് അദ്ദേഹം സ്വപ്നം കണ്ടു; ആ സ്വപ്നം ഏറ്റെടുക്കാൻ പുതിയ തലമുറയ്ക്കു കഴിയും എന്ന പ്രതീക്ഷയോടെ. 

Content Summary: Writer Narayan passes away.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA