ADVERTISEMENT

അപ്രതീക്ഷിത ആക്രമണത്തെത്തുടർന്നുള്ള പരുക്കുകളിൽ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന സൽമാൻ റുഷ്ദിക്ക് ഐക്യദാർഡ്യവുമായി എഴുത്തുകാർ. റുഷ്ദിയുടെ പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ പരസ്യമായി കൂട്ടത്തോടെ വായിച്ചാണ് പിന്തുണ നൽകുക. ഇന്ന് (വെള്ളിയാഴ്ച)  ന്യൂയോർക്കിലാണ് ചടങ്ങ്. റുഷ്ദിക്ക് ആദ്യമായി വധഭീഷണി ലഭിച്ചപ്പോൾ 1989 ൽ ഇത്തരമൊരു ചടങ്ങ് നടത്തിയതാണ്. മൂന്നു പതിറ്റാണ്ടിനു ശേഷം ചടങ്ങ് ഒരിക്കൽക്കൂടി പുനരാവിഷ്കരിക്കുകയാണ്. പോൾ ആസ്റ്റർ, ടിന ബ്രൗൺ, കിരൺ ദേശായി, അമൻഡ ഫോർമാൻ, എ.എം.ഹോംസ്, ഹാരി കുൻസ്രു, ഗേ ടെയിൽസ് എന്നിവരുൾപ്പെടെയുള്ള എഴുത്തുകാരാണ് സൽമാനൊപ്പം (സ്റ്റാൻഡ് വിത്ത് സൽമാൻ) എന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. 

 

75 വയസ്സുകാരനായ റുഷ്ദി ആക്രമണം നേരിട്ടതിന് കൃത്യം ഒരാഴ്ച തികയുന്ന വെള്ളിയാഴ്ച രാവിലെ ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ കവാടത്തിലെ ചവിട്ടുപടികളിലായിരിക്കും കൂട്ടായ്മ. കത്തിക്കൊണ്ടുള്ള മാരകമായ 10 കുത്തുകളാണ് റുഷ്ദിക്ക് ശരീരത്തിൽ ഏറ്റുവാങ്ങേണ്ടിവന്നത്. കരളിനും ഒരു കൈക്കും കണ്ണിനും ഗുരുതര പരുക്കേൽക്കുകയും ചെയ്തു. എന്നാൽ വിദഗ്ധ ശുശ്രൂഷയിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. വേദനയുണ്ടെങ്കിലും എഴുത്തുകാരൻ തമാശ പറയുന്ന തന്റെ പതിവു മൂഡിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ മകൻ സഫർ അറിയിച്ചു. മക്കൾ ഉൾപ്പെടെയുള്ളവരെ തിരിച്ചറിയുകയും അവരോട് സംസാരിക്കുകയും ചെയ്യുന്ന അദ്ദേഹം പൂർണ ബോധത്തിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതരും വ്യക്തമാക്കി. 

 

പെൻ അമേരിക്ക, ന്യൂയോർക്ക് പബ്ലിക് ലൈബ്രറി, പെൻഗ്വിൻ റാൻഡം ഹൗസ്, ഹൗസ് ഓഫ് സ്പീക്ക് ഈസി എന്നിവർ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. റുഷ്ദിയുടെ തിരഞ്ഞെടുത്ത കൃതികളിൽ നിന്നുള്ള ഭാഗങ്ങളായിരിക്കും വ്യത്യസ്ത എഴുത്തുകാർ വായിക്കുക. ചടങ്ങ് ലൈവ് സ്ട്രീമിങ്ങിലൂടെ ലോകമെങ്ങും എത്തിക്കുകയും ചെയ്യും. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് റുഷ്ദിക്ക് പിന്തുണ അർപ്പിക്കാനും അവസരമുണ്ട്. ലോകത്തിൽ എവിടെയിരുന്നും പൊതുചടങ്ങ് നടത്തി റുഷ്ദി കൃതികളിൽ നിന്നുള്ള ഭാഗം വായിച്ചാൽ മതി. സ്റ്റാൻഡ് വിത്ത് സൽമാൻ എന്ന ഹാഷ്ടാഗിൽ വിഡിയോ പോസ്റ്റ് ചെയ്യാനും പെൻ അമേരിക്ക ആഹ്വാനം ചെയ്തു. 

 

1989 ൽ നടന്ന ചടങ്ങിൽ 3000 ൽ അധികം പേരാണ് ഒരുമിച്ചുകൂടി പിന്തുണ പ്രഖ്യാപിച്ചതും വിവാദ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ വായിച്ചതും. അടുത്തകാലത്തായി വധഭീഷണിയും മരണ വാറന്റും അവഗണിച്ച് പൊതുചടങ്ങുകളിൽ റുഷ്ദി സ്വന്തന്ത്രനായി പങ്കെടുക്കുന്നുണ്ടായിരുന്നു. തന്റെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതായി അദ്ദേഹം അറിയിക്കുകയും ചെയ്തു. അഭയാർഥികളായ എഴുത്തുകാർക്ക് അമേരിക്ക അഭയം കൊടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയ ചടങ്ങിലാണ് കുത്തേറ്റത്. ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തുന്നതിൽ ഉൽകണ്ഠ പ്രകടിപ്പിക്കുന്ന പ്രസ്താവനയിലും അദ്ദേഹം ഒപ്പുവച്ചിരുന്നു. റുഷ്ദിയെ കുത്തിയത് സമ്മതിച്ചെങ്കിലും സംഭവത്തിൽ താൻ കുറ്റക്കരനല്ലെന്നാണ് പ്രതി ഹദി മതർ വാദിക്കുന്നത്. 

 

EEnglish summary : Stand With Salman: Defend the Freedom to Write

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com