ADVERTISEMENT

ഓരോ വായനയും ഒഴുകുന്ന പുഴയിൽ മുങ്ങിനിവർന്നതിനു സമാനമാണ് എന്ന ഹെരാക്ലീറ്റസ് വചനത്തെ ഓർമപ്പെടുത്തിക്കൊണ്ടാണ് തിച് നാത് ഹാനിന്റെ ‘ഗൗതമബുദ്ധന്റെ ജീവിതകഥക’ളിലേക്ക് വിവർത്തകനായ കെ. അരവിന്ദാക്ഷൻ വായനക്കാരെ ക്ഷണിക്കുന്നത്. അമൂല്യമായ ഒരു ഗ്രന്ഥത്തിന്റെ അത്യസാധാരണമായ വായനാനുഭവമാണ് ഇവിടെ അനുവാചകനെ കാത്തിരിക്കുന്നത്.

 

old-path-white-clouds
പഴയ പാത, വെളുത്ത മേഘങ്ങൾ – ഗൗതമബുദ്ധന്റെ ജീവിതകഥ

തിച് നാത് ഹാൻ ലോകപ്രസിദ്ധനായ വിയറ്റ്നാമിസ് ബുദ്ധസന്യാസിയും കവിയും വാഗ്മിയും എഴുത്തുകാരനും സമാധാനപ്രവർത്തകനും അധ്യാപകനുമെല്ലാമായിരുന്നു.1926ൽ ജനിച്ച അദ്ദേഹം ഒരു നൂറ്റാണ്ടു കാലത്തോളം ബുദ്ധദർശനങ്ങളുമായി ഇഴുകിച്ചേർന്ന തന്റെ ജീവിതദൗത്യവുമായി ഒരു ആഗോള ജീവിതം ജീവിക്കുകയും നൂറിലേറെ പുസ്തകങ്ങൾ രചിക്കുകയും ചെയ്തു. 2022 ജനുവരിയിലാണ് ഹാൻ ലോകം വിട്ട് പോകുന്നത്. ഗൗതമബുദ്ധന്റെ ജീവിതകഥകൾ അതീവലളിതമായ ഭാഷയിൽ എഴുതപ്പെടുന്ന തിച് നാത് ഹാനിന്റെ പ്രസിദ്ധമായ മൂന്നു പുസ്തകങ്ങളുടെ മലയാളവിവർത്തനത്തിന്റെ സമ്പുടമാണ് ‘പഴയ പാത, വെളുത്ത മേഘങ്ങൾ’. അദ്ദേഹത്തിന്റെ ‘ഭൂമിയുടെ പാഠങ്ങൾ’, ‘ഗൗതമബുദ്ധന്റെ പരിനിർവ്വാണം’, ‘പഴയ പാത വെളുത്ത മേഘങ്ങൾ’ എന്നീ പുസ്തകങ്ങളാണ് അറുന്നൂറോളം പേജുകൾ വരുന്ന ഈ ശ്രേഷ്ഠഗ്രന്ഥത്തിന്റെ ഉള്ളടക്കം.

book-ratnadanam
സലിം തൊടുകയിൽ എന്ന ജെമ്മോളജിസ്റ്റായ സഞ്ചാരിയുടെ വിസ്മയിപ്പിക്കുന്ന ലോകയാത്രകൾ എഴുതപ്പെടുന്നു ‘രത്നാടനം’ എന്ന ഈ പുസ്തകത്തിൽ.

 

‌ഭൂമിയിൽ ദുഃഖവും ദുരിതവും വേദനയും മാത്രമല്ല, ആനന്ദത്തിന്റെ വിസ്മയങ്ങളുമുണ്ട് എന്നു ബുദ്ധൻ ലോകത്തെ പഠിപ്പിക്കുന്നു. കരുണയുടെ സംഗീതമാണ് ബുദ്ധന്റെ ജീവിതം നമ്മെ നിരന്തരം കേൾപ്പിക്കുന്നത്. പ്രകൃതിയുടെ, വെളിച്ചത്തിന്റെ, ജലത്തുള്ളികളുടെ മിടിപ്പിൽ ജാഗ്രതയോടെ ഹൃദയം സമർപ്പിക്കാൻ കഴിഞ്ഞാൽ ഈ ആനന്ദം നമുക്ക് അനുഭവിക്കാം. ബുദ്ധന്റെ ജീവിതകഥകളിലൂടെ തിച് നാത് ഹാൻ ലോകത്തിന്റെ ഇലത്തുമ്പിലേക്ക് കരുണയുടെ ഒരു നീർത്തുള്ളി ഇറ്റിക്കുന്നു. അതിൽ ഉദിക്കുന്ന സൂര്യനെ കാണിച്ചു തരുന്നു. നമ്മുടെ ചിദാകാശങ്ങളിലേക്ക്  ഇരുട്ട് കീറി പ്രശാന്തമായ വെളുത്ത മേഘങ്ങൾ അപ്പോൾ ഒഴുകി വരുന്നു. മൃദുവായ ഒരു താളമുണ്ട് ഈ ഗ്രന്ഥത്തിലെ വാക്കുകൾക്ക്. സൂക്ഷ്മമാണ് അതിന്റെ മന്ത്രം. ബുദ്ധൻ എന്നാൽ ഉണർന്നിരിക്കുന്നവൻ എന്നാണ് അർഥം. ഉണർന്നിരിക്കുന്നവനേ വെളിച്ചത്തിന്റെ പരാഗങ്ങളെ തൊടുവാൻ കഴിയൂ. ലോകത്തിന്റെ ദുഃഖങ്ങൾ മായ്ക്കുവാൻ വെളിച്ചമുള്ള മനുഷ്യനു മാത്രമേ കഴിയൂ. ആയതിനാൽ ഉണർന്നിരിക്കുന്ന മനുഷ്യനാവുക, ബുദ്ധനാവുക നമ്മൾ! ഈ പുസ്തകം എനിക്ക് വിവർത്തകൻ സ്നേഹത്തോടെ സമ്മാനിച്ചതാണ്. അദ്ദേഹത്തോടുള്ള നിറഞ്ഞ നന്ദി ഇപ്പോൾ മനസ്സിൽ. ഇതിന്റെ പാരായണം എന്റെ ദിവസങ്ങളെ ആർദ്രമായി മാറ്റിമറിക്കുന്നു. ഹൃദയത്തിൽ ആനന്ദം നിറയുന്ന അപൂർവമായ അനുഭവം. മലയാളത്തിൽ സമീപകാലത്ത് ഉണ്ടായ വിശിഷ്ടമായ പുസ്തകങ്ങളിൽ ഒന്നാണ് കഥാകൃത്തും നോവലിസ്റ്റുമായ കെ.അരവിന്ദാക്ഷൻ മനോഹരമായി മലയാളത്തിലേക്ക് മാറ്റിയെഴുതിയ ഈ തിച് നാത് ഹാൻ ഗ്രന്ഥസമൂച്ചയം എന്ന് ആഹ്ലാദത്തോടെ പറയട്ടെ.

 

ബുദ്ധപാതകളിൽ വെളുത്ത മേഘങ്ങളെ നോക്കി നടന്ന് ഞാൻ ഒരു സഞ്ചാരിയുടെ ജീവിതപുസ്തകത്തിലേക്ക് അവിചാരിതമായി എത്തുന്നു. സ്വപ്നാടകനല്ല അയാൾ, രത്നാടകനാണ്. രത്നങ്ങളുടെ, വിലയേറിയ കല്ലുകളുടെ, മാറ്റുരയ്ക്കുന്ന പണിക്കാരനാണ് അയാൾ. ഒരർത്ഥത്തിൽ നമ്മൾ കാൽച്ചുവട്ടിലെ മൺതരിയുടെ, കല്ലുകളുടെ ഒക്കെ വില തിരിച്ചറിയാതെ കടന്നു പോകുന്നവർ. ബുദ്ധൻ പറയുന്നതും പാതയിലെ മൺതരിയുടെ വെളിച്ചം തിരിച്ചറിയുവിൻ എന്നാണ്. ബുദ്ധപാരായണം എന്നെയും കല്ലുകളുടെ മനസ്സ് വായിക്കാൻ പഠിപ്പിക്കുന്നു. അവയിൽ നിന്നും പുറപ്പെടുന്ന അനേകം സൂര്യന്മാരിലേക്ക് എന്റെ കാഴ്ചയും തുറക്കുന്നു. സലിം തൊടുകയിൽ എന്ന ജെമ്മോളജിസ്റ്റായ സഞ്ചാരിയുടെ വിസ്മയിപ്പിക്കുന്ന ലോകയാത്രകൾ എഴുതപ്പെടുന്നു ‘രത്നാടനം’ എന്ന ഈ പുസ്തകത്തിൽ. ജി.ജ്യോതിലാൽ ആണ് ഈ നല്ല പുസ്തകത്തിനു ഹൃദ്യമായ ഭാഷ കൊണ്ടു പ്രാണൻ നൽകിയത്. രത്നങ്ങൾ തേടി സലിം തൊടുകയിൽ ലോകത്തിലെ പല രാജ്യങ്ങളിലൂടെ, പ്രത്യേകിച്ചും ആഫ്രിക്കൻ രാജ്യങ്ങളിലൂടെ, ഖനികളിലൂടെ എല്ലാം നടത്തിയ യാത്രകളുടെ ഗംഭീരമായ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാളത്തിലെ പതിവ്  യാത്രാപുസ്തകങ്ങളിൽ നിന്നു വിഭിന്നമായ ഒരു  വായനാനുഭവം നൽകുന്ന പുസ്തകം എന്ന് രത്നാടനത്തെ വിശേഷിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com