ഇതുവരെ കാണാത്ത ഹിമാലയം; ഇനിയും വായിച്ചിട്ടില്ലാത്ത വാക്കുകൾ

high-by-erika-fatland
എരിക ഫാറ്റ്ലാൻഡ്. ചിത്രത്തിന് കടപ്പാട്: ട്വിറ്റർ
SHARE

ഒറ്റ അച്ചിൽ വാർത്ത ശിൽപങ്ങൾ പോലെയുള്ള ഹിമാലയ യാത്രകൾക്ക് വിട. വേറിട്ടതെന്നോ വ്യത്യസ്തമെന്നോ പറയാനാവാത്ത രീതിയിൽ ഒരേ അലകും പിടിയുമുള്ള വിവരണങ്ങളും മറക്കാം. ഹിമാലയത്തെ ആത്മീയ വിശുദ്ധിയിൽ എന്നതിനേക്കാൾ ജീവിതത്തിന്റെ കേന്ദ്രമായിക്കണ്ട് പുതിയൊരു യാത്ര വരുന്നു. വ്യത്യസ്തമായ വിവരണവും. 

യാത്ര ജീവിതചര്യയാക്കിയവർ മറ്റുള്ളവർക്കു കൂടി ഉപകാരപ്പെടുന്ന മട്ടിൽ ഹിമാലയ യാത്രാവഴികൾ എഴുതിയിട്ടുണ്ട്. പിന്നാലെ വരുന്ന യാത്രികർക്കു വഴി കാണിക്കുന്ന വാക്കുകൾ. ഭൂമിശാസ്ത്രം പ്രധാന പ്രമേയമാക്കി പർവത നിരകളിലൂടെ വഴി തെളിച്ചവരുണ്ട്. കൂട്ടായ്മയുടെ അനന്ദത്തിനുവേണ്ടി മല കയറിയവരുണ്ട്. എന്നാൽ കൂടുതൽ പേരെയും ആകർഷിച്ചത് ആത്മീയതയാണ്. ഗിരിനിരകളിൽ ജീവിതത്തിന്റെ ഉയരവും താഴ്ചയും തേടിയവർ‌. ഭക്തിയും ആദരവും അതിശയവും അവരുടെ വാക്കുകൾക്ക് തൊങ്ങലു ചാർത്തി. തത്ത്വചിന്താപരമായി ജീവിതയാത്രയുടെ സമാനതകൾ കണ്ടെത്തി. ആത്മാവ് പാടും പോലെ, നാമസങ്കീർത്തനങ്ങളുടെ വിശുദ്ധിയിൽ, പ്രാർഥനയുടെ ഹോമകുണ്ഡങ്ങൾ ജ്വലിപ്പിച്ചു. പരിത്യാഗത്തിന്റെ, ഉപേക്ഷിക്കലിന്റെ, സുഖങ്ങളിൽ നിന്നും സന്തോഷങ്ങളിൽ നിന്നും മാറിനിൽക്കുന്നതിന്റെ ഋഷി തുല്യമായ നിസ്സംഗതയിൽ ലൗകികസുഖങ്ങളിൽ മുഴുകിയവരോട് വാക്കുകളിൽ വേദാന്തം ഉരുവിട്ടു. ഓരോ പുസ്തകവും അനുകരിക്കുന്നതിൽ മാതൃക കാട്ടിയതോടെ, ഹിമാലയ യാത്രാവിവരണങ്ങൾക്കും ആവശ്യക്കാർ കുറഞ്ഞു. നരവംശ ശാസ്ത്രജ്ഞയായ എരിക ഫാറ്റ്ലാൻഡിന്റെ ഹൈ എന്ന പുസ്തകം പുറത്തുവരും വരെ. യാത്രാവിവരണം തന്നെയാണ് ഹൈ, എന്നാൽ ക്ലീഷേകൾ ഒഴിവാക്കിയത്. ഫാറ്റ്ലാൻഡ് യാത്രയിൽ കഥാപാത്രമേയല്ല. ആഖ്യാതാവോ അനുകർത്താവോ അല്ല. മലയുടെ ശബ്ദം മാത്രമല്ല, കാട്ടരുവികളുടെ ഓളങ്ങൾ പറഞ്ഞതുമാത്രമല്ല, വഴിയിലും ഇടത്താവളങ്ങളിലും കണ്ട മനുഷ്യരുടെ സത്യസന്ധമായ വാക്കുകൾ കൂടി പകർത്തി ഹിമാലയത്തിലെ മനുഷ്യാനുഭവം ആവിഷ്ക്കരിക്കാനാണ് ഫാറ്റ്ലാൻഡ് ശ്രമിക്കുന്നത്. ഇതുവരെ അറിഞ്ഞതിൽ നിന്നു വ്യത്യസ്തമായി ഗിരിനിരകളിൽ നിന്നു മണ്ണിലേക്ക് ഇറങ്ങിവരുന്ന യാത്ര. 

ആഭരണങ്ങൾ അഴിച്ചുവച്ച വധുവിനെപ്പോലെ. ആഡംബരങ്ങൾ ഉപേക്ഷിച്ച സമ്പന്നനെപ്പോലെ. സമൃദ്ധമായ ഭക്ഷണം ഉപേക്ഷിച്ച് പട്ടിണിയിലൂടെ ഐക്യപ്പെടലിന്റെ ആനന്ദം കണ്ടെത്തിയ യുവയോഗിയെപ്പോലെ. സൗന്ദര്യത്താൽ സമ്പന്നയായിരുന്നിട്ടും സ്വഭാവഗുണത്താൽ മാത്രം അറിയപ്പെട്ട യുവതിയെപ്പോലെ. വിരൂപയെന്ന് ആക്ഷേപിക്കപ്പെട്ടിട്ടും സ്നേഹത്തിന്റെ സൗന്ദര്യത്താൽ ഒാർമിക്കപ്പെട്ടവളെപ്പോലെ. ഹൈയിൽ ഹിമാലയം അപ്രാപ്യമല്ല. അസാധ്യവുമല്ല. സാധാരണ മനുഷ്യരുടെ ജീവിതഭൂമിയാണ്. സാഹചര്യങ്ങളുടെ തല്ലും തലോടലുമേറ്റ് നയിക്കുന്ന ജീവിതമാണ്. സങ്കടങ്ങളും വല്ലപ്പോഴും മാത്രമുള്ള സന്തോഷവും നിറഞ്ഞ ദുരിത ദിനങ്ങളാണ്. 

പാക്കിസ്ഥാൻ, ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, ചൈന, ടിബറ്റ് എന്നിവടങ്ങളിലൂടെയാണ് യാത്ര പുരോഗമിക്കുന്നത്. കടന്നുപോകുന്ന ഓരോ നഗരവും മിഴിവൂറുന്ന ചിത്രങ്ങളായി നിറയുന്നു. പട്ടണങ്ങളും ഗ്രാമങ്ങളും തനിമയോടെ വ്യക്തമായ ദൃശ്യങ്ങളാകുന്നു. കാടും സമതലങ്ങളും താഴ്‌വാരങ്ങളും പിന്നിട്ട് യാത്ര തുടരുകയാണ്. ആത്മീയമെന്നതിനേക്കാൾ ജൈവികമായി. അതിഭൗതിക തലത്തിൽ എന്നതിനേക്കാൾ സാധാരണമായി. ചരിത്രവും ഭൂമിശാസ്ത്രവും നിറയുന്ന എഴുത്തിൽ ഓരോ സ്ഥലത്തിന്റെയും മണ്ണിന്റെ മണമുണ്ട്. ഒരുപക്ഷേ ഇതാദ്യമായാണ്, ഹിമാലയ യാത്രാവിവരണം ഗിരിനിരകളിൽ നിന്ന് മണ്ണിലേക്കിറങ്ങുന്നതും. 

ഫാറ്റ്ലാൻഡ് കണ്ടുമുട്ടുന്ന മനുഷ്യരുമായുള്ള സംഭാഷണങ്ങളിലൂടെയാണ് യാത്ര മുന്നേറുന്നത്. ബസിൽ അപരിചിതരുമായി എഴുത്തുകാരി സംസാരിക്കുന്നു. പറയുന്നതേക്കാൾ കൂടുതൽ കേൾക്കുന്നു. പല തരക്കാരെ കാണുന്നു. അവരുടെ വാക്കുകളിൽ ഹിമാലയ വഴികൾ തെളിയുന്നു. സാധാരണക്കാർക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും സന്യാസിമാരും രാജാക്കൻമാർ പോലും അനുഭവം പറയുന്നു. പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പർവത നിരകളിലെ ജീവിതം പലരുടെ വാക്കുകളിലൂടെ തെളിയുകയാണ്, പ്രഭാതത്തിൽ മഞ്ഞിന്റെ ആവരണത്തിൽ നിന്നു പുറത്തുവരുന്ന മലനിരകൾ പോലെ. 

താലിബാൻ ഭരണത്തിൽ ക്രൂരതകൾ അനുഭവിക്കുന്ന സ്ത്രീകളെ ഫാറ്റ്ലാൻഡ് കാണുന്നുണ്ട്. ജീവിച്ചിരിക്കെത്തന്നെ ദേവതമാരായി ആരാധിക്കപ്പെട്ടവരുണ്ട്. മനുഷ്യക്കടത്തിന്റെ ഇരകളും ലൈംഗിക ചൂഷണത്തിൽ ജീവിതം നഷ്ടപ്പെട്ടവരുമുണ്ട്. നേപ്പാളിലെ വിദൂരമായ ഒരു ഗ്രാമത്തിൽ‌ കണ്ടുമുട്ടുന്ന സ്ത്രീകൾ ആർ‌ത്തവകാലത്ത് സ്വന്തം വീട്ടിൽ ഉറങ്ങാൻ അവകാശമില്ലാത്തവരാണ്. ഒരാഴ്ചയോളം കുടിലുകളിലാണ് താമസിക്കുന്നത്. വിഷപ്പാമ്പുകളുടെ കടിയേറ്റു മരിക്കുന്നതു പതിവാണ്. വിഷവാതകങ്ങളും മരണകാരണമാകാറുണ്ട്. 

ഇന്ത്യൻ അതിർത്തിയിലൂടെയുള്ള യാത്രയ്ക്കിടെ നാലു സന്യാസിനികളെ കണ്ടുമുട്ടുന്നു. എന്നാൽ നേതാവെന്ന് തോന്നുന്ന സന്യാസി കൂടെയുള്ളപ്പോൾ അവർ മൗനം പാലിച്ചു. സന്യാസി അടുത്തില്ലാത്തപ്പോൾ അവർ ആവേശത്തോടെ ഇംഗ്ലിഷിൽ സംസാരിച്ചു. കുടുംബം, ജോലി, വിദ്യാഭ്യാസം, സ്നേഹബന്ധങ്ങൾ, കുട്ടികളെ വളർത്തുന്നത് എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച്. 

മലനിരകളിൽ സ്ത്രീകളുടെ ജീവിതം വൈചിത്ര്യപൂർണമായി ആവിഷ്കരിക്കുന്ന ഫാറ്റ് ലാൻഡ് അനുകരിക്കുന്നില്ലെന്നു മാത്രമല്ല, പുതിയൊരു മാതൃക സൃഷ്ടിക്കുന്നുമില്ല. ഹൈ ഇനിയൊരാൾക്കും എഴുതാനാവില്ല. ഇതുവരെ ആർക്കും എഴുതാൻ കഴിഞ്ഞിട്ടില്ല എന്നതുപോലെതന്നെ. അതുകൊണ്ടുതന്നെ ഹിമാലയം ഫാറ്റ്ലാൻഡിനു കൂടി അവകാശപ്പെട്ടതാണ്. ജീവിതം പറഞ്ഞ സ്ത്രീകൾക്കെന്നതുപോലെ. വഴി ഇനിയും നീളുന്നു. യാത്രികർ ഇനിയും വരട്ടെ. ഇനിയും കാണാത്ത ഹിമാലയം ഇതൾ വരിയട്ടെ. വാക്കുകൾ കാത്തിരിക്കുന്നു.

English Summary : High by Erika Fatland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}