ADVERTISEMENT

വലതുപക്ഷ ശക്തികൾ ഇടതുപക്ഷ അരാജകവാദികളുമായി ചേർന്നു നടത്തിയ ആസൂത്രണമായിരുന്നു അരും കൊലയ്ക്ക് ഇടയാക്കിയത് '

 

2021 സെപ്റ്റംബർ 23ന്, സഖാവ് അഴീക്കോടൻ രാഘവന്റെ 49ാം ചരമവാർഷികത്തിൽ സിപിഎം മുഖപത്രം പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നാണ് ഈ വരികൾ.

 

പക്ഷേ, അഴീക്കോടൻ വധക്കേസിൽ പ്രതി ചേർക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരെല്ലാം സിപിഎമ്മിന്റെ ഭാഷയിൽ ‘ഇടതുപക്ഷ അരാജകവാദി’കളോ ‘ഇടതുപക്ഷ തീവ്രവാദി’കളോ ആയിരുന്നു. എങ്കിലും പാർട്ടി ആരോപിക്കുന്നതു പോലെ വലതുപക്ഷ ശക്തികളൊന്നും പ്രതിപ്പട്ടികയിൽ ഇടം പിടിച്ചില്ല.

 

അക്കാലത്ത് വലതുപക്ഷ ഭരണവും പൊലീസുമായിരുന്നു കേരളത്തിൽ എന്നായിരുന്നു പലപ്പോഴും പാർട്ടി പ്രതികരണം. എന്നാൽ സംഭവത്തിനു ശേഷം കാൽനൂറ്റാണ്ടോളം ഇടതുപക്ഷം ഭരിച്ചിട്ടും പ്രതിപ്പട്ടികയ്ക്കു മാറ്റമു‍‍ണ്ടാക്കാൻ പുനരന്വേഷണമുണ്ടായില്ല.

 

കൊല്ലപ്പെടുമ്പോൾ അഴീക്കോടന്റെ കയ്യിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന, നവാബ് രാജേന്ദ്രന്റെ പത്രത്തിൽ പ്രസിദ്ധീകരിച്ച് കോളിളക്കമുണ്ടാക്കിയ, കെ.കരുണാകരനെ പ്രതിസ്ഥാനത്തു നിർത്തുന്ന കത്തിനെക്കുറിച്ചും പിന്നീട് അന്വേഷണമുണ്ടായില്ല.

 

അഴീക്കോടൻ രാഘവൻ വധം ഇന്നും ബാക്കി വയ്ക്കുന്ന ഒരുപാട് ചോദ്യങ്ങൾ കേരളീയ പൊതുസമൂഹത്തിനു മുൻപിൽ വീണ്ടും ഉന്നയിക്കുകയാണ് അഴീക്കോടന്റെ രക്തസാക്ഷിത്വത്തിന്റെ അൻപതാം വർഷത്തിൽ സിപിഎം കോഴിക്കോട് പെരുമണ്ണ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം ഉണ്ണി ബേപ്പൂർ എഴുതി പ്രസിദ്ധീകരിക്കുന്ന ‘അഴീക്കോടനെ കൊന്നതു ഞങ്ങളല്ല’ എന്ന പുസ്തകം.

 

പ്രിയ സഖാവിന്റെ ജീവനെടുത്തതാര് എന്നു കണ്ടെത്താൻ ഒരു സഖാവ് നടത്തിയ എഴുകൊല്ലം നീണ്ട അന്വേഷണം കൂടിയാണ് ഈ പുസ്തകം.

 

കഥ ഇതു വരെ

unni-beppur
ഉണ്ണി ബേപ്പൂർ

 

1972 സെപ്റ്റംബർ 23നു രാത്രി തൃശൂർ ചെട്ടിയങ്ങാടിയിൽ കുത്തേറ്റു മരിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഇടതുപക്ഷ മുന്നണി കോ–ഓഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവീനറുമാണു കണ്ണൂർ സ്വദേശിയായ അഴീക്കോടൻ രാഘവൻ. ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ ഭാരവാഹി കൂടിയായിരുന്ന അദ്ദേഹം സംഘടനാ കാര്യങ്ങൾക്കായാണു തലേദിവസം തൃശൂരിലെത്തിയത്. തൃശൂരിലെ പ്രീമിയർ ലോഡ്ജിലായിരുന്നു താമസം, രണ്ടിന് എറണാകുളത്ത് ചില ട്രേഡ് യൂണിയൻ യോഗങ്ങളിൽ പങ്കെടുത്തശേഷം വൈകുന്നേരത്തോടെ തൃശൂരിലേക്കു മടങ്ങി. രാത്രി ഒൻപത് മണിയോടെ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിറങ്ങി ലോഡ്ജിലേക്കു നടക്കുമ്പോൾ വഴിയിൽ ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും കുത്തേറ്റ് ചോരവാർന്ന നിലയിൽ രണ്ടര മണിക്കൂറോളം റോഡിൽ കിടന്ന ശേഷമാണു അഴീക്കോടന്റെ ശരീരം പൊലീസ് ആശുപത്രിയിലേക്കു മാറ്റിയത്.

 

കരുണാകരന്റെ കത്ത്, നവാബിന്റെ പല്ല്

 

പുതുതായി ആരംഭിക്കുന്ന കാർഷിക സർവകലാശാലയ്ക്കു വേണ്ടി സ്വകാര്യ റബർ എസ്റ്റേറ്റ് സർക്കാർ വില കൊടുത്തു വാങ്ങുന്നതുമായി ബന്ധപ്പെട്ടു വലിയ അഴിമതി നടന്നുവെന്ന ആരോപണം നിലനിൽക്കുന്ന കാലമായിരുന്നു. മുഖ്യഭരണകക്ഷിയായിരുന്ന സിപിഐക്കെതിരെ ആദ്യം ഉന്നയിക്കപ്പെട്ട ആരോപണം പിന്നീട് ആഭ്യന്തരമന്ത്രി കെ. കരുണാകരനെതിരെയായി. (അന്ന് കോൺഗ്രസ്– സിപിഐ സഖ്യസർക്കാരാണ്) എസ്റ്റേറ്റ് മാനേജരോട് കൈക്കൂലി ആവശ്യപ്പെട്ടു കരുണാകരനു വേണ്ടി പിഎ എഴുതിയതെന്നു പറയുന്ന കത്ത്, തൃശൂരിൽ നിന്നിറങ്ങുന്ന ‘നവാബ്’ പത്രം 1972 ഏപ്രിൽ ഒന്നിനു പ്രസിദ്ധീകരിച്ചു. കത്തിന്റെ ഒറിജിനൽ ആവശ്യപ്പെട്ട് നവാബ് പത്രാധിപർ രാജേന്ദ്രനെ തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി ജയറാം പടിക്കൽ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചു. കത്ത് അഴീക്കോടന്റെ കയ്യിലേൽപിച്ചുവെന്നായിരുന്നു നവാബ് രാജേന്ദ്രന്റെ മൊഴി. രാജേന്ദ്രനെയും കൂട്ടി പൊലീസ് പുലർച്ചെ കണ്ണൂരിൽ അഴീക്കോടന്റെ വീട്ടിലെത്തിയെങ്കിലും കത്തു കിട്ടിയില്ല. കത്ത് ഇഎംഎസിന്റെ പക്കലാണെന്നാണ് അഴീക്കോടൻ പറഞ്ഞത്. നവാബ് രാജേന്ദ്രൻ പൊലീസിന്റെ കസ്റ്റഡിയിലാണെന്നു പിറ്റേന്നുതന്നെ അഴീക്കോടൻ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് നവാബിനെ ക്രൈം ബ്രാഞ്ച് വിട്ടയച്ചു. കത്തിന്റെ ഒറിജിനൽ നിയമസഭയിൽ ഹാജരാക്കാൻ താൽപര്യപ്പെട്ട് നവാബ് രാജേന്ദ്രൻ പ്രതിപക്ഷ നേതാവ് ഇഎംഎസിനെ സന്ദർശിച്ചെങ്കിലും കത്ത് കോടതിയിൽ ഹാജരാക്കുന്നതാണ് നല്ലത് എന്നായിരുന്നു ഇഎംഎസിന്റെ അഭിപ്രായം. പ്രതിപക്ഷ നേതാക്കളുടെ ഒപ്പു സഹിതം കത്ത് കോടതിയിൽ ഹാജരാക്കാൻ തീരുമാനമായി. സെപ്റ്റംബർ 25ന് കോടതിയിൽ ഹാജരാക്കുമെന്ന് അഴീക്കോടൻ പ്രഖ്യാപിച്ചു. ഇടതുമുന്നണി കൺവീനറായ അഴീക്കോടൻ 24ന് തൃശൂരിൽ പ്രതിപക്ഷത്തെ കക്ഷിനേതാക്കളുടെ യോഗവും വിളിക്കാൻ തീരുമാനിച്ചു. ആ യോഗത്തിനു തൊട്ടുതലേന്ന് രാത്രിയാണ് എറണാകുളത്തു നിന്നു തൃശൂരിൽ ബസിറങ്ങി നടക്കുന്നതിനിടെ അഴീക്കോടൻ കുത്തേറ്റു മരിച്ചത്. ആ കത്ത് ഉണ്ടായിരുന്നുവെന്നു കരുതപ്പെടുന്ന കറുത്ത ബാഗ് അഴീക്കോടന്റെ മൃതദേഹത്തിനൊപ്പം തന്നെ ഉണ്ടായിരുന്നുവെങ്കിലും കത്ത് പിന്നീടു കണ്ടവരില്ല. അഴീക്കോടൻ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകം നവാബ് രാജേന്ദ്രനെ കാണാതായി. പൊലീസുകാരെന്നു കരുതുന്ന ചിലർ തന്നെ തട്ടിക്കൊണ്ടുപോയി മർദിച്ചു കത്തു കൈവശപ്പെടുത്തിയെന്നു പിന്നീട് നവാബ് രാജേന്ദ്രൻ കോടതിയിൽ മൊഴി നൽകി. രാജേന്ദ്രനെ മദ്യം നൽകി വശത്താക്കി കത്ത് താൻ വാങ്ങിയെടുത്തുവെന്നും അത് രാജേന്ദ്രനറിയാതെ ചിക്കൻ കറിയിൽ കലർത്തി തീറ്റിച്ചുവെന്നും ജയറാം പടിക്കൽ പിന്നീട് ജീവചരിത്രകാരൻ വെങ്ങാനൂർ ബാലകൃഷ്ണനു നൽകിയ അഭിമുഖത്തിൽ അവകാശപ്പെടുകയുണ്ടായി. സ്വന്തം ജീവചരിത്രത്തിൽ നവാബ് രാജേന്ദ്രൻ അതു നിഷേധിച്ചു. തന്റെ മുൻനിരയിലെ പല്ലുകളും പത്രവും ജയറാം പടിക്കലിന്റെ പൊലീസ് ഭീകരതയ്ക്കു മുൻപിൽ നഷ്ടപ്പെട്ടെങ്കിലും പടിക്കലിനോട് തോൽവി സമ്മതിക്കാൻ നവാബ് ഒരിക്കലും തയാറായിരുന്നില്ല. നവാബിനോടു ചെയ്ത ക്രൂരതകൾ പടിക്കൽ പിന്നീട് ഏറ്റുപറയുകയും ചെയ്തു.

 

ആര്യനും അഴീക്കോടനും

 

തൃശൂരിൽ സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളും ദീർഘകാലം ജില്ലാ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എ.വി. ആര്യൻ 1970 കളുടെ ആദ്യം ഇഎംഎസുമായുള്ള ഭിന്നതയെത്തുടർന്ന് പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടിരുന്നു. തുടർന്ന് ആര്യൻ രൂപീകരിച്ച കമ്യൂണിസ്റ്റ് യൂണിറ്റി സെന്റർ (സിയുസി) തൃശൂരിൽ, പ്രത്യേകിച്ച് ട്രേഡ് യൂണിയൻ രംഗത്ത്, സിപിഎമ്മിനു കടുത്ത വെല്ലുവിളിയുയർത്തി. സിയുസിയുടെ വെല്ലുവിളി നേരിടുന്നതിൽ തൃശൂരിലെ പാർട്ടി നേതൃത്വം പരാജയപ്പെട്ടപ്പോൾ അഴീക്കോടൻ രാഘവനാണു പ്രതിരോധത്തിനു നേതൃത്വം നൽകാനെത്തിയത്. ആര്യനും കൂട്ടരും നക്സലൈറ്റുകളാണെന്നായിരുന്നു സിപിഎമ്മിന്റെ മുഖ്യപ്രചാരണം.

 

അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടതിനു പിന്നാലെ സിയുസി ഓഫിസും പ്രവർത്തകരും ആക്രമിക്കപ്പെട്ടു. സിയുസി അനുഭാവിയായിരുന്ന ഡേവിഡ് എന്ന ചുമട്ടുതൊഴിലാളിയെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തി. എ.വി. ആര്യനുൾപ്പെടെ എട്ടു സിയുസി പ്രവർത്തകരാണ് അഴീക്കോടൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ടത്. എട്ടാം പ്രതിയായിരുന്ന ആര്യനെ, സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നുവെന്നു കണ്ടു കോടതി വിട്ടയച്ചു. പ്രതികളിലൊരാൾക്ക് ജീവപര്യന്തവും മറ്റ് ആറു പേർക്ക് ഒന്നര വർഷവും തടവു വിധിച്ചു

 

പുസ്തകത്തിലേക്ക്

 

40 വർഷത്തോളമായി സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്ന ഉണ്ണി ബേപ്പൂർ മറ്റൊരു വാർത്തയുടെ പിന്നാലെയുള്ള യാത്രയ്ക്കിടെയാണ് അഴീക്കോടൻ വധക്കേസിലേക്ക് ആകർഷിക്കപ്പെടുന്നത്. സഖാവ് അഴീക്കോടന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചു ചെറുപ്പം മുതലേ കേൾക്കുന്നുണ്ടെങ്കിലും അടുത്തറിയുന്നത് പിൽക്കാലത്താണ്. കേരളത്തിൽ സഹകരണ മേഖലയിലെ ആദ്യത്തെ ആശുപത്രി അര നൂറ്റാണ്ടു മുൻപ് തൃശൂരിൽ ആരംഭിക്കാൻ മുൻകയ്യെടുത്ത ടി.എ. ജോസുമായി പരിചയപ്പെടാനിടയായതു വഴിത്തിരിവായി. അഴീക്കോടൻ വധക്കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി വിശ്രമ ജീവിതം നയിക്കുന്ന അഞ്ചാം പ്രതി ചേർത്തല വടക്കുമ്പുറത്ത് ശശിയിലേക്കു ജോസ് വഴിയാണ് എത്തിപ്പെടുന്നത്. അഴീക്കോടൻ കൊല്ലപ്പെടുന്ന കാലത്ത് സിയുസി പ്രവർത്തകനും തൃശൂരിൽ ഹോട്ടൽ ജീവനക്കാരനുമായിരുന്നു ശശി. 2015ലാണ് ഉണ്ണി ബേപ്പൂർ തൃശൂരിൽ ശശിയെ കണ്ടെത്തുന്നത്. അഴീക്കോടൻ വധക്കേസിലെ പ്രതികളിൽ ശശിയും ഏഴാം പ്രതി കളത്തിപ്പള്ളി ഗോപിയും ഒഴികെയുളളവരെല്ലാം അതിനകം മരിച്ചു. കൊലപാതകത്തിനു മൂന്നു ദിവസം മുൻപാണു താൻ അഴീക്കോടനെ അവസാനമായി കണ്ടതെന്നാണു ശശി പറയുന്നത്. ശശിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പിന്നീടു ഗോപിയെയും കണ്ടെത്തി. അഴീക്കോടൻ രാഘവനെ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നായിരുന്നു അക്കാലത്ത് തൃശൂരിൽ ഹോട്ടൽ തൊഴിലായിരുന്ന ഗോപിയുടെ മൊഴി. ഇവരുടെ മൊഴികളും , അഴീക്കോടൻ കൊല്ലപ്പെട്ട സ്ഥലത്ത് ആദ്യമെത്തി മൃതദേഹം തിരിച്ചറിഞ്ഞ നേതാവായ എം.പി. വീരേന്ദ്രകുമാറിന്റെ അഭിമുഖവും ഉൾപ്പെടുത്തിയാണ് ഉണ്ണി പുസ്തകം തയാറാക്കിയിരിക്കുന്നത്. അന്വേഷണങ്ങൾ ഇനിയും തുടരുമെന്നും ഉണ്ണി പറയുന്നു.

 

 

അഴീക്കോടൻ കൊല്ലപ്പെടുന്നതിനു തലേന്ന് ലോഡ്ജ് മുറിയിൽ വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിറ്റേന്നു രാവിലെ എറണാകുളത്തിനു പോകുന്ന താൻ തിരിച്ചെത്തിയ ശേഷം രാത്രി വീണ്ടും സംസാരിക്കാനുണ്ടെന്നും, കാത്തിരിക്കണമെന്നും വീരേന്ദ്രകുമാറിനോട് അഴീക്കോടൻ പ്രത്യേകം പറയുകയും ചെയ്തു. സെപ്റ്റംബർ 23 ന് വൈകിട്ട് ലോഡ്ജിൽ ഏറെ നേരം കാത്തിരുന്നിട്ടും കാണാതെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീരേന്ദ്രകുമാർ അഴീക്കോടന്റെ മൃതദേഹം കാണുന്നത്.

 

എന്തു ചെയ്തും നവാബ് രാജേന്ദ്രനിൽ നിന്ന് ആ കത്ത് കൈവശപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രി കെ.കരുണാകരൻ തന്നോട് ആവശ്യപ്പെട്ടതായി ജയറാം പടിക്കൽ പിൽക്കാലത്തു ജീവചരിത്രകാരനോടു വെളിപ്പെടുത്തുന്നുണ്ട്. കത്തു തേടി പൊലീസ് പുലർച്ചെ വീട്ടിലെത്തിയതായി അഴീക്കോടന്റെ പത്നി മീനാക്ഷി ടീച്ചറും പറഞ്ഞിട്ടുണ്ട്. ആ കത്തിനു പിന്നീടെന്തു സംഭവിച്ചു എന്നതിൽ ഒരന്വേഷണവുമുണ്ടായില്ല എന്നതാണ് തന്നെ അദ്ഭുതപ്പെടുത്തുന്നതെന്ന് ഉണ്ണി പറയുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയ നേതാവായിരുന്നു അഴീക്കോടൻ രാഘവൻ. സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ച , അഞ്ചാം ക്ലാസിൽ പഠിപ്പു നിർത്തേണ്ടി വന്ന, ബീഡിത്തൊഴിലാളിയായി ജീവിതം തുടങ്ങി കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും സമുന്നത നേതാക്കളിലൊരാളായി വളർന്ന, 1967ലെ ഭരണമുന്നണിയുടെ കൺവീനറായിരുന്നിട്ടും ഒരു പഞ്ചായത്ത് അംഗമെന്ന സ്ഥാനം പോലും സ്വീകരിക്കാതിരുന്ന, മരിക്കുമ്പോൾ പോലും സ്വന്തമായൊരു കൂരയെങ്കിലുമില്ലാതിരുന്ന അഴീക്കോടന് അർഹിക്കുന്ന നീതി കിട്ടിയിട്ടില്ലെന്ന വിശ്വാസത്തിലാണ് ഉണ്ണി ബേപ്പൂരിന്റെ അന്വേഷണം. അഴീക്കോടൻ രാഘവൻ വധക്കേസിൽ പുതിയൊരു തുടരന്വേഷണത്തിനുള്ള നിയമസാധുതയും നിയമ സാധ്യതയും തിരഞ്ഞ് സഖാവ് ഉണ്ണിയുടെ അന്വേഷണം തുടരുന്നു. 

English Summary : Azhikodan Murder still Remains a Conundrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com