ജീവനു ഭീഷണിയുണ്ട്, ആക്രമണം ഉണ്ടായേക്കാം; വിമർശനത്തിനു മൂർച്ച കൂട്ടി ഓർഹൻ പാമുക്

Orhan Pamuk
ഓർഹൻ പാമുക്. Image Credit: AFP
SHARE

സുഹൃത്ത് സൽമാൻ റുഷ്ദിക്കു നേരെ ആക്രമണമുണ്ടായ വാർത്ത നൊബേൽ ജേതാവായ തുർക്കി എഴുത്തുകാരൻ ഓർഹൻ പാമുക് അറിയുന്നത് ഒരു അർധരാത്രിയാണ്. നാലു മണിക്കൂറിലധികം തുടർച്ചയായി ഉറങ്ങുന്നതു ശീലമില്ലാത്തതിനാൽ ഉറക്കത്തിനിടെ എഴുന്നേറ്റപ്പോൾ ഞെട്ടിക്കുന്ന വാർത്ത അദ്ദേഹം കേട്ടു. അമേരിക്കയിലുണ്ടായിരുന്നപ്പോഴാണ് അവർ സുഹൃത്തുക്കളായത്. റുഷ്ദിയെപ്പോലെതന്നെ ഭീഷണിയുടെ നിഴലിലാണ് പാമുക്കും ജീവിക്കുന്നത്. കുർദുകൾക്കെതിരെയുള്ള തുർക്കിയുടെ വംശഹത്യയെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ. ഏറ്റവുമൊടുവിൽ നൈറ്റ്‌സ് ഓഫ് പ്ലേഗ് എന്ന നോവലിൽ ആധുനിക തുർക്കിയുടെ സ്ഥാപകൻ മുസ്തഫ കെമാൽ അത്താത്തുർക്കിനെ അധിക്ഷേപിച്ചു എന്ന പേരിലും. ഒരിക്കൽ മൂന്നു സുരക്ഷാ ഭടൻമാരാൽ ചുറ്റപ്പെട്ടായിരുന്നു പാമുക്കിന്റെ യാത്രകൾ. പ്രിയപ്പെട്ട ഇസ്താംബുളിലെ തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കാനോ കോഫി ഷോപ്പിൽ കയറി കാപ്പി കുടിക്കാനോ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ. എന്നാൽ മൂന്നു പേരുടെ സ്ഥാനത്ത് ഇപ്പോൾ ഒരാൾ മാത്രമാണ് തന്റെ ജീവനെ കാക്കുന്നതെന്ന് പാമുക് പറയുന്നത് ഗൗരവത്തോടെയാണ്. പകുതി തമാശയോടെയും. അതേ, തുർക്കിയും 'മാറുകയാണെന്ന് ' അദ്ദേഹം പറയുന്നു. പുരോഗമിക്കുകയാണെന്ന്. വിമർശനം ക്ഷണിച്ചുവരുത്തും എന്നറിഞ്ഞുകൊണ്ടുതന്നെ.

പുതിയ നോവലിന്റെ പേരിൽ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ പാമുക്കിന് ഹാജരാകേണ്ടിവന്നു. നോവലിലെ ഏതു പേജിൽ ഏതു വരിയിലാണ് താൻ തുർക്കിയെ അധിക്ഷേപിച്ചതെന്ന് ചൂണ്ടിക്കാട്ടാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഒരു പ്രത്യേക പേജ് ചൂണ്ടിക്കാട്ടാൻ കഴിയില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. അന്വേഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല. പാമുക്കിനെ കുറ്റവിമുക്തനാക്കിയിട്ടുമില്ല. അതങ്ങനെ തുടരുന്നു എന്നു മാത്രമാണ് അദ്ദേഹം പറയുന്നത്.

ഇപ്പോൾ 70 വയസ്സുള്ള പാമുക് ഇസ്താംബുളിലല്ല താമസിക്കുന്നത്. നഗരത്തിൽ നിന്ന് ഒന്നര മണിക്കൂർ ദൂരമുള്ള ഒരു ദ്വീപിൽ  വാടകയ്‌ക്കെടുത്ത വില്ലിയിൽ ഭാര്യയ്‌ക്കൊപ്പം. വർഷങ്ങളുടെ സൗഹൃദത്തിനൊടുവിൽ അടുത്തിടെയാണ് അദ്ദേഹം വിവാഹിതനായത്. ഏറ്റവും പുതിയ നോവലിന്റെ പണിപ്പുരയിലാണിപ്പോൾ. ദിവസവും മണിക്കൂറുകളോളം ഗവേഷണവും എഴുത്തും തന്നെ.

നൈറ്റ്‌സ് ഓഫ് പ്ലേഗ് 40 വർഷമായി പാമുക് കൂടെകൊണ്ടുനടന്ന വിഷയമാണ്. ആദ്യകാലത്ത് എഴുതിയ ദ് വൈറ്റ് കാസിൽ പോലുള്ള നോവലുകളിൽ പ്ലേഗ് പരാമർശങ്ങളുമുണ്ട്. ഒടുവിൽ 2016 ൽ നോവൽ യാഥാർഥ്യമാക്കാൻ  തീരുമാനിച്ചു. തുർക്കിയിൽ എർഗോദാന്റെ നേതൃത്വത്തിലുള്ള ഭരണം പ്ലേഗ് പടർന്നുപിടിച്ച നാളുകളെ ഓർമിപ്പിക്കുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. മൂന്നു വർഷത്തോളം നീണ്ട ഗവേഷണത്തിനൊടുവിൽ 2020 ൽ എഴുതാൻ തുടങ്ങുമ്പോഴേക്കും ലോകം കോവിഡിന്റെ പിടിയിലായി.  കയ്യെഴുത്തുപ്രതിയിലേക്ക് നോക്കിയ പാമുക് അസ്വസ്ഥനായി. പ്ലേഗ് പടർന്നുപിടിച്ച നാളുകളക്കുറിച്ചുള്ള ഭീതിയും ആശങ്കയും ലോകവ്യാപകമായി മടങ്ങിവന്നിരിക്കുന്നു. പകർച്ചവ്യാധി ഭയന്ന് ജനം കൂട്ടത്തോടെ വീടുകളിൽ അടച്ചിരിക്കുന്നു. രാജ്യങ്ങൾ വാതിലടയ്ക്കുന്നു. പാമുക്കിന്റെ താമസസ്ഥലത്തിന് രണ്ടു ബ്ലോക്ക് മാത്രം അകലെ താമസിച്ചിരുന്ന ഒരു അമ്മായി കോവിഡ് ബാധിച്ച് മരിക്കുക കൂടി ചെയ്‌തോടെ അദ്ദേഹം ഭാര്യ ആഷ് അക്യവാസിനോട് ചോദിച്ചു : 

ജനങ്ങൾ ഈച്ചകളെപ്പോലെ കൂട്ടത്തോടെ മരിക്കുമ്പോൾ അതേ മരണത്തെക്കുറിച്ച് ഞാൻ നോവലെഴുതുന്നു. ഞാൻ ഒരു ക്രൂരനായ വ്യക്തിയാണെന്ന് നീ കരുതുന്നുണ്ടോ ? 

വാക്കുകൾ പ്രവചനസ്വഭാവത്തോടെ യാഥാർഥ്യമാകുന്നതു കണ്ട് എഴുത്ത് നിർത്തിയെങ്കിലും ലോകം കോവിഡിൽ നിന്ന് മുക്തമായതോടെ പാമുക് നോവൽ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചു. 2021 ൽ തുർക്കി പൂർണമായും ലോക്ഡൗണിൽ ആയിരുന്നപ്പോഴാണ് നോവൽ പുറത്തുവന്നത്. പാമുക്കിന്റെ നോവലുകൾ ബുക് സ്‌റ്റോറുകളിൽ സുലഭമായിരുന്നു. എന്നാൽ എല്ലാ കടകളും അടച്ചിട്ടിരിക്കുകയായിരുന്നു. ഒരാളെപ്പോലും തെരുവിൽ കാണാനുമില്ലായിരുന്നു.

നേരത്തേ മതമൗലിക വാദികളുടെ ഭീഷണിയെക്കുറിച്ചു ചർച്ച ചെയ്യുന്ന  സ്‌നോ എന്ന നോവൽ പുറത്തുവന്നപ്പോഴാണ് അമേരിക്കയിൽ ട്രേഡ് സെന്റർ ആക്രമണമുണ്ടാകുന്നത്. നോവലിലെ ഒരു അധ്യായത്തിൽ ഒസാമ ബിൻ ലാദൻ കഥാപാത്രമായി എത്തുന്നുണ്ടായിരുന്നു. എന്നാൽ പ്രസിദ്ധീകരിക്കും മുമ്പ് ആ കഥാപാത്രത്തെ അദ്ദേഹം ഒഴിവാക്കി. അന്നുമിന്നും രാഷ്ട്രീയം അദ്ദേഹത്തിന്റെ നോവലുകളിലെ മുഖ്യപ്രമേയമാണ്. രാഷ്ട്രീയം ഒഴിവാക്കി തുർക്കിയിൽ പ്രശസ്ത നോവലിസ്റ്റായി ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

ഓട്ടോമാൻ സാമ്രാജ്യത്തെ ആരാധിക്കുന്ന വ്യക്തി തന്നെയാണ് താനും എന്ന് പാമുക് പറയുന്നു.എന്നാൽ മറ്റുരാജ്യങ്ങളെ നീതിരഹിതമായി കീഴടക്കിയതിനോട് എനിക്ക് യോജിപ്പില്ല. അക്രമത്തെയും അനീതിയെയും അനുകൂലിക്കാനും കഴിയില്ല.

അന്വേഷണം നേരിടുമ്പോഴും തല കുനിക്കുന്നില്ല അദ്ദേഹം. പറയാനുള്ളത് പറയുക തന്നെയാണ്, എതിർപ്പും പീഡനവും എത്രമാത്രം ശക്തമായാലും.

പുതിയ കാലത്തും ഫൗണ്ടൻ പേനയിൽ മഷി നിറിച്ചാണ് പാമുക് എഴുതുന്നത്. നാലു പേനകൾ നിറച്ചുവച്ചിട്ടാണ് ദിവസവും എഴുതിത്തുടങ്ങുന്നതും. വാർത്തകൾ അറിയാനും മെയ്‌ലുകൾ വായിക്കാനും വേണ്ടിമാത്രമാണ് അദ്ദേഹം കംപ്യൂട്ടർ ഉപയോഗിക്കുന്നത്. 

അവഗണിക്കപ്പെട്ടവരിൽ നിന്നാണ് റുഷ്ദിക്ക് എതിരെയുണ്ടായതുപോലുള്ള ആക്രമണങ്ങളുണ്ടാകുന്നത് എന്നാണ് പാമുക് പറയുന്നത്. അവഗണിക്കുകയും അടിച്ചമർത്തുകയും പരിഗണിക്കുകയും ചെയ്യാത്തവരിൽനിന്ന്. ഇങ്ങനെയുള്ളവരെ എഴുത്തിലൂടെ ദൃശ്യമാക്കുക എന്നതാണ് എഴുത്തുകാരന്റെ ജോലി. ജനാധിപത്യത്തിനു വേണ്ടിയാണ് എഴുത്തുകാർ ശബ്ദമുയർത്തേണ്ടത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയും. ലോകത്തിന്റെ പോക്കിൽ നിരാശയുണ്ടെങ്കിലും ഭാവിയെക്കുറിച്ച് തനിക്ക് പ്രതീക്ഷ തന്നെയാണുള്ളതെന്നും പാമുക് പറയുന്നു.

എന്തുകൊണ്ട് ഞാൻ ശുഭാപ്തിവിശ്വാസി അല്ലാതാകണം. അടിച്ചമർത്തുന്നവർ ഒരിക്കൽ അടിച്ചമർത്തപ്പെടുക തന്നെ ചെയ്യും- ആത്മവിശ്വാസത്തോടെ പാമുക് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}