അവസാനമായി 912 പേജുള്ള നോവൽ, നേരമായില്ല മാന്റൽ... വിടപറയാൻ

memoir-about-british-writer-booker-prize-winner-hilary-mantel
ഹിലറി മാന്റൽ∙ Image Credits: Hilary Mantel/Facebook
SHARE

പുസ്തക വായന നിലയ്ക്കുന്നെന്ന മുറവിളികൾ ഉയരാൻ തുടങ്ങിയിട്ടു നാളുകളേറെയായി. വായന കുറച്ചെങ്കിലും നിലനിൽക്കുന്നതു തന്നെ ഡിജിറ്റൽ രൂപത്തിലാണെന്ന പ്രചാരണവും ഉണ്ടായി. രണ്ടു വർഷം മുമ്പ് കോവിഡ് ലോകം കീഴടക്കിയതോടെ പുസ്തകങ്ങളുടെ കഷ്ടകാലം രൂക്ഷമായെന്ന വിധിയെഴുത്തും ഉണ്ടായി. എന്നാൽ, ഈ പ്രചാരണങ്ങളൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല ബ്രിട്ടനിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള എഴുത്തുകാരി. കഥകളും ഉപകഥകളുമായി മൽപിടുത്തം നടത്തി ചരിത്രത്തിൽ നിന്ന് നോവൽ മെനഞ്ഞെടുക്കുകയായിരുന്നു അവർ. അതുവരെ എഴുതിയതിൽ ഏറ്റവും വലിയ നോവൽ. 912 പേജുള്ള ദ് മിറർ ആൻഡ് ദ് ലൈറ്റ്. ഹിലറി മാന്റലിന്റെ മാസ്റ്റർപീസ്. കോവിഡ് കാലത്തെ ബ്രിട്ടിഷ് ജനത നേരിട്ടത് ഈ നോവലിന്റെ വായന കൊണ്ടുകൂടിയാണ്. അടച്ചിരുപ്പിന്റെ വിരസതയിൽ ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം സ്വന്തമാക്കിയ ക്രോംവെൽ എന്ന ചരിത്രപുരുഷന്റെ ജീവിതം മാന്റൽ പുനരാവിഷ്കരിച്ചതു വായിച്ച് ഒരു ജനത മഹാവ്യാധിയെ മറികടന്നു. ബെസ്റ്റ് സെല്ലർ പട്ടികയിൽ മാസങ്ങളോളം ദ് മിററിന് എതിരാളികൾ ഇല്ലായിരുന്നു. അതേ, 912 പേജുള്ള നോവൽ വായിക്കാൻ തുടങ്ങിയിട്ട് താഴെ വയ്ക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞത് പ്രശസ്ത എഴുത്തുകാരി മാർഗരറ്റ് അറ്റ് വുഡ് ആണ്. സാഹിത്യലോകം മുഴുവനും അത് ഏറ്റു പറഞ്ഞു. ചരിത്രത്തിലാദ്യമായി രണ്ടു ബുക്കർ പുരസ്കാരം നേടിയ ആദ്യത്തെ വനിതയായ ഹിലറിയുടെ 3 കൃതികൾ ഉൾപ്പെട്ട പരമ്പരയിലെ മൂന്നാം പുസ്തകമായ മിറർ ഒരിക്കൽക്കൂടി ബുക്കർ ലോങ് ലിസ്റ്റിലും എത്തി. എന്നാൽ അത്തവണ പുരസ്കാരം ലഭിച്ചില്ലെങ്കിലും ലോകത്തിന്റെ വ്യാപകമായ അംഗീകാരം അവർ നേടിയിരുന്നു. വായിക്കാൻ സമയമില്ലെന്നും താൽപര്യമില്ലെന്നും പരാതി പറഞ്ഞ ജനതയെ തന്റെ ബൃഹത് പുസ്തകത്തിൽ തളച്ചിട്ടുകൊണ്ട്. 

വുൾഫ് ഹാൾ പരമ്പരയിലെ പുസ്തകങ്ങൾ ഒന്നും തന്നെ ചെറുതായിരുന്നില്ല. പരമ്പരയിലെ ആദ്യകൃതിയായ വുൾഫ് ഹാളിന് 672 പേജ്. രണ്ടാം കൃതി ബ്രിങ് അപ് ദ് ബോഡിസ് 528 പേജ്. മൂന്നു പുസ്തകങ്ങളും കൂടി 2.000ൽ അധികം പേജുകൾ. എന്നിട്ടും 50 ലക്ഷത്തിലധികം കോപ്പികളാണ് ഇതുവരെ വിറ്റുപോയത്. ജീവിതം കൊണ്ടും എഴുത്തും കൊണ്ടും ഹിലറി തെളിയിക്കുകയായിരുന്നു വായനയ്ക്ക് മരണമില്ലെന്ന്. നല്ല പുസ്തകങ്ങൾ ഏതു പ്രതിസന്ധിയെയും അതിജീവിക്കുമെന്ന്. നന്നായി എഴുതിയാൽ എത്ര വലിയ പുസ്തകമാണെങ്കിലും പുതിയ കാലത്തും വായനക്കാർ കാത്തിരുന്ന് വായിക്കുമെന്ന്. ഹിലറി മാന്റൽ മടങ്ങുകയാണ്, ഈ ലോകത്തുനിന്നുതന്നെ. എന്നാൽ ആധുനിക ലോകത്തിന് വായനയുടെ എല്ലാ രസനീയതയും പകർന്നിട്ടാണ് അവരുടെ മടക്കയാത്ര. ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തി. ചരിത്രനോവലുകളെഴുതി സ്വയം ചരിത്രമായും. 

70–ാം വയസ്സിലാണ് മാന്റൽ മരിക്കുന്നത്. അപ്രതീക്ഷിതമായി. അകാലത്തിൽ എന്നുകൂടി പറയേണ്ടതുണ്ട്. എന്നും രോഗങ്ങളുടെ തടവിൽ ആയിരുന്നെങ്കിലും രണ്ടു വർഷം മുമ്പ് മാത്രമാണ് ആയിരത്തോളം പേജുള്ള നോവൽ പൂർത്തിയാക്കുന്നത്. 17 പുസ്തകങ്ങൾ എഴുതിയിട്ടും മതിയാകാതെ പുതിയ നോവൽ എഴുതിക്കൊണ്ടിരിക്കെ. ഈ മരണം നഷ്ടം എന്ന് ലോകം എങ്ങനെ പറയാതിരിക്കും. 

എഴുത്തുജീവിതത്തിലെ അപൂർവത സ്വന്തം ജീവിതത്തിലും നിലനിർത്തിയിരുന്നു മാന്റൽ. നിയമവും സാമ്പത്തിക ശാസ്ത്രവും പഠിച്ചെങ്കിലും ജോലി ആരംഭിച്ചത് വയോജനങ്ങൾക്കുള്ള ആശുപത്രിയിൽ സോഷ്യൽ വർക്കർ ആയിട്ടാണ്. 1972 ലായിരുന്നു വിവാഹം. ജെറാൾ മക് ഇവനുമായി. എന്നാൽ 9 വർഷത്തിനു ശേഷം വേർപിരിഞ്ഞു. എന്നാൽ ആ വേർപിരിയലിന് ആയുസ്സ് ഒരു വർഷം മാത്രം. തൊട്ടടുത്ത വർഷം അവർ വീണ്ടും വിവാഹിതരായി. ബാക്കിയുള്ള ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാൻ വേണ്ടി. 

ഗർഭാശയ രോഗങ്ങളും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളും മാന്റലിന് തീരാവേദനകളാണ് സൃഷ്ടിച്ചത്. രോഗം മാറാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാതോടെ കുട്ടികൾ ഇല്ലാത്ത വിവാഹജീവിതത്തിലൂടെ കടന്നുപോകേണ്ടിയും വന്നു. കുട്ടികൾ ഇല്ലാത്തതുകൊണ്ടായിരിക്കും തനിക്ക് ഇത്ര വിപുലമായി എഴുതാൻ കഴിയുന്നതെന്നും അവർ പറഞ്ഞിട്ടുണ്ട്. വേദന ശമിപ്പിക്കുന്ന ഔഷധം കൂടിയായിരുന്നു മാന്റലിന് എഴുത്ത്. ദീർഘനാളുകൾ വായിച്ചുമാത്രം പൂർത്തിയാക്കാനാവുന്ന മാന്റൽ പുസ്തകങ്ങൾ വായനക്കാരെയും വേദനയിൽ നിന്ന് അകറ്റി. വേദന മറക്കാനും വായനയുടെ സുഖത്തിൽ മുഴുകാനും. 

പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം ഒരിക്കൽ മാന്റലിന് നേരിടേണ്ടിവന്നു. എങ്ങനെ, ഏതു രൂപത്തിൽ എന്നറിയില്ല. എന്നാൽ ആ സാധ്യതയെ തള്ളിക്കളയാൻ അവർ തയാറായില്ല. എനിക്കു സങ്കൽപിക്കാനാവുന്നതിൽ മാത്രം പ്രപഞ്ചത്തെ ഒതുക്കിനിർത്താൻ‌ ഞാൻ ആഗ്രഹിക്കുന്നില്ല– ആത്മവിശ്വാസത്തോടെ അവർ പറഞ്ഞു. സത്യമാണ് ആ വാക്കുകൾ. വായിച്ചാലും വായിച്ചാലും മതിവരാത്ത പുസ്തകങ്ങളിലൂടെ മാന്റൽ ജീവിച്ചിരിക്കുന്നു. ഇനി വരും കാലങ്ങളിലും. തെളിവ് വുൾഫ് ഹാൾ പുസ്തകങ്ങൾ തന്നെ. പിന്നെയുമുണ്ട്. എവരിഡേ ഈസ് മദേഴ്സ് ഡേ. വേക്കന്റ് പൊസഷൻ. ബിയോണ്ട് ബ്ലാക്ക്. പിന്നെ ഓർമക്കുറിപ്പും. ഗിവിങ് അപ് ദ് ഗോസ്റ്റ്.

ക്ളീഷെ ഇഷ്ടപ്പെടാത്ത മാന്റലിനെ അക്ഷരങ്ങളുടെ രാജകുമാരി എന്നൊക്കെ എങ്ങനെ വിശേഷിപ്പിക്കും. അനശ്വരമായ പുസ്തകങ്ങളും ആ വിശേഷണം സഹിക്കുമെന്നു തോന്നുന്നില്ല. ഉറക്കമൊഴിഞ്ഞിരുന്ന് വായിക്കാൻ ആവോളം പുസ്തകങ്ങൾ തന്ന മാന്റൽ ഇനി ഉറങ്ങട്ടെ. നമുക്ക് വായിക്കാം. ഒരു വാക്കിൽപ്പോലും തട്ടിത്തടയാതെ. ഒരു പേജിൽപ്പോലും മുഷിയാതെ. ചരിത്രത്തിലെ ആവേശകരമായ കഥകളിലൂടെ. കഥയമമ...കഥയമമ..കഥകളദിസാദരം. അക്ഷരങ്ങളെ സ്നേഹിച്ചും പുസ്തകങ്ങളെ നെഞ്ചോട് അടുക്കിപ്പിടിച്ചും. ഈ മരണം ഒരു ഇടവേള മാത്രമാകട്ടെ. ആയിരത്തോളം പേജുള്ള പുസ്തകങ്ങൾ ഇനിയും വരട്ടെ. വരണം തീർച്ചയായും. അതായിരിക്കും മാന്റലിനുള്ള സ്നേഹപൂർണമായ സ്മരണാഞ്ജലി. അക്ഷരാഞ്ജലി. പുസ്തകാഞ്ജലി. 

English Summary : Memoir on booker prize winner British writer Hilary Mantel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}