മരണത്തെ തോൽപിച്ചതും മരണത്തിന്റെ കൈ പിടിച്ച്; അപൂർവ ജീവിതം അടിക്കുറിപ്പുകളോടെ

british-writer-sir-terry-pratchett-life-story
British Writer Sir Terry Pratchett. Photo Credits: Michal Kalasek/ Shutterstock.com
SHARE

മരണത്തെക്കുറിച്ചുള്ള നേരിയ സൂചന പോലും ഇല്ലാതിരുന്ന നാളുകൾ. ജീവിതം ഉൻമേഷഭരിതവും ഹൃദയം സന്തോഷത്തുടികൊട്ടിയതുമായ ദിവസങ്ങൾ. വിജയം കനിഞ്ഞനുഗ്രഹിച്ച ദീർഘവർഷങ്ങൾ. സന്തോഷവും ആവേശവും എന്നെന്നും നിലനിൽക്കുമെന്ന് ആരെയും മോഹിപ്പിച്ച വർഷങ്ങൾ. മരണത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയിട്ടും ജനപ്രിയ ഇംഗ്ളിഷ് എഴുത്തുകാരൻ ടെറി പ്രാച്ചറ്റ് മരണത്തെ ഭയന്നിരുന്നില്ല. ഭയത്തിനു പകരം വിചിത്ര ഭാവനകൾ ആ മനസ്സിനെ അടക്കിഭരിച്ചിരുന്നു. ചിന്തിക്കാൻപോലും നേരം കളയാതെ എഴുതുകയായിരുന്നു അദ്ദേഹം. ചൂടപ്പം പോലെ വിൽക്കുന്ന പുസ്തകങ്ങൾക്കു വേണ്ടി കാത്തുനിൽക്കുകയായിരുന്നു പ്രസാധകർ. 37 ഭാഷകളിലായി 85 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയ നോവലുകൾ. മരണം ആ എഴുത്തുകാരനെ ഭയപ്പെട്ടതുപോലെ. നിരന്തരമായി എഴുതുന്ന ആ കൈകളെ തടസ്സപ്പെടുത്താൻ മടിച്ചതുപോലെ. മരണമെന്ന വിഷയം അനായാസമായി കൈകാര്യം ചെയ്ത മനസ്സിനെ മരണവും പേടിച്ചിരിക്കാം. അതുകൊണ്ടായിരിക്കും എട്ടുവർഷം വേണ്ടിവന്നു മരണത്തിന് പ്രാച്ചറ്റിനെ കീഴ്പ്പെടുത്താൻ. സാവധാനത്തിൽ. ഒാർമകളെ ഒന്നൊന്നായി തകർത്തും നശിപ്പിച്ചും. എന്നാൽ അപ്പോഴും സുഹൃത്തിനെ കൂട്ടുപിടിച്ച് ജീവിതം എഴുതി പ്രാച്ചറ്റ്. അവസാന നിമിഷം വരെയും. മരണത്തിനു ശേഷം പുറത്തുവന്ന നോവലിലൂടെ വരെ പ്രപഞ്ച നിയമത്തെ വെല്ലുവിളിച്ചുകൊണ്ട്. കഥയേക്കാൾ വിചിത്രമായ ആ  ജീവിതം അവസാന നാളുകളിലെ സുഹൃത്തിന്റെ വാക്കുകളിൽ പുറത്തുവന്നിരിക്കുന്നു. ജീവിച്ചിരിക്കുന്നവർക്കു വായിക്കാൻ. വേണമെങ്കിൽ മരണത്തിനും. 

ഡിസ്ക്‌വേൾഡ് പരമ്പരയിലൂടെയാണ് പ്രാച്ചറ്റ് ലോകത്തിന്റെ ജനപ്രിയ എഴുത്തുകാരനാകുന്നത്. 1983 ലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ദ് കളർ മാജിക് എന്ന നോവലിലൂടെ. 41 കൃതികളാണ് ഈ പരമ്പരയിൽ പുറത്തുവന്നത്. 1983 മുതൽ വർഷം ശരാശരി 2 എണ്ണം എന്ന നിലയിൽ എഴുതിക്കൊണ്ടിരുന്നു അദ്ദേഹം. എല്ലാ നോവലുകളും ഹിറ്റ്. ലോകത്തുതന്നെ അപൂർവമായ നേട്ടവും ഇനിയും തിരുത്താനാവാത്ത ചരിത്രവുമാണ് അദ്ദേഹം സൃഷ്ടിച്ചത്. എന്നാൽ 2007 ൽ പ്രാച്ചറ്റ് നടത്തിയ പ്രഖ്യാപനം ഞെട്ടിക്കുന്നതായിരുന്നു. അൽഹൈമേഴ്സ് രോഗം തന്നെ കീഴടക്കുന്നതായി അദ്ദേഹം തന്നെയാണ് വാർത്ത പുറത്തുവിട്ടത്. അത് രോഗകാലത്തിന്റെ തുടക്കമായിരുന്നു. അപ്പോഴും എഴുതുന്നുമുണ്ടായിരുന്നു. എന്നാൽ ക്രമേണ സ്ഥതി വഷളായിക്കൊണ്ടിരുന്നു. ആ നാളുകളിൽ എന്താണ് സംഭവിച്ചതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എ ലൈഫ് വിത് ഫുട്നോട്ട്സ് എന്ന പുസ്തകത്തിലൂടെ. പ്രാച്ചറ്റിന്റെ അവസാനകാലത്തെ സുഹൃത്തും സഞ്ചതസഹചാരിയും കേട്ടെഴുത്തുകാരനുമായ റോബ് വിൽകിൻസിന്റെ വാക്കുകളിലൂടെ. എഴുത്തുകാരൻ എഴുതാൻ ആഗ്രഹിച്ചതും തുടങ്ങിവച്ചതുമായ ജീവചരിത്രം സുഹൃത്ത് എന്ന നിലയിൽ എഴുതിപൂർത്തിയാക്കിക്കൊണ്ട്. 

ഓർമകൾ നഷ്ടപ്പെടുന്നത് കണ്ടിരിക്കുന്നതും സാക്ഷിയാകുന്നതും വേദനാജനകമാണ്. പ്രത്യേകിച്ചും നിരന്തരമായി ജോലി ചെയ്ത പ്രാച്ചറ്റിനെപ്പോലെരാൾ നിമിഷം തോറും നിസ്സഹായനാകുന്നത് വേദനിപ്പിക്കുക മാത്രമല്ല ഞെട്ടലുളവാക്കുകയും ചെയ്യും. എന്താണ് ചെയ്യുന്നതെന്ന് പലപ്പോഴും അദ്ദേഹത്തിന് അറിയില്ലായിരുന്നു. വലിയ തുകകൾ പല സംഘടനകൾക്കും ചോദിക്കാതെതന്നെ സംഭാവന കൊടുത്തതുൾപ്പെടെ. 

2000 ലാണ് റോബ് വിൽകിൻസ് സഹായിയായി എത്തുന്നത്. ഓർമകൾ വിട്ടുപോകുന്ന എഴുത്തുകാരനെ കൈപിടിച്ചുനടത്തുക എന്നതായിരുന്നു പ്രധാന ജോലി. ഒരു നിമിഷം പോലും ശൂന്യത അനുഭവിക്കാതെ, സംസാരിച്ചും ഓർ‌മിപ്പിച്ചും ചിന്തിപ്പിച്ചും അപൂർവ ബന്ധം. രസകരമായ നിമിഷങ്ങൾ ഒട്ടേറെയുണ്ടായിരുന്നു. എന്നാൽ പലതും വേദനിപ്പിക്കുന്നതായിരുന്നു. 

എഴുത്തുകാരന് മകൾ റിയാന ജനിച്ച ദിവസമായിരിക്കും ഈ അനുഭവകഥയിലെ ഏറ്റവും സന്തോഷിപ്പിക്കുന്ന വിവരണം. സന്തോഷം നിറഞ്ഞുനിന്ന നിമിഷങ്ങൾ. വിഷാദത്തിന്റെയോ വേർപാടിന്റെയോ നേരിയ നിഴൽപോലുമില്ലാത്ത ദിനങ്ങൾ. ആ ദിവസങ്ങളുടെ നായകൻ പിന്നീട് ഓർമകൾക്കു വേണ്ടി കൊച്ചുകുട്ടിയെപ്പോലെ സങ്കടപ്പെട്ടപ്പോൾ കൈ പിടിച്ചു വിൽകിൻസ് എഴുതിപ്പിച്ചിട്ടുണ്ട്. എഴുതാൻ വേണ്ടി മാത്രം ജനിച്ചയാൾ എന്ന് ഒരിക്കൽ തോന്നിപ്പിച്ച അതേ വ്യക്തിയെ. 

തുടക്കത്തിൽ വിൽകിൻസ് സഹായി മാത്രമായിരുന്നു. അസിസ്റ്റന്റ് എന്ന പദവിയാണ് കൊടുത്തിരുന്നത്. പ്രാച്ചറ്റ് എഴുതുന്നതൊക്കെയും കൃത്യമായി അടുക്കിപ്പെറുക്കി സൂക്ഷിക്കുക എന്നതായിരുന്നു പ്രധാന ജോലി. എന്നാൽ നിസ്സഹായത കൂടിവന്നുകൊണ്ടിരുന്നു. വിൽകിൻസിന്റെ ജോലികളും വർധിച്ചുകൊണ്ടിരുന്നു. പ്രാച്ചറ്റിന്റെ വാക്കുകൾക്കും വാചകങ്ങൾക്കും ആകൃതിയും ആശയപ്പൊരുത്തവും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. എഴുതിയതിന്റെ ബാക്കി മറന്നുകൊണ്ടിരുന്നു. ഏതൊക്കെ ഓർമകളെ എവിടെയൊക്കെ കൂട്ടിയിണക്കണം എന്നറിയാതെ വന്നു. സ്വയം എഴുതാൻ വയ്യ എന്ന അവസ്ഥയിലായതോടെ പറഞ്ഞുകൊടുത്ത് എഴുതിക്കാൻ തുടങ്ങി. 

എന്നാൽ ഡിസ്ക് വേൾഡ് പരമ്പരയിലെ അവസാന പുസ്തകമായ ദ് ഷെപ്പേർഡ്സ് ക്രൗൺ അവസാന ഭാഗമായപ്പോഴേക്കും എഴുത്തുകാരന്റെ കൈ പിടിച്ച് എഴുതിക്കേണ്ടിവന്നു വിൽകിൻസിന്. ആ പുസ്തകം മരണത്തിന് 5 മാസത്തിനുശേഷമാണ് പുറത്തുവന്നത്. മരണമല്ല ആത്യന്തിക വിജയി എന്നു തെളിയിക്കാനെന്നോണം. 

കുടുംബത്തിലെ മറ്റാരേക്കാളും പ്രാച്ചറ്റിന് ബന്ധം വിൽകിൻസനുമായായിരുന്നു. വിലാപത്തിന്റെയും നിസ്സഹായതയുടെയും ദേഷ്യത്തിന്റെയും കരച്ചിലിന്റെയും നിമിഷങ്ങളിൽ കൂടെനിന്ന സൗഹൃദം. അതിന് അതിരുകളുണ്ടായിരുന്നില്ല. അതിർത്തികളുണ്ടായിരുന്നില്ല. പ്രത്യേക നിർവചനങ്ങളും. 

ലോകം തന്നെ പൂർണമായി മനസ്സിലാക്കുന്നില്ല എന്ന് അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നു. ജനപ്രിയ നോവലിസ്റ്റായി അംഗീകാരം ലഭിച്ചെങ്കിലും അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന വിചാരം ചൊടിപ്പിച്ചു. അതു ധാർമിക രോഷമായി. താൻ സൃഷ്ടിച്ച ഭാവനയുടെ ലോകം സമാനതകളില്ലാത്തതാണെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അംഗീകാരം പൂർണായി ലഭിക്കുന്നില്ല എന്നതു നിത്യദുഃഖമായി.

മരണസമയത്തും മരണത്തിനുശേഷവും തനിക്കുവേണ്ടി എന്തൊക്കെ ചെയ്യണമെന്ന് അദ്ദേഹം വ്യക്തമായി എഴുതിവച്ചിരുന്നു. കംപ്യൂട്ടറിൽ നിന്നുള്ള എല്ലാ രേഖകളും ഏതു റെയിൽവേ പാളത്തിൽ, ഏതു ട്രെയിൻ എൻജിന്റെ അടിയിൽവച്ചാണ് നശിപ്പിക്കേണ്ടത് എന്നുവരെ. പ്രാച്ചറ്റിന്റെ സംസ്കാരവേളയിൽ സഹഎഴുത്തുകാരൻ പറഞ്ഞതാണ് യാഥാർഥ്യം. മരിച്ച എല്ലാ എഴുത്തുകാരിലും വച്ച് ഏറ്റവും ജീവനുള്ള പ്രതിഭ. 

Content Summary : British writer Sir Terry Pratchett life story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA