ADVERTISEMENT

വനിതകളുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തീ ആളിപ്പടരുന്ന ഇറാനിൽ ഭരണകൂടത്തിനു തലവേദനയായി പുസ്തകവും. ചാരവൃത്തി ആരോപിക്കപ്പെട്ട് 6 വർഷം ജയിലിൽ കഴിയേണ്ടിവന്ന ബ്രിട്ടിഷ് വനിത നസാനിൻ സഗരിയാണ് ജീവിതകഥ എഴുതുന്നതായി പ്രഖ്യാപിച്ചത്. ജയിലിലിയാരിക്കെ, പുറത്ത് ഭർത്താവ് റാറ്റ്ക്ലിഫിന്റെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസിക സമരവും പുസ്തകത്തിൽ ഇടംപിടിക്കും. ലോകം ശ്രദ്ധിച്ച ആ സമരത്തിനൊടുവിലാണ് തടവറയിലെ ഇരുട്ടിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നസാനിൻ നടന്നത്. ഇറാനിയൻ ജയിലിൽ നേരിടേണ്ടിവന്ന നരകയാതനകളും ഇനിയും പേരിട്ടിട്ടില്ലാത്ത പുസ്തകത്തിൽ ഉണ്ടായിരിക്കും. അടുത്ത വർഷമായിരിക്കും പ്രകാശനം. പുസ്തകരചനയിൽ ഭർത്താവ് റാറ്റ്ക്ലിഫും പങ്കാളിയാണ്. 

 

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കു‍ർദ് യുവതി മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ചാണ് നിലവിൽ ഇറാനിൽ പ്രക്ഷോഭം പടരുന്നത്. സർവകലാശാല വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന സമരം സാധാരണ സ്ത്രീകളും ഏറ്റെടുത്തതോടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പ്രസിഡന്റിന് എതിരെപ്പോലും കൈചൂണ്ടാനും പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആയിരങ്ങളാണ് രംഗത്തുവരുന്നത്. പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് പ്രധാന എണ്ണയുൽപാദന കേന്ദ്രത്തിലെ ജീവനക്കാർ വരെ പണിമുടക്കിയതോടെ രാജ്യം ജാഗ്രതയിലാണ്. സമരത്തെ പിന്തുണച്ച് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. 

 

2016 ൽ ടെഹ്റാനിൽ കഴിയുന്ന മാതാപിതാക്കളെ സന്ദർശിച്ചശേഷം കുടുംബത്തിനൊപ്പം ബ്രിട്ടനിലേക്കു പോകാൻ തയാറെടുക്കുമ്പോഴാണ് നസാനിൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. മകളിൽ നിന്നും ഭർത്താവിൽ നിന്നും അകറ്റി അവരെ ജയിലിലേക്കു മാറ്റി. ഏകാന്തത്തടവിലേക്ക്. നീണ്ട ആറു വർഷക്കാലം ഇരുട്ടറയിൽ. അക്കാലമാണ് പുസ്തകത്തിൽ പ്രധാനമായും പറയുന്നത്. ഇറാൻ ജയിലുകളിൽ അകപ്പെടുന്ന സ്ത്രീകൾ പിന്നീട് പുറംലോകം കാണാറില്ല. എന്നാൽ തോറ്റുപിൻമാറാൻ റാറ്റ്ക്ലിഫ് തയാറായില്ല. ആറു വർഷക്കാലവും അദ്ദേഹം സമരപാതയിൽ തന്നെ ഉറച്ചുനിന്നു. നസാനിൻ പുറത്തുവരാതെ സമരം അവസാനിപ്പിക്കില്ലെന്ന ദൃഡനിശ്ചയത്തോടെ. ബ്രിട്ടനിലെ വിദേശകാര്യ ഓഫിസിനു മുന്നിൽ നടത്തിയ 21 ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ ലോക രാജ്യങ്ങളും കർശന നിലപാട് സ്വീകരിച്ചതോടെയാണ് ഇറാൻ അയഞ്ഞതും നസാനിന് സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറന്നതും. 

 

നസാനിന് മോചനമായെങ്കിലും വ്യാജകുറ്റസമ്മത മൊഴിയിൽ ഒപ്പിടിവിച്ചുവെന്ന് റാറ്റ്ക്ലിഫ് ആരോപിക്കുന്നു. ചാരവൃത്തി നടത്തിയെന്ന കുറ്റം സമ്മതിച്ചതായി സത്യവാങ്മൂലം നൽകിയതിനെത്തുടർന്നാണ് ഇറാൻ ഗവൺമെന്റ് മോചനത്തിന് സമ്മതിച്ചത്. ഒരു കുറ്റവും സമ്മതിച്ചിട്ടില്ലെന്നും തന്നെക്കൊണ്ട് ബലമായി പ്രസ്താവനയിൽ ഒപ്പിടിപ്പിച്ചുവെന്നും നസാനിൻ പറയുന്നു.  ഇറാൻ ഗവൺമെന്റിന്റെ സമ്മർദത്തെതതുടർന്നാണ് കുറ്റസമ്മതം വേണ്ടിവന്നതെന്നാണ് ബ്രിട്ടിഷ് അധികൃതർ പറയുന്നത്. കുറ്റം സമ്മതിക്കാതെ മോചിപ്പിക്കില്ലെന്നായിരുന്നു കർശന നിലപാട്. ഒടുവിൽ മോചനത്തിനുവേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു എന്നും അധികൃതർ വിശദീകരിക്കുന്നു. 

 

ജയിലിലെ ജീവിതം ഭീകരമായിരുന്നു. എന്നാൽ അറിയപ്പെടാത്ത ഒട്ടേറെ സ്ത്രീകൾ കഠിന യാതനകളിലൂടെ കടന്നുപോകുന്നുണ്ട്. തടവു ജീവിതം അതിജീവിക്കാനും പുറത്തെത്താനും എന്നെ സഹായിച്ചത് അവരാണ്. അവരോടാണ് എനിക്ക് കടപ്പാടുള്ളത്. എന്റെ കഥ അനിശ്ചിതത്വത്തിന്റെയും സങ്കടത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥ ആയിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന എല്ലാവരുടേതുമാണ്. ഐക്യദാർഡ്യത്തിന്റെ പ്രതീകം. 

 

കു‍ർദ് യുവതി മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ചും പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കു പിന്തുണ പ്രഖ്യാപിച്ചും നാസാനിൻ കഴിഞ്ഞ ദിവസം തന്റെ മുടി മുറിച്ചിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വിഡിയോയുടെ അവസാനം നസാനിൻ പറയുന്നു: എന്റെ അമ്മയ്ക്ക്, മകൾക്ക്, തടവുജീവിതത്തിന്റെ ഏകാന്തതയ്ക്ക്, എന്റെ രാജ്യത്തെ ജനങ്ങൾക്ക്, സ്വാതന്ത്ര്യത്തിന്...

 

റാറ്റ്ക്ളിഫ് ഭാര്യയ്ക്കു വേണ്ടി ജയിലിനു പുറത്തു നടത്തിയ പോരാട്ടം ലോകം ശ്രദ്ധിച്ചിരുന്നു. എന്നാൽ സമരവുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും പുറത്തുവന്നിട്ടില്ലെന്നും ചില വസ്തുതകൾ പുസ്തകത്തിലൂടെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള തിൻമകളും മനുഷ്യരുടെ നൻമയും വെളിപ്പെടുത്തിയ സംഭവങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തു വന്നാലും പിൻമാറില്ല എന്നായിരുന്നു തീരുമാനം. എന്നാൽ നിസ്സാരമായിരുന്നില്ല പോരാട്ടം.  സ്നേഹത്തിന്റെ ശക്തിയാണ് നസാനിനെ തിരിച്ചുകൊണ്ടുവന്നത്. ഒപ്പം തളരാതെ പോരാടിയാൽ വിജയിക്കാമെന്ന വിലപ്പെട്ട പാഠവും: റാറ്റ്ക്ളിഫ് പറയുന്നു. 

 

Content Summary : Nazanin Zaghari Ratcliffe to publish memoir about her years in jail in Iran

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com