ADVERTISEMENT

പുറപ്പെട്ടു പോയെങ്കിലും ആ വാക്കുകൾ മായില്ല; പ്രിയ കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന് യാത്രാമൊഴിയേകി മലയാളം. ബുധൻ രാത്രി പതിനൊന്നരയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ രാജീവൻ (63) അന്തരിച്ചത്. 

രാവിലെ 9  മുതൽ 11 വരെ കോഴിക്കോട് ടൗൺ ഹാളിൽ പൊതു ദർശനത്തിനു വച്ചു. സ്പീക്കർ എ.എൻ.ഷംസീർ ഇന്നലെ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചിരുന്നു. 

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ടി.സിദ്ദിഖ്, എം.കെ.രാഘവൻ എംപി, ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംവിധായകരായ വി.എം.വിനു, ശങ്കർ രാമകൃഷ്ണൻ, എഴുത്തുകാരായ യു.കെ.കുമാരൻ, വി.ആർ.സുധീഷ്, കൽപറ്റ നാരായണൻ, ഡോ.പി.കെ.പോക്കർ, പി.പി.ശ്രീധരനുണ്ണി തുടങ്ങി ഒട്ടേറെ പേർ ടൗൺ ഹാളിൽ അന്തിമോചാരമർപ്പിക്കാൻ എത്തിയിരുന്നു. മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ റീത്തു സമർപ്പിച്ചു.

തുടർന്ന് ഉച്ചയോടെ കോട്ടൂർ നരയൻകുളത്തെ രാമവനം വീട്ടിലേക്ക് കൊണ്ടുപോയി.രാജീവന്റെ അടുത്ത സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയർമാനുമായ സംവിധായകൻ രഞ്ജിത്ത് ഒപ്പം ഉണ്ടായിരുന്നു. അനന്തരവൻ സ്വാതികൃഷ്ണനാണ്  ചിതയ്ക്കു തീ കൊളുത്തിയത്.    കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസറും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാംസ്കാരിക മന്ത്രിയുടെ  ഉപദേഷ്ടാവുമായിരുന്നു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ അതേ പേരിലും, കെ.ടി.എൻ.കോട്ടൂർ–എഴുത്തും ജീവിതവും എന്ന നോവൽ ഞാൻ എന്ന പേരിലും സിനിമയായി. വാതിൽ,രാഷ്ട്രതന്ത്രം,കോരിത്തരിച്ച നാൾ,വയൽക്കരെ ഇപ്പോഴില്ലാത്ത,വെറ്റിലച്ചെല്ലം എന്നീ കവിതാസമാഹാരങ്ങൾ മലയാളത്തിലും  ഹു വാസ് ഗോൺ ദസ്, കണ്ണകി, തേഡ് വേൾഡ് എന്നിവ ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ചു. പുറപ്പെട്ടു പോയ വാക്ക് എന്ന യാത്രാ വിവരണവും അതേ ആകാശം അതേ ഭൂമി, വാക്കും വിത്തും എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ലെടിഗ് ഹൗസ് ഫെലോഷിപ്, യുഎസിലെ റോസ് ഫെലോ ഫൗണ്ടേഷൻ ഫെലോഷിപ് എന്നിവ നേടി. ഭാര്യ: പി.ആർ.സാധന. മക്കൾ: ശ്രീദേവി, പാർവതി (റേഡിയോ മിർച്ചി). മരുമകൻ: ഡോ. ശ്യാം സുധാകർ (അസി.പ്രഫ, സെന്റ് തോമസ് കോളജ്,തൃശൂർ).

Renjith-tp-rajeevan1
രഞ്ജിത്ത്

 

മറക്കില്ല; ഒരുമിച്ചു നടന്ന രാപകലുകൾ: രഞ്ജിത്ത്, സംവിധായകൻ 

kalpetta-narayanan
കൽപറ്റ നാരായണൻ

ക്ഷോഭം മനസിലുള്ളപ്പോഴും എന്തിനെയും നിറപുഞ്ചിരിയോടെ നേരിടുകയും സമീപിക്കുകയും ചെയ്ത തീർത്തും വ്യത്യസ്തനായ എഴുത്തുകാരനായിരുന്നു രാജീവൻ.  കാഴ്ചയിൽ പരുക്കനായി തോന്നാം. പക്ഷെ സൗഹൃദ സംഭാഷണങ്ങളിലും ചർച്ചകളിലും എഴുത്തിലുമെല്ലാം നർമമായിരുന്ന രാജീവന്റെ പൊതു ഭാഷ. പലപ്പോഴും അത് വികെഎന്നിനോടു ചേർന്നു നിന്നു. അത്തരത്തിലുള്ള നർമരസമായിരുന്നു കെ.ടി.എൻ.കോട്ടുരെന്ന തിരക്കഥയുടെ ആധാരവും. മലയാള സാഹിത്യത്തെയും ഭാഷയെയും വ്യത്യസ്തമായ കോണിലൂടെ കണ്ട അപൂർവ പ്രതിഭാശാലിയായിരുന്നു. പാലേരി മാണിക്യം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഞാനതിലെ സിനിമ കണ്ടിരുന്നു. എനിക്കതിന്റെ സിനിമാവകാശം വേണമെന്ന് പറഞ്ഞപ്പോൾ ചോദിക്കണോ നിനക്കതെടുത്തു കൂടെയെന്നായിരുന്നു മറുപടി. രണ്ടു സിനിമയ്ക്കു വേണ്ടിയും എത്രയോ രാപകലുകൾ ഒരുമിച്ചു നടന്നു. നഷ്ടമായത് ഏറ്റവും അടുത്ത സുഹൃത്തിനെയാണ്.  

 

അടിയറ വയ്ക്കാത്ത നിലപാടുകൾ: കൽപറ്റ നാരായണൻ, സാഹിത്യകാരൻ

മലയാളിയുടെ ഭാവുകത്വക്കുറവു കൊണ്ടു മാത്രം അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോയ എഴുത്തുകാരനായിരുന്നു രാജീവൻ.   ഒന്നുകിൽ ഭരണസംവിധാനത്തോട് ആഭിമുഖ്യം പുലർത്തണം, അല്ലെങ്കിൽ അവർക്കെതിരെ മിണ്ടാതിരിക്കണം. ഇതു രണ്ടും അറിയാതെ പോയതാണ് രാജീവൻ തമസ്‌കരിക്കപ്പെട്ടതിനു പിന്നിൽ. സ്വന്തം നിലപാടുകളെ ആർക്കു മുൻപിലും അടിയറ വയ്ക്കാതെ മറ്റുള്ളവർ എന്തു പറയുമെന്ന് നോക്കാതെ വെട്ടിത്തുറന്നു പറയാൻ രാജീവൻ കാണിച്ച ആർജവമാണ് ഇവിടെ പലർക്കും ഇല്ലാതെ പോയത്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും മികച്ച കവിയെ അടയാളപ്പെടുത്താൻ പറഞ്ഞാൽ അത് രാജീവനെന്നാണ് എന്റെ ഉത്തരം. 

പാലേരി മാണിക്യം മലയാള സാഹിത്യത്തിൽ കൊണ്ടുവന്നത് വലിയ മാറ്റമാണ്. എഴുത്തുകാർ കാര്യങ്ങൾ പഠിച്ചെഴുതാൻ ശ്രമിച്ചത് മാണിക്യത്തിനു ശേഷമാണ്. അതിനായി വർഷങ്ങളുടെ ഗവേഷണമാണ് രാജീവൻ നടത്തിയത്. 

 

Content Summary: Sharing Memories of  Writer T P Rajeevan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com